എംടിക്ക് യാത്രാമൊഴിയേകി മലയാളം. മാവൂർ റോഡിലെ സ്മൃതിപഥത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. ആരാധകരും സ്നേഹിതരും അടക്കം ആയിരങ്ങൾ എംടിക്ക് അന്ത്യയാത്രാമൊഴിയേകി.സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ അന്ത്യാഞ്ജലിയെ തുടർന്ന് സംസ്ഥാനത്തിൻ്റെ പൂർണ ഔദ്യോഗിക ബഹുമതി അർപ്പിച്ച് പൊലീസ് സേന അദ്ദേഹത്തിന് വിട നൽകി.
അന്ത്യകർമങ്ങൾക്കു ശേഷം മലയാളത്തിൻ്റെ പ്രിയ കഥാകാരൻ യാത്രയായി. നിരവധി കൃതികളിലൂടെ മലയാളികളുടെ മനസ്സിൽ എന്നും എംടി എന്ന രണ്ടക്ഷരം മായാതെ നിൽക്കും. മനസ്സുനീറുന്ന നൊമ്പരത്തോടെയാണ് ഏവരും എം ടിയെ യാത്രയാക്കിയത്. മലയാളത്തിന്റെ അക്ഷരനക്ഷത്രം അസ്തമിച്ചു.
എംടി വാസുദേവൻ നായർക്ക് ആദരാഞ്ജലി അര്‍പ്പിക്കാൻ നിരവധി പേരാണ് കോഴിക്കോട്ടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. സിനിമ സാഹിത്യ സാംസ്കാരിക മേഖലയിലുള്ളവരും മറ്റു വിവിധ മേഖലയിലുള്ളവരും എംടിക്ക് ആദരാഞ്ജലികൾ അര്‍പ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തി എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്‍റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മലയാളി മനസ്സുകളിൽ ഭാവനയും സാഹിത്യവും സമന്വയിപ്പിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഒ ആർ കേളുവും, മലയാളത്തിന്റെ അക്ഷര പുണ്യമായിരുന്നു എം ടിയെന്ന് മന്ത്രി എംബി രാജേഷും അനുസ്മരിച്ചു. എംടിക്ക് കോഴിക്കോട് നിത്യസ്മാരകം വേണമെന്ന് എംകെ രാഘവൻ എംപിയും. തൃത്താലയുടെ സ്വകാര്യ അഹങ്കാരമായിരുന്നു എംടിയെന്ന് വിടി ബൽറാമും അനുസ്മരിച്ചു.
അന്തരിച്ച എം ടി വാസുദേവൻ നായർക്ക് വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മറ്റൊരാളുമായും താരതമ്യം ചെയ്യാൻ സാധിക്കാത്ത വ്യക്തിത്വമാണ് എംടി വാസുദേവൻ നായരെന്ന് ഗോവിന്ദൻ അനുസ്മരിച്ചു. പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേർപാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും മോദി എക്സിൽ കുറിച്ചു. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, മലയാളത്തിനപ്പുറം വായനക്കാരെ സ്വന്തമാക്കിയ എഴുത്തുകാരനാണ് എംടിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും അനുസ്മരിച്ചു.
മഴ തോർന്നപോലെയുള്ള ഏകന്തതായാണ് ഇപ്പോൾ തന്റെ മനസിലെന്ന് നടൻ മോഹൻലാലും, കോടിക്കണക്കിന് മനുഷ്യർക്ക് നാഥനില്ലാതായെന്ന് എഴുത്തുക്കാരൻ ആലങ്കോട് ലീലാകൃഷ്ണനും എം ടി വാസുദേവൻ നായരെ അനുസ്മരിച്ചു. കേരളത്തിന് നികത്താൻ ആവാത്ത നഷ്ടമാണ് എംടിയുടെ വിയോഗത്തിലുടെ സംഭവിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും അദ്ദേഹത്തെ അനുസ്മരിച്ചു.
എംടിയുടെ നഷ്ടം എളുപ്പത്തിൽ നികത്താനാവില്ലെന്നും വേദനയുണ്ടെന്നും കഥാകൃത്ത് ടി പത്മനാഭൻ. തന്നെപ്പോലെയല്ല എംടിയെന്നും എംടിയുടെ ലോകം വിശാലമാണ് ഈ നഷ്ടം എളുപ്പത്തിലൊന്നും നികത്താനാവില്ലെന്നും ടി പത്മനാഭൻ അനുസ്മരിച്ചു. മലയാളത്തെ സംബന്ധിച്ച് ഒരു കാലം നിശ്ചലമായെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാൻ പ്രേംകുമാര്‍ അനുസ്മരിച്ചു .
കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ കാര്യമായ അഴിച്ചുപണിക്ക് കോൺഗ്രസ്. ബെലഗാമിൽ നടക്കുന്ന കോൺഗ്രസിൻ്റെ വിശാല പ്രവർത്തകസമിതിയിൽ ഇത് സംബന്ധിച്ച് ചർച്ചകുണ്ടായി. എഐസിസി ജനറൽ സെക്രട്ടറി പദത്തിലേക്ക് കൂടുതൽ പേരെ പരിഗണിക്കുന്നുവെന്നാണ് വിവരം. അതേസമയം കേരളത്തിൽ തിരികെ ഭരണത്തിലെത്താൻ കർണാടക മോഡൽ രാഷ്ട്രീയ നീക്കം നടത്താനും തീരുമാനമായിട്ടുണ്ട്.
തിരുവനന്തപുരത്തെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നുവെന്ന റിപ്പോർട്ട്. 2024 ൽ മാത്രം 23 ആത്മഹത്യകൾ നടന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.
പുനരധിവാസം വൈകുന്നതിൽ പ്രതിഷേധവുമായി വയനാട് കളക്ടറേറ്റിലേക്ക് ദുരന്തബാധിതർ പ്രതിഷേധ പ്രകടനം നടത്തി. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ടൗൺഷിപ്പ് ഗുണഭോക്താക്കളുടെ പട്ടികയിൽ വ്യാപക പിഴവുകൾ വിവാദമായിരിക്കെയാണ് ദുരന്തബാധിതർ പരസ്യ പ്രതിഷേധവും നടത്തിയത്.
വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ കാലതാമസം കൂടാതെ നിര്‍വഹിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറായി ഡോ. ജെ.ഒ അരുണിന് അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമമെന്ന് പരാതി. നടന്മാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ എന്നിവർക്കെതിരേ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നടിയുടെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്.
കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡലതീർഥാടനകാലമെന്നു ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ ശബരിമല സന്നിധാനത്തു സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി. ഒരുലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടത്. ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
ക്ഷേമപെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് റവന്യൂ, സർവ്വേ വകുപ്പിൽ 38 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം. കർശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവർക്കെതിരെ സ്വീകരിക്കും. ജീവനക്കാരുടെ പേര്, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
2023-24 സാമ്പത്തിക വർഷത്തിൽ വ്യക്തികളിൽ നിന്നും ട്രസ്റ്റുകളിൽ നിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുമായി ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപയെന്ന് റിപ്പോർട്ട്. 20,000 രൂപയും അതിന് മുകളിലുമായാണ് സംഭാവന ലഭിച്ചത്. അതോടൊപ്പം കോൺഗ്രസിന് 2023-24ൽ 288.9 കോടി രൂപയാണ് ലഭിച്ചത്. മുൻ വർഷം ഇത് 79.9 കോടി രൂപയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് ഇക്കാര്യമുള്ളത്.
തളങ്കര തെരുവത്ത് വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കർണാടക സ്വദേശിയായ പന്തൽ ജോലിക്കാരൻ പ്രമോദ് രാമണ്ണ (30) യാണ് മരിച്ചത്. പന്തലിൻ്റെ ഇരുമ്പ് തൂൺ അഴിച്ചു മാറ്റുന്നതിനിടെ സമീപത്തെ വൈദ്യതി കമ്പിയിൽ അബദ്ധത്തിൽ തട്ടുകയായിരുന്നു.
പുഷ്പ 2 റിലീസിനിടെ ഉണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്രീമിയർ ഷോകൾ നിരോധിച്ച നടപടി പിൻവലിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലുഗുസിനിമാ പ്രതിനിധി സംഘത്തോട് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി. ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുമെന്ന തീരുമാനത്തിലും മാറ്റമില്ല.
കോൺഗ്രസിന്‍റെ വിശാല പ്രവർത്തകസമിതിയോഗം ഇന്ന് കർണാടകയിലെ ബെലഗാവിയിൽ ചേരും. യോഗത്തിൽ പങ്കെടുക്കാൻ മല്ലികാർജുൻ ഖർഗെയ്ക്ക് ഒപ്പം രാഹുൽ ഗാന്ധി ബെലഗാവിയിലെത്തി. നൂറ് വർഷം മുൻപ്, 1924-ൽ, ബെലഗാവിയിൽ വെച്ചാണ് മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷപദം ഏറ്റെടുത്തത്. ഇതിന്‍റെ നൂറാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് അതേ സ്ഥലത്ത് വച്ച് തന്നെ വീണ്ടും പ്രവർത്തകസമിതി ചേരുന്നത്.
സൈബർ ആക്രമണം നേരിട്ട ജപ്പാൻ എയർലൈൻസിന്റെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ താളംതെറ്റി. ലഗേജ് ചെക്ക് ഇൻ സംവിധാനത്തിലും പ്രശ്നങ്ങൾ നേരിട്ടു. എന്നാൽ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിച്ചതായി വിമാനക്കമ്പനി പിന്നീട് അറിയിച്ചു. എന്നാൽ വിമാനം റദ്ദാക്കേണ്ടി വരികയോ വലിയ തോതിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരികയോ ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഇറാനില്‍ ആദ്യ വനിതാ വിമാനം പറന്നിറങ്ങി. ‘ഇറാന്‍ ബാനൂ’ (ഇറാന്‍ ലേഡി) എന്ന് പേരിട്ടിരിക്കുന്ന അസെമാൻ എയർലൈൻസിന്‍റെ വനിതാ വിമാനം ഇറാനിലെ മഷാദിലെ ഹാഷെമിനെജാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പറന്നിറങ്ങിയത്. ഇറാനിലെ ആദ്യ വനിതാ പൈലറ്റ് ക്യാപ്റ്റൻ ഷഹ് റസാദ് ഷംസാണ് വിമാനം പറത്തിയത്. വിമാനത്തില്‍ 110 വനിതാ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.
ഹിന്ദു ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിൽ നിന്നും മുക്തമാക്കാൻ വിഎച്ച്പി രാജ്യവ്യാപക പ്രചാരണം തുടങ്ങുമെന്ന് ജനറൽ സെക്രട്ടറി മിലിന്ദ് പരാന്ദേ. ജനുവരി അഞ്ചിന് വിജയവാഡയിൽ നിന്ന് പ്രചാരണ പരിപാടി തുടങ്ങും. ക്ഷേത്ര വരുമാനം സർക്കാർ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്നും വിശ്വാസികളായ ഹിന്ദുക്കളെ മാത്രം ക്ഷേത്രങ്ങളിൽ ജോലിക്ക് നിയമിക്കുകയെന്നും അടക്കം മുദ്രാവാക്യങ്ങളുമായാണ് പ്രചാരണം നടത്തുന്നത്.
അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു. ബാർമാൽ ജില്ലയിലെ നാല് പോയിൻ്റുകളിലാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. മൂന്ന് വീടുകളിൽ ബോംബാക്രമണം ഉണ്ടായി. ഒരു വീട്ടിൽ ഉണ്ടായിരുന്ന 18 പേർ കൊല്ലപ്പെട്ടു. മറ്റൊരു വീട്ടിലെ മൂന്ന് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും താലിബാൻ വക്താവ് അറിയിച്ചു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ യുവതാരത്തിൻ്റെ ശരീരത്തില്‍ അനാവശ്യമായി ഇടിച്ചതിന് വിരാട് കോലിക്ക് പിഴ ചുമത്തി ഐസിസി. 19കാരനായ കോണ്‍സ്റ്റാസ് ആത്മവിശ്വാസത്തോടെ കളിക്കുമ്പോഴാണ് കോലി വന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നത്. മത്സരത്തില്‍ 65 പന്തില്‍ 60 റണ്‍സാണ് കോണ്‍സ്റ്റാസ് നേടയിത്.
വിജയ് ഹസാരെ ട്രോഫിയില്‍ മധ്യ പ്രദേശിനെതിരെ കേരളം 160ന് പുറത്ത്. ഹൈദരാബാദ്, ജിംഖാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ സാഗര്‍ സോളങ്കിയാണ് കേരളത്തെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് വേണ്ടി ഷറഫുദീന്‍ (40 പന്തില്‍ 42) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ബറോഡയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ കേരളം പരാജയപ്പെട്ടിരുന്നു.
കാനഡയിലെ 260 കോളജുകൾ ഉൾപ്പെടുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന് ഇഡിയുടെ കണ്ടെത്തൽ. സ്റ്റുഡന്‍റ് വിസ വഴി ഇന്ത്യക്കാരെ അമേരിക്കയിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് കാനഡയിൽ എത്തിക്കുന്നത്. എന്നിട്ട് ഇന്ത്യക്കാരെ കാനഡയിൽ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് അതിർത്തി കടത്തിവിടുകയാണെന്നും ഇഡി കണ്ടെത്തി. മൂന്ന് വർഷം മുമ്പ് ഒരു കുടുംബത്തിലെ നാല് പേർ യുഎസ്-കാനഡ അതിർത്തിയിൽ കൊടും തണുപ്പിൽ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇഡിയുടെ കണ്ടെത്തൽ.
തമിഴ്നാട്ടിലെ ഡി എം കെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ ശപഥം. ഡിഎംകെയെ ഭരണത്തിൽ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് വാർത്താ സമ്മേളനത്തിലാണ് ബി ജെ പി തമിഴ്നാട് അധ്യക്ഷൻ പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിനിടയിൽ തന്നെ അണ്ണാമലൈ, ചെരുപ്പ് ഊരിമാറ്റുകയും ചെയ്തു.
തങ്ങൾക്കെതിരേ നിലപാടെടുത്ത അജയ് മാക്കനെതിരേ നടപടിയെടുത്തില്ലെങ്കിൽ ഇന്ത്യാ സഖ്യത്തിൽനിന്ന് കോൺഗ്രസിനെ പുറത്താക്കാൻ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാർട്ടി..നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി.യെ സഹായിക്കാനുള്ള നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് ആം ആദ്മി നേതാക്കൾ ആരോപിച്ചു.
കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ അസർബയ്ജാൻ എയര്‍ലൈന്‍സ് വിമാനം അബദ്ധത്തില്‍ റഷ്യ വെടി വെച്ചിട്ടതാവാമെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സര്‍ഫസ് ടു എയര്‍ മിസൈലോ വിമാനവേധ മിസൈലിന്റെയോ ആക്രമണത്തിലാവാം റഷ്യയിലേക്കുള്ള വിമാനം തകര്‍ന്നുവീണതെന്ന സാധ്യതയാണ് സൈനിക വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്നത്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണവുമായി ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് രാഹുൽ ചൂണ്ടിക്കാട്ടി. ബെലഗാവിൽ നടന്ന പ്രവർത്തകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.