ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി. ഗവേഷണ കപ്പലാണെന്ന് ചൈന അവകാശപ്പെടുന്ന ‘യുവാന്‍ വാങ് അഞ്ചി’നാണ് ശ്രീലങ്ക അനുമതി നല്‍കിയത്. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പുമൂലം കപ്പലിനെ നങ്കൂരമിടാന്‍ അനുവദിക്കാതെ പുറംകടലില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു.
തുവര പരിപ്പ് അടക്കമുള്ളവയുടെ വില കുതിച്ചുയര്‍ന്നു. കിലോയ്ക്ക് മുപ്പതു വരെ രൂപയാണ് വര്‍ധിച്ചത്. നൂറു രൂപയുണ്ടായിരുന്ന പരിപ്പിന് 130 രൂപയായി. രണ്ടാം തരത്തിന് 95 രൂപയില്‍നിന്ന് 115 രൂപയായി. പയര്‍- 95, മുതിര- 85, ഉഴുന്ന്- 125, കടല- 80, ചെറുപയര്‍- 105 എന്നിങ്ങനെയാണു വില. കിലോയ്ക്ക് 15 മുതല്‍ 30 വരെരൂപ വില വര്‍ധിച്ചു. മുളകിനാണു റിക്കാര്‍ഡ് വില വര്‍ധന. 325 രൂപ. നൂറിലേറെ രൂപയാണു വര്‍ധിച്ചത്. അരിക്ക് കിലോയ്ക്ക് അഞ്ചു രൂപ വര്‍ധിച്ചു. വിലവര്‍ധിക്കാന്‍ കാരണം വ്യാപാരികളുടെ പൂഴ്ത്തിവയ്പാണോയെന്നു പരിശോധിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
‘ആസാദ് കാഷ്മീര്‍’ പരാമര്‍ശം നടത്തിയ കെ.ടി ജലീലിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകന്‍ ജി.എസ് മണിയാണ് പരാതി നല്‍കിയത്. സിപിഎം താക്കീതു നല്‍കിയതോടെ ജലീല്‍ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റിലെ പരമാര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതിനാല്‍ പിന്‍വലിക്കുകയാണെന്ന് ജലീല്‍ വ്യക്തമാക്കി.
ചെന്നൈ നഗരത്തില്‍ പട്ടാപ്പകല്‍ ജീവനക്കാരന്റെ നേതൃത്വത്തില്‍ ബാങ്ക് കൊള്ള. ഫെഡ് ബാങ്ക് അരുമ്പാക്കം ശാഖയില്‍ നിന്ന് 20 കോടി രൂപയാണു കവര്‍ന്നത്. സുരക്ഷാ ജീവനക്കാരന് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തി ജീവനക്കാരെ കെട്ടിയിട്ടാണ് കവര്‍ച്ച.
യുദ്ധത്തെത്തുടര്‍ന്ന് യുക്രെയിനില്‍നിന്നു മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ജയശങ്കര്‍ പറഞ്ഞു.
തീരദേശ മേഖലയ്ക്കുള്ള എല്ലാ അവകാശങ്ങളും കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം പുതിയ ഫിഷറീസ് നയം കൊണ്ടുവരുന്നത് കുത്തകകളെ സഹായിക്കാനാണ്. ജനങ്ങളെ ബാധിക്കുന്ന എല്ലാ മേഖലകളും കോര്‍പ്പറേറ്റുകള്‍ക്ക് എഴുതി കൊടുക്കുന്നതാണ് കേന്ദ്രത്തിന്റെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിഐടിയു കൊല്ലത്ത് സംഘടിപ്പിച്ച മല്‍സ്യത്തൊഴിലാളി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാണെങ്കിലും അവരെ പ്രതികളാക്കാതെയാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനു പിറകെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. പൊലീസുദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഈ മാസം അവസാനത്തോടെ പരിഗണിക്കുന്നുണ്ട്.
ദേശീയ പതാക കൈമാറാന്‍ എത്തിയ മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റിനെ ബിജെപി നേതാക്കള്‍ അപമാനിച്ചതായി പരാതി. ബിജെപി വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ എത്തിയവര്‍ ജാതി വിളിച്ചും അസഭ്യം പറഞ്ഞും അധിക്ഷേപിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ മലമ്പുഴ പൊലീസില്‍ പരാതി നല്‍കി.
2024 ല്‍ ദേശീയപാത വികസനം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ക്ക് അടുത്ത വര്‍ഷത്തോടെ കലണ്ടര്‍ നടപ്പാക്കും. 2026 ല്‍ 50 ശതമാനം റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നിര്‍മിക്കുമെന്നും റിയാസ് പറഞ്ഞു.
പാലക്കാട് കണ്ണമ്പ്ര പഞ്ചായത്തിലെ കാരയങ്കാട് പാറക്കുണ്ടിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ കാട്ടുപന്നിക്കൂട്ടം ചത്തനിലയില്‍. ഒന്‍പതു കാട്ടുപന്നി കുഞ്ഞുങ്ങളാണ് ചത്തത്. ദുര്‍ഗന്ധംമൂലം നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കിണറില്‍ കാട്ടുപന്നിക്കൂട്ടത്തെ കണ്ടെത്തിയത്.
കഷ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി. ജലീല്‍ ഉദ്ദേശിച്ചത് എന്താണെന്നും ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ കാരണം എന്തെന്നും അദ്ദേഹത്തോടുതന്നെ ചോദിക്കൂവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. കാഷ്മീര്‍ വിഷയത്തില്‍ സിപിഎമ്മിന്റേത് പ്രഖ്യാപിത നിലപാടാണെന്നും ജയരാജന്‍.
പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്ക്കും എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ബിപിന്‍ പോളിനും എതിരായ ‘മീ ടു’ ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ട് വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ. സിനിമയുടെ ക്രെഡിറ്റ്‌സില്‍ നിന്ന് സംവിധായകന്റെയും എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുടെയും പേര് ഒഴിവാക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് കരിങ്കല്ല് കയറ്റി വന്ന ലോറികളെ പൊള്ളാച്ചിയില്‍ ആക്രമിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ലോഡുമായി പോകുകയായിരുന്ന ലോറികള്‍ അടിച്ചു തകര്‍ത്തതിനാണ് അറസ്റ്റ്.
രാജ്യത്തെ അതിസമ്പന്നരില്‍ രണ്ടാമനായ ഗൗതം അദാനി ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. 33 അംഗരക്ഷകരെയും അനുവദിച്ചു. മുകേഷ് അംബാനിക്ക പിന്നാലെ ഇസഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന രണ്ടാമത്തെ വ്യവസായിയാണ് ഗൗതം അദാനി.
ഹര്‍ ഘര്‍ തിരംഗ യാത്രക്കിടെ മുന്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ തെരുവ് പശു ആക്രമിച്ചു. ഗുജറാത്തിലെ മെഹ്‌സന ജില്ലയിലായിരുന്നു സംഭവം. തിരംഗ യാത്രക്കിടെ റാലിയിലേക്ക് പശു ഓടിക്കയറി. കുത്തേറ്റ് പരിക്കുകളോടെ നിതിന്‍ പട്ടേല്‍ അടക്കം ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷം നിരോധിത മയക്കുമരുന്നു ഗുളികകള്‍ കസ്റ്റംസ് പിടികൂടി. ജിദ്ദ തുറമുഖത്ത് എത്തിയ പാര്‍സലിലായിരുന്നു ലഹരി ഗുളികകള്‍. അഞ്ചു പേരെ അറസ്റ്റ് ചെയ്തു.