സംസ്ഥാനത്ത് പുതിയ റെക്കോഡിട്ട് സ്വര്‍ണ വില. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില ചരിത്രത്തിലാദ്യമായി 75,000 രൂപ കടന്നു. ഇന്ന് പവന് 75,040 രൂപയിലും ഗ്രാമിന് 9,380 രൂപയിലുമാണ് വ്യാപാരം. കഴിഞ്ഞ ആറ് ദിവസത്തിനിടെ കേരളത്തില്‍ സ്വര്‍ണ വിലയിലുണ്ടായത് 2,200 രൂപയുടെ വര്‍ധന. 40 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണ വില റെക്കോഡ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞമാസം 14ന് രേഖപ്പെടുത്തിയപവന് 74,560 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. അന്താരാഷ്ട്ര സ്വര്‍ണവില 3,427 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.40 ശതമാനവുമാണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലെത്തി. വിവിധ കാരറ്റിലുള്ള സ്വര്‍ണ വിലയും ആനുപാതികമായി വര്‍ധിച്ചു. 18 കാരറ്റിന് ഗ്രാമിന് 7,695 രൂപയും 14 കാരറ്റിന് 5,995 രൂപയും ഒമ്പത് കാരറ്റിന് 3,860 രൂപയുമാണ് ഇന്ന് വില. ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81,500 രൂപ നല്‍കേണ്ടി വരും.