night news hd 3

തലസ്ഥാനത്തുണ്ടായ മഴ മുന്നറിയിപ്പിൽ അപാകതയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. ജില്ലയില്‍ സാമാനകളില്ലാത്ത രീതിയിലാണ് മഴ പെയ്തത്. നഷ്ടപരിഹാരം ക്യാബിനറ്റ് തീരുമാനിക്കുമെന്നും റവന്യു മന്ത്രി പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് വെള്ളം ഇറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്.വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരും ഡോക്‌സിസൈക്ലിന്‍ കഴിക്കണം, എലിപ്പനിയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതവേണമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. 12 ജില്ലകളിലാണ് മഴമുന്നറിയിപ്പ് നസ്‍കിയിരിക്കുന്നത്.

നിയമസഭ കയ്യാങ്കളി കേസിൽ നടത്തിയ തുടരന്വേഷണം അപൂർണമാണെന്ന് പ്രതികള്‍. തുടരന്വേഷണത്തിൽ അപാകതകളുണ്ട്. പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് സമർപ്പിച്ച പുതിയ രേഖകള്‍ കൈമാറിയില്ലെന്നും പ്രതികൾ കോടതിയിൽ പറഞ്ഞു.

സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കൊട്ടാരക്കര കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസിൽ ഗണേഷ് കുമാർ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

28ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്കെ) അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് രണ്ടു ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലിയും, നവാഗത സംവിധായകൻ ഫാസിൽ റസാഖ് സംവിധാനം ചെയ്ത തടവുമാണ് ചിത്രങ്ങൾ.മലയാള സിനിമ ഇന്ന് എന്ന കാറ്റ​ഗറിയിൽ 12 ചിത്രങ്ങളാണുള്ളത്.

കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയതിലൂടെ കേസ് പൊളി‍ഞ്ഞുപാളീസായെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. രാഷ്ട്രീയ വൈരാ​ഗ്യത്തെ തുടർന്ന് എതിർകക്ഷികൾക്കെതിരെ വെറുതെ പരാതി നൽകി എന്നാണ് പൊലീസ് റിപ്പോർട്ട്.

തൃശൂര്‍ പുത്തൂർ കൈനൂർ ചിറയിൽ നാല് ബിരുദ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടാണ് അപകടം ഉണ്ടായത്. അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്.

തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ കെ ജയരാമൻ നമ്പൂതിരി നട തുറക്കും. നാളെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കില്ല.

മലപ്പുറം മഞ്ചേരിയിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അരീക്കോട് സ്വദേശികളായ ബിൻഷാദ്, സജിൽ എന്നിവരാണ് അറസ്റ്റിലായത്.

പാലിയേക്കര ടോൾ പ്ലാസയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ്. പാലിയേക്കര ടോൾ പ്ലാസയിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില ഇടപാടുകളില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്.

സമസ്തയുമായി തര്‍ക്കങ്ങളില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. പ്രസ്താവനാ യുദ്ധം അവസാനിപ്പിക്കണം. വിഷയത്തില്‍ പരസ്യ പ്രസ്താവന നടത്തേണ്ടെന്ന നിലപാട് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിനെതിരായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും, ബാങ്കിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഇഡി ഉദ്യോഗസ്ഥരുടെ നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ എറണാകുളം പിഎംഎൽഎ കോടതിയിൽ ഹർജി നൽകി.

കൊച്ചി വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. മലപ്പുറം മഞ്ചേരി സ്വദേശി സന്‍ഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സന്‍ഹ.

ലിവിംഗ് ടുഗതർ പങ്കാളിക്കെതിരെ ഐ പി സി 498 എ പ്രകാരം കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ സ്ത്രീയെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഐപിസി 498 എ വകുപ്പ്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ച സ്ത്രീ ആത്മഹത്യ ചെയ്ത കേസിലാണ് കേരളാ ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന മിസോറാമിൽ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 39 പേരുടെ സ്ഥാനാർത്ഥിപ്പട്ടികയാണ് പ്രഖ്യാപിച്ചത്. നവംബർ ഏഴിനാണ് മിസോറാമിൽ തെരഞ്ഞെടുപ്പ്.

ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ജാതി സെൻസസ് പ്രക്രിയയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക വിഭാഗമായി ജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂർ സംഘർഷത്തേക്കാൾ ഇസ്രയേൽ-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താൽപര്യമെന്ന് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ മിസോറാമിൽ എത്തിയതായിരുന്നു രാഹുൽ.

ഗാസയ്ക്കുമേൽ ആക്രമണം തുടർന്നാൽ കാഴ്ചക്കാരായി നിൽക്കില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്.ഇസ്രയേൽ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ ഇസ്രയേലിനെ തടയാൻ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാൻ ചൈനയോട് അഭ്യര്‍ത്ഥിച്ചതോടെ, പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുമോയെന്ന ആശങ്ക ശക്തമായി നിലനിൽക്കുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *