പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്‌പെന്‍സുമായി ‘നല്ല നിലാവുള്ള രാത്രി’ ട്രെയിലര്‍ എത്തി. കൂടെ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കള്‍ ഒരു വീട്ടില്‍ ഒന്നിച്ചുകൂടുന്നതും തുടര്‍ന്ന് അവിടെ സംഭവിക്കുന്ന അപ്രതീക്ഷിത ദുരന്തങ്ങളുമാണ് ട്രെയിലറില്‍ കാണാനാകുക. നവാഗത സംവിധായകന്‍ മര്‍ഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രം സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസ്, വില്‍സന്‍ തോമസ് എന്നിവരാണ് നിര്‍മിക്കുന്നത്. ത്രില്ലര്‍ ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ത്രീകഥാപാത്രങ്ങള്‍ ആരും തന്നെ ഇല്ലാത്ത ഒരു സിനിമ എന്ന പ്രത്യേകതയും നല്ല നിലാവുള്ള രാത്രിക്കുണ്ട്. ചിത്രത്തിലെ ‘തനാരോ തന്നാരോ എന്ന ഗാനം ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞു. സംഗീതം: കൈലാസ് മേനോന്‍. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും.