ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് മാണിക്കം ടാഗോര്‍, ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ ഈ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെ സസ്‌പെന്റ് ചെയ്തു. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് സസ്‌പെന്‍ഷന്‍.  എന്നാല്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഇനിയും തുടരുമെന്നും ടിഎന്‍ പ്രതാപന്‍ എംപി പറഞ്ഞു.

കണ്ണൂര്‍ പിണറായി പാനുണ്ടയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ജിംനേഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മറ്റ് സംശയങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍ മൊഴി നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. പാനുണ്ടയില്‍ കൊടി തോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സി പി ഐ എം-ബി ജെ പി സംഘര്‍ഷത്തില്‍ ജിമ്‌നേഷിനും മര്‍ദനമേറ്റിരുന്നതായി ബി ജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആരോപിച്ചു.

കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നില്ല എന്ന് കെ പി സി സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ശിബിറില്‍ പങ്കെടുക്കാന്‍ ഡി സി സി അധ്യക്ഷനാണ് ക്ഷണിച്ചത്. കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി അടുപ്പമുള്ള, പഠിച്ചതും വളര്‍ന്നതുമായ കോഴിക്കോട് നഗരത്തില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോയെന്നതില്‍ അതിയായ ദു:ഖമുണ്ട്’ പങ്കെടുക്കാതിരുന്നതിന്റെ കാരണം സോണിയഗാന്ധിയെ അറിയിക്കുമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.

കെ എസ് ആര്‍ ടി സി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഹര്‍ജി നല്‍കി. ശമ്പളവും പി എഫും ഉള്‍പ്പെടെയുളള ആനൂകൂല്യങ്ങളും കിട്ടാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടു. അതിനിടയില്‍ സര്‍ക്കാരിന്റെ 30 കോടി രൂപ അക്കൗണ്ടിലെത്തി; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ജൂണിലെ ശമ്പളവിതരണം നാളെ മുതല്‍.

ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ചുമതലയേറ്റു. ഇതൊരു വലിയ ഉത്തരവാദിത്തമാണെന്നും അതു നിറവേറ്റുമെന്നും രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം രാജ്യത്തോടായി നടത്തിയ ആദ്യത്തെ അഭിസംബോധനയില്‍ ദ്രൗപതി മുര്‍മു പറഞ്ഞു. ഒഡീഷയിലെ ഒരു ആദിവാസി ഗ്രാമത്തില്‍ നിന്നും തനിക്ക് രാഷ്ട്രപതി പദവിയിലേക്ക് എത്താനായത് രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് വളരെ വലിയ സന്ദേശമാണ് നല്‍കുന്നതെന്നും പുതിയ രാഷ്ട്രപതി പറഞ്ഞു.

ഇ പി ജയരാജനെതിരായ വധശ്രമകേസില്‍ മൊഴി നല്‍കാന്‍ വലിയ തുറ പൊലിസില്‍ ഹാജരാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും തിരുവനന്തപുരം വലിയതുറ എസ് എച്ച് ഒ യെ അറിയിച്ചു. ഇപി ജയരാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൊഴി രേഖപ്പെടുത്താനായി വിളിച്ചുവരുത്തിയത്. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ വധ ശ്രമക്കേസില്‍ നല്‍കിയ ജാമ്യ വ്യവസ്ഥയില്‍ പറയുന്നത് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് അതിനാല്‍ ആണ് വരാത്തത് എന്നും അവര്‍ എസ് എച്ച് ഓ യെ അറിയിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *