◾പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ മരിച്ചു. കാറിലുണ്ടായിരുന്ന നാലു പേരില്‍ മിസ്ത്രിയടക്കം രണ്ടുപേര്‍ മരിച്ചു. മിസ്ത്രി സഞ്ചരിച്ച മെഴ്സിഡസ് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ പാല്‍ഘറില്‍ സൂര്യനദിക്കു കുറുകെയുള്ള ഛറോത്തി പാലത്തിനു സമീപമായിരുന്നു അപകടം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അനുശോചിച്ചു.
◾തിരുവനന്തപുരം വിതുരയ്ക്ക് സമീപം മങ്കയം വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ രണ്ടു മരണം. ആറു വയസുകാരി നസ്റിയ ഫാത്തിമ മരിച്ചു. കാണാതായ ഷാനി (33)ക്കായി തെരച്ചില്‍ തുടരുന്നു. നെടുമങ്ങാടുനിന്നുള്ള മൂന്ന് കുടുംബങ്ങളിലെ പത്തു പേരാണ് വെള്ളച്ചാട്ടം കാണാനെത്തി മലവെള്ളപാച്ചിലില്‍ അകപ്പെട്ടത്. സംഘത്തിലെ എട്ടു പേരേയും രക്ഷപ്പെടുത്തി. ആറു വയസുകാരി നസ്റിയയെ ഒരു കിലോമീറ്റര്‍ അകലെനിന്നു കണ്ടെത്തിയപ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
◾
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾മാഗ്സെസെ അവാര്‍ഡ് മുന്‍മന്ത്രി കെ.കെ. ശൈലജ നിരസിച്ചത് പാര്‍ട്ടി തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തൊഴിലാളികളെ അടിച്ചമര്‍ത്തിയ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരോധിയാണ് മാഗ്സെസെ. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗത്തെ മാഗ്സെസെ അവാര്‍ഡ് നല്‍കി അപമാനിക്കാനാണ് അവര്‍ ശ്രമിച്ചതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഗോവിന്ദന്‍ പറഞ്ഞു.
◾മലയോര മേഖലകളില്‍ ഉച്ചയ്ക്കുശേഷം മഴ ശക്തമാകും. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
◾വയനാട് മീനങ്ങാടിയില്‍പെയ്ത കനത്ത മഴയില്‍ ആലിലാക്കുന്ന് തോട് കരകവിഞ്ഞതോടെ റോഡ് ഒലിച്ചു പോയി. അപ്പാട് കോളനിക്കടുത്തുള്ള ചൂതുപ്പാറയുമായി ബന്ധിപ്പിക്കുന്ന റോഡാണ് ഒലിച്ചു പോയത്. മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾അട്ടപ്പാടി ആനക്കട്ടി തൂവയില്‍ മലവെള്ളപ്പാച്ചലില്‍ കാര്‍ ഒഴുകി പോയി. തമിഴ്നാട് സ്വദേശി കീര്‍ത്തിരാജിന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന കീര്‍ത്തി രാജിന്റെ ഭാര്യ പെട്ടെന്ന് പുറത്തേക്കിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. തൂവ ആറില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പേരെ രക്ഷിക്കാന്‍ കീര്‍ത്തി രാജ് പോയതിനിടെ ആറിലെ ജലനിരപ്പ് വന്‍തോതില്‍ ഉയരുകയും കാര്‍ ഒഴുകിപ്പോകുകയുമായിരുന്നു.
◾മൂന്നാറിലെ ഇക്കാനഗറില്‍ കെഎസ്ഇബി അവകാശവാദം ഉന്നയിച്ചിരുന്ന 27 ഏക്കര്‍ ഭൂമിയില്‍ കെഎസ്ഇബിക്ക് അവകാശമില്ലെന്നു ഹൈക്കോടതി. ഈ സ്ഥലത്തുനിന്നു കുടിയിറക്ക് ഭീഷണിയിലായിരുന്ന നൂറോളം കുടുംബങ്ങള്‍ക്ക് ആശ്വാസമായി കോടതി വിധി.
◾ഇന്ന് അധ്യാപകദിനം. അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും സ്നേഹാദരം.
◾കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ തിരുവനന്തപുരം കാമ്പസ് ഡയറക്ടര്‍ ഡോ എസ്.എസ് പ്രതീഷിനെ വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തു. ഓണാഘോഷത്തിനിടയില്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടപടി.
◾നിലമ്പൂരില്‍ റബ്ബര്‍ മരം മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് തലയില്‍ വീണ് തൊഴിലാളി മരിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ ആനപ്പാറ സ്വദ്ദേശി കളത്തിങ്ങല്‍ തൊടി അബ്ദുള്‍ നാസര്‍ (49) ആണ് മരിച്ചത്. പി.വി.അബ്ദുള്‍ വഹാബ് എം.പിയുടെ തോട്ടുപൊയിലിലെ റബര്‍ എസ്റ്റേറ്റിലാണ് അപകടമുണ്ടായത്.
◾നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാട്ടില്‍ തെക്കേതിലിനു കിരീടം. നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനം നേടി. ഹീറ്റ്സുകളില്‍ മികച്ച സമയം കുറിച്ച ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടില്‍ തെക്കെതില്‍ എന്നീ നാല് ചുണ്ടന്‍വള്ളങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്. 20 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 77 കളിവള്ളങ്ങളാണ് മത്സരിക്കാനെത്തിയത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ മത്സരം ഉദ്ഘാടനം ചെയ്തു.
◾മായം കലര്‍ന്ന സാധനങ്ങള്‍ വില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കാനെത്തിയ ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരെ വ്യാപരികള്‍ തടഞ്ഞു. സാമ്പിളുകള്‍ അടക്കമുള്ളവ തിരിച്ചുവാങ്ങിയശേഷമാണ് വിട്ടയച്ചത്. ഇടുക്കിയിലെ കുമളിയിലാണ് സംഭവം. കായ വറുത്തതിന്റെയും വറുക്കാന്‍ ഉപയോഗിച്ച് എണ്ണയുടെയും സാമ്പിളാണ് വ്യാപാരികള്‍ സംഘടിച്ചെത്തി ഉദ്യോഗസ്ഥരില്‍നിന്നു തിരിച്ചുവാങ്ങിയത്. വ്യാപാരികള്‍ക്കെതിരേ ഇന്നുതന്നെ നടപടിയുണ്ടാകും.
◾കോഴിക്കോട് ജില്ലയില്‍ അളവുതൂക്ക വിഭാഗം പരിശോധന നടത്തി 40 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ 56,000 രൂപ പിഴ ഈടാക്കി.
◾തൃശൂര്‍ പാലപ്പിള്ളി പാത്തിക്കിരിചിറയില്‍ കാട്ടാനകളെ കുങ്കിയാനകളെ ഉപയോഗിച്ചു തുരത്താനുള്ള ശ്രമം വിജയിച്ചില്ല. കാട്ടാനകളെ തുരത്താനുള്ള ശ്രമത്തനിടെ കുങ്കിയാനകളുമായി എത്തിയ ആര്‍ആര്‍ടി അംഗം ഹുസൈന് കാട്ടാനയുടെ ചവിട്ടേറ്റു. വയനാട് സ്വദേശിയാണ് ഹുസൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾കൊല്ലത്ത് സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ പുകവലിക്കുന്നതു കണ്ട ആറാം ക്ലാസുകാരിയുടെ മുടി മുറിച്ചു. ആറാം ക്ലാസുകാരിയെ മര്‍ദിക്കുകയും ചെയ്തെന്നാണ് ആരോപണം. ശിശു സംരക്ഷണ സമിതി അന്വേഷണം തുടങ്ങി. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കൊല്ലത്തെ പ്രധാന സ്‌കൂളിലാണ് സംഭവം.
◾ബോളിവുഡ് താരം സണ്ണി ലിയോണിന്റെ സംഗീത നിശയില്‍ ആറാടി കൊച്ചി, തിരുവനന്തപുരം നഗരങ്ങള്‍. സണ്ണി ലിയോണ്‍ ആദ്യമായാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംസ്ഥാനത്ത് സംഗീത പരിപാടി അവതരിപ്പിച്ചത്. ഇന്നലെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു സണ്ണി ലിയോണിന്റെ സംഗീത നിശ.
◾മലപ്പുറം കൊളത്തൂര്‍ വെങ്ങാട്ട് ഇല്ലിക്കോട് പാലത്തിനു സമീപം വടക്കേകര മൂസയുടെ വീട്ടില്‍ കവര്‍ച്ച. 45 പവന്‍ സ്വര്‍ണാഭരണങ്ങളും 30,000 രൂപയും മൂന്ന് വാച്ചുകളുമാണ് കവര്‍ന്നത്. രാത്രി വീടു പൂട്ടി മൂസ വളാഞ്ചേരിയിലേക്കു പോയി പിറ്റേന്നു തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയതായി കണ്ടത്.
◾ബൈക്കില്‍ ഇടിച്ചെന്ന് ആരോപിച്ച് ബസ് ഡ്രൈവറെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. ഓമച്ചപ്പഴ പെരിഞ്ചേരി സ്വദേശി പറപ്പാറ അബ്ദുല്‍ ബാസിദ് (32) നെയാണ് കല്‍പകഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്. ഡ്രൈവര്‍ കല്‍പകഞ്ചേരി മേലങ്ങാടി മണ്ടായപ്പുറത്ത് റാസിഖ് (28), കണ്ടക്ടര്‍ പറവണ്ണ സ്വദേശി പാലക്കവളപ്പില്‍ അസ്ലം (30) എന്നിവര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ബസില്‍ കയറി ഡ്രൈവര്‍ സീറ്റിനു മുന്നില്‍ കയറിയിരുന്ന് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു.
◾അനധികൃത മീന്‍ വില്പന നടത്തിയെന്നാരോപിച്ച് മീന്‍കുട്ടയില്‍ പൊലീസ് ബ്ലീച്ചിങ് പൗഡര്‍ വിതറി. കാഞ്ഞങ്ങാട് കോട്ടച്ചേരി മീന്‍ചന്തയിലാണ് സംഭവം. ചന്തയ്ക്കുപുറത്ത് മീന്‍ വിറ