നാരോ ഹൗസ്
ഫ്രാന്‍സിലെ ലെ ഹാവ്രെ നഗരത്തിലെ ‘നാരോ ഹൗസ്’ ഒരു വിസ്മയക്കാഴ്ചയാണ്. ലോകത്തെ ഏറ്റവും ഇടുങ്ങിയ വീട്. വളരെ ചുരുങ്ങിയ സ്ഥലത്തും സുഖമായും സന്തോഷത്തോടേയും ജീവിക്കാമെന്നു ലോകത്തെ പഠിപ്പിക്കുന്ന ഒരു വീടാണിത്. ഈ വീടിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഈയിടെ വൈറലായി. 2022 ജൂണ്‍ 24 നാണ് നാരോ ഹൗസ് ആദ്യമായി പൊതുജനങ്ങള്‍ക്കായി തുറന്നത്. ഇടനാഴികള്‍, കിടപ്പുമുറി, സന്ദര്‍ശക മുറി, ശുചിമുറി എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഈ ഇടുങ്ങിയ വീട്ടിലുണ്ട്. പക്ഷേ, അവയെല്ലാം വളരെ ചെറുതാണെന്നു മാത്രം. ഒരു സമയം ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ വലിപ്പമുള്ള ഒരു ഇടനാഴി പോലെയാണ് ഈ വീട്. ഇടനാഴിയെ വിവിധ ഭാഗങ്ങളായി തിരിച്ചു മുറികളും അടുക്കളയും ശുചിമുറിയും ഒക്കെയാക്കി മാറ്റിയിരിക്കുന്നു. ഊണു മേശയും കട്ടിലും കസേരയും ഫോണുമെല്ലാം ഇതിലുണ്ട്. ആര്‍ട്ടിസ്റ്റ് എര്വിന് വൂര്മിന് ആണ് ഈ ഇടുങ്ങിയ വീടിന്റെ ശില്പി. വീടിനു ചുറ്റും മരങ്ങളും പൂന്തോട്ടവുമുണ്ട്. വലിയ വീടു സ്വപ്നം കാണുന്നവര്‍ക്കും ചെറിയ വീട് ആഗ്രഹിക്കുന്നവര്ക്കുമെല്ലാം ഈ വീട് ഒരു പാഠമാണ്.