ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യക്കാർക്കാകെ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ പറഞ്ഞു. സ്പെയ്സ് സ്റ്റാർട്ടപ്പുകളുടെ ഇന്ത്യയിലെ വളർച്ചയും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. 12 മറാത്ത കോട്ടകൾ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയതും, കൈത്തറി, ചരിത്ര ഗ്രന്ഥങ്ങളുടെ സംരക്ഷണം, ശുചിത്വമിഷൻ എന്നീ വിഷയങ്ങളെക്കുറിച്ചും മോദി മൻകീബാത്തിൽ പരാമർശിച്ചു. വേൾഡ് പൊലീസ് ആൻഡ് ഫയർ ഗെയിംസിൽ ഇന്ത്യയ്ക്കുവേണ്ടി മെഡലുകൾ നേടിയ വിജയികൾക്ക് ആശംസകൾ അറിയിച്ചാണ് മോദി മൻ കി ബാത്ത് അവസാനിപ്പിച്ചത്.
സിപിഎമ്മിൽ വീണ്ടും ക്യാപിറ്റൽ പണിഷ്മെന്‍റ് വിവാദം. ഒരു കൊച്ചു പെൺകുട്ടിയുടെ ക്യാപിറ്റൽ പണിഷ്മെന്‍റ് പരാമര്‍ശത്തെ തുടര്‍ന്നാണ് ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് അച്യുതാനന്ദൻ ഇറങ്ങിപ്പോയതെന്ന് മുതിര്‍ന്ന് സിപിഎം നേതാവ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തി. വിഎസിന്‍റെ വിയോഗശേഷം ക്യാപിറ്റൽ പണിഷ്മെന്റ് പരാമര്‍ശം എടുത്തിട്ട പിരപ്പൻകോട് മുരളിയെ സിപിഎം നേതൃത്വം നേരിടുന്നതിനിടെയാണ് പുതിയ തുറന്നുപറച്ചിൽ.
ക്യാപിറ്റൽ പണിഷ്മെന്റ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദത്തിൽ സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവൻ കുട്ടി. ആലപ്പുഴ സമ്മേളനത്തിൽ താൻ പങ്കെടുത്തിരുന്നുവെന്നും അന്ന് അങ്ങനെ ഒരു ചർച്ചയെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു വനിതാ നേതാവും ഇങ്ങനെ ചർച്ച നടത്തിയിട്ടില്ല. പാർട്ടിയുടെ സീനിയർ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ കൊടുക്കാൻ കഴിയുന്ന എല്ലാ ബഹുമാനവും പാർട്ടിയിലുള്ള എല്ലാവരും നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിഎസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെൻ്റ് പരാമർശം ആരും ഉയർത്തിയിട്ടില്ലെന്ന് ചിന്ത ജെറോം. ആലപ്പുഴ സമ്മേളനത്തിൽ ആരും ക്യാപിറ്റൽ പണിഷ്മൻ്റ് എന്നൊരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും സുരേഷ് കുറുപ്പിന്റെ ആരോപണങ്ങൾക്ക് പാർട്ടി നേതൃത്വം മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത ജെറോം പ്രതികരിച്ചു.
കത്തോലിക്ക കന്യാസ്ത്രീകള്‍ ആഗ്രയില്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്കായി മൂന്നു പെണ്‍കുട്ടികളെയും ഒരു ആദിവാസി യുവാവിനെയും കൊണ്ടുപോകുമ്പോൾ ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വെ സ്റ്റേഷനില്‍വച്ച് മലയാളികളായ സിസ്റ്റര്‍ പ്രീതിമേരി, സിസ്റ്റര്‍ വന്ദന എന്നിവരെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കള്ളക്കേസുണ്ടാക്കി ജയിലിലടച്ചു. വിവരമറിഞ്ഞെത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നാണ് പോലീസ് നടപടി ഉണ്ടായത്.
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ സിബിസിഐ, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.കന്യാസ്ത്രീകൾക്കു വേണ്ടി നാളെ കോടതിയിൽ ജാമ്യാപേക്ഷ നൽകും.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍. സംഘപരിവാർ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണെന്നും ഛത്തീസ്‌ഗഡിൽ തടവിലാക്കിയ കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെടുന്നു. അതോടൊപ്പം ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രാകൃതവും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പറഞ്ഞു. രാജ്യത്തുടെനീളം ബിജെപിയും സംഘപരിവാരങ്ങളും നടത്തുന്ന ക്രൈസ്തവവേട്ടയുടെ തുടര്‍ച്ചയാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്റംഗ് ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പ്രവർത്തകർ ഇവരോട് വിവരങ്ങൾ ചോദിച്ചറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദൾ പ്രവർത്തകർ പരിശോധിച്ചതായാണ് വിവരം
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റുകൾ നേടുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശവാദത്തിൽ നിന്ന് ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസ് തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് പാലോട് രവിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്‍റ് എൻ.ശക്തന് നൽകിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി രാജിവെച്ചതോടെയാണ് എൻ ശക്തന് താൽക്കാലിക ചുമതല നൽകിയത്.
പാലോട് രവിയുടെ രാജിക്ക് പിന്നാലെ ജിലേബി വിതരണം ചെയ്ത് പെരിങ്ങമല മണ്ഡലം വൈസ് പ്രസിഡൻ്റ്. കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവക്കുകയായിരുന്നു. നേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് രാജി. വാമനപുരം ബ്ലോക്ക് സെക്രട്ടറി എ.ജലീലുമായി പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് കുരുക്കായത്.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഈഴവ വിരോധിയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശന് അഹങ്കാരത്തിന് കയ്യും കാലും വെച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരമെന്നും വെള്ളാപ്പള്ളി വിമർശിച്ചു. ഈഴവന്റെ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്. ഈഴവനായ സുധാകരനെ പുറത്ത് ചാടിച്ചു. മതേതരവാദിയാണെങ്കിൽ ഈഴവർക്ക് എന്താണ് നൽകിയത് എന്ന് സതീശൻ പറയട്ടെ. ഏതെങ്കിലും ഈഴവന് എന്തെങ്കിലും നൽകിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അഹങ്കാരിയും ധാർഷ്ട്യവും ഉള്ള പ്രതിപക്ഷ നേതാവാണ് സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതിപക്ഷ നേതാവിനെപ്പറ്റി സംസാരിക്കുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് കോൺഗ്രസ് നേതാവ് കെ സി ജോസഫ്. വെള്ളാപ്പള്ളിയുടെ ചില പദപ്രയോഗങ്ങൾ ഒട്ടും നിലവാരം ഉള്ളതല്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെയാണ് വി ഡി സതീശൻ കൈ ഉയർത്തി സംസാരിക്കുന്നത്. പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, ദൈവമല്ല. പിണറായിക്ക് മുന്നിൽ കൈകൂപ്പി നിൽക്കേണ്ടവർക്ക് അങ്ങനെയാകാം പറയേണ്ടത് മൂർച്ചയുള്ള വാക്കുകളിൽ പറയുക തന്നെ ചെയ്യുമെന്നും കെ സി ജോസഫ് കുറിച്ചു.
ജനഹിതം മാനിക്കാൻ ഗവർണർ തയ്യാറാവണം എന്ന പി എസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന മന്ത്രി വി. ശിവൻകുട്ടി സ്വാഗതം ചെയ്തു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരുമാണ് യഥാർത്ഥത്തിൽ ജനഹിതം പ്രതിനിധീകരിക്കുന്നതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ഹെഡ് ഓഫ് സ്റ്റേറ്റ് ആണ് ഗവർണർ എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെ ജയിൽ ഡിഐജി സസ്പെൻഡ് ചെയ്തു. ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവെച്ചത് വകുപ്പിന് മാനക്കേട് ഉണ്ടാക്കിയെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്തുവെന്നും ജയിൽ വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്നാണ് സസ്പെൻഷൻ.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ മറവിൽ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങളെ കേരള സർക്കാർ ശക്തമായി അപലപിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് നേതൃത്വം വഹിക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ അഞ്ച് സർവകലാശാലകളുടെ വൈസ് ചാൻസലർമാർ പങ്കെടുക്കുന്നു എന്ന വാർത്ത ഏറെ ആശങ്ക ഉണ്ടാക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള കരട് വോട്ടര്‍ പട്ടികയിൽ പുതിയ വാര്‍ഡുകൾക്ക് പുറത്തുള്ളവരും ഉള്‍പ്പെട്ടതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടൽ. ഇത്തരത്തിൽ ഉൾപ്പെട്ട വോട്ടര്‍മാരുടെ പട്ടിക നോട്ടീസ് ബോര്‍ഡിൽ പ്രസിദ്ധീകരിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കുള്ള കമ്മീഷൻ നിര്‍ദ്ദേശം. ആക്ഷേപമുണ്ടെങ്കിൽ അത് കേട്ട ശേഷം വോട്ടര്‍മാരെ സ്വന്തം വാര്‍ഡിലേയ്ക്ക് മാറ്റണമെന്നും കമ്മീഷൻ, സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നൽകി.
പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അഴിമതിയെകുറിച്ചുള്ള അനര്‍ട്ടിന്റെ വിശദീകരണം പച്ചക്കള്ളമെന്ന് രമേശ് ചെന്നിത്തല. വൈദ്യുത മന്ത്രിയുടെ അഴിമതി മറയ്ക്കാന്‍ അനര്‍ട്ട് സിഇഒ നിരത്തുന്നത് പച്ചക്കള്ളങ്ങളാണെന്നും ഈ ഉദ്യോഗസ്ഥനെ കാത്തിരിക്കുന്നത് പണ്ട് അഴിമതി ന്യായീകരിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഗതിയായിരിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു.
ശശി തരൂർ അനുഭവിക്കുന്നത് ‘ഉയരം’ കൂടിപ്പോയതിന്റെ പ്രശ്നം എന്ന് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. ശരാശരിക്കാർ മാത്രം മതിയെന്ന കാഴ്ചപ്പാടാണ് മലയാളിക്കെന്നും ഒരാൾ കുറച്ച് ഉയർന്നാൽ വെട്ടിക്കളയും, തരൂരിനെ രാഷ്ട്രീയത്തിലും എല്ലായിടത്തും ഇരുകയ്യും നീട്ടി സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ശശി തരൂരിന് പി കേശവദേവ് പുരസ്‌കാരം നൽകുന്ന ചടങ്ങിലാണ് അടൂരിന്‍റെ പരാമർശം.
കേരള നിയമസഭയില്‍ തുടര്‍ച്ചയായി ഇരുപത്തിയഞ്ച് വര്‍ഷക്കാലം അംഗമാക്കിയതിന് പത്തനാപുരത്തെ ജനതയോട് നന്ദി പറഞ്ഞ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇക്കാലമത്രയും എല്ലാ ദുഷ്പ്രചരണങ്ങളേയും പ്രതിബന്ധങ്ങളേയും തൃണവല്‍ഗണിച്ച്,അചഞ്ചലമായ സ്നേഹവിശ്വാസങ്ങള്‍ അടിവരയിട്ടുറപ്പിച്ച്, എനിക്ക് കൂട്ടായി, കരുത്തായി ചേര്‍ത്തുപിടിച്ച നിങ്ങളില്‍ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ് ഈ അംഗീകാരമെന്ന് കൃതാര്‍ത്ഥതയോടെ സ്മരിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വനിത മാധ്യമ പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്നതിന് സൈബർ ഇടങ്ങളിൽ നടക്കുന്ന ആസൂത്രിത ആക്രമണത്തിന് അറുതിവരുത്താൻ അടിയന്തര നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ.ശക്തമായ നിയമ നടപടികളിലൂടെ ഈ സൈബർ ആക്രമണത്തിന് അറുതിവരുത്താനും സൈബർ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു ശിക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നൽകിയ നിവേദനത്തിൽ യൂണിയൻ പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
മലയോര മേഖലകളിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ച് നൽകി പൊതുവിതരണ വകുപ്പിന്റെ സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി. പദ്ധതി തുടങ്ങി ഏഴാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 5,85,590 കിലോഗ്രാം ഭക്ഷ്യധാന്യങ്ങളാണ് ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തതെന്നാണ് കണക്കുകൾ.
ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയിൽ സംസ്ഥാനത്തെ 4 സർവകലാശാല വിസിമാർ പങ്കെടുത്തു. സിപിഎം എതിർപ്പ് മറികടന്നാണ് ഗവർണർ നോമിനിയായി എത്തിയ 4 പേർ പരിപാടിയിൽ പങ്കെടുത്തത്. ആർഎസ്എസ് സംഘചാലക് മോഹൻ ഭഗവത് പങ്കെടുക്കുന്ന പരിപാടിയിൽ നാളെ രാജ്യത്തെ നിരവധി സർവകലാശാല വിസിമാർ പങ്കെടുക്കുമെന്നാണ് വിവരം.
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെഎസ്എഫ്ഡിസി) ചെയര്‍മാനായി മുതിര്‍ന്ന സംവിധായകന്‍ കെ മധു നിയമിതനായി. ഈ സ്ഥാനത്തുണ്ടായിരുന്ന സംവിധായകന്‍ ഷാജി എന്‍ കരുണിന്‍റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. മൂന്ന് മാസത്തിനിപ്പുറമാണ് നിയമനം.
തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചതിൽ വീഴ്ചവരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് നടപടി വേണമെന്ന് വൈദ്യുതി മന്ത്രി. ആർക്കുമെതിരെ നടപടിക്ക് ശുപാർശയില്ലാതിരുന്ന കെഎസ്ഇബി ചീഫ് സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് തള്ളിയാണ് മന്ത്രിയുടെ ഇടപെടൽ.
നെടുമങ്ങാട് റോഡിൽ വെച്ച് ഷോക്കേറ്റ് മരിച്ച 19 കാരൻ അക്ഷയ് യുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് കെ എസ് ഇബി കുടുംബത്തിന് കൈമാറി. മുൻപ് 25,000 രൂപയുടെ അടിയന്തര ധനസഹായം നൽകിയിരുന്ന കെഎസ്ഇബി, തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഈ തുക കൈമാറുകയായിരുന്നു.റോഡിൽ ഒടിഞ്ഞുവീണ വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടമുണ്ടായത്.
ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലുമാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇതിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഇവരുടെ കയ്യിൽ നിന്ന് വൻ ആയുധ ശേഖരവും പിടികൂടി. ബിജാപ്പൂരിലെ വനമേഖലയിൽ പരിശോധനയ്ക്ക് ഇറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
ദുബൈ പൊലീസിലെ ആദ്യത്തെ വനിതാ ബ്രിഗേഡിയര്‍ ആയി ചരിത്രം കുറിച്ച് കേണൽ സമീറ അബ്ദുല്ല അല്‍ അലി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ സ്ഥാനക്കയറ്റം.നിലവില്‍ സേനയുടെ ഇന്‍ഷുറന്‍സ് വിഭാഗം മേധാവിയാണ്.
ഇന്ത്യയിലെ വിദ്യഭ്യാസ സമ്പ്രദായത്തിന് കൊളോണിയൽ കാലത്തെ പാഠ്യരീതിയുടെ സ്വാധീനമുണ്ടെന്നും ഇന്ത്യൻ തത്വചിന്തയിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലേക്കുള്ള മാറ്റം ആവശ്യമെന്നും ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. ആർഎസ്എസുമായി ബന്ധമുള്ള ശിക്ഷ സൻസ്കൃതി ഉത്തൻ ന്യാസ് സംഘടിപ്പിച്ച ചിന്തൻ ബൈഠക് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരായ പ്രതിഷേധപരിപാടിക്ക് മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ നൽകിയ ഹർജി തള്ളി, ബോംബൈ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഭരണഘടനാവിരുദ്ധമാണെന്ന് സിപിഎം. കോടതി സിപിഎമ്മിന്റെ രാജ്യസ്‌നേഹത്തെ ചോദ്യംചെയ്യാന്‍ മുതിർന്നുവെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ 22,497 നിയമലംഘകർ പിടിയിലായി. ജൂലൈ 18 മുതൽ 24 വരെ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്.
ബ്രിജിറ്റ് മക്രോൺ പുരുഷനാണെന്ന് വ്യാപകമായി പ്രചരിപ്പിച്ച അമേരിക്കൻ വനിതാ പോഡ്കാസ്റ്ററിനെതിരെ നിയമനടപടിക്കൊരുങ്ങി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും ഭാര്യ ബ്രിജിറ്റും. അമേരിക്കയിലെ പ്രമുഖ തീവ്രവലതുപക്ഷ അനുഭാവിയും കൺസർവേറ്റീവ് ഇൻഫ്ളുവൻസറുമായ കാൻഡേസ് ഓവൻസിനെതിരെയാണ് ഫ്രാൻസ് പ്രസിഡന്റും ഭാര്യയും നിയമ പോരാട്ടത്തിന് ഇറങ്ങുന്നത്.
കിഴക്കൻ കോംഗോയിലെ ക്രിസ്ത്യൻ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള വിമത സംഘം നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു. കിഴക്കൻ കോംഗോയിലെ കൊമാണ്ടയിലുള്ള കത്തോലിക്കാ പള്ളിയുടെ പരിസരത്ത് പുലർച്ചെ ഒരു മണിയോടെ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എ.ഡി.എഫ്) അംഗങ്ങൾ ആക്രമണം നടത്തിയതായി അധികൃതർ പറഞ്ഞു.
ഗാസ മേഖലയിൽ പട്ടിണി അതിരൂക്ഷമായതിൻ്റെ വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ മൂന്നിടങ്ങളിൽ സൈനിക നീക്കം നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ച് ഇസ്രയേലി സേന. മുവാസി, ദെർ-അൽ-ബലാഹ്, ഗാസ സിറ്റി മേഖലയിൽ എല്ലാ ദിവസവും രാവിലെ പത്ത് മുതൽ വൈകിട്ട് എട്ട് വരെ സൈനിക നീക്കങ്ങൾ നടത്തില്ലെന്നാണ് പ്രഖ്യാപനം.
ബാൽ താക്കറെയുടെ മരണശേഷം ആദ്യമായി മാതോശ്രീയിൽ കാലുകുത്തി രാജ് താക്കറെ. 13 വർഷത്തിന് ശേഷമാണ് ബാൽ താക്കറെയുടെ വസതിയായ മാതോശ്രീയിൽ രാജ് താക്കറെ എത്തുന്നത്. ഉദ്ധവ് താക്കറെയുടെ 65ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനാണ് പിണക്കം മറന്ന് രാജ് താക്കറെ എത്തിയത്. നേരത്തെ ഇരുവരും വേദി പങ്കിട്ടതും വലിയ വാർത്തയായിരുന്നു.
കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉഗാണ്ടന്‍ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ് ആക്രമണത്തിന് പിന്നില്‍. പള്ളി സമുച്ചയം ആക്രമിച്ച വീടുകളും കടകളും കത്തിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.
ലോക യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ അങ്കിത ധ്യാനി. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ വെള്ളിമെഡല്‍ നേടിയിരിക്കുകയാണ് ഇരുപത്തിമൂന്നുകാരിയായ അങ്കിത. യൂണിവേഴ്‌സിറ്റി മീറ്റിന്റെ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.