മലപ്പുറം ചുങ്കത്തറയിലെ വിവാദ പ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി. രാഷ്ട്രീയ പാർട്ടിക്ക് എതിരെ മുഖ്യമന്ത്രി പറഞ്ഞതിനെ ആ പാർട്ടിക്ക് വേണ്ടി ചിലർ തെറ്റായി പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപി യോഗത്തിൻ്റെയും എസ്എൻ ട്രസ്റ്റിൻ്റെയും തലപ്പത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളിയെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പിന്തുണ.

 

എക്സാലോജിക് കുറ്റപത്രം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എക്‌സാലോജികിനെ വലിച്ചിഴക്കുന്നത് എന്തിനെന്ന് സൂക്ഷ്മ പരിശോധന നടത്തിയാൽ പിണറായി വിജയന്റെ പേരിലേക്ക് എത്തും. എക്സാലോജിക്കും സിഎംആർഎലും തമ്മിലുള്ള കരാർ തുകയാണ് കൈമാറിയിട്ടുള്ളത്. സാമ്പത്തിക ഇടപാട് സുതാര്യമാണ്. മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് വീണയെ വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി സി.പി.എം പരിഗണിക്കുന്നത് മൂന്നുപേരെ. യു.ഷറഫലി, പ്രൊ.തോമസ് മാത്യു,ഡോ. ഷിനാസ് ബാബു എന്നിവരാണ് സിപിഎമ്മിന്‍റെ സാധ്യത പട്ടികയിലുള്ളത്. മലപ്പുറത്ത് ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയത്.

 

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല. പ്രതികളായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെക്ഷൻ കോടതി തള്ളി. ജുവൈനൽ ബോര്‍ഡ് ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ജില്ലാ കോടതിയെ സമീപിച്ചത്.

 

ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്.ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

 

മുനമ്പം ഭൂമി വിഷയത്തില്‍ നിര്‍ണായകമായ ചോദ്യവുമായി വഖഫ് ട്രിബ്യൂണല്‍. വഖഫില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിക്ക് മാത്രമല്ലേ വില്‍പ്പനയ്ക്ക് തടസ്സമുള്ളു എന്ന ചോദ്യമാണ് ട്രിബ്യൂണല്‍ ചെയര്‍മാന്‍ രാജന്‍ തട്ടില്‍ ഉന്നയിച്ചത്. മുനമ്പം കേസില്‍ ഇന്ന് വഖഫ് ട്രിബ്യൂണലില്‍ നടന്ന വാദത്തിനിടെയാണ് രാജന്‍ തട്ടിലിന്റെ ചോദ്യം.

ഏഷ്യാനെറ്റ് ന്യൂസിനെതിരേ പോലീസെടുത്ത പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. സ്ഥാപനത്തിനും എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ഉള്‍പ്പെടെ ആറ് ജീവനക്കാര്‍ക്കുമെതിരെയാണ് കേസെടുത്തിരുന്നത്.ലഹരിക്കെതിരായ പരമ്പരയിലെ വിവരങ്ങളുടെ പേരിലാണ് മാധ്യമത്തിനെതിരേ പോലീസ് കേസെടുത്തിരുന്നത്. പരമ്പര സദുദ്ദേശ്യപരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി ജനാധിപത്യ കേരളത്തിന്റെ വിജയമെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ. നമ്മുടെ നാടിനെ ബാധിച്ച ഒരു വലിയ സാമൂഹ്യ വിപത്തിനെതിരെയുളള ഒരു മാധ്യമത്തിന്റെ സാമൂഹിക ഉത്തരവാദിത്തത്തോടു കൂടിയുള്ള മാധ്യമപ്രവർത്തനത്തെ എങ്ങനെയാണ് ഒരു ഭരണകൂടം വേട്ടയാടിയത് എന്നുള്ളതിന്റെ എക്കാലത്തെയും വലിയ തെളിവാണ് ഏഷ്യാനെറ്റിനെതിരെ ചുമത്തിയ തെറ്റായ പോക്സോ കേസ് എന്ന് വിഷ്ണുനാഥ് പ്രതികരിച്ചു.

