night news hd 6

 

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. അഴിമതിക്കേസില്‍ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരായ ഇമ്രാനെ അര്‍ധസൈനിക വിഭാഗമായ പാക് റേയ്‌ഞ്ചേഴ്‌സാണ് പിടികൂടിയത്. അഴിമതിക്കേസിലാണ് അറസ്റ്റ്. ഉച്ചകഴിഞ്ഞ് വന്‍ വാഹനവ്യൂഹവുമായി കോടതിയിലെത്തിയ ഇമ്രാന്‍ കോടതി മുറിയില്‍ കയറിയ ഉടനേ പിടികൂടുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ച മര്‍ദിച്ചെന്നു തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി ആരോപിച്ചു. അഭിഭാഷകനും മര്‍ദ്ദനമേറ്റു. രാജ്യ വ്യാപക പ്രതിഷേധം അക്രമാസക്തമായി.

കരസേനയില്‍ ബ്രിഗേഡിയര്‍ റാങ്കിനു മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ ഒരേ യൂണിഫോം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഐക്യബോധം വളര്‍ത്താനാണ് തീരുമാനം. മേജര്‍ ജനറല്‍, ലെഫ്റ്റനന്റ് ജനറല്‍, ജനറല്‍ പദവികളില്‍ റെജിമെന്റ് വ്യത്യാസമില്ലാതെ ഒറ്റ യൂണിഫോം ആകും. തൊപ്പി, റാങ്ക് ബാഡ്ജ്, കോളറുകളിലെ പാച്ച്, ബല്‍റ്റ്. ഷൂസ് എന്നിവയിലും ഏകീകൃത രൂപമാകും. കേണല്‍ മുതല്‍ താഴേക്കുള്ള പദവികളിലുള്ളവരുടെ യൂണിഫോമില്‍ മാറ്റമില്ല.

സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാളെ മുതല്‍ മെമ്പര്‍ഷിപ് കാംപെയിന്‍. ഈ മാസം 15 മുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാം. മത്സരിക്കാനുള്ള പ്രായപരിധി 36 വയസാണ്. സമവായത്തിന് സംസ്ഥാന നേതൃത്വം ശ്രമം തുടരുന്നതിനിടെ ദേശീയ നേതൃത്വമാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.

ക്യാമറ പദ്ധതിയിലടക്കം ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കേ സെക്രട്ടേറിയറ്റില്‍ വ്യവസായ മന്ത്രി പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജി വിനോദിന്റെ ഓഫീസിലുണ്ടായ തീപിടുത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. സംഭവത്തില്‍ കണ്‍ഡോണ്‍മെന്റ് പൊലീസും കേസെടുത്തിട്ടുണ്ട്.

ആലപ്പുഴ കൊമ്മാടിയില്‍ റോഡിലെ കുഴിയില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ ഹൈക്കോടതി ജില്ലാ കലക്ടറോട് റിപ്പോര്‍ട്ടു തേടി. സൈക്കിളില്‍ യാത്ര ചെയ്യവേ, കുഴിയില്‍ വീണ് കളരിക്കല്‍ സ്വദേശി ജോയ് മരിച്ച സംഭവം വിവാദമായിരുന്നു. മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാതിരുന്ന സ്ഥലത്ത് അപകടം നടന്നതിനു പിറകേ, അധികൃതര്‍ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചെന്നാണു നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നത്.

ഈ കേരളത്തില്‍ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണെന്നു നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതി ഷോണിന്റെ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി.  താനൂര്‍ ബോട്ടപകട ദുരന്തത്തെത്തുടര്‍ന്നു സാമൂഹ്യ മാധ്യമത്തിലൂടെയാണു പാര്‍വതിയുടെ പ്രതികരണം. എത്ര കോടി രൂപ നഷ്ടപരിഹാരം കൊടുത്താലും ആ ജീവനോളം വില വരില്ല. ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകാമോ. അഴിമതി മാത്രമേയുള്ളു ചുറ്റും. നാറിയ ഭരണം. മുഖ്യമന്ത്രി അവറുകള്‍ക്ക് ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ? പാര്‍വ്വതി ചോദിക്കുന്നു.

പ്രശസ്ത കലാകാരനായ ഒറ്റപ്പാലം ലക്കിടി പടിഞ്ഞാറേ കോച്ചാമ്പിള്ളി മഠത്തില്‍ പി കെ ജി നമ്പ്യാര്‍ അന്തരിച്ചു. കൂടിയാട്ടം, ചാക്യാര്‍ക്കൂത്ത് ,പാഠകം എന്നീ കലകളില്‍ ആചാര്യനായിരുന്നു. ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സെക്രട്ടറി ആയിരുന്നു.

ട്രെയിന്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടിക്കറ്റ് എക്സാമിനര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നിതീഷാണ് പിടിയിലായത്. നിലമ്പൂര്‍ കൊച്ചുവേളി രാജറാണി എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറിയെന്നാണു കേസ്.

എറണാകുളം ചെങ്ങമനാട് അച്ഛനേയും മകനേയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. തൃപ്പൂണിത്തുറ സ്വദേശി സുനില്‍ ദത്തിനെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൂവത്തുശേരി സ്വദേശികളായ ഉണ്ണി, മകന്‍ സുജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്.

ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളില്‍ മൂന്നാമത്തേതു കൂടി ചത്തു. ദക്ഷ എന്നു പേരിട്ട പെണ്‍ ചീറ്റയാണ് കുനോ നാഷണല്‍ പാര്‍ക്കില്‍ ചത്തത്. മറ്റു ചീറ്റകളുമായി ഏറ്റുമുട്ടി മാരകമായി മുറിവേറ്റതാണ് ഈ ചീറ്റയുടെ മരണ കാരണം. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച എട്ട് ചീറ്റകളില്‍ രണ്ടെണ്ണം നേരത്തെ ചത്തിരുന്നു.

മധ്യപ്രദേശ് സാഗറില്‍ വൈദികരെ പൊലീസ് മര്‍ദ്ദിച്ചശേഷം അറസ്റ്റു ചെയ്തതു. സെന്റ് ഫ്രാന്‍സിസ് അനാഥശാലയിലെ മലയാളി വൈദികരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അനാഥശാലയിലെ ഫയലുകളും കംപ്യൂട്ടറുകളും തകര്‍ത്തെന്നും വൈദികര്‍ ആരോപിച്ചു. നിയമവിരുദ്ധമായി കന്യാസ്ത്രീകളുടെ മുറികള്‍ പരിശോധിച്ചു. അനാഥശാലയോടനുബന്ധിച്ച് നിയമ വിരുദ്ധമായി പള്ളിയും പണിതെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥര്‍ പോലീസുമായി എത്തി ആക്രമണം നടത്തിയതെന്നാണ് ആരോപണം.

കര്‍ണാടകത്തില്‍ നാളെ വോട്ടെടുപ്പ്. ശനിയാഴ്ചയാണു വോട്ടെണ്ണല്‍. വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സുപ്രീം കോടതിയില്‍ മാധ്യമ സ്വാതന്ത്ര്യ വിഷയം ചര്‍ച്ചയാക്കി ജഡ്ജിയും സോളിസിറ്റര്‍ ജനറലും. ബില്‍ക്കിസ് ബാനു കേസിനിടെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ 161 ാം സ്ഥാനത്താണെന്നു സുപ്രിം കോടതിയില്‍ ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. എന്നാല്‍ ഒന്നാം സ്ഥാനത്താണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതികരിച്ചു. റാങ്കിംഗ് നടത്തുന്ന ഏജന്‍സിയുടെ താല്‍പര്യമനുസരിച്ചാണ് റാങ്കെന്നാണ് സോളിസിറ്റര്‍ ജനറല്‍ അഭിപ്രായപ്പെട്ടത്.

ഇമ്രാന്‍ ഖാന്‍ അറസ്റ്റിലായതിനു പിറകേ, പാകിസ്ഥാനില്‍ വന്‍സംഘര്‍ഷം. തെഹ് രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. കറാച്ചി അടക്കം പലയിടത്തും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു പ്രതിഷേധക്കാര്‍ തീയിട്ടു. പാക് എയര്‍ഫോഴ്‌സ് മെമ്മോറിയല്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. സൈനിക ഉദ്യോഗസ്ഥന്റെ വീടിന് നേരെയും ആക്രമണമുണ്ടായി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *