കെ റെയിലിന്റെ ഡിപിആര്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. കെ റെയിലിന്റെ സാങ്കേതിക, പരിസ്ഥിതി വിഷയങ്ങള്‍ പഠിക്കേണ്ടതുണ്ട്. തിരുവനന്തപുരം – കൊച്ചി റൂട്ടില്‍ വന്ദേ മെട്രോ സര്‍വീസ് ജനുവരിക്കുശേഷം ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചുവേളി, പേട്ട, നേമം, സ്‌റ്റേഷനുകളും ഒന്നിച്ചു വികസിപ്പിക്കും. കേരളത്തിലെ 34 സ്റ്റേഷനുകളില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ കണക്റ്റിവിറ്റിക്ക് ഊന്നല്‍ നല്‍കുന്ന വികസന മാതൃകയാണ് രാജ്യം പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെക്‌നോപാര്‍ക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി 1500 കോടി ചെലവില്‍ കേരള സര്‍ക്കാര്‍ തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന ലക്ഷ്യം നേടാന്‍ ഫിസിക്കല്‍ കണക്റ്റിവിറ്റിയും ഡിജിറ്റല്‍ കണക്റ്റിവിറ്റിയും വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷന്റെ ഭാഗമായി 278 പേര്‍ ജിദ്ദയിലേക്കുു പുറപ്പെട്ടു. ഐഎന്‍എസ് സുമേധയിലാണ് പോര്‍ട്ട് സുഡാനില്‍നിന്ന് ഇവരെ രക്ഷിച്ചത്. ജിദ്ദയിലെത്തുന്ന ഇവരെ വിമാനത്തില്‍ നാട്ടിലെത്തിക്കും. ദൗത്യത്തിനു നേതൃത്വം നല്‍കാന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ജിദ്ദയിലുണ്ട്.
എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കും. മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം എന്നിവ അടക്കം ഒഴിവാക്കിയ ഭാഗങ്ങളാണ് പഠിപ്പിക്കുന്നത്. എസ് സിഇആര്‍ടി ഇതിനായി സപ്ലിമെന്ററി ആയി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കാന്‍ കരിക്കുലം കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
ക്യാമറക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്നു ബോധ്യപ്പെട്ടിട്ടും കെല്‍ട്രോണിന് എഐ ക്യാമറ പദ്ധതിക്ക് അനുമതി നല്‍കിയ മന്ത്രിസഭയും സര്‍ക്കാരും അഴിമതിയില്‍ മുങ്ങിയെന്നും കെ സുധാകരന്‍ ആരോപിച്ചു.
എഐ ക്യാമറയുമായി ബന്ധപ്പെട്ട ടെണ്ടര്‍ സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാനദണ്ഡങ്ങള്‍ മറികടന്നാണ് കരാര്‍ നല്‍കിയത്. കണ്ണൂര്‍ ആസ്ഥാനമാക്കിയുള്ള ചില കമ്പനികളാണ് ഇതിന് പിന്നിലെന്നും സതീശന്‍ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നീതി അയോഗിന്റെ കണക്കനുസരിച്ച് കേരളം എല്ലാ വികസന സൂചികകളിലും മുന്നിലാണ്. എന്നിട്ടും കേന്ദ്രവിഹിതം വെട്ടുകയാണ്. പ്രധാനമന്ത്രി കളള പ്രചരണം നടത്തുകയാണ്. ദേശീയ പാതയ്ക്ക് ഭൂമിയേറ്റടുക്കുന്നതിന് പണം നല്‍കേണ്ടി വരുന്ന ഏക സംസ്ഥാനം കേരളമാണ്. പെന്‍ഷനിലെയും ഭവന നിര്‍മ്മാണത്തിലെയും കള്ള പ്രചരണം ജനങ്ങള്‍ക്ക് മനസിലായെന്നും ഗോവിന്ദന്‍.
ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായോട് ആവശ്യപ്പെട്ടെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. ബാങ്കിംഗ് ഇതര സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.
വന്ദേഭാരത് ട്രെയിനിന്റെ ഗ്ലാസുകളില്‍ വി കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്ററുകള്‍ ഒട്ടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനലില്‍ പോസ്റ്ററൊട്ടിച്ചത്. റെയില്‍വേ പൊലീസ് പോസ്റ്ററുകള്‍ നീക്കം ചെയ്തു. വന്ദേഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത് വി കെ ശ്രീകണ്ഠന്‍ എംപി ഇടപെട്ടതുകൊണ്ടാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളാണ് പതിച്ചത്. ഇതിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ നിശിത വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
അട്ടപ്പാടി മധുകേസില്‍ ശിക്ഷിക്കപ്പെട്ട 13 പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി മേയ് അഞ്ചിനു പരിഗണിക്കും. 16 പ്രതികളില്‍ പതിമൂന്ന് പ്രതികള്‍ക്കും ഏഴു വര്‍ഷം കഠിന തടവാണ് മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതി വിധിച്ചത്. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേര്‍ക്കാണ് കഠിന തടവു ശിക്ഷ വിധിച്ചത്.
തൃത്താല കരിമ്പനക്കടവ് ഭാഗത്ത് ഭാരതപ്പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം വയനാട് മേപ്പാടി സ്വദേശി സുബ്രമണ്യന്റേതാണെന്നു തിരിച്ചറിഞ്ഞു. ഭാര്യയുമായി കലഹിച്ച് പെരിന്തല്‍മണ്ണയിലെ കുളത്തൂരില്‍ താമസിച്ചു വരികയായിരുന്ന ഇയാള്‍ വിഷം കഴിച്ച് പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
കോഴിക്കോട് കട്ടിപ്പാറയില്‍നിന്നു കാണാതായ ആദിവാസി സ്ത്രീയെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയാണ് (53)മരിച്ചത്.
തൊടുപുഴ ഇടവെട്ടിയില്‍ കുളിക്കുന്നതിനിടെ കനാലില്‍ മുങ്ങിയ വിദ്യാര്‍ത്ഥി മരിച്ചു. കരിമണ്ണൂര്‍ ഒറ്റിത്തോട്ടത്തില്‍ റഹീം – ഷക്കീല ദമ്പതികളുടെ മകന്‍ ബാദുഷ (13) ആണ് മരിച്ചത്.
ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം തുറന്നു. ശൈത്യകാലമായിരുന്നതിനാല്‍ ഏതാനും ആഴ്ചകളായി താല്ക്കാലിക അടച്ചിട്ടിരിക്കുകയായിരുന്നു. ക്ഷേത്രത്തിലെ ആദ്യ പൂജ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടിയുള്ളതായിരുന്നു.
ഡല്‍ഹി മദ്യനയ കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കെ കവിതയുടെ ഓഡിറ്റര്‍ ബുചി ബാബുവും പ്രതിയാണ്. മനീഷ് സിസോദിയ അടക്കം 15 പ്രതികളുണ്ട്.
ഐഎഎസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചിരുന്ന ലോക്സഭാ മുന്‍ എംപി ആനന്ദ് മോഹന്‍ സിംഗിനെ മോചിപ്പിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍. ആനന്ദ് ഉള്‍പ്പടെ 27 പേരെ മോചിപ്പിക്കാനാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാര്‍ ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്. മകന്റെ വിവാഹനിശ്ചയത്തിനായി പരോളിലാണ് ആനന്ദ് സിംഗ്.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ ഗുരുതരമെന്ന് സുപ്രീംകോടതി. കേസെടുക്കാതിരുന്ന ഡല്‍ഹി പൊലീസിനും സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. ഗുസ്തി താരങ്ങള്‍ മൂന്നാം ദിവസവും രാപ്പകല്‍ സമരം തുടരുകയാണ്. സമരത്തിനു പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ ജന്തര്‍മന്തറില്‍ എത്തി.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചതോടെ മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥര്‍ പരിഭ്രാന്തിയില്‍. യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ മാസമാണ് ഐസിസി പുടിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ക്രെംലിനില്‍ പ്രത്യേക യോഗം വിളിച്ചെന്നാണു മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.