സുഡാനില്‍നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലില്‍ ജിദ്ദയില്‍ എത്തിച്ച 367 ഇന്ത്യന്‍ പൗരന്‍മാര്‍ ഡല്‍ഹിയിലേക്ക്. രാത്രി ഒനമ്പതരയോടെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തും. പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയില്‍ എത്തി വിശ്രമത്തിനു ശേഷം പ്രത്യേക വിമാനത്തില്‍ യാത്ര തുടരുകയായിരുന്നു.
റേഷന്‍ കടകള്‍ നാളെയും വെള്ളിയാഴ്ചയും കൂടി അടച്ചിടും. സെര്‍വര്‍ തകരാര്‍ പരിഹരിക്കാനാവാത്തതിനാലാണ് അടിച്ചിടേണ്ടിവരുന്നത്. ശനിയാഴ്ച റേഷന്‍ കടകള്‍ തുറക്കും. അതേസമയം, ഈ മാസത്തെ റേഷന്‍ വിതരണം അടുത്ത മാസം അഞ്ചു വരെ നീട്ടിയിട്ടുണ്ട്. മെയിലെ റേഷന്‍ വിതരണം ആറാം തീയതിയേ ആരംഭിക്കു.
നാല് പതിറ്റാണ്ടോളം മലയാള വെള്ളിത്തിരയിലൂടെ പ്രേക്ഷക ലക്ഷങ്ങളെ ചിരിപ്പിച്ച മാമുക്കോയക്ക് അന്ത്യാഞ്ജലിയുമായി ആയിരങ്ങള്‍. ഇന്നു വൈകുന്നേരം മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. നാളെ രാവിലെ പത്തിനാണു കബറടക്കം. 76 വയസായ മാമുക്കോയ 450 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വണ്ടൂരിലെ ഫുട്‌ബോള്‍ മേള ഉദ്ഘാടനം ചെയ്യാന്‍ എത്തി കുഴഞ്ഞുവീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം.
എഐ ക്യാമറ ഇടപാടുകളിലെ ക്രമക്കേട് അന്വേഷിക്കാന്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതിയിലെ വിജിലന്‍സ് അന്വേഷണത്തിന് സഹായകമായി ഫയലുകളെല്ലാം കൈമാറും. വിജിലന്‍സ് അന്വേഷണം കെല്‍ട്രോണിനെതിരെയല്ല. ഉദ്യോഗസ്ഥനെതിരെയാണ്.
കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് നിയമപരമാണെന്നും മന്ത്രി പറഞ്ഞു.
എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉപകരാര്‍ നല്‍കരുതെന്നു വ്യവസ്ഥയുണ്ടായിട്ടും കെല്‍ട്രോള്‍ ഉപകരാര്‍ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കണ്ണൂരിലെ ചില സിപിഎം സംഘങ്ങളാണു തട്ടിപ്പിനു പിറകില്‍.
സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണവും ദുരൂഹമാണ്. വിജിലന്‍സ് അന്വേഷണം ഉണ്ടെങ്കില്‍ മന്ത്രിസഭ യോഗം എന്തിനാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നും സതീശന്‍ ചോദിച്ചു.
കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍നിന്ന് ഐജി പി വിജയനെ നീക്കി. പൊതുമേഖലാ സ്ഥാപനമായ കേരളാ ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സിന്റെ എംഡിയുമായിരുന്നു. സംസ്ഥാന പൊലീസ് സേനയിലെ ആഭ്യന്തര തര്‍ക്കമാണ് മാറ്റത്തിനു കാരണമെന്നു റിപ്പോര്‍ട്ട്.
യുവം പരിപാടിയില്‍ യുവാക്കളുടെ ചോദ്യങ്ങള്‍ക്കു പ്രധാനമന്ത്രി മറുപടി പറയുമെന്ന് സംഘാടകര്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് പറഞ്ഞത്. പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ യുവാക്കളെ അനുവാദിച്ചില്ലെന്നത് ഡിവൈഎഫ്‌ഐയുടെ പ്രചാരണമാണ്. ഇത്രയും വലിയ സദസില്‍ ചോദ്യോത്തരം സാധ്യമല്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേരളത്തിന്റെ വികസനത്തില്‍ മുന്നേറ്റമുണ്ടാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
അടുത്ത അഞ്ചു ദിവസം കേരളത്തില്‍ മഴയ്ക്കു സാധ്യത. തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ. കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യത.
എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമില്‍ ഉയര്‍ന്ന പെന്‍ഷനായി അപേക്ഷിക്കാന്‍ ഇനി ഒരാഴ്ച മാത്രം. മേയ് മൂന്നുവരെ അപേക്ഷിക്കാമെന്നാണ് ഇപിഎഫ്ഒ അറിയിച്ചിരുന്നത്. ജീവനക്കാരും തൊഴിലുടമയും സമര്‍പ്പിച്ച വിവരങ്ങളുടെയും വേതന വിശദാംശങ്ങളുടെയും സൂക്ഷ്മപരിശോധനയ്ക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പുതിയ വിശദാംശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
തിരുവനന്തപുരം വെള്ളനാട് രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറ്റില്‍ കരടി ചത്ത സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വെടിവെച്ച വെറ്റിനറി സര്‍ജന്‍ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിയാണ് കരടി ചാകാന്‍ കാരണമെന്നാണ് ഹര്‍ജിയിലെ വാദം. വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കെസി സംഘടനയാണ് ഹര്‍ജി നല്‍കിയത്.
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇക്കഴിഞ്ഞ വര്‍ഷം 28.94 കോടി രൂപയുടെ വരുമാനം നേടിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം വരുമാനമാണ് നേടിയത്.
കേരളത്തില്‍ നിന്ന് കാല്‍നടയായി ഹജ്ജിനു പുറപ്പെട്ട ശിഹാബ് ചോറ്റൂരിന്റെ കൂടെ നടക്കുകയായിരുന്ന മലയാളി സൗദി അറേബ്യയില്‍ കാറിടിച്ച് മരിച്ചു. മലപ്പുറം വണ്ടൂര്‍ കൂരാട് സ്വദേശി അബ്ദുല്‍ അസീസ് (47) ആണ് മരിച്ചത്. റിയാദ് അല്‍ഖബറക്ക് സമീപം റിയാദ്-മദീന എക്‌സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിലാണ് മരിച്ചത്.
കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയില്‍നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു. സിവില്‍ പൊലീസ് ഓഫീസര്‍ പി വി ഷിഹാബിനെയാണ് പിരിച്ചുവിട്ടത്.
മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിംഗിന് എത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കെ ഗിരിഷ് (59) കുറ്റക്കാരനെന്ന് കോടതി. ഇയാള്‍ക്കുള്ള ശിക്ഷ തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ഇന്നു വിധിക്കും.
തൃശൂരില്‍ സ്വകാര്യ ബസ് തോട്ടിലേക്കു മറിഞ്ഞ് മൂന്നു സ്ത്രീകള്‍ക്കു പരിക്ക്. ഷൊര്‍ണൂരില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ഇഷാന്‍ കൃഷ്ണ എന്ന ബസാണ് വടക്കാഞ്ചേരി അകമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിനു സമീപമുള്ള തോട്ടിലേക്ക് മറിഞ്ഞത്.
മലയാറ്റൂര്‍ നീലേശ്വരം കരേറ്റമാത പള്ളി സെമിനാരിയിലെ കുളത്തില്‍ വൈദിക വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം സ്വദേശി ആഗ്നല്‍ (19) ആണ് മരിച്ചത്.
ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പതിനൊന്ന് ജവാന്മാര്‍ക്കു വീരമൃത്യു വരിച്ചു. മാവോയിസ്റ്റു വിരുദ്ധ സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം കുഴിബോബ് സ്‌ഫോടനത്തില്‍ തകരുകയായിരുന്നു. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.
മോദി പരാമര്‍ശത്തിലെ സൂറത്ത് കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി ജസ്റ്റിസ് ഗീതാ ഗോപി പിന്മാറി. എന്തുകൊണ്ടാണ് പിന്മാറ്റമെന്നു വ്യക്തമല്ല. ഗീതാ ഗോപിയുടെ സിംഗിള്‍ ബെഞ്ചിന് മുന്നില്‍ കേസ് ലിസ്റ്റു ചെയ്തതിനു പിറകേയാണ് പിന്മാറുകയാണെന്ന് രജിസ്ട്രാര്‍ വഴി ചീഫ് ജസ്റ്റിസിനെ അറിയിച്ചത്.
നിയമങ്ങളില്‍ കലോചിതമായ മാറ്റം വേണമെന്ന് സുപ്രീം കോടതി. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത തേടിയുള്ള ഹര്‍ജിയിലാണ് ഈ നിരീക്ഷണം. സ്ഥലം, കാലം എന്നിവയനുസരിച്ച് നിയമങ്ങളില്‍ മാറ്റം വേണം. നിയമങ്ങളെ എവിടെ നിന്നെങ്കിലും പറിച്ചുനടാനാവില്ലെന്നും രാജ്യത്തിന്റെ സാമൂഹികാവസ്ഥയും സംസ്‌കാരവും ആധാരമാക്കിയാണ് നിയമം തയാറാക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഔദ്യോഗിക വസതി മോടിയാക്കാന്‍ ചെലവാക്കിയത് 45 കോടി രൂപ. കൊവിഡ് കാലത്തടക്കം നിര്‍മ്മാണം നടത്തിയിരുന്നു. ധൂര്‍ത്ത് ആരോപിച്ച് ബിജെപി കെജരിവാളിനെതിരേ സമരം പ്രഖ്യാപിച്ചിരിക്കുയാണ്.
ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച പരാതികളടങ്ങുന്ന കത്ത് രത്തന്‍ ടാറ്റയ്ക്ക് അയച്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍. പൈലറ്റുമാരും കമ്പനിയും തര്‍ക്കം തുടരുന്നതിനിടയിലാണ് ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് എയര്‍ ഇന്ത്യ പൈലറ്റ്‌സ് യൂണിയന്‍ രത്തന്‍ ടാറ്റയ്ക്കു കത്തയച്ചത്.
ഉത്തര്‍പ്രദേശിലെ കൊല്ലപ്പെട്ട അധോലോക നേതാവ് അതീഖ് അഹമ്മദിനെ സിംഹമെന്നു പുകഴ്ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പെഴുതിയയാള്‍ ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലായി. ബറേലിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ജീവനക്കാരനായ രാജിഖ് അലിയാണ് അറസ്റ്റിലായത്.
യുഎഇയുടെ ആദ്യ ചാന്ദ്രപര്യവേക്ഷണ ദൗത്യം പരാജയപ്പെട്ടു. വാഹനമായ റാഷിദ് റോവറുമായുള്ള ആശയവിനിമയം നഷ്ടമായി. അവസാന ഘട്ടത്തില്‍ അപ്രതീക്ഷമായി വേഗത വര്‍ദ്ധിച്ച് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതാവാം തകരാറിനു കാരണം.