Untitled design 20250112 193040 0000

 

 

പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഭക്തിസാന്ദ്രമായി കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് 6.44നായിരുന്നു പൊമ്പലമേട്ടിൽ മകരവിളക്ക് ദര്‍ശിച്ചത്. പൊന്നമ്പലമേട്ടിൽ മൂന്നു തവണയാണ് മകരവിളക്ക് തെളിഞ്ഞത്.

 

മകരജ്യോതി ദർശനത്തിന് പുല്ലുമേട്ടിൽ മാത്രം 7240 ഭക്തർ പങ്കെടുത്തതായി ജില്ലാ ഭരണകൂടം. ദർശനം കഴിഞ്ഞ് ഭക്തർ മലയിറങ്ങി. ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 6.45 ഓടെയാണ് മകര ജ്യോതി തെളിഞ്ഞത്. ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തർ ശരണം വിളികളോടെയാണ് മകരജ്യോതി ദർശനം നടത്തിയത്.

മകരസംക്രമസന്ധ്യയിൽ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര വൈകിട്ട് അഞ്ചരയോടെയാണ് ശരംകുത്തിയിലെത്തിയത്. അവിടെ നിന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ പ്രതിനിധികള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയച്ചു. കൊടിമരച്ചുവട്ടിൽ വെച്ച് ഘോഷയാത്രയെ സ്വീകരിച്ചു. സോപാനത്തിൽ വെച്ച് തന്ത്രിയും മേൽശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തിൽ ചാര്‍ത്തി ദീപാരാധന നടത്തി.

 

യു.ജി.സി.ചട്ടങ്ങൾ പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും യു.ജി.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി സർവകലാശാലയിൽ തുടങ്ങിയ ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ വീണ്ടും പ്രതിസന്ധി. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസണ്‍സ് മലയാളം അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയത്.

 

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

 

നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. സമാനമായ കേസുകളിൽ ഉൾപ്പെടരുതെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യ വ്യവസ്ഥയിൽ ഹൈക്കോടതി പറഞ്ഞു.

 

ജാമ്യം അനുവദിച്ചിട്ടും ജയിലിൽ തുടർന്ന് ബോബി ചെമ്മണ്ണൂർ. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂരിൻ്റെ നീക്കം.

 

ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സമൂഹത്തിന് നൽകുന്നത് ശക്തമായ സന്ദേശമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കോടീശ്വരനായ ആളെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവന്നത് തന്നെ സന്തോഷമുണ്ട് എന്നും അവർ പറഞ്ഞു .

 

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയിൽ വലിയ പുരോഗതി. ഉമ തോമസിന്‍റെ ആശുപത്രിയിൽ നിന്നുള്ള പുതിയ വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

പത്തനംതിട്ട പീഡന കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തു. അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായി. പത്തനംതിട്ട ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇതോടെ അറസ്റ്റിലായ ആകെ പ്രതികളുടെ എണ്ണം 44 ആയി.

 

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം കണ്ണാശുപത്രിയ്ക്ക് സമീപം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് ക്യാമ്പസിലുള്ള ഗവ. അനലിസ്റ്റ്സ് ലബോറട്ടറിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ മൈക്രോബയോളജി ലാബ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ആന്റണി രാജു എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

 

മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. നഷ്ടപരിഹാരം തേടി പരാതി നൽകണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അത് കേൾക്കാതെ രാഷ്ട്രീയ പ്രേരിത സമരത്തിന് പോയി. വനിതാ കമ്മീഷൻ ഇപ്പോഴും നിയമ സഹായത്തിന് തയ്യാറെന്നും പി സതീദേവി വിശദീകരിച്ചു.

 

റഷ്യൻ കൂലിപ്പട്ടാളത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന ആവശ്യം ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വ്യാജ തൊഴിൽ വാഗ്ദാനത്തിൽ അകപ്പെട്ട് റഷ്യൻ സേനയുടെ ഭാഗമായി തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റെ മരണത്തിന് പിന്നാലെ ആയിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് റൺധീര്‍ ജെയ്സ്വാൾ പ്രസ്താവന ഇറക്കിയത്.

 

നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെൺകുട്ടി മരിച്ചതെന്ന പരാതിയുമായി കുടുംബം പൊലീസിൽ പരാതി നൽകി.

മലബാറിന്‍റെ വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 19 ന് കോഴിക്കോട് ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കും. രാജ്യത്താകമാനമുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖരുമായി ദൃഢവും ഫലപ്രദവുമായ പങ്കാളിത്തം സാധ്യമാക്കുകയാണ് ലക്ഷ്യം. പരിപാടി രാവിലെ 9 ന് ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

 

മുസ്ലിംലീഗും സമസ്തയിലെ ഒരുവിഭാഗം നേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമവായ ശ്രമം പാളി. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ഫൈസിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചെന്ന് പറഞ്ഞെങ്കിലും 24 മണിക്കൂറിനകം ഇരുവിഭാഗം നേതാക്കളും പരസ്പരം തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു.

സൗദിയിലെ റിയാദ് ഇസ്‌കാനിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് ജനുവരി 15 ബുധനാഴ്ച വീണ്ടും പരിഗണനക്കുവരും. ജനുവരി 15 ബുധനാഴ്ച റിയാദ് ക്രിമിനല്‍ കോടതിയില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണനക്കുവരുമ്പോള്‍ റഹീമിന്റെ ജയില്‍ മോചന ഉത്തരവ് ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

 

മഹാ കുംഭമേളയുടെ രണ്ടാം ദിനത്തിലെ അമൃത സ്നാനത്തിൽ ശ്രദ്ധേയമായി നാ​ഗ സന്യാസിമാരുടെ സാന്നിധ്യം. ത്രിവേണി സം​ഗമത്തിന് സമീപം നാ​ഗ സന്യാസിമാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അച്ചടക്കവും പരമ്പരാഗത ആയുധങ്ങളുടെ വൈദഗ്ധ്യവും കൊണ്ട് നാ​ഗ സന്യാസിമാർ തീർത്ഥാടകരെ വിസ്മയിപ്പിച്ചു. ആയുധ പ്രകടനം കാഴ്ചവെച്ചും ഡമരു വായിച്ചും നാ​ഗ സന്യാസിമാർ ശ്രദ്ധയാകർഷിച്ചു.

തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ്‌ മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടിൽ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *