മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാരെ വെറുതെ വിടില്ല. കലാപത്തിനു വഴിവച്ചത് ഹൈക്കോടതി ഉത്തരവാണ്. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുമെന്നും മോദി പറഞ്ഞു. അവിശ്വാസ പ്രമേയത്തിനു മറുപടിയായുള്ള പ്രസംഗത്തിന്റെ ആദ്യ ഒന്നരമണിക്കൂറോളം മണിപ്പൂരിനെക്കുറിച്ച് ഒന്നും മോദി ഉരിയാടിയില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. തന്റെ ഭരണ മികവും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചാണ് മോദി ഏറെ സമയവും പ്രസംഗിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഭാരത മാതാവ് പരാമര്‍ശം മാപ്പ് അര്‍ഹിക്കാത്തതാണ്. നുണയുടെ ചന്തയില്‍ മോഷണത്തിന്റെ കടയാണ് രാഹുല്‍ഗാന്ധി തുറന്നതെന്നു മോദിയുടെ പരിഹസിച്ചു.
മോദി പ്രസംഗിച്ചപ്പോള്‍ ഭരണപക്ഷം മോദി, മോദി എന്നു വിളിച്ചു പറഞ്ഞ് ആഹ്ലാദം പ്രകടിപ്പിച്ചു. എന്നാല്‍ പ്രതിപക്ഷം ഇന്ത്യ, ഇന്ത്യ എന്നു മുദ്രാവാക്യം മുഴക്കി. പ്രസംഗം ഒന്നര മണിക്കൂര്‍ നീണ്ടുപോയതോടെ മണിപ്പൂരിനെപ്പറ്റി പറയൂവെന്ന് പ്രതിപക്ഷാംഗങ്ങള്‍ വിളിച്ചു പറഞ്ഞു. മണിപ്പൂര്‍ വിഷയം ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷം മോദി സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ജനങ്ങള്‍ക്കു സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് ഭൂരിപക്ഷം കിട്ടുമെന്നും മോദി അവകാശപ്പെട്ടു. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണവും നരേന്ദ്രമോദി പ്രസംഗത്തില്‍ പരിഹാസ വിഷയമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും അതിരൂക്ഷ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭയില്‍നിന്നും സസ്‌പെന്‍ഡു ചെയ്തു. ബിജെപിയെയും മോദിയേയും നിലംപരിശാക്കുന്ന പ്രസംഗമാണ് അദ്ദേഹം നടത്തിയത്. രാജാവ് അന്ധനാണ്. ധൃതരാഷ്ട്രര്‍ അന്ധനായിരുന്നപ്പോള്‍ ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടു. വിവസ്ത്രയാക്കപ്പെട്ടപ്പോള്‍ ധൃതരാഷ്ട്രര്‍ അന്ധനായിരുന്നതു പോലെ ഇന്നും രാജാവ് അന്ധനാണെന്ന് ചൗധരി പറഞ്ഞു. ഇതു സഹിക്കാനാകാതെയാണ് സസ്‌പെന്‍ഷന്‍.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായ മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിക്കാനുള്ള കോണ്‍ഗ്രസിന്റെ മാത്യു കുഴല്‍നാടന്റെ ശ്രമം സ്പീക്കര്‍ തടഞ്ഞു. ഭൂമി പതിച്ചുകൊടുക്കല്‍ ബില്ലിന്റെ ചര്‍ച്ചയിലാണ് മാത്യു കുഴല്‍നാടന്റെ പ്രസംഗത്തെ സ്പീക്കര്‍ നിയന്ത്രിച്ചത്. വിഷ്ണുനാഥിനു പകരക്കാരനായി സംസാരിച്ചു തുടങ്ങിയപ്പോഴേക്കും സ്പീക്കര്‍ തടയുകയായിരുന്നു. മുഖ്യമന്ത്രിയുടെ മകളെക്കുറിച്ച് ഒന്നും സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ പിന്നീടു പറഞ്ഞു.
സിഎംആര്‍എല്ലില്‍നിന്നു പണം വാങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കു വേണ്ടി കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് പണം വാങ്ങിയതെന്നു ചെന്നിത്തല വിശദീകരിച്ചു. പ്രത്യുപകാരമായി ശശിധരന്‍ കര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്തില്ലെന്നും ചെന്നിത്തല പറഞ്ഞു.
എന്‍എസ്എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിനു ഹൈക്കോടതി സ്റ്റേ. നാലാഴ്ചത്തേക്ക് തുടര്‍ നടപടികള്‍ തടഞ്ഞു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കടുത്തനടപടി ഉണ്ടാവില്ലെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ അറിയിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് കോളജുകളിലും സ്‌കൂളുകളിലും വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ്. രൂപമാറ്റം വരുത്തിയ ബൈക്കുകള്‍, കാറുകള്‍, ജീപ്പുകള്‍ എന്നീ വാഹനങ്ങള്‍ ഉപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.
ശസ്ത്രക്രിയയ്ക്കിടെ വയറില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനക്കു നീതി ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. കുറ്റക്കാരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കണം. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും സതീദേവി പറഞ്ഞു.
ശസ്ത്രക്രിയക്കിടെ വയറില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് തള്ളി. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിക്കില്ല. ഹര്‍ഷിനക്ക് നീതി ഉറപ്പാക്കും. പൊലിസ് അന്വേഷണം തുരുകയാണെന്നും മന്ത്രി നിയസഭയില്‍ പറഞ്ഞു.
ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വര്‍ണ 32 പവന്‍ തൂക്കം വരുന്ന കിരിടമാണ് സമര്‍പ്പിച്ചത്. ചന്ദനം അരക്കുന്ന മെഷീനും സമര്‍പ്പിച്ചു. ഉച്ചപൂജക്കിടെ ദുര്‍ഗ സ്റ്റാലിന്‍ ക്ഷേത്രത്തില്‍ എത്തിയാണ് സമര്‍പ്പണം നടത്തിയത്.
കേരളത്തിലേക്കു പുതിയ രണ്ടു സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്സ്. കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കുമായി പുതിയ രണ്ട് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇത്തിഹാദ് അറിയിച്ചു.
തൃശൂരിലെ ലുലു ഗ്രൂപ്പിന്റെ പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ പൊലീസ് കേസ്. കൊച്ചി റിപ്പോര്‍ട്ടര്‍ ആര്‍ പീയൂഷിനെതിരെയാണ് കവര്‍ച്ചക്കേസ് ചുമത്തിയത്. ലുലു ഗ്രൂപ്പിന്റെ പുഴക്കലിലുള്ള ഭൂമിയില്‍നിന്ന് പമ്പു സെറ്റ് കവര്‍ന്നെന്നാണു പരാതി. എന്നാല്‍ അനധികൃത നിലം നികത്തല്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും കവര്‍ച്ച പരാതി കള്ളക്കേസാണെന്നും റിപ്പോര്‍ട്ടര്‍ ആര്‍ പീയൂഷ് പറഞ്ഞു.
ലോക്‌സഭയിലെ തന്റെ പ്രസംഗത്തിലെ ഭാഗങ്ങള്‍ സഭാ രേഖയില്‍നിന്ന് നീക്കിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് മാതാവ് എന്ന പേര് ഇന്ന് മോദി സര്‍ക്കാരിന് അണ്‍പാര്‍ലമെന്ററി ആയിരിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്തുകൊണ്ടാണ് പ്രസംഗത്തിലെ വാക്കുകള്‍ സഭാ രേഖയില്‍നിന്ന് നീക്കം ചെയ്തതെന്ന് സ്പീക്കര്‍ പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരേ സ്വമേധയാ റിവിഷന്‍ നടപടിയുമായി മദ്രാസ് ഹൈക്കോടതി.ജസ്റ്റിസ് ആനന്ദ് വെങ്കിടേശാണ് അസാധാരണ നടപടിയെടുത്തത്. മന്ത്രി പൊന്മുടിയും വിജിലന്‍സും അടുത്ത മാസം ഏഴിന് മുന്‍പ് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 1996 ലെ കരുണാനിധി സര്‍ക്കാരില്‍ ഗതാഗതമന്ത്രിയായിരിക്കെ മൂന്നു കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ജൂണ്‍ 28 നാണ് മന്ത്രിയെ വെല്ലൂര്‍ കോടതി കുറ്റവിമുക്തനാക്കിയത്.
സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിനു വിന്‍ഡോസിനു പകരമായി ‘മായ’ എന്ന പേരില്‍ തദ്ദേശീയ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത് പ്രതിരോധ മന്ത്രാലയം. ഉടന്‍ തന്നെ പ്രതിരോധ മന്ത്രാലയത്തിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഈ സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യും.
സിപിഐ പൊളിറ്റ് ബ്യൂറോ അംഗം പ്രമോദ് മിശ്ര അറസ്റ്റില്‍. ഗയയില്‍നിന്നാണു പോലീസ് പിടികൂടിയത്. 2021 നവംബറില്‍ നാലു ഗ്രാമീണരെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന കേസിലാണ് അറസ്റ്റ്.
പടിഞ്ഞാറന്‍ അമേരിക്കയിലെ ഹവായി ദ്വീപ സമൂഹത്തിന്റെ ഭാഗമായ മൗഇ ദ്വീപിലെ കാട്ടുതീയില്‍ 36 പേര്‍ കൊല്ലപ്പെട്ടു. റസോര്‍ട്ട് നഗരമായ ലഹായിനയിലാണു കാട്ടുതീ ജീവനെടുത്തത്. കാട്ടുതീയില്‍നിന്നു രക്ഷപ്പെടാന്‍ പസഫിക് സമുദ്രത്തിലേക്കു ചാടിയ ഏതാനും പേരും മരിച്ചു.