സംസ്ഥാനത്തെ മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫ് നിയമനത്തിനു മാനദണ്ഡം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വിശദവാദം കേള്‍ക്കും. കേരളത്തിലെ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മന്ത്രിമാരുടെ മാത്രമല്ല ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടേയും പേഴ്‌സണല്‍ സ്റ്റാഫ് നിയമനം സംബന്ധിച്ചും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഒരു ചട്ടവും പാലിക്കാതെയാണ പേഴ്‌സണണ്‍ സ്റ്റാഫുകളുടെ നിയമനമെന്നും പെന്‍ഷന്‍ നല്‍കാനുള്ള ചട്ടം ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 3200 കോടി രൂപയുടെ നിരവധി വികസന പദ്ധതികള്‍ പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനവും നടക്കും. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകള്‍ 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു. ബുധനാഴ്ച വരെയുള്ള ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 28.25 ശതമാനമായി. ദേശീയ നിരക്ക് അഞ്ചര ശതമാനമാണ്.
തിരുവനന്തപുരം തൈക്കാട് നവജാത ശിശുവിനെ മൂന്നു ലക്ഷം രൂപയ്ക്കു വിറ്റു. കരമന സ്വദേശിയായ സ്ത്രീയാണ് പണം കൊടുത്ത് കുഞ്ഞിനെ വാങ്ങിയത്. കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്കു മാറ്റി.
ക്യാമറകള്‍ കണ്ടെത്തുന്ന മോട്ടോര്‍ വാഹന നിയമലംഘനത്തിന് നോട്ടീസ് അയക്കാന്‍ പലയിടത്തും കണ്‍ട്രോള്‍ റൂമുകളില്‍ ജീവനക്കാരെ നിയമിച്ചിട്ടില്ല. ജീവനക്കാരെ ഔട്ട്‌സോഴ്‌സ് ചെയ്യുകയാണ്. കാമറ വച്ചുള്ള വാഹനവേട്ടയുടെ മറവില്‍ റോഡുകളിലെ എന്‍ഫോഴ്‌സ്‌മെന്റ് വേട്ട അവസാനിപ്പിക്കുന്നതിനെതിരേ പ്രതിഷേധവുമായി ഒരു വിഭാഗം മോട്ടോര്‍വാഹന വകുപ്പ് ജീവനക്കാര്‍ രംഗത്തിറങ്ങി.
എസ്.എന്‍ ട്രസ്റ്റ് ബൈലോയില്‍ ഭേദഗതി വരുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശനും എസ് എന്‍ ട്രസ്റ്റും നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വിശദവാദം കേള്‍ക്കും. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍നിന്നു വിട്ടുനില്‍ക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. കുറ്റവിമുക്തരാകുന്നതുവരെ ട്രസ്റ്റ് ഭാരവാഹിയായി തുടരരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഓര്‍ത്തഡോക്‌സ് സഭാ വൈദികനെ പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തു. ശെമവൂന്‍ റമ്പാന്‍ എന്ന എഴുപത്തേഴുകാരനെയാണ് മൂവാറ്റുപുഴ ഊന്നുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
അരിക്കൊമ്പനെ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഓണ്‍ലൈനായി നടത്താനിരുന്ന വിദഗ്ധ സമിതി യോഗം മാറ്റിവച്ചു. അടുത്ത ദിവസം തന്നെ ഓണ്‍ലൈനായി യോഗം ചേരും.
തൃശൂര്‍ മതിലകം കൂരിക്കുഴി വെളിച്ചപ്പാട് കൊലക്കേസിലെ അവസാനത്തെ പ്രതിയെ അറസ്റ്റു ചെയ്തു. 16 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന കൂരിക്കുഴി ചിരട്ടപ്പുരക്കല്‍ കണ്ണന്‍ എന്ന ജിത്തി(43)നെയാണ് പൊലീസ് പിടികൂടിയത്.
തൃശൂര്‍ റയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍നിന്നു 14 കിലോ കഞ്ചാവ് പിടികൂടി. അഞ്ചു പായ്ക്കറുകളിലുള്ള കഞ്ചാവ് പ്ലാറ്റ് ഫോമിലെ കസേരയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.
പുല്‍വാമ ഭീകാരക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വെളിപെടുത്തല്‍ നടത്തിയ ജമ്മു കാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ 28 നു സിബിഐ ചോദ്യം ചെയ്യും. അംബാനിയുടെ റിലയന്‍സ് ഇന്‍ഷ്വറന്‍സ് പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ള ആര്‍എസ്എസ് നേതാവ് റാം മാധവിന്റെ പദ്ധതിയും അംഗീകരിക്കാന്‍ സമ്മര്‍ദം ഉണ്ടായി. അഴിമതി കണ്ടതിനാല്‍ ഒപ്പുവച്ചില്ല. 300 കോടി രൂപ കൈക്കൂലി വാഗ്ദാനമുണ്ടായിട്ടും ഒപ്പിട്ടില്ലെന്നാണു സത്യപാല്‍ മാലിക് വെളിപെടുത്തിയത്. റാംമാധവ് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ഗോധ്ര ട്രെയിന്‍ തീവയ്പു കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന എട്ടു പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം നല്‍കി. വധശിക്ഷയ്ക്കു ശിക്ഷിക്കപ്പെട്ട നാലു പ്രതികള്‍ക്കു ജാമ്യം നല്‍കിയിട്ടില്ല.
ഡല്‍ഹി സാകേത് കോടതി പരിസരത്തു വെടിവയ്പു നടത്തിയ അഭിഭാഷക വേഷധാരിയെ കണ്ടെത്താനാകാതെ പോലീസ്. വെടിവയ്പില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റിരുന്നു. ഒരു യുവതിക്കും ഒരു പുരുഷനുമാണ് വെടിയേറ്റത്. സ്ത്രീക്ക് മൂന്നു റൗണ്ട് വെടിയേറ്റു. ഇവര്‍ അപകടനില തരണം ചെയ്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പൂഞ്ചില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ സഹായധനം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച അഞ്ചു പേരില്‍ നാലു സൈനികര്‍ പഞ്ചാബ് സ്വദേശികളാണ്.
ഹണി ട്രാപ്പില്‍ കുടുക്കി പണം പിടിങ്ങിയതിനു ഡല്‍ഹിയിലെ രണ്ടു പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയും പോലീസുകാരും ചേര്‍ന്ന് 27,000 രൂപ തട്ടിയെടുത്തെന്നാണു പരാതി. പരാതിപ്പെട്ടാല്‍ ബലാല്‍സംഗക്കേസില്‍ അകത്താക്കുമെന്നു പോലീസുകാര്‍ ഭീഷണിപ്പെടുത്തിയെങ്കിലും യുവാവ് പരാതിപ്പെടുകയായിരുന്നു.
സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. കലാപ മേഖലകളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു.