night news hd 29

 

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണിനെതിരേ ഇന്നു തന്നെ കേസെടുക്കണമെന്നും സമരം തുടരുന്ന പ്രായപൂര്‍ത്തിയാകാത്ത താരങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഇന്നു തന്നെ കേസെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ പറഞ്ഞു. കേസെടുത്താലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍. എഫ്‌ഐആര്‍ തട്ടിക്കൂട്ടിയതുകൊണ്ടു കാര്യമില്ല, പ്രതിയെ അറസ്റ്റു ചെയ്യണം, ശിക്ഷിക്കപ്പെടണം. ബ്രിജ് ഭൂഷനെതിരെ നിരവധി കേസുകള്‍ വേറേയും ഉണ്ട്. അതിലൊന്നും നടപടിയില്ലെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു.

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീം കോടതി. യുപി, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കു നേരത്തെ നല്‍കിയ ഉത്തരവാണ് സുപ്രീം കോടതി ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കിയത്.

ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍നിന്ന് 392 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി. വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാണ് ഇവരെ എത്തിച്ചത്. ഇക്കൂട്ടത്തില്‍ നാല്പതോളം മലയാളികളുണ്ട്. സുഡാനില്‍നിന്ന് ഓപറേഷന്‍ കാവേരിയിലൂടെ 1,492 പേരെ രക്ഷപ്പെടുത്തിയെന്ന് മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. അവശേഷിക്കുന്ന ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആകെ 3,400 ഇന്ത്യക്കാരാണ് സുഡാനിലുണ്ടായിരുന്നത്.

കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം നാളെ രാവിലെ എട്ടിനു പുനരാരംഭിക്കും. ഇന്നലെ പുലര്‍ച്ചെ നാലര മുതല്‍ ഉച്ചവരെ തെരഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. ഉച്ചയോടെ തെരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. ഇന്നലെ വൈകുന്നേരം അരിക്കൊമ്പനെ ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്തെ ഇടതൂര്‍ന്ന ചോലയ്ക്കുള്ളില്‍ അരിക്കൊമ്പനെ കണ്ടെത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വീണ്ടും മന്ത്രിയാകാത്തതില്‍ നിരാശയില്ലെന്ന് എംഎല്‍എ കെ.കെ ശൈലജ. ഒറ്റക്ക് ഒന്നും ചെയ്തിട്ടില്ല. എല്ലാം കൂട്ടായ്മയുടെ ഫലമായിരുന്നു. ഒരു പഞ്ചായത്ത് മെംബര്‍ പോലും ആകാന്‍ കഴിയാത്ത എത്രയോ സ്ത്രീകള്‍ പാര്‍ട്ടിയിലുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു. കെ. കെ ശൈലജയുടെ ആത്മകഥാ ഗ്രന്ഥമായ ”മൈ ലൈഫ് ആസ് എ കൊമ്രേഡ് ‘ ഡല്‍ഹിയില്‍ പ്രകാശനം ചെയ്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കോഴിക്കോട് കോര്‍പറേഷന്‍ നവീകരിച്ച കണ്ടംകുളം ജൂബിലി ഹാളിന് സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്‌മാന്‍ ജൂബിലി ഹാള്‍ എന്നു പേരിടാനുള്ള കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനത്തിനെതിരേ ബിജെപി. എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും വേണ്ടിയുള്ള ഹാളിന് ഒരാളുടെ മാത്രം പേരിടരുതെന്നാണ് ആവശ്യം. കോര്‍പറേഷന്‍ കൗണ്‍സില്‍ ഐകകണ്‌ഠ്യേന അംഗീകരിച്ച തീരുമാനം മാറ്റില്ലെന്ന് മേയര്‍ പ്രൊഫ ബീന ഫിലിപ്പ് പ്രതികരിച്ചു. മന്ത്രി എംബി രാജേഷ് നാളെ ഉദ്ഘാടനം ചെയ്യാനിരിക്കേ, ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ ഉദ്ഘാടന സമരവും നടത്തി.

വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി. കരടിയെ മനപൂര്‍വ്വം കൊല്ലാനുള്ള ഉദ്ദേശം ഇവര്‍ക്കുണ്ടായിരുന്നില്ല. രക്ഷിക്കാനുള്ള ശ്രമത്തിനിടയിലല്ലേ കരടി ചത്തതെന്നു ഹര്‍ജിക്കാരോട് കോടതി ചോദിച്ചു. പൊതുതാത്പര്യ ഹര്‍ജിയില്‍ വനം വകുപ്പ് ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

പത്തനംതിട്ടയില്‍ ആകാശവാണി എഫ് എം റിലേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മണ്ണാറമലയിലാണ് എഫ് എം സ്റ്റേഷന്‍. തിരുവനന്തപുരം ആകാശവാണിയില്‍ നിന്നുള്ള പരിപാടികളാണ് പ്രക്ഷേപണം ചെയ്യുക. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 91 എം എം സ്റ്റേഷനുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ പത്തനംതിട്ടയ്ക്കു പുറമെ കായംകുളത്തും പുതിയ എഫ്എം സ്റ്റേഷന്‍ ഉണ്ടാകും.

വന്ദേഭാരതിന്റെ സുഗമയാത്രയ്ക്കുവേണ്ടി പല ട്രെയിനുകളും പിടിച്ചിടുകയും സമയമാറ്റുകയും ചെയ്യുന്നത് യാത്രക്കരെ ദുരിതത്തിലാക്കുന്നുവെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ്. സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്താതെ മറ്റു ട്രെയിനുകളുടെ സമയം കവര്‍ന്നാണു വന്ദേഭാരതിന്റെ യാത്രയെന്ന് സംഘടന കുറ്റപ്പെടുത്തി.

‘കേരള സ്റ്റോറി’ സിനിമ ബഹിഷ്‌കരിക്കണമെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍. കേരളത്തിലെ 32,000 വനിതകളെ ഐഎസ്‌ഐഎസില്‍ റിക്രൂട്ട് ചെയ്‌തെന്ന നുണ പ്രചാരണമാണ് ബംഗാളി സിനിമയായ കേരള സ്റ്റോറിയില്‍ പറയുന്നത്. കേരള സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ചു കലാപമുണ്ടാക്കാനുള്ള സംഘപരിവാര്‍ ഗൂഡാലോചനയാണു സിനിമയെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഇരുചക്ര വാഹനങ്ങള്‍ ഓടിച്ച് പ്രായപൂര്‍ത്തിയാകാത്ത 13 കുട്ടികള്‍ പിടിയിലായി. രക്ഷിതാക്കളായ 13 പേര്‍ക്ക് മഞ്ചേരി സി ജെ എം കോടതി 30,250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവും ശിക്ഷിച്ചു.

പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവില്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ശ്രീകൃഷ്ണപുരം ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ ആദര്‍ശ്, ഫഹദ് എന്നിവരാണ് മരിച്ചത്.

കോട്ടയം പൊന്‍കുന്നം ചാമംപതാലില്‍ വളര്‍ത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. ചേര്‍പ്പത്തുകവല കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാര്‍ലിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രവാസി വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി അജി പി. വര്‍ഗീസ് വടക്കേക്കര (50) നിര്യാതനായി. നാട്ടില്‍ ചികിത്സയിലായിരുന്നു.

വര്‍ക്കലയില്‍ ട്രെയിനിടിച്ച് എന്‍ജിനിലെ കമ്പിയില്‍ കുരുങ്ങിയ വയോധികന്‍ മരിച്ചു. മുട്ടപ്പലം തച്ചോട് കുന്നുവിളവീട്ടില്‍ ഭാനു ആണ് മരിച്ചത്. 65 വയസായിരുന്നു.

എറണാകുളം മുണ്ടംവേലിയില്‍ കെട്ടിട നിര്‍മാണത്തിനിടെ തൊഴിലാളി വീണു മരിച്ചു. മുണ്ടംവേലി ചെറുപറമ്പില്‍ സി.ടി.ജോസഫ് (48) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം രണ്ടു തൊഴിലാളികള്‍ കൂടി കെട്ടിടത്തില്‍നിന്ന് വീണിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വിഷപാമ്പ് പരാമര്‍ശം നടത്തിയ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി. പരാമര്‍ശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതില്‍ നടപടി വേണമെന്നുമാണ് ആവശ്യം.

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി കായിക താരം സാനിയ മിര്‍സയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും. ഒരു അത്ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും കണ്ടുനില്‍ക്കാന്‍ കഴിയാത്ത കാഴ്ചയാണ് ജന്തര്‍ മന്തറിലെ സമരമെന്ന് സാനിയ പറഞ്ഞു. പല കുറി രാജ്യത്തിനുവേണ്ടി അധ്വാനിച്ച താരങ്ങള്‍ക്കൊപ്പമാണു നില്‍ക്കേണ്ടതെന്നും സാനിയ മിര്‍സ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങള്‍ക്കെതിരേ കുറ്റം ചെയ്തുവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. സിറ്റിംഗ് ജഡ്ജിയുടെ നേത്യത്വത്തിലുള്ള അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.

മുസ്ലീങ്ങള്‍ക്കു നാലു ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്ന് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു ജെഡിഎസ് പ്രകടന പത്രികയില്‍ വാഗ്ദാനം. അമുലിനെ പുറത്താക്കുമെന്നും നന്ദിനി ബ്രാന്‍ഡിനെ രക്ഷിക്കുമെന്നുമാണ് മറ്റൊരു വാഗ്ദാനം.

കേരളത്തിന്റെ വനം വകുപ്പ് ഏറ്റവും മോശമാണെന്ന മേനകാ ഗാന്ധിയുടെ പരാമര്‍ശം അപകീര്‍ത്തികരമെന്ന് വനം മന്ത്രി ഏകെ ശശീന്ദ്രന്‍. വന്യമൃഗങ്ങളുടെ സംരക്ഷണത്തില്‍ കേരളം ഏറെ മുന്നിലാണ്. കേരളത്തിന്റെ വന, മൃഗ സംരക്ഷണം മനസിലാക്കാന്‍ മനേകാ ഗാന്ധിയെ സ്വാഗതം ചെയ്യുന്നവെന്നും മന്ത്രി മേനകാ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ ടിക്കറ്റ് നിരക്കിലുണ്ടായിരുന്ന ഇളവ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. എം.കെ. ബാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണു തള്ളിയത്.

ജമ്മു കാഷ്മീരിലെ റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതി കേസില്‍ സിബിഐ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കിന്റെ മൊഴിയെടുത്തു. മൂന്നു മണിക്കൂറാണു സി ബി ഐ മൊഴി രേഖപ്പെടുത്തിയത്. റിലയന്‍സിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് സത്യപാല്‍ മല്ലിക്ക് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബോണ്ടുകള്‍ ഇഷ്യൂ ചെയ്ത് 7,500 ലക്ഷം ഡോളര്‍ ധനസമാഹരണം നടത്തുന്നു. 6100 കോടി രൂപയാണ് എസ്ബിഐ സമാഹരിക്കുന്നത്.

ബ്രിട്ടനില്‍ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണ് വായ്പ ലഭ്യമാക്കാന്‍ നിയമവിരുദ്ധമായി ഇടപെട്ടെന്ന കേസില്‍ പ്രതിയായ ബിബിസി ചെയര്‍മാന്‍ റിച്ചാര്‍ജ് ഷാര്‍പ്പ് രാജിവച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *