night news hd 2

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരായ ആരോപണം സിപിഎം പൊളിറ്റ്ബ്യൂറോ ചര്‍ച്ച ചെയ്തില്ലെന്ന് ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. അത്തരം വിഷയങ്ങള്‍ സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്യും. ഇ.പി ജയരാജനെതിരെ ആരോപണമുന്നയിച്ച പി ജയരാജനെതിരെ പരാതി ലഭിച്ചിട്ടില്ല. കേരളവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ വിഷയമാണ് ചര്‍ച്ചചെയ്തത്. ഭാരത് ജോഡോ യാത്രയില്‍ സിപിഎം നേതാക്കള്‍ പങ്കെടുക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ പ്രദേശത്തു മല്‍സ്യബന്ധനവും മല്‍സ്യബന്ധന ബോട്ടുകളും നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തുറമുഖ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുറമുഖ നിര്‍മ്മാണത്തിനു തടസമില്ലാതെ മത്സ്യബന്ധനം നടത്താനുള്ള ക്രമീകരണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച ചെയ്തു മാത്രമെ നടപ്പാക്കൂവെന്നും മന്ത്രി.

കോഴിക്കോട് ജനുവരി മൂന്നിന് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം. ജനുവരി മൂന്നിന് രാവിലെ എട്ടരയ്ക്ക് പൊതു വിദ്യാഭ്യാസ ഡയര്‍ക്ടര്‍ പതാക ഉയര്‍ത്തും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളിലാണു മത്സരങ്ങള്‍. 14,000 പേര്‍ പങ്കെടുക്കും. എ ഗ്രേഡ് േേനടുന്നവര്‍ക്ക് 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും.

ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തിയാലേ അടുത്ത തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ താഴെയിറക്കാനാകൂവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപക ദിനാഘോഷം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിയണം. അമ്പലത്തില്‍ പോകുന്നവരെയും തിലകക്കുറി ചാര്‍ത്തുന്നവരെയും മൃദു ഹിന്ദുത്വത്തിന്റെ പേരില്‍ അകറ്റിനിര്‍ത്തരുതെന്നും ആന്റണി പറഞ്ഞു.

സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ സിബിഐ തെളിവില്ലെന്നു റിപ്പോര്‍ട്ടു സമര്‍പ്പിച്ച സിബിഐക്കെതിരേ ഹര്‍ജി നല്‍കില്ലെന്ന നിലപാട് സോളാര്‍ പരാതിക്കാരി മാറ്റി. ആറു കേസിലും സിബിഐയുടെ റിപ്പോര്‍ട്ടിനെതിരേ ഹര്‍ജി നല്‍കുമെന്ന് പരാതിക്കാരി പറഞ്ഞു. നിയമോപദേശം ലഭിച്ചതനുസരിച്ചാണു നിലപാടു മാറ്റിയതെന്നും വിശദീകരണം.

പോക്സോ കേസില്‍ തൃശൂരിലെ വൈദികന് ഏഴു വര്‍ഷം കഠിനതടവ് ശിക്ഷ. ബാലികയ്‌ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ ആമ്പല്ലൂര്‍ സ്വദേശി രാജു കൊക്കനെ(49)യാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. അമ്പതിനായിരം രൂപ പിഴയടയ്ക്കുകയും വേണം.

തൃശൂര്‍ പുറ്റേക്കരയില്‍ യുവ എന്‍ജിനിയറായ അരുണ്‍ലാല്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെ അറസ്റ്റുചെയ്തു. തന്റെ കാമുകിയെക്കുറിച്ചു കളിയാക്കിയതിനാണ് കൊലപാതകം. സിസി ടി വി ദൃശ്യങ്ങളും സാക്ഷിമൊഴികളുമ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ടിനു കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരനാണ്. ഇരുവരും ബാറില്‍ മദ്യപിച്ചശേഷമാണ് പുറ്റേക്കരയില്‍ എത്തി അടിപിടിയും കൊലപാതകവും ഉണ്ടായത്.

കുമളി പ്രദേശത്തെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര – ദിണ്ടുക്കല്‍ ദേശീയപാത ഉപരോധിച്ചു. ഇടുക്കി ലാന്റ് ഫ്രീഡം മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ കുമളി ടൗണിലായിരുന്നു ഉപരോധം. ഏലച്ചെടികളുമായാണ് സമരക്കാര്‍ ദേശീയപാത ഉപരോധിച്ചത്. പെരിയാര്‍ കടുവ സങ്കേതത്തിന്റെ അതിര്‍ത്തിയിലുള്ള കുമളി പഞ്ചായത്തിലെ പന്ത്രണ്ടു വാര്‍ഡുകളാണ് ബഫര്‍സോണിലുള്ളത്.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടന്ന കണ്ണൂരിലെ അഭിഭാഷകന്‍ ടി.പി ഹരീന്ദ്രന്റെ ആരോപണം വിവാദമായി. ആരോപണം ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. എന്നാല്‍ ഹരീന്ദ്രനുമായി സംസാരിക്കാതെ കൂടുതല്‍ പ്രതികരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫേസ് ബുക്കിലൂടെയാണ് ഹരീന്ദ്രന്‍ ആരോപണം ഉന്നയിച്ചത്.

പാലായ്ക്കടുത്ത് വേഴാങ്ങാനത്ത് കമ്പി വടികൊണ്ട് അടിയേറ്റ് ചികിത്സയിലായിരുന്ന വേഴാങ്ങാനം ഇടേട്ട് ബിനോയി (53) മരിച്ചു. അയല്‍വാസികളെ അക്രമിക്കാനെത്തിയ സംഘത്തെ തടയാന്‍ ശ്രമിച്ചതിനിടെയാണ് അടിയേറ്റത്. പാലാ ചൂണ്ടച്ചേരി നിരപ്പേല്‍ വീട്ടില്‍ തങ്കച്ചന്‍ എന്ന ആന്റണി (65), മകന്‍ തോമ എന്ന ബൈജു ആന്റണി (36), ബന്ധുവായ ദേവസ്യ ആന്റണി എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.

എലിവിഷം കഴിച്ച് അധ്യാപിക മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സൈനിക ഉദ്യോഗസ്ഥന്‍ പിലാത്തറ വിളയാങ്കോട് സ്വദേശി പി വി. ഹരീഷിനെ (37) യാണ് മയ്യില്‍ പൊലീസ് അറസ്റ്റു ചെയ്തത്.

പാര്‍ലമെന്റംഗം ഉള്‍പ്പടെ റഷ്യന്‍ വിനോദ സഞ്ചാരികള്‍ ഹോട്ടലില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍. റഷ്യന്‍ ജനപ്രതിനിധിയും വ്യവസായിയുമായ പവേല്‍ ആന്റോവ്, സഹയാത്രികനായ വ്ളാദിമിര്‍ ബിഡ്നോവ് എന്നിവരാണ് റായ്ഗഡിലെ ഹോട്ടലില്‍ ദുരൂഹമായി മരിച്ചത്. ആദിവാസികളെ കുറിച്ച് പഠിക്കാനും ആന്റോവിന്റെ പിറന്നാള്‍ ആഘോഷിക്കാനുമാണ് ഒഡിഷയില്‍ എത്തിയത്. ബിഡ്‌നോവ് ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയിലായിരുന്നു. ചുറ്റുംകാലിയായ വീഞ്ഞുകുപ്പികളുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. പിറ്റേന്ന് ആന്റോവ് ഹോട്ടലിന് മുന്നില്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതായി കണ്ടെത്തി. മൂന്നാം നിലയില്‍നിന്ന് താഴേക്കു വീണാണ് മരിച്ചതെന്നാണ് നിഗമനം. പവേല്‍ ആന്റോവ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വിമര്‍ശകനാണെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിനെ അഹമ്മദാബാദിലെ യുഎന്‍ മേത്താ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു. 100 വയസുള്ള ഹീരാബെന്നിന്റെ ആരോഗ്യനില മോശമായതിനാലാണ് ആശുപത്രിയിലാക്കിയത്.

അടുത്ത 40 ദിവസം നിര്‍ണായകമാണെന്ന് ആരോഗ്യ മന്ത്രാലയം. കൊവിഡ് കേസുകളില്‍ വര്‍ധന ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജനുവരി പകുതിയോടെ കേസുകള്‍ കൂടുമെന്നാണ് വിലയിരുത്തുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ യാത്രക്കാരില്‍ രണ്ടു ദിവസം നടത്തിയ പരിശോധനയില്‍ 39 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു.

ജാര്‍ഖണ്ഡ് നടി റിയ കുമാറിനെ കൊള്ളസംഘം വെടിവെച്ചു കൊന്നു. ബംഗാളിലെ ഹൗറയില്‍ ദേശീയപാതയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെയാണു വെടിയേറ്റത്. കൊല്‍ക്കത്തയിലേക്കു കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്പോള്‍ വിശ്രമിക്കാനായി മാഹിശ്രേഖ എന്ന പ്രദേശത്തു കാര്‍ നിര്‍ത്തി. റിയ കുമാരി, ഭര്‍ത്താവും നിര്‍മാതാവുമായ പ്രകാശ് കുമാര്‍, രണ്ടു വയസുള്ള മകള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്.

മൈസൂരില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ആക്രമണം. പിരിയപട്ടണയിലെ ഗോണിക്കൊപ്പ സെന്റ് മേരീസ് പള്ളിയിലെ ഉണ്ണിയേശുവിന്റെ പ്രതിമ തകര്‍ത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നു പൊലീസ് അറിയിച്ചു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *