ലൈംഗിക പീഡന കേസുകളിലെ വിചാരണ അനന്തമായി നീളരുതെന്നും സൂക്ഷമായി കൈകാര്യം ചെയ്യണമെന്നും സുപ്രീം കോടതി. പീഡനക്കേസുകളില്‍ അതിജീവിതയുടെ വിസ്താരം അനന്തമായി നീളരുത്. സാധ്യമെങ്കില്‍ ഒരൊറ്റ സിറ്റിംഗില്‍ അതിജീവിതയുടെ വിസ്താരം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പിതാവ് അമ്മയ്‌ക്കെതിരേ പകപോക്കുകയാണെന്ന് സംശയിക്കണമെന്നു സുപ്രീം കോടതി. അമ്മയ്‌ക്കെതിരായ മകന്റെ പരാതിയില്‍ സംശയിക്കണം. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ മകന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ലോകായുക്ത വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള നേതാക്കളുമായി സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തിയേക്കും. നിയമസഭ സമ്മേളിക്കുന്ന 22 നു മുമ്പായി കൂടിക്കാഴ്ച ഉണ്ടാകും. ലോകായുക്ത നിയമത്തില്‍ ഭേദഗതി വേണമെന്ന സിപിഎമ്മിന്റെ ആവശ്യം സിപിഐ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭേദഗതി നിര്‍ദേശങ്ങള്‍ എല്ലാം അംഗീകരിക്കാനാവില്ലെന്നാണ് സിപിഐ നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്.
കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാറിന്റെ വീട്ടില്‍ സിപിഎം അതിക്രമം. പഞ്ചായത്ത് മെമ്പര്‍ ബൈജു അടക്കം മൂന്നംഗ സംഘം രാത്രി പതിനൊന്നരയോടെ വീടുകയറി ആക്രമിച്ചെന്നാണു പരാതി. മനുകുമാറിനേയും ഒപ്പമുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണിയും മര്‍ദിച്ചു. പോലീസിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനേയും ഫോണില്‍ പരാതിപ്പെട്ടു. പുലര്‍ച്ചെ ഒന്നരയോടെ അറുപതോളം സിപിഎം പ്രവര്‍ത്തകര്‍ എത്തി പൊലീസിന്റെ സാന്നിധ്യത്തില്‍ വീണ്ടും മനുകുമാറിനേയും ആന്റോ ആന്റണിയേയും ആക്രമിച്ചെന്നാണു പരാതി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍.
കേരളത്തിലെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാരം. ജില്ലാ പോലീസ് മേധാവിമാരായ കറുപ്പസ്വാമി, കെ. കാര്‍ത്തിക്, അഡീഷണല്‍ എഐജി ആര്‍. ആനന്ദ്, ഡിവൈഎസ്പിമാരായ വിജുകുമാര്‍ നളിനാക്ഷന്‍, ഇമ്മാനുവല്‍ പോള്‍, ഇന്‍സ്‌പെക്ടര്‍മാരായ വി.എസ്. വിപിന്‍, ആര്‍. കുമാര്‍, എസ്‌ഐ മാഹിം സലിം എന്നിവരാണു പുരസ്‌കാരം നേടിയത്.
ഓണത്തോടനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍നിന്നു പാല്‍ കൊണ്ടവരുമെന്ന് മില്‍മ. പാല്‍ ക്ഷാമം ഒഴിവാക്കാനുള്ള നടപടി ആരംഭിച്ചെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. ഇപ്പോള്‍ പ്രതിദിന സംഭരണത്തില്‍ 50,000 ലിറ്റര്‍ പാലിന്റെ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി വിതരണം ചെയ്യുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ധനവകുപ്പ് അനുമതി ലഭിച്ചിട്ടുണ്ട്. ട്രേഡ് യൂണിയന്‍ നേതാക്കളുമായി ഈ മാസം 17 ന് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടേയും ആശുപത്രി അധികൃതരുടേയും ഭാഗത്തു വീഴ്ച സംഭവിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.ഏകോപനത്തില്‍ വീഴ്ച വന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി.
സിപിഎം സംസ്ഥാന സമിതിയില്‍ ചില വകുപ്പുകള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനം ഉണ്ടായെന്ന വാര്‍ത്ത വ്യാജപ്രചരാണമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളാണ് സിപിഎം സംസ്ഥാന സമിതിയില്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനശ്രമ കേസിലും മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കൊച്ചി ചെലവന്നൂരില്‍ വഴിയാത്രക്കാര്‍ക്കുനേരെ ഉരുകിയ ടാര്‍ ഒഴിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ള തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണപ്പനെ അറസ്റ്റു ചെയ്തു. നരഹത്യ ശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.
കോഴിക്കോട്ട് നെഞ്ചുവേദനയെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു. താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ സനൂജാണ് (37) മരിച്ചത്.
സൗജന്യങ്ങള്‍ നല്‍കി വോട്ട് പിടിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് അധിക നികുതി ചുമത്തുകയും പണക്കാര്‍ക്ക് നികുതിയിളവു നല്‍കുകയുമാണ് ചെയ്യുന്നത്. സൈനികര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്നു പറഞ്ഞാണ് അഗ്‌നിപഥ് പദ്ധതി നടപ്പാക്കുന്നതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.
രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. പേരറിവാളനെ വിട്ടയച്ചതുപോലെ തന്നേയും മോചിപ്പിക്കണമെന്നാണ് നളിനിയുടെ ആവശ്യം. കേസിലെ മറ്റൊരു പ്രതി രവിചന്ദ്രനും ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഏഴു പ്രതികളില്‍ പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍ എന്നിവരാണ് ഇന്ത്യക്കാര്‍. മറ്റു നാലു പ്രതികള്‍ ശ്രീലങ്കക്കാരാണ്. നളിനിയും രവിചന്ദ്രനും പരോളിലാണ്.
ഉത്തര്‍പ്രദേശിലെ ബുക്‌സാര്‍ ജില്ലയിലെ സിക്രൗളില്‍ ബിജെപി നേതാവിന്റെ ഹൗസിങ് സൊസൈറ്റിയിലെ അനധികൃത നിര്‍മാണം ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കി. സൊസൈറ്റിയിലെ രണ്ട് വനിതകള്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും നാട്ടുകാര്‍ സമരത്തിനിറങ്ങുകയും ചെയ്തതോടെയാണ് നടപടി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഖണ്ഡ് സിംഗ് എന്ന സത്യപ്രകാശ് സിംഗാണു ഭൂമി കൈയേറി കെട്ടിടങ്ങള്‍ നിര്‍മിച്ചത്. യുപിയിലെത്തന്നെ നോയിഡയില്‍ ബിജെപി നേതാവായിരുന്ന ശ്രീകാന്ത് ത്യാഗി നിര്‍മ്മിച്ച അനധികൃത നിര്‍മ്മാണങ്ങള്‍ കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു.
ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതിയില്ല. ഇന്ത്യ ശക്തമായി എതിര്‍ത്തതിനാല്‍ ശ്രീലങ്ക കപ്പലിന്റെ വരവ് വൈകിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുറമുഖത്തേക്കു വരരുതെന്ന് ശ്രീലങ്ക വിലക്കിയിരിക്കുകയാണ്. ഇന്ത്യയുടെ എതിര്‍പ്പിനെ ‘ബുദ്ധിശൂന്യത എന്നാണ് ചൈന വിശേഷിപ്പിച്ചത്.