താൻ ഒരു തരത്തിലുള്ള ഉത്തേജകവും മനഃപൂർവം ഉപയോഗിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) വിലക്കേർപ്പെടുത്തിയ മലയാളി ട്രിപ്പിൾ ജംപ് താരം എൻ.വി.ഷീന. വൈറ്റമിൻ മരുന്നുകളും സപ്ലിമെന്റുകളും ഒരു പ്രോട്ടീൻ പൗഡറും റിക്കവറി ഡ്രിങ്കും മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യൻ ക്യാംപിലെ പരിശീലകൻ തന്ന സപ്ലിമെന്റും കഴിച്ചിരുന്നു. ഇവ ഒരുമിച്ച് ഉപയോഗിച്ചപ്പോഴുണ്ടായ കുഴപ്പമാണോ, അല്ലെങ്കിൽ ആരെങ്കിലും മനഃപൂർവം തന്നെ കുടുക്കിയതാണോ എന്നും സംശയിക്കുന്നതായി ഷീന പറഞ്ഞു.