മുഫാസയുടെ കഥയുമായി ‘ലയണ്‍ കിങ്’ പ്രീക്വല്‍ വരുന്നു. ‘മുഫാസ: ദ് ലയണ്‍ കിങ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സിംബയുടെ അച്ഛന്‍ മുഫാസയുടെയും സഹോദരന്‍ ടാക്ക( സ്‌കാര്‍) യുടെയും കഥയാണ് പറയുന്നത്. അനാഥനായ മുഫാസ എങ്ങനെ കാടിനെ അടക്കിവാഴുന്ന രാജാവ് ആയി മാറിയെന്നതാണ് കഥ. മുഫാസ എന്ന രാജാവിന്റെ ഉദയവും രണ്ട് സഹോദരന്‍മാരുടെ ശത്രുതയുമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ ഫൈനല്‍ ട്രെയിലര്‍ എത്തി. ബാറി ജെന്‍കിന്‍സ് ആണ് സംവിധാനം. തിരക്കഥ ജെഫ് നഥാന്‍സണ്‍. നടന്‍ ആരോണ്‍ പിയറിയാണ് മുഫാസയായി എത്തുന്നത്. ആരോണ്‍ തന്നെയാണ് മുഫാസയ്ക്കു ശബ്ദം നല്‍കുന്നത്. സേത്ത് റോജന്‍ പുംബയ്ക്കും ബില്ലി ടിമോണും ശബ്ദം കൊടുക്കുന്നു. വാള്‍ട് ഡിസ്‌നി പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ 20ന് തിയറ്ററുകളിലെത്തും. 1994ലാണ് ലയണ്‍ കിങ് ആദ്യമായി ഡിസ്‌നി പുറത്തിറക്കുന്നത്. സിനിമ വന്‍ വിജയമായി. തുടര്‍ന്ന് 2019ല്‍ ലയണ്‍ കിങ് എന്ന പേരില്‍ തന്നെ ചിത്രം റീമേക്ക് ചെയ്തു. ചിത്രം സാമ്പത്തികമായും ഏറെ ഹിറ്റായി. ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ലയണ്‍ കിങ്( 1663 മില്യണ്‍). ആഫ്രിക്കന്‍ സാവന്നയിലുള്ള പ്രെഡ് ലാന്‍ഡിലെ സിംഹ പരമ്പരകളുടെ കഥയാണ് ലയണ്‍ കിങ് ഫ്രാഞ്ചൈസിയിലൂടെ പറയുന്നത്.