വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ വില കൊടുത്തു വൈദ്യുതി വാങ്ങണോ, ലോഡ് ഷെഡിംഗ് ഏര്പ്പെടുത്തണോയെന്നു മുഖ്യമന്ത്രി തീരുമാനിക്കും. വൈദ്യുതി ബോര്‍ഡിലേയും വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് ഇങ്ങനെ തീരുമാനമെടുത്തത്. ഈ മാസം 25 നു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും.
കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം കര്‍ശനമായി ചെലവു ചുരുക്കണമെന്നു ധനവകുപ്പ്. സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവ ചെലവു കുറഞ്ഞ സ്ഥലങ്ങളില്‍ നടത്തണം. പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ നടത്തിയാലും ധൂര്‍ത്ത് കണ്ടെത്തിയാലും ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍നിന്ന് പലിശ സഹിതം പണം തിരിച്ചു പിടിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും പൂര്‍ണമായും ഉടനേ കൊടുക്കണമെന്ന് ഹൈക്കോടതി. ശമ്പളവിതരണത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് കോടതി ചോദിച്ചു. ശമ്പളം നല്‍കണമെന്ന് എപ്പോഴും കോടതി ഓര്‍മിപ്പിക്കേണ്ടതുണ്ടോയെന്നും കോടതിചോദിച്ചു.
സംസ്ഥാനത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആയുഷ് ലോഞ്ചുകള്‍ സ്ഥാപിക്കുന്നു. എല്ലാ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകള്‍ തുടങ്ങും. ആയുഷ് മേഖലയില്‍ 177.5 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചെന്നു മന്ത്രി വീണ ജോര്‍ജ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിക്കെതിരായ മാത്യു കുഴല്നാടന് എംഎല്‍എയുടെ നികുതി വെട്ടിപ്പ് പരാതി അന്വേഷിക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നികുതി വകുപ്പു സെക്രട്ടറിക്കു കൈമാറി. ജിഎസ്ടി കമ്മീഷണറേറ്റ് പരാതി പരിശോധിച്ച് നടപടിയെടുക്കും. കൊച്ചിന് മിനറല്‍സ് വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കു നല്കിയ 1.72 കോടി രൂപയ്ക്ക് ഐജിഎസ്ടി അടച്ചോയെന്നന്നാണു മാത്യു കുഴല്‍നാടന്റെ പരാതിയിലെ ആവശ്യം.
കേരളത്തില്‍ ‘വീണ സര്‍വീസ് ടാക്സ്’ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും കേരളത്തില്‍ വികസന പദ്ധതികള്‍ തുടങ്ങാന്‍ പിണറായി വിജയന്റെ കുടുംബത്തിന് കമ്മീഷന് നല്‍കേണ്ട അവസ്ഥയാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അഴിമതി, പ്രീണനം, കുടുംബാധിപത്യം എന്നിവയില്‍ യുഡിഎഫും എല്‍ഡിഎഫും ഒരുപോലെയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്നയും മന്ത്രി കെഎന്‍ ബാലഗോപാലും തമ്മില്‍ തിരുവനന്തപുരത്തു ധനമന്ത്രിയുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് ബാലഗോപാല്‍ അറിയിച്ചു.
പരീക്ഷാത്തട്ടിപ്പു നടന്ന വിഎസ്എസ് സി പരീക്ഷകള്‍ റദ്ദാക്കി. ടെക്നീഷ്യന് ബി, ഡ്രൗട്ട്സ്മാന്‍ ബി, റേഡിയോഗ്രാഫര്‍ എ എന്നീ പരീക്ഷകളാണു റദ്ദാക്കിയത്. പുതിയ പരീക്ഷാ തീയതി പിന്നീട് വെബ് സൈറ്റിലൂടെ അറിയിക്കും.
ഓണനാളുകള്‍ അടുത്തെങ്കിലും പച്ചക്കറികള്‍ക്കു വന്‍ വിലവര്‍ധനയില്ല. വരും നാളുകളില്‍ മിക്കയിനങ്ങള്‍ക്കും വില വര്‍ധിച്ചേക്കും. ഇന്നലെ തൃശൂര്‍ ശക്തന്‍നഗര്‍ പച്ചക്കറി മാര്‍ക്കറ്റിലെ വിലനിലവാരം: നേന്ത്രക്കായ 50, പയര്‍ 25 – 40, തക്കാളി, കയ്പക്ക, കാരറ്റ്, മുരിങ്ങ, കാബേജ്, ബീന്‍സ്, നെല്ലിക്ക, പടവലം 40, സവാള 35, കൊത്തമര 25, ചെറുനാരങ്ങ, പച്ചമുളക് 60, മത്തന്‍, ഇളവന്‍, വെള്ളരി 20, കുകുംബര്‍ 20. പ്രാദേശിക വിപണികളില്‍ ഇതിനേക്കാള്‍ പത്തു രൂപയുടെ വര്‍ധനയെങ്കിലും ഉണ്ടാകും.
സംസ്ഥാനത്ത് ട്രെയിനുകള്‍ക്കു നേരെ രണ്ടിടത്തു കല്ലേറ്. രാജധാനി എക്സ്പ്രസിനു നേരെ കാഞ്ഞങ്ങാട്ടും വന്ദേ ഭാരത് എക്സ്പ്രസിനുനേരെ പരപ്പനങ്ങാടിക്കുത്തുമാണു കല്ലേറുണ്ടായത്.
ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യന്‍ പള്ളി പണിയുന്നതിനെതിരായ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. തൂത്തുക്കുടിയില്‍ ഊര്‍കാത്ത സ്വാമി ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യന്‍ പള്ളി പണിയുന്നതിനെതിരേയാണ് ഹര്‍ജി എത്തിയത്. മദസൗഹാര്ദം വളര്‍ത്താനാണ് ഇത്തരം അവസരങ്ങള്‍ വിനിയോഗിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ മൃഗാരോഗ്യ സുരക്ഷയ്ക്കായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പിന് 250 ലക്ഷം ഡോളര്‍ ജി 20 രാജ്യങ്ങളുടെ പകര്‍ച്ചവ്യാധി നിയന്ത്രണ ഫണ്ട് അനുവദിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഡല്‍ഹി വനിതാ ശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് അറസ്റ്റില്‍. ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്കി പീഡനം മൂടിവയ്ക്കാന്‍ ശ്രമിച്ചതിന് പ്രമോദിന്റെ ഭാര്യ സീമാ റാണിയെയും അറസ്റ്റു ചെയ്തു.
തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എല്ലാ സീറ്റിലേക്കും ഭരണകക്ഷിയായ ഭാരത് രാഷ്ട്രസമിതി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 119 മണ്ഡലങ്ങളിലേക്കാണു സ്ഥാനാര്‍ത്ഥകളെ പ്രഖ്യാപിച്ചത്.
ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ മുന്‍പ്രധാനമന്ത്രി വാജ്പേയിയുടെ പേരിലുള്ള പാര്‍ക്കിന്റെ പേരു മാറ്റി പഴയ കോക്കനട്ട് പാര്‍ക്ക് എന്ന പേരു പുനസ്ഥാപിച്ചു. മുഖ്യമന്ത്രി നിതീഷ്കുമാര്‍ സര്‍ക്കാരാണ് പേരു മാറ്റിയത്.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാര്‍ത്താ സമ്മേളനത്തിനിടയിലേക്ക് പാമ്പ്. സുരക്ഷാ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നവരും പരിഭ്രാന്തരായി. അവര്‍ പാമ്പിനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി വിലക്കി.
ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ കുമരം ഭീം ആസിഫബാദ് ജില്ലയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാങ്കിടി മണ്ഡല് ശാഖാ മാനേജരായിരുന്ന ബാനോത്ത് സുരേഷ് (35) ആണ് മരിച്ചത്. ജോലി സംബന്ധമായ സമ്മര്‍ദം കാരണമാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.