സെര്‍വിക്കല്‍ അര്‍ബുദ ബാധിതരുടെ മരണസാധ്യത 40 ശതമാനം വരെ കുറയ്ക്കുന്ന ചികിത്സാരീതി വികസിപ്പിച്ച് ഗവേഷകര്‍. 25 വര്‍ഷത്തിനിടെ ഏറ്റവും വലിയ മുന്നേറ്റമാണിത്. സ്ത്രീകളില്‍ ഏറ്റവും സാധാരണമായ നാലാമത്തെ കാന്‍സറാണ് സെര്‍വിക്കല്‍ കാന്‍സര്‍. യുകെ, മെക്സിക്കോ, ഇന്ത്യ, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്ന് പത്ത് വര്‍ഷത്തിലേറെയായി ചികിത്സ തുടരുന്ന രോഗികളിലാണ് പുതിയ ചികിത്സാരീതി പരീക്ഷിച്ചത്. കീമോതെറാപ്പിയും റേഡിയോ തെറാപ്പിയും ചേര്‍ന്നുള്ള സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധാരണ ചികിത്സാരീതിയായ കീമോറേഡിയേഷന് വിധേയമാക്കും മുന്‍പ് ഇവര്‍ക്ക് കീമോതെറാപ്പിയുടെ ചെറിയ കോഴ്സ് നല്‍കിയിരുന്നു. യൂണിവേഴ്സിറ്റി കോളജ് ലണ്ടന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ രോഗം മൂലമുള്ള മരണസാധ്യതയില്‍ 40 ശതമാനം കുറവും രോഗം തിരിച്ചുവരാനുള്ള സാധ്യതയില്‍ 35 ശതമാനം കുറവും ഉണ്ടായതായി കണ്ടെത്തിയതായി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കീമോറേഡിയേഷന് മുമ്പ് നല്കുന്ന ഇന്‍ഡക്ഷന്‍ കീമോതെറാപ്പിയുടെ ചെറിയ കോഴ്സ് മറ്റ് അവയവങ്ങളിലേക്ക് കാന്‍സര്‍ പടരാതെ പ്രതിരോധിക്കുമോ എന്നും വീണ്ടും വരാനുള്ള സാധ്യതയും മരണസാധ്യതയും കുറയ്ക്കുമോ എന്നും നിരീക്ഷിച്ചു. പരീക്ഷണത്തില്‍ പങ്കെടുത്ത 500 സ്ത്രീകളില്‍ പുതിയ ചികിത്സ മറ്റ് അവയവങ്ങളിലേക്ക് രോഗം പടരുന്നതില്‍ നിന്ന് തടഞ്ഞതായി കണ്ടെത്തി. ആറ് ആഴ്ചത്തെ കാര്ബോപ്ലാറ്റിന്, പാക്ലിറ്റാക്സല്‍ കീമോതെറാപ്പി എന്നിവ അടങ്ങുന്നതാണ് പുതിയ ചികിത്സാരീതി. അഞ്ച് വര്‍ഷത്തിന് ശേഷം, കീമോതെറാപ്പിയുടെ ചെറിയ കോഴ്സ് ലഭിച്ച 80% രോഗികളും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. 72 ശതമാനം പേര്‍ക്ക് കാന്‍സര്‍ ആവര്‍ത്തനമോ വ്യാപനമോ ഉണ്ടായില്ലെന്നും പഠനം വ്യക്തമാക്കുന്നു.