സ്‌കോഡയുടെ പ്രീമിയം സെഡാന്‍ സൂപ്പര്‍ബ് വാങ്ങി മലയാളത്തിന്റെ പ്രിയ യുവതാരം നസ്ലിന്‍. പുതിയ കാര്‍ വാങ്ങിയ വിവരം ഇവിഎം സ്‌കോഡയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. വാഹനം ഡെലിവറി ചെയ്യുന്ന വിഡിയോ പങ്കുവച്ച ഡീലര്‍ സൂപ്പര്‍ബിന്റെ അവസാന കാറുകളിലൊന്ന് സ്വന്തമാക്കിയ നസ്ലിന് അഭിനന്ദനവും അറിയിച്ചിട്ടുണ്ട്. സ്‌കോഡയുടെ പ്രീമിയം സെഡാന്‍ സൂപ്പര്‍ബ് 2004 മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള കാറാണ്. 2015ല്‍ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ സൂപ്പര്‍ബിന്റെ മൂന്നാം തലമുറയുടെ മുഖം മിനുക്കിയ പതിപ്പാണ് നസ്ലിന് സ്വന്തമാക്കിയത്. ഈ വര്‍ഷം സ്‌കോഡ സൂപ്പര്‍ബിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. രണ്ടു ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 188 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമുണ്ട്. ഏഴു സ്പീഡ് ഡിസിടിയാണ് ഗിയര്‍ബോക്‌സ്. ഏകദേശം 34 ലക്ഷം രൂപ മുതലായിരുന്നു വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.