മോഷടാവും പോക്കറ്റടിക്കാരനും
മിത്തുകള്‍, മുത്തുകള്‍ – 20
അറബിക്കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
കെയ്റോയിലെ ദരിദ്രയായ ഒരു യുവതി. സുന്ദരി തന്നെ. വിവാഹാഭ്യര്‍ഥനയുമായി രണ്ടുപേര്‍ അവള്‍ക്കു പിറകെ കൂടിയിരുന്നു. ഹരാം എന്ന മോഷ്ടാവാണ് ഒരാള്‍. അകില്‍ എന്ന പോക്കറ്റടിക്കാരനാണു രണ്ടാമന്‍. തങ്ങള്‍ ഒരേ യുവതിയെയാണു പ്രേമിക്കുന്നതെന്ന് അപരിചിതരായ ഇരുവരും അറിഞ്ഞിരുന്നില്ല. യുവതിക്കാകട്ടേ, ഇരുവരോടും സ്നേഹമാണ്. ഇരുവരും തന്നെ ഗാഢമായി സ്നേഹിക്കുന്നുവെന്ന് അവള്‍ക്കറിയാം. അവരിലൊരാളെ തിരസ്‌കരിച്ചാല്‍ അയാളുടെ മനം തകരും. എന്തു ചെയ്യും? ധൈര്യമവലംബിച്ച് ഇരുവരേയും വിവാഹം ചെയ്യാന്‍ അവള്‍ തീരുമാനിച്ചു. മോഷ്ടാവായ ഹരാമിനു രാത്രിയാണു ജോലി. പകല്‍ വീട്ടിലുണ്ടാകും. പോക്കറ്റടിക്കാരനായ അകിലിനു ജോലി പകല്‍ സമയത്താണ്. രാത്രി അയാള്‍ വീട്ടിലുണ്ടാകും. ഇരുവരും ഒരേസമയം വീട്ടിലുണ്ടാവില്ല. അങ്ങനെ രണ്ടു ഭര്‍ത്താക്കന്മാരുണ്ടെന്ന വിവരം ആരും അറിയില്ല. അവള്‍ കരുതി.
ദരിദ്രയായതിനാല്‍ ഒരാര്‍ഭാടവുമില്ലാതെയും അയല്‍വാസികള്‍ പോലും അറിയാതെയും വിവാഹം നടന്നു. കുറേനാള്‍ അവള്‍ ഇരു ഭര്‍ത്താക്കന്മാരെയും പരസ്പ്പരം കാണാതെ പൊറുപ്പിച്ചു.
ഒരു ദിവസം രാവിലെ മോഷണം കഴിഞ്ഞെത്തിയ ഹരാം ദൂരയാത്രയ്ക്കു പോകാനൊരുങ്ങി. ഭാര്യ തന്ന ഭക്ഷണ പ്പൊതിയുമായി അയാള്‍ സ്ഥലം വിട്ടു. സന്ധ്യയായപ്പോള്‍ പോക്കറ്റടി കഴിഞ്ഞ് വീട്ടിലെത്തിയ അകിലും മൂന്നു ദിവസത്തെ യാത്രയ്ക്കു പോകുകയാണെന്നു ഭാര്യയെ അറിയിച്ചു. ഭക്ഷണപ്പൊതി നല്‍കി അയാളെയും അവള്‍ സ്നേഹപൂര്‍വം യാത്രയാക്കി.
ഹരാമും അകിലും നടന്നുനടന്ന് മറ്റൊരു നഗരത്തിലെത്തി. ഒരു സത്രത്തിനു മുന്നിലെ തണലില്‍ വിശ്രമിക്കുന്ന വഴിപോക്കര്‍ക്കിടയില്‍ പരസ്പരം അറിയാതെ അവരുമുണ്ടായിരുന്നു. കണ്ടു പരിചയമുള്ള വസ്ത്രങ്ങളണിഞ്ഞ ഹരാമിനെ കണ്ടപ്പോള്‍ അകിലിനും അകിലിനെ കണ്ടപ്പോള്‍ ഹരാമിനും കൗതുകം തോന്നി. അവര്‍ പരിചയപ്പെട്ടു.
‘ഞാന്‍ കെയ്‌റോയില്‍ നിന്നാണ്. നിങ്ങളോ?’ -ഹരാം.
‘ഞാനും അവിടെനിന്നാണ്. നല്ല വിശപ്പ്, ഭക്ഷണം കഴിച്ചാലോ?’ അകില്‍. ഇരുവരും ഭക്ഷണത്തിനിരുന്നു. ഭക്ഷണപ്പൊതി തുറന്നപ്പോള്‍ അദ്ഭുതപ്പെട്ടു. ഇരുവര്‍ക്കും ഒരേ വിഭവങ്ങള്‍.
‘റൊട്ടിയും പൊരിച്ച ആട്ടിറച്ചിയും ഈത്തപ്പഴവും’ ഇരുവരും തങ്ങളുടെ ഭക്ഷണപ്പൊതികളിലേക്കു മാറിമാറി നോക്കിക്കൊണ്ടു പറഞ്ഞു.
‘വീട്ടില്‍നിന്നു കൊണ്ടുവന്നതല്ലേ?’ ഹരാം ചോദിച്ചു.
‘അതേ, എന്റെ ഭാര്യ തയാറാക്കിത്തന്നതാണ്, നിങ്ങളുടേതോ?’
‘എന്റേതും ഭാര്യ പൊരിച്ചു തന്നതാണ്’
‘ങേ! നിങ്ങളുടെ റൊട്ടിയും എന്റെ റൊട്ടിയും ഒരേ റൊട്ടിയില്‍നിന്നു മുറിച്ചതുപോലെയുണ്ടല്ലോ!’
‘അല്ലാ, ഈത്തപ്പഴവും ഒരേ ഇനം തന്നെ!’ ഹരാമിന് അമ്പരപ്പ്.
‘അല്ലാഹ്! ഈ പൊരിച്ച ആട്ടിറച്ചിയും ഒരേപോലെയിരിക്കുന്നു. ഇതദ്ഭുതം തന്നെ! പിന്നെ, ഹരാമിന്റെ വീട് കെയ്റോയില്‍ എവിടെയാണ്?’ അകിലിനു സംശയമായി.
‘ഗേറ്റിനടുത്ത്’
‘എന്റെ വീടും അവിടെത്തന്നെ. അവിടെ ഏതു വീട്ടില്‍?’
ഹരാം വീട്ടുനമ്പര്‍ പറഞ്ഞു. അകിലിന്റെ കണ്ണുതള്ളിപ്പോയി. താന്‍ താമസിക്കുന്ന വീടുതന്നെ.
തങ്ങള്‍ ഒരേ വീട്ടില്‍ ഒരു യുവതിയുടെ രണ്ടു ഭര്‍ത്താക്കന്മാരായി താമസിക്കുന്നവരാണെന്ന് അവര്‍ മനസിലാക്കി. പഠിച്ച കള്ളന്മാരായ തങ്ങളെ അവള്‍ ശരിക്കും പറ്റിച്ചല്ലോയെന്ന് അവര്‍ക്കു ജാള്യം തോന്നി.
യാത്രകഴിഞ്ഞ് ഇരുവരും ഒന്നിച്ചുതന്നെ മടങ്ങി. രണ്ടു ഭര്‍ത്താക്കന്മാരും ഒന്നിച്ചുവരുന്നതുകണ്ട് യുവതി അങ്കലാപ്പിലായി. കള്ളി പൊളിഞ്ഞെന്ന് അവള്‍ക്കു ബോധ്യമായി. ഇനിയെന്തു ചെയ്യും.? കാര്യം പറയുകതന്നെ. അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഇരുവരുടെയും കാല്‍ക്കല്‍ വീണു മാപ്പപേക്ഷിച്ചു. ഇരുവരോടും സ്നേഹമാണെന്നും ഒരാളുടെ വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ അയാള്‍ക്കു മനഃക്ലേശമുണ്ടാകുമെന്നു ഭയന്നതിനാലാണ് ഇരുവരേയും സ്വീകരിച്ചതെന്നും അവള്‍ വിശദീകരിച്ചു.
‘ഇനി അതുവേണ്ട. ഞങ്ങളില്‍ ഒരാള്‍ മതി. ആരു വേണമെന്നു നിനക്കുതന്നെ തെരഞ്ഞെടുക്കാം’ ഹരാമും അകിലും പറഞ്ഞു.
തുല്യശക്തരായ ഇവരിലൊരാളെ തെരഞ്ഞെടുക്കാന്‍ കഴിയാതെ അവള്‍ കുഴങ്ങി. ഇരുവരെയും തുല്യമായി സ്നേഹിക്കുന്ന അവള്‍ ഒടുവില്‍ ഒരു തീരുമാനത്തിലെത്തി. ‘കൂടുതല്‍ മികവുറ്റ രീതിയില്‍ ജോലി ചെയ്യുന്നുവെന്ന് തെളിയിക്കുന്നയാളെ ഞാന്‍ ഭര്‍ത്താവാക്കാം’.
അകിലിനും ഹരാമിനും അതു സമ്മതമായി. ഇരുവരും പുറത്തിറങ്ങി. ചന്തയിലാണ് അവരെത്തിയത്. ജോലിയില്‍ പ്രാഗത്ഭ്യം തെളിയി ക്കാന്‍ ആദ്യ അവസരം പോക്കറ്റടിക്കാരന്‍ അകിലിനാണ്. ചന്തയിലെ ‘സൂപ്പര്‍ ബ്ലേഡ്’ ആയ ഒരു ജൂതവൃദ്ധനില്‍ അയാള്‍ നോട്ടമിട്ടു. കച്ചവടക്കാര്‍ക്കു പണം പലിശയ്ക്കു കൊടുക്കുന്നയാളാണ് ജൂതവദ്ധന്‍. കൈയില്‍ കുറേ പണം കാണും. അകില്‍ അയാളുടെ പിറകേ കൂടി. ഞൊടിയിടകൊണ്ട് ആരുമറിയാതെ അയാളുടെ പണസഞ്ചി കൈക്കലാക്കി. സഞ്ചിയിലെ സ്വര്‍ണനാണയം മുഴുവന്‍ എണ്ണിനോക്കി. ഇരുപതു നാണയം സ്വന്തം പോക്കറ്റിലിട്ടു. വിരലില്‍ കിടന്നിരുന്ന വെള്ളിമോതിരം പണസഞ്ചിയിലിട്ട് വീണ്ടുമതു ജൂതവൃദ്ധന്റെ പോക്കറ്റില്‍ നിക്ഷേപിച്ചു.
അല്‍പം കഴിഞ്ഞപ്പോഴേക്കും അകില്‍ ജൂതന്റെ മുന്നില്‍ക്കയറി നടക്കാന്‍ തുടങ്ങി. നാലടിയായതേയുള്ളു. ‘ദാ കള്ളന്‍…… ഈ കിഴവന്‍ എന്റെ പോക്കറ്റടിച്ചു. എന്റെ പണസഞ്ചി ഇങ്ങു താടാ തെമ്മാടി’. അകില്‍ പെട്ടെന്ന് ആക്രോശിച്ചുകൊണ്ട് വൃദ്ധന്റെ മേല്‍ ചാടിവീണു. ജനം ഓടിക്കൂടി. ഇതെല്ലാം കണ്ട് ഹരാം അമ്പരന്നു നില്‍ക്കുകയാണ്.
ജൂതവൃദ്ധന്‍ അകിലിന്റെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഒടുവില്‍ ന്യായാധിപന്റെ സന്നിധിയില്‍ പോകണമെന്നായി അകില്‍. ജനവും അതുതന്നെ പറഞ്ഞു. ന്യായാധിപന്റെ മുന്നിലെത്തിയ അയാള്‍ തന്റെ പണസഞ്ചി ജൂതവൃദ്ധന്‍ മോഷ്ടിച്ചെന്ന പരാതി ആവര്‍ത്തിച്ചു. അതു നുണയാണ്, സഞ്ചി തന്റേതാണെന്നു വൃദ്ധനും.
‘സഞ്ചിയില്‍ എത്ര പണമുണ്ടെന്ന് അറിയാമോ’ അകിലിനോട് ന്യായാധിപന്‍ ചോദിച്ചു.
‘380 സ്വര്‍ണനാണയമുണ്ട്. എന്റെ പേരുകൊത്തിയ വെള്ളിമോതിരവും പണക്കിഴിയിലുണ്ട്.’ അകിലിന്റെ മറുപടി.
”നിങ്ങളെന്തു പറയുന്നു?’ ജൂതവൃദ്ധനോട് ന്യായാധിപന്റെ ചോദ്യം.
‘അതെല്ലാം നുണയാണ് ഏമാനേ, എന്റെ പണസഞ്ചിയില്‍ നാന്നൂറു സ്വര്‍ണ നാണയമുണ്ട്’ വൃദ്ധന്‍ പറഞ്ഞു.
ന്യായാധിപന്‍ പണസഞ്ചി തുറന്നു നോക്കി. അതില്‍ അകിലിന്റെ മോതിരമുണ്ട്. നാണയം എണ്ണിനോക്കി. അകില്‍ പറഞ്ഞതുപോലെ 380 സ്വര്‍ണനാണയം. ജൂതവൃദ്ധന്‍ പോക്കറ്റടിക്കാരനാണെന്നു വിധി വന്നു. അയാളെ നൂറ്റൊന്നു തവണ ചമ്മട്ടികൊണ്ടടിക്കാന്‍ ന്യായാധിപന്‍ വിധിച്ചു.
പണക്കിഴിയുമായി വീട്ടിലേക്കു മടങ്ങുമ്പോള്‍ അകില്‍ ഹരാമിനോടു പറഞ്ഞു:
‘പിടിക്കപ്പെടാതിരിക്കാനാണ് അയാളെ കുറ്റക്കാരനാക്കേണ്ടിവന്നത്. എങ്ങനെയുണ്ട്?’
‘അത്യുഗ്രന്‍!’ ഹരാം മറുപടി നല്‍കി.
ഇനി ഹരാമിന്റെ ഊഴമാണ്. അര്‍ധ രാത്രിയോടെ അകിലിനേയും കൂട്ടി ഹരാം സുല്‍ത്താന്‍ ഹരൂണ്‍ അല്‍ റഷീദിന്റെ കൊട്ടാരത്തിനരികിലെത്തി. ചില പാറാവുകാരൊഴിച്ച് എല്ലാവരും ഉറക്കത്തിലാണ്. വഴിയോടടുത്തുള്ള കൊട്ടാരജ നാലയിലേക്ക് ഹരാം കയറുകൊണ്ടുള്ള ഒരു ഏണി എറിഞ്ഞു പിടിപ്പിച്ചു. പാറാവുകാരുടെ കണ്ണുവെട്ടിച്ച് ഹരാമും അകിലും നുഴഞ്ഞുകയറി. ഒരു ഇടനാഴിയിലാണ് അവരെത്തിയത്. പതുങ്ങിനടന്ന് ഇടനാഴികളും മുറികളും പിന്നിട്ടു. ഒടുവില്‍ സുല്‍ത്താന്റെ ശയനമുറിയിലെത്തി. പിടിക്കപ്പെട്ടാല്‍ ജീവന്‍ പോയതുതന്നെ. അകില്‍ നിന്നുവിറയ്ക്കുകയാണ്. എന്നാല്‍ ഹരാമിന് ഒരു കൂസലുമില്ല.
വിശാലമായ മുറിയിലെ പള്ളിമഞ്ചത്തില്‍ സുല്‍ത്താന്‍ കിടന്നുറങ്ങുന്നു. ഒരു പരിചാരകന്‍ സുല്‍ത്താന്റെ കാലു തിരു മ്മുന്നുണ്ട്. മറ്റാരും അവിടെയില്ല. മുറിയുടെ കര്‍ട്ടനുകള്‍ക്കിടയില്‍ അകിലിനെ ഒളിപ്പിച്ചു നിര്‍ത്തി ഹരാം പതുക്കെ ഇഴഞ്ഞ് പരിചാരകന്റെ പിന്നിലെത്തി. പെട്ടെന്ന് അയാളുടെ വായ് പൊത്തിപ്പിടിച്ച് വായില്‍ തുണി തിരുകിക്കയറ്റി കൈകാലുകള്‍ ബന്ധിച്ചു. അയാളെ താങ്ങിയെടുത്ത് കര്‍ട്ടനുകള്‍ക്കു പിന്നിലിട്ടു. ഹരാം മടങ്ങിവന്നപ്പോഴേക്കും സുല്‍ത്താന്‍ ഉണര്‍ന്നിരുന്നു.
‘നീയെവിടെപ്പോയതാണ്?’ ഇരുട്ടില്‍ ഹരാമിനെകണ്ട് പരിചാരകന്‍ തന്നെയെന്നു കരുതി സുല്‍ത്താന്‍ ചോദിച്ചു.
‘മൂത്രമൊഴിക്കാന്‍ പോയതാണ് ഏമാനേ’.
ഹരാം പരിചാരകനെപ്പോലെ മറുപടി നല്‍കിയശേഷം സുല്‍ത്താന്റെ കാലു തടവാന്‍ തുടങ്ങി.
‘അങ്ങേക്കു താത്പര്യമുണ്ടെങ്കില്‍ അടിയന്‍ ഒരു കഥ പറയാം’.
‘കഥയോ, കേള്‍ക്കട്ടെ’ കഥാഭ്രാന്തനായ സുല്‍ത്താന്‍ കൂടുതല്‍ ഉണര്‍വോടെ കിടന്നു.
ഹരാമിന്റെയും അകിലിന്റെയും കഥ തന്നെയാണ് പേരും സ്ഥലപ്പേരും രാജാവിന്റെ പേരുമെല്ലാം മാറ്റി ഹരാം പറഞ്ഞത്.
ഒടുവില്‍ ഹരാം ചോദിച്ചു: ‘ഈ കഥയില്‍ ആരാണു പ്രഗത്ഭന്‍? ജൂതവൃദ്ധനെ കബളിപ്പിച്ച പോക്കറ്റടിക്കാരനോ, രാജാ വിനെ കബളിപ്പിച്ച മോഷ്ടാവോ?’ ‘മോഷ്ടാവുതന്നെ മിടുക്കന്‍, യുവതിയുടെ ഭര്‍ത്താവാകാന്‍ യോഗ്യന്‍ അവന്‍തന്നെയാണ്’
കഥയുടെ പൊരുളറിയാതെ സുല്‍ത്താന്‍ മറുപടി നല്‍കി. അല്‍പസമയത്തിനകം അദ്ദേഹം ഗാഢനിദ്രയിലായി.
അകിലിനേയുംകൂട്ടി ഹരാം പുറത്തിറങ്ങി. സുല്‍ത്താന്റെ വിധിന്യായം അയാളും കേട്ടിരുന്നു. ഹരാംതന്നെയാണ് യോഗ്യനെന്ന് അകിലും സമ്മതിച്ചു.
പിറ്റേന്നു രാവിലെ പരിചാരകനെ കാണാതെ സുല്‍ത്താനു പരിഭ്രാന്തിയായി. കര്‍ട്ടനുകള്‍ക്കിടയില്‍നിന്നു ഞരക്കം കേട്ടപ്പോള്‍ അങ്ങോട്ടുനോക്കി. ബന്ധനസ്ഥനായി കിടക്കുന്ന പരിചാരകനെ കണ്ട് സുല്‍ത്താന്‍ അമ്പരന്നു. വായില്‍ കുത്തിത്തിരുകിയിരുന്ന തൂണി മാറ്റിയപ്പോള്‍ അയാള്‍ രാത്രി സംഭവിച്ചതെല്ലാം കണ്ണീരോടെ വിവരിച്ചു.
രാത്രിയില്‍ തന്നോടു കഥ പറഞ്ഞതു കഥയിലെ യഥാര്‍ഥ കഥാപാത്രമായ മോഷ്ടാവായിരുന്നെന്ന് അപ്പോഴാണു സുല്‍ത്താനു ബോധ്യമായത്. ഉടനെ സുല്‍ത്താന്‍ ദൂതരെ അയച്ച് ഹരാമിനെ വിളിച്ചുവരുത്തി. അയാളുടെ കഴിവില്‍ മതിപ്പുതോന്നിയ സുല്‍ത്താന്‍ ഹരാമിനെ പോലീസ് മേധാവിയായി നിയമിച്ചു. ധാരാളം സ്വര്‍ണവും പാരിതോഷികങ്ങളും നല്‍കി. യുവതി ഹരാമിനെ ഭര്‍ത്താവായി സ്വീകരിക്കുകയും ചെയ്തു.