mazha

ചാലക്കുടിയിൽ അതീവ ജാഗ്രത. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ  കൂടുതൽ ജലം വൈകിട്ടോടെ എത്തിച്ചേരുമെന്നാണ് വിലയിരുത്തൽ. വെള്ളമുയരുമെന്ന മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.

തൃശൂര്‍, ആലപ്പുഴ, പാലക്കാട്, കോട്ടയം, പത്തനംതിട്ട , ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിലാണ് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചത്. നാളെയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. കൊല്ലം , മലപ്പുറം, കോഴിക്കോട് , വയനാട് , കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കേണ്ടതുണ്ട്.

ന്യുനമർദ്ദ പാത്തിയുടെയും, ഷീയർ സോണിന്‍റേയും  അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്‍റേയും  സ്വാധീന ഫലമായി  കേരളത്തിൽ ഓഗസ്റ്റ്  8 വരെ  ശക്തമായ മഴക്കും  ഓഗസ്റ്റ് 5 നു ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോഴിക്കോട് പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇ‌ർഷാദിനെ ഇതുവരെ കണ്ടെത്താനായില്ല. തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ട് പേര്‍ കൂടി ഇന്ന്  അറസ്റ്റിയി. തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് അറസ്റ്റിലായവരുടെ മൊഴി. ഈ സാഹചര്യത്തിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.  ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ക്ക് വിവരം കിട്ടിയിട്ട്  ഒരു മാസം കഴിഞ്ഞു.

നവോത്ഥാന സമിതിയുടെ കൺവീനർ സ്ഥാനം പുന്നല ശ്രീകുമാർ ഒഴിഞ്ഞു. പി രാമഭദ്രനാണ് പുതിയ കൺവീനർ. തിരക്കുകൾ കാരണം എന്ന്  ഔദ്യോഗിക വിശദീകരണം എങ്കിലും സർക്കാരിന്‍റെ  നയങ്ങളോടുള്ള അതൃപ്തി ആണ് പുന്നല ശ്രീകുമാറിന്റെ ഒഴിവാകലിന് കാരണമെന്നാണ് സൂചന. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യമായാണ് സമിതി യോഗം വിളിച്ചത്. നിയമാവലി അംഗീകരിച്ച് സമിതി സ്ഥിരം സംവിധാനമാക്കുകയാണ്.

കെ ടി ജലീലിനെതിരെ വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ മുസ്ലീം വിഭാഗത്തിൽ നിന്ന് ഒരാളെ വിസി ആക്കണമെന്ന് കെ  ടി ജലീൽ ആവശ്യപ്പെട്ടു എന്ന് വെള്ളാപ്പള്ളി വെളിപ്പെടുത്തി. കഴിഞ്ഞ 21ന് വീട്ടിൽ വന്നാണ് ജലീൽ കാര്യങ്ങൾ വിശദീകരിച്ചതെന്നും സാക്ഷിയായി ജോമോൻ പുത്തൻപുരക്കൽ ഉണ്ടായിരുന്നെന്നും വെള്ളാപ്പള്ളി നടേശൻ  പറഞ്ഞു.

മഴയെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ എറണാകുളം കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. എറണാകുളം സ്വദേശി അഡ്വ. എം ആര്‍  ധനിൽ ആണ്  ഹർജിക്കാരൻ. അടിമുടി ആശയക്കുഴപ്പം ഉണ്ടായിരുന്ന അവധി പ്രഖ്യാപനത്തിൽ രക്ഷിതാക്കൾക്കും  അധ്യാപകർക്കും ഉണ്ടായ ബുദ്ധിമുട്ടുകൾ ചെറുതല്ല. ഭൂരിഭാഗം സ്കൂളുകളും പ്രവർത്തിച്ച് തുടങ്ങുകയും ഉച്ചഭക്ഷണവും വച്ചു  കഴിഞ്ഞതിന് ശേഷമാണ് അവധി പ്രഖ്യാപിച്ചത്. കളക്ടറുടെ ഫേസ്ബുക്ക് പേജിൽ രൂക്ഷവിമർശനവും  ഉയർന്നു.

വിവരാവകാശ നിയമ പ്രകാരം നൽകിയ ചോദ്യത്തിന് സമയബന്ധിതമായി മറുപടി നൽകുന്നതിൽ വീഴ്ച്ച വരുത്തിയ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ വിവരാവകാശ ഓഫീസറായ എ. ഹയറുന്നിസയ്ക്ക്  സംസ്ഥാന വിവരാവകാശ കമ്മീഷൻ 25,000 രൂപ പിഴ ശിക്ഷ വിധിച്ചു. ഹിയറിംഗിൽ വിവരാവകാശ ഓഫീസർ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പിഴ ശിക്ഷ വിധിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Join the Conversation

1 Comment

Leave a comment

Your email address will not be published. Required fields are marked *