സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം ഔദാര്യമില്ല, അവകാശമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയലുകള്‍ തീര്‍പ്പാക്കാതെ വച്ചുതാമസിപ്പിക്കുന്നതും അഴിമതിയും പൊറുക്കില്ലെന്നും മുഖ്യമന്ത്രി. ‘കരുതലും കൈത്താങ്ങും’ തലൂക്ക് അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചക്കാലമാണ് താലൂക്കുതല അദാലത്തുകള്‍ നടക്കുന്നത്.
മേയ് നാലു വരെ കേരളത്തില്‍ ശക്തമായ മഴക്കു സാധ്യത. ഇടിമിന്നലും 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യത. നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മഴ സാധ്യത.
സേഫ് കേരള പദ്ധതിയില്‍ എസ്ആര്‍ഐടിയുമായി സഹകരിക്കുന്നുണ്ടെന്ന് ട്രോയ്‌സ്. എഐ ക്യാമറ വിവാദത്തിലാണു ട്രോയ്‌സ് എംഡി ജിതേഷിന്റെ വിശദീകരണം. ഊരാളുങ്കല്‍- എഎസ്ആര്‍ഐടി സംയുക്ത കമ്പനിയുടെ ഡയറക്ടറായിരുന്ന ജിതേഷ് ഊരാളുങ്കലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്ആര്‍ഐടിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു. നിലവില്‍ ഊരാളുങ്കലുമായോ സംയുക്ത കമ്പനിയുമായോ ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വികസന പദ്ധതികള്‍ക്ക് കേരളത്തിന് അര്‍ഹമായ തുക തരാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുവം എന്ന ബിജെപിയുടെ രാഷ്ട്രീയ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ ഇകഴ്ത്തി പ്രസംഗിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയെന്ന സത്യസന്ധമായ പ്രസംഗമാണ് മോദി പിറ്റേന്ന് ഔദ്യോഗിക പരിപാടിയില്‍ നടത്തിയത്. യുവാക്കള്‍ക്കു തൊഴില്‍ അടക്കമുള്ള എല്ലാ മേഖലയിലും കേരളം മുന്നില്‍ നില്‍ക്കുമ്പോഴാണ് രാഷ്ട്രീയ മുതലെടുപ്പിനായി കേരളത്തെ പ്രധാനമന്ത്രി ഇകഴ്ത്തി കാണിച്ചത്. മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശന പരിപാടി റദ്ദാക്കി. യുഎഇ സര്‍ക്കാരിന്റെ നിക്ഷേപക സംഗമ പരിപാടിയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും ഏഴാം തിയതി യുഎഇയിലേക്കു പോകാന്‍ ഒരുങ്ങിയിരുന്നത്.
കേരളത്തിലെ റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിക്കൊമ്പനെ പിടികൂടി എങ്ങനെ കൊണ്ടുപോകുമെന്ന് പലരും ആശങ്കപ്പെട്ടിരുന്നു. നിലവാരമുള്ള റോഡ് സൗകര്യം ഇടുക്കിയില്‍ ഉണ്ടായിരുന്നതിനാല്‍ തടസമില്ലാതെ കൊണ്ടുപോകാന്‍ കഴിഞ്ഞു. കേരളത്തിലെ പൊതു അവസ്ഥ ഇതാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ജനസാഗരത്തെ ഇളക്കി മറിച്ച് തൃശൂര്‍ പൂരം. മഠത്തില്‍ വരവിലും ഇലഞ്ഞിത്തറയിലും വാദ്യമേളങ്ങളില്‍ അലിഞ്ഞു ജനം താളംതുള്ളി. ലോക കപ്പേന്തിയ മെസി കുടകള്‍ നിരന്ന കുടമാറ്റം ആവേശോജ്വലമായി. ഗണപതിയും ശിവനും ഹനുമാനും പാര്‍വതിയുമെല്ലാം കുടകളായി. എല്‍ഇഡി കുടകളും നിലക്കുടകളുമെല്ലാം നിരന്നു.
കേരളത്തിലേക്കു പോകാന്‍ മഅദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. 60 ലക്ഷം രൂപ വേണം. അകടമ്പടി പൊലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കാനാകില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. യതീഷ് ചന്ദ്ര ഐപിഎസിന്റെ നേതൃത്വത്തില്‍ലള്ള സംഘമാണ് അകമ്പടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയത്.
പെരിയാന്‍ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയ അരിക്കൊമ്പന്‍ ആനയുടെ ആരോഗ്യനില തൃപ്തികരമെന്ന് വനംവകുപ്പ്. കോളര്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ ആനയെ നിരീക്ഷിക്കാന്‍ കഴിയുന്നുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.
നടന്‍ മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സുരേഷ് ഗോപി, ജോയ് മാത്യു എന്നിവരും മാമുക്കോയയുടെ വീടു സന്ദര്‍ശിച്ചു.
ആലുവയില്‍ 28 കിലോ കഞ്ചാവു കേസിലെ പ്രതിയായ മകനെ വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച എസ്‌ഐ അറസ്റ്റില്‍. തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്‌ഐ സാജനെയാണ് ആലുവ പൊലീസ് അറസ്റ്റു ചെയ്തത്.
പൂരത്തിരക്കിനിടെ തൃശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ തീപിടിത്തം. അഞ്ചു വിളക്കിനടുത്ത ശവപ്പെട്ടി കട അടക്കം കത്തി നശിച്ചു. ചായക്കടയിലെ ഗ്യാസ് സിലിണ്ടറില്‍നിന്നു തീ പടര്‍ന്നതാണ് തീപിടിത്തത്തിനു കാരണം.
താന്‍ വിഷപാമ്പാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിഷപ്പാമ്പ് വിമര്‍ശനം ശരിയാണെന്നും പരമശിവന്റെ കഴുത്തിലെ പാമ്പാണു താനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളാണ് തനിക്ക് ദൈവത്തിന്റെ രൂപമാണെന്നു പറയുന്നതെന്നും മോദി പറഞ്ഞു. അഴിമതിക്കെതിരേ ആഞ്ഞുകൊത്തുന്ന പാമ്പാണ്. കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിക്കുളിച്ച പാര്‍ട്ടിയണ്. കോലാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജന്തര്‍മന്തറില്‍ സമരത്തിനിരുന്നാല്‍ നീതി കിട്ടില്ലെന്നും പൊലീസിനെയും കോടതിയേയും സമീപിക്കണമെന്നും ഗുസ്തിതാരങ്ങളെ പരിഹസിച്ച് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ എംപി. കോടതി വിധിച്ചാല്‍ അനുസരിക്കുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. 90 ശതമാനം കായികതാരങ്ങളും തനിക്കൊപ്പമാണ്. ദീപേന്ദ്ര ഹൂഡ രക്ഷാധികാരിയായ ഗുസ്തി പരിശീലന കളരികള്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
നൂറാമത്തെ മന്‍ കി ബാത്തിലെങ്കിലും ചൈന, അദാനി, പുല്‍വാമ വിഷയങ്ങളെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കേണ്ടതായിരുന്നെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മന്‍ കി ബാത്തിനെക്കുറിച്ച് മോദി സ്വയം കൊട്ടിഘോഷിക്കുമ്പോള്‍ ജനങ്ങളുടെ സുപ്രധാന ചോദ്യങ്ങള്‍ക്കു മറുപടിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
ജനകീയ വിഷയങ്ങളില്‍ ദേശീയതലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നു സിപിഎം. ജമ്മു കാഷ്മീരില്‍ അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപിക്കു കനത്ത തിരിച്ചടി ഭയന്നാണ് തെരഞ്ഞെടുപ്പു നടത്താത്തതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി.