ഹൈന്ദവ വിശ്വാസപ്രകാരം കലകളുടെയും വിദ്യാരംഭത്തിന്റെയും ആരാധനയുടെയും വിജയത്തിന്റെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി.നവരാത്രിയെക്കുറിച്ച് കൂടുതലറിയാം….!!
ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. നവരാത്രിയുടെ അവസാന മൂന്ന് ദിവസങ്ങൾ ആണ് ഏറ്റവും വിശേഷം. ഇവ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നി പേരുകളിൽ അറിയപ്പെടുന്നു. പ്രധാനമായും സെപ്റ്റംബർ-ഒക്ടോബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. ദുർഗ്ഗാ പൂജ, ദസ്റ തുടങ്ങിയ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നു. മഹിഷാസുരൻ, ദുർഗ്ഗമൻ, ചണ്ടമുണ്ടന്മാർ, രക്തബീജൻ, സുംഭനിസുംഭന്മാർ തുടങ്ങിയവരുടെ നിഗ്രഹ കഥയുമായി ഈ ആഘോഷം ബന്ധപെട്ടു കിടക്കുന്നു.
കേരളത്തിൽ മഹാസരസ്വതി പൂജയ്ക്ക് ഈ ദിവസങ്ങളിൽ പ്രാധാന്യം വരുന്നു. ഇത് വിദ്യാരംഭം എന്നറിയപ്പെടുന്നു. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിൻറെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷത്തിന്റെ സന്ദേശം. പൊതുവേ ജഗദീശ്വരിയായ ആദിപരാശക്തിയെ വിവിധ ഭാവങ്ങളിൽ ആരാധിക്കുന്ന നാളുകളാണ് നവരാത്രി എന്ന് പറയാം.
ചിലർ നവരാത്രി നാളുകളിൽ വ്രതം അനുഷ്ഠിക്കുന്നു. വ്രതങ്ങളുടെ റാണിയാണ് നവരാത്രി വ്രതം എന്നാണ് സങ്കല്പം. നവരാത്രിയിൽ ഭഗവതിയെ ഉപാസിക്കുന്നവർക്ക് ഐശ്വര്യവും ആഗ്രഹപൂർത്തിയും ദുഃഖമോചനവും കാര്യവിജയവും മരണാനന്തരം മോക്ഷവും ഫലം എന്ന് വിശ്വാസം. നവരാത്രിയുടെ ഏറ്റവും പ്രധാനപെട്ട മൂന്ന് ദിവസങ്ങൾ. നവരാത്രിയുടെ എട്ടാം ദിവസമാണ് ദുർഗ്ഗാഷ്ടമി, ഒൻപതാം ദിവസമായ മഹാനവമി, പത്താം ദിവസം വിജയ ദശമി എന്ന പേരിൽ അറിയപ്പെടുന്നു.
ദുർഗ്ഗാഷ്ടമി,പൂജവെപ്പ് അഥവാ ദുർഗ്ഗാ പൂജ.നവരാത്രിയിലെ ദുർഗ്ഗയ്ക്കായി സമർപ്പിതമായ ദിവസം. മഹിഷാസുര നിഗ്രഹത്തിനായി ഭഗവതി അവതരിച്ച ദിവസം. ആദിപരാശക്തിയെ ദുഃഖനാശിനിയായ ദുർഗ്ഗാ ഭഗവതിയായി ദുർഗ്ഗാഷ്ടമി ദിവസം ആരാധിക്കുന്നു. സകലതും ഭഗവതിക്ക് കാണിക്ക വെക്കുന്ന ദിനം. അന്ന് നടത്തുന്ന ദേവി പൂജകൾ, പ്രാർത്ഥനകൾ തുടങ്ങിയവ ഭയങ്ങളും ദുഃഖങ്ങളും ആപത്തുകളും അകറ്റും എന്നാണ് വിശ്വാസം.
ദുർഗാഷ്ടമി നാളിൽ വൈകുന്നേരം തൊഴിലാളികൾ പണിയായുധങ്ങളും, എഴുത്തുകാരും ഉദ്യോഗസ്ഥരും പേനയും, കുട്ടികൾ പാഠപുസ്തകങ്ങളും ഭഗവതിയ്ക്ക് മുൻപിൽ സമർപ്പിക്കണം എന്നാണ് വിശ്വാസം. അതിനാൽ ഈ ദിവസത്തിന് “ആയുധപൂജ അല്ലെങ്കിൽ പൂജവെപ്പ്“ എന്ന പേര് ലഭിച്ചു. ഭഗവതി ക്ഷേത്രങ്ങളിൽ വിശേഷ ദിവസം.സർവതിൻറെയും കാരണഭൂതയായ ജഗദീശ്വരിയുടെ മുൻപിൽ എല്ലാം സമർപ്പിച്ച് വിനീതനായി വീണ്ടും അമ്മയുടെ അനുഗ്രഹത്തോടെ ജീവിത വിജയത്തിനായി പുതുതായി എല്ലാം തുടങ്ങുന്നു എന്ന് വിശ്വാസം
മഹാനവമി, പൂജ വെപ്പിന്റെ രണ്ടാം ദിനമാണിത്. പ്രാർഥനകളും പൂജകളും ക്ഷേത്ര ദർശനവും നടത്താൻ വിശേഷപ്പെട്ട ദിവസം. പരാശക്തിയെ ഐശ്വര്യത്തിന്റെ ഭഗവതിയായ മഹാലക്ഷ്മി സങ്കല്പത്തിൽ ആരാധിക്കുവാൻ ആളുകൾ തെരെഞ്ഞെടുക്കുന്ന ദിവസം. അന്നത്തെ ഭഗവതി പൂജ ഐശ്വര്യവും ദുഃഖമോചനവും പ്രദാനം ചെയ്യുന്നതും ഏറ്റവും പുണ്യകരവും കൂടിയാണ് എന്നാണ് വിശ്വാസം.
അന്ന് ദേവി സ്തുതികൾ ജപിക്കുന്നതും വെറുതേ കേൾക്കുന്നത് പോലും വിശേഷമാണ് എന്നാണ് വിശ്വാസം. ദേവി മാഹാത്മ്യം, ലളിത സഹസ്രനാമം, കനകധാരാ സ്തോത്രം, മഹാലക്ഷ്മി അഷ്ടകം തുടങ്ങിയവയുടെ ജപത്തിന് വിശേഷ ദിവസം. ഈ ദിവസം രാത്രി കൊല്ലൂർ മൂകാംബികയിൽ പുഷ്പ രഥോത്സവം നടക്കുന്നു.
വിജയദശമി, പൂജ എടുപ്പ് അഥവാ വിദ്യാരംഭം.കന്നി വെളുത്ത പക്ഷത്തിലെ ദശമി-നവമി രാത്രിയുടെ അവസാനത്തിൽ – വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. പരാശക്തിയുടെ വിജയ സൂചകമായ ഈ ദിനം വിശ്വാസികൾ അതിപ്രധാനമായി കരുതുന്നു. അന്ന് പ്രഭാതത്തിൽ പൂജവെച്ച പുസ്തകങ്ങളും തൊഴിൽ വസ്തുക്കളും ഭഗവതിയുടെ പ്രസാദമായി സങ്കൽപ്പിച്ചു തിരികെ എടുക്കുന്നു. വിദ്യയ്ക്കും ഐശ്വര്യത്തിനും സർവ വിജയത്തിനും വേണ്ടി വിശേഷാൽ പ്രാർത്ഥനകൾ, പൂജകൾ എന്നിവ നടത്തുന്നു.
കേരളത്തിൽ അന്ന് പ്രഭാതത്തിൽ മഹാസരസ്വതി പൂജ, കുട്ടികളുടെ വിദ്യാരംഭം എന്നിവ നടക്കുന്നു. ദേവി ക്ഷേത്രങ്ങളിൽ ഭഗവതിയെ അന്ന് മഹാസരസ്വതിയായി അണിയിച്ചൊരുക്കി ആരാധിക്കുന്നു. വിശ്വാസികൾ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതും അന്ന് തന്നെ.സമസ്ത സത്കർമ്മങ്ങൾക്കും പറ്റിയ പുണ്യ നാളാണിത്. പരാശക്തിയെ അന്ന് മഹാസരസ്വതിയായി, മഹിഷാസുര മർദിനിയായി, സിദ്ധിദാത്രിയായി ആരാധിക്കുന്നു.
ദേവിയുടെ പടു കൂറ്റൻ കോലങ്ങൾ മുതൽ മണ്ണിൽ തീർത്ത കൊച്ച് ബൊമ്മകൾ വരെ അലങ്കരിച്ച് പൂജിക്കുന്ന ഒരു ആഘോഷമാണ് നവരാത്രി. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുർഗ്ഗാ ദേവിയുടെ വലിയ രൂപങ്ങൾ കെട്ടിയൊരുക്കുന്നു. തമിഴ് നാട്ടിൽ ബ്രാഹ്മണർ വളരെ പ്രധാനമായി കൊണ്ടാടുന്ന ഒരു ആചാരം കൂടിയാണ് കൊലു വെയ്ക്കൽ. ഈ നവരാത്രി എല്ലാവർക്കും നല്ല അനുഭവങ്ങൾ തരട്ടെ എന്ന് ആശംസിക്കുന്നു.