 

വിവാദ മലപ്പുറം പ്രസംഗത്തിൽ ക്ഷമാപണം നടത്താൻ വെള്ളാപ്പള്ളി നടേശൻ സന്നദ്ധത അറിയിച്ചെന്ന് ഐഎൻഎൽ സംസ്ഥാന അധ്യക്ഷൻ എപി അബ്‌ദുൾ വഹാബ്. പരാമർശത്തിൽ ഐഎൻഎലിൻ്റെ പ്രതിഷേധവും, അതുമായി ബന്ധപ്പെട്ട ആശങ്കയും വെള്ളാപ്പള്ളിയെ അറിയിച്ചു. പിന്നാക്ക സംവരണ മുന്നണിയുടെ ഭാഗമായി വെള്ളാപ്പള്ളിയെ ഉപയോഗിച്ച മുസ്ലിം ലീഗ് അദ്ദേഹത്തിൻ്റെ ആവശ്യങ്ങൾ അവഗണിച്ചതാണ് പ്രസ്താവനയ്ക്ക് കാരണം. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനും നിലവിലെ പ്രതിസന്ധികളിൽ നിന്ന് കരകയറാനും മുസ്ലിം ലീഗ് ഇത് ആയുധമാക്കുയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

5 സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതൽ സപ്ലൈകോ വിൽപന ശാലകളിൽ കുറയും. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നിവയ്ക്കാണ് നാലു മുതൽ 10 രൂപ വരെ കിലോഗ്രാമിന് കുറയുക.

 

മലപ്പുറം മക്കരപ്പറമ്പിൽ കിണറ്റിൽ വീണയാളെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി. കിണറ്റിൽ നിന്ന് പുറത്തെത്തിച്ചപ്പോഴാണ് ഇയാള്‍ മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. പ്രദേശവാസിയായ നാസര്‍ സമീപത്തെ വീടിന്റെ മതിൽ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

 

മാള കീഴൂരിലെ ആറു വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയത് തെളിവെടുപ്പിനിടെ പോലീസിന് മുന്നിൽ കൂസലില്ലാതെ വിവരിച്ച് പ്രതി ജോജോ. നാട്ടുകാരുടെ കനത്ത രോഷത്തിനിടെ പ്രതി ആറു വയസ്സുകാരനെ മുക്കിക്കൊന്ന കുളക്കരയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. കൊല്ലപ്പെട്ട 6 വയസ്സുകാരന്റെ മൃതദേഹം വൈകിട്ടോടെ കുഴൂരിലെ ഇടവക പള്ളിയിൽ സംസ്കരിക്കും.

 

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പോലീസ് ആദ്യ കുറ്റപത്രം നല്‍കി. ശേഷിക്കുന്ന 19 കേസുകളില്‍ മൂന്നുമാസത്തിനകം കുറ്റപത്രം നല്‍കാമെന്നും പോലീസ് അറിയിച്ചു. കേസില്‍ സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ ആരെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ നടപടി ഉണ്ടാവുമെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കി.

കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇരുപത്തിയാറാം മൈലിൽ ഫാസ് എന്ന സ്ഥാപനത്തിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഓൾ ഇന്ത്യ പോലീസ് ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിന് കൊച്ചിയിലെത്തിയപ്പോഴായിരുന്നു പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണ കോടതി മെയ്‌ 21 നു വീണ്ടും പരിഗണിക്കും. അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക അപേക്ഷ നൽകി. ഈ അപേക്ഷ മെയ്‌ 21ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി പൾസർ സുനി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ഏഴര വർഷത്തിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.

 

കേരള സര്‍വകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ പുനഃപ്പരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദ്ദേശം. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന് ശരാശരി മാര്‍ക്ക് നല്‍കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. എംബിഎ വിദ്യാര്‍ത്ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിൻ്റെ നടപടി.

വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം എരുമേലി കനകപ്പലത്താണ് സംഭവം. സീതമ്മ (50) ആണ് മരിച്ചത്. ഇവരുടെ ഭർത്താവിനും മക്കളായ അഞ്ജലി , ഉണ്ണിക്കുട്ടൻ എന്നിവർക്കും ഗുരുതരമായി പൊള്ളലേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് സത്യപാലൻ വീടിന് തീയിട്ടതായാണ് സംശയം.

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം ഈ വർഷം 45 ലക്ഷം പിന്നിട്ടുവെന്ന് സംസ്ഥാന പ്ലാനിംങ് ബോർഡിന്റെ കണക്കുകൾ വിശദമാക്കുന്നു. 2030 ൽ അത് 56 ലക്ഷത്തിലേക്കുമെത്തുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നത്. ജില്ലയിലെ ആകെ അവിദ്ഗധ തൊഴിലാളികളിൽ അൻപത് ശതമാനത്തിലധികവും മറ്റുസംസ്ഥാനത്ത് നിന്നെത്തുന്നവരെന്നാണ് ചുരുക്കം.

മുംബൈ ഭീകരാക്രമണക്കേസിൽ യുഎസിൽ നിന്ന് ഇന്ത്യയിലെത്തിച്ച തഹാവൂർ റാണയെ കസ്റ്റഡി എഎൻഐ ആസ്ഥാന മന്ദിരത്തിൽ. അതീവ സുരക്ഷയുള്ള 14 അടി നീളവും 14 അടി വീതിയുമുള്ള സെല്ലിലായിരിക്കും ഇയാളെ ചോദ്യം ചെയ്യുക. സിസിടിവി നിരീക്ഷണവും 24 മണിക്കൂറും സുരക്ഷാ കാവലുമുണ്ടായിരിക്കും. 2008 ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതിയായ തഹാവൂർ ഹുസൈൻ റാണയെ വ്യാഴാഴ്ചയാണ് അമേരിക്കയിൽ നിന്ന് നാടുകടത്തിയതിനെത്തുടർന്ന് ഇന്ത്യക്ക് കൈമാറിയത്.

 

തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ ചലനം. എഐഎഡിഎംകെ വീണ്ടും എൻഡിഎയിൽ ചേർന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കുമെന്നും അമിത്ഷാ പറഞ്ഞു. ഇപിഎസിന്റെ സാനിദ്ധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. തമിഴ്നാട്ടിൽ എൻഡിഎ സഖ്യം അധികാരത്തിൽ എത്തും. എടപ്പാടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എഐഎഡിഎംകെ എൻഡിഎയിൽ ചേരുന്നത് ഒരു ഉപാധിയും ഇല്ലാതെയാണെന്നും അമിത് ഷാ പറഞ്ഞു.

 

കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് ക്യാബിനറ്റിൽ വച്ചു. ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് റിപ്പോർട്ട് ചർച്ചയ്ക്കായി എടുക്കാൻ തീരുമാനിച്ചത്. ഏപ്രിൽ 17-ന് ജാതി സെൻസസ് ചർച്ച ചെയ്യാൻ വേണ്ടി മാത്രം ക്യാബിനറ്റ് യോഗമുണ്ടാകും. സാമൂഹ്യ – സാമ്പത്തിക – വിദ്യാഭ്യാസ സർവേ റിപ്പോർട്ട് എന്നാണ് ജാതി സെൻസസ് റിപ്പോർട്ടിനെ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. 2015-ൽ പിന്നാക്ക കമ്മീഷൻ അധ്യക്ഷൻ എച്ച് കാന്തരാജിന്‍റെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

 

ബെംഗളൂരുവിൽ ബുർഖയിട്ട പെൺകുട്ടിക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം അഞ്ച് പേർ അറസ്റ്റിൽ. അഫ്രീദ് പാഷ, വസീം ഖാൻ, മാഹിൻ, മൻസൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബൈക്കിൽ ആൺകുട്ടിക്കൊപ്പം ഇരിക്കുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് സദാചാര ആക്രമണമുണ്ടായത്. ഇന്നലെ ബെംഗളൂരുവിലെ ചന്ദ്ര ലേ ഔട്ടിലാണ് സംഭവം.പെൺകുട്ടി നൽകിയ പരാതിയിൽ അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

 

വാരണാസിയില്‍ 23 പേര്‍ ചേര്‍ന്ന് 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പൊലീസിന് നിര്‍ദേശം നല്‍കി. സ്വന്തം മണ്ഡലമായ വാരണാസിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതിനിടെയായിരുന്നു മോദിയുടെ പ്രതികരണം.

 

തമിഴ്‌നാട്ടില്‍ കെ. അണ്ണാമലൈക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി അധ്യക്ഷനാകും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് നൈനാര്‍ പത്രിക നല്‍കിയത്. ഇന്ന് വൈകുന്നേരം നാലുമണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. എന്നാല്‍ പത്രിക നല്‍കിയത് നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ്.

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *