വമ്പന്‍ ഹിറ്റിലേക്കു കുതിക്കുന്ന ചിത്രം ‘പ്രേമലു’വിലെ പുത്തന്‍ പാട്ട് പ്രേക്ഷകര്‍ക്കരികില്‍. ‘വെല്‍ക്കം ടു ഹൈദരാബാദ്’ എന്നു തുടങ്ങുന്ന പാട്ടിന് വിഷ്ണു വിജയ് ആണ് ഈണമൊരുക്കിയത്. സുഹൈല്‍ കോയ വരികള്‍ കുറിച്ച പാട്ട് ശക്തിശ്രീ ഗോപാലന്, കപില്‍ കപിലന്, വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്നാലപിച്ചു. പാട്ട് ഇതിനകം പ്രേക്ഷകഹൃദയങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. മില്യനടുത്ത് പ്രേക്ഷകരെയാണ് പാട്ട് ഇതിനകം സ്വന്തമാക്കിയത്. ഹൈദരാബാദില്‍ എത്തിപ്പെടുന്ന ചെറുപ്പക്കാരുടെ ദൈനംദിന ജീവിതക്കാഴ്ചകളാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച ചിത്രമാണ് ‘പ്രേമലു’. നസ്ലിന്, മമിത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹന്‍, അഖില ഭാര്ഗവന്, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന് എന്നിവരാണു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഫെബ്രുവരി 9നു പുറത്തിറങ്ങിയ ചിത്രം അന്നുമുതല്‍ നിറഞ്ഞ കയ്യടി നേടുകയാണ്. ഗിരീഷ് എ.ഡി, കിരണ്‍ ജോസി എന്നിവര്‍ ചേര്‍ന്നാണു ‘പ്രേമലു’വിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ‘പ്രേമലു’.
‘പ്രേമലു’വിലെ പുത്തന്‍ പാട്ട് ‘വെല്‍ക്കം ടു ഹൈദരാബാദ്’
