പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളില്‍ നാലു പേര്‍ അറസ്റ്റിലായി. തിരുവനന്തപുരത്ത് മൂന്ന് പേരെയും കൊച്ചിയില്‍ ഒരാളേയുമാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, ഇയാളുടെ സഹോദരന്‍ സുധീര്‍, സുധീരിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരന്‍ സലീം എന്നിവരും കൊച്ചിയില്‍ എടവനക്കാട് സ്വദേശി മുബാറക്കുമാണ് പിടിയിലായത്. സംസ്ഥാനത്ത് 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഫോണുകളും ലാപ്‌ടോപ്പുകളും അടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്.
കൊറിയന്‍ യുവതിയെ പീഡപ്പിച്ചെന്ന പരാതിയില്‍ അന്വേഷണവുമായി കൊറിയന്‍ എംബസി അധികൃതര്‍ കോഴിക്കോടെത്തി. യുവതി കഴിയുന്ന കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തി ഉദ്യോഗസ്ഥര്‍ യുവതിയുമായി സംസാരിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പീഡിപ്പിക്കപ്പെട്ടെന്നാണ് യുവതിയുടെ പരാതി. യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട യുവതി ഡോക്ടറോടാണ് പീഡനവിവരം പറഞ്ഞത്.
നഗരസഭകളുടെ സേവനം പൂര്‍ണമായും ഓണ്‍ലൈനാക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ്. മേയഴ്‌സ് കൗണ്‍സിലും ചെയര്‍മാന്‍ ചേംമ്പറും കിലയും കെ.എം.സി.എസ്.യുവും ചേര്‍ന്ന് സംഘടിപ്പിച്ച നവ കേരളം നവനഗരസഭ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നോട്ടീസ് ലഭിച്ചിട്ടും ഗവര്‍ണര്‍ അഭിഭാഷകനെ നിയോഗിച്ചില്ല. എന്നാല്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ അഭിഭാഷകന്‍ നാലാഴ്ചത്തെ സാവകാശം തേടിയിട്ടുണ്ട്. പുനര്‍നിയമനത്തിന് യുജിസി ചട്ടങ്ങള്‍ ബാധകമല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
പുതുവത്സരാഘോഷത്തിനായി എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ കത്തിക്കാന്‍ ഒരുക്കുന്ന 60 അടി ഉയരമുള്ള ഭീമന്‍ പാപ്പാഞ്ഞിക്കു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖച്ഛായയെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പോലീസ് എത്തിയാണു പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ആര്‍ക്കും പരാതിയില്ലാത്ത പാപ്പാഞ്ഞിയെ ഒരുക്കുമെന്നു കാര്‍ണിവല്‍ കമ്മിറ്റി വ്യക്തമാക്കി.
പുതുവത്സരാഘോഷം കൈവിട്ടു പോകരുതെന്ന് പോലീസ് മുന്നറിയിപ്പ്. ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഡിജിപി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും. ലഹരി ഇടപാടുകള്‍, സ്പിരിറ്റ് കടത്ത തുടങ്ങിയവ കണ്ടുപിടിക്കാന്‍ വാഹനപരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കി.
സ്ത്രീകളുടെ പേരില്‍ ഫേസ് ബുക്കില്‍ വ്യാജ അക്കൗണ്ട് തയാറാക്കി ചങ്ങാത്തമുണ്ടാക്കി മന്ത്രവാദിനി ചമഞ്ഞ് യുവതികളുടെ നഗ്‌ന ദൃശ്യങ്ങള്‍ വാങ്ങി പ്രചരിപ്പിച്ചയാള്‍ പിടിയില്‍. കള്ളിക്കാട് മുണ്ടവന്‍കുന്ന് സുബീഷ് ഭവനില്‍ സുബീഷിനെ (37 ) യാണ് നെയ്യാര്‍ ഡാം സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റു ചെയ്തത്. ആനി ഫിലിപ്പ്, സിന്ധു തുടങ്ങിയ പേരുകളിലാണു പ്രതി വ്യാജ അക്കൗണ്ട് തുടങ്ങി യുവതികളുമായി ചങ്ങാത്തമുണ്ടാക്കിയത്.
വധശ്രമക്കേസില്‍ ഗുണ്ടാ നേതാവ് കടവി രഞ്ജിത്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് 17 കൊല്ലം തടവുശിക്ഷ. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. കടവി രഞ്ജിത്ത്, സജേഷ്, അനില്‍ എന്നിവരെയാണ് തൃശൂര്‍ ജില്ലാ കോടതി ശിക്ഷിച്ചത്. കൊല്ലപ്പെട്ട ഗുണ്ടാസംഘത്തലവന്‍ ദൊരൈബാബുവിന്റെ വീട്ടിലെത്തിയ അളിയന്‍ സന്ദീപിനെ കൊല്ലാന്‍ ശ്രമിച്ച കേസിലാണു ശിക്ഷ.
ശിവഗിരി തീര്‍ഥാടനത്തിന്റെ പ്രധാന ദിവസമായ ഡിസംബര്‍ 31 ന് തിരുവനന്തപുരത്ത് ചിറയന്‍കീഴ്, വര്‍ക്കല താലുക്കുകളില്‍ പ്രാദേശിക അവധി. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.
വടകരയിലെ വ്യാപാരിയെ കൊലപ്പെടുത്തിയവരക്കുറിച്ചു തുമ്പില്ലാതെ പൊലീസ്. പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തു വിട്ടു. സമീപത്തെ കടകളിലുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.
രാഹുല്‍ഗാന്ധി 2020 മുതല്‍ 113 തവണ സുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് സിആര്‍പിഎഫ്. ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി പര്യടനത്തില്‍ സുരക്ഷ വീഴ്ചയുണ്ടെന്ന എഐസിസിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍. സിആര്‍പിഫ്. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് രാഹുല്‍ ഗാന്ധിയാണ്. സിആര്‍പിഎഫ് വിശദീകരിച്ചു.
ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ പാലിയ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജോഗേന്ദ്ര സിംഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയേയുംകൊണ്ട് ഒളിച്ചോടി. പെണ്‍കുട്ടിയുടെ അച്ഛനായ ചെറുകിട കച്ചവടക്കാരന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. മൂന്നു ദിവസമായി പെണ്‍കുട്ടിയുമായി ഇയാള്‍ മുങ്ങിയിരിക്കുകയാണ്.
അന്തര്‍ സര്‍വ്വകലാശാല ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കൊടകര സഹൃദയ കോളജിലെ വിദ്യാര്‍ത്ഥി ജീവന്‍ ജോസഫിനെ പങ്കെടുപ്പിക്കണമെന്ന് കോഴിക്കോട് ജില്ല കോടതി ഉത്തരവിട്ടു. ഒന്നാം സ്ഥാനം നേടിയിട്ടും മല്‍സരത്തില്‍നിന്ന് കാലിക്കറ്റ് സര്‍വ്വകലാശാല മാറ്റിനിര്‍ത്തിയതു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഉത്തരവ്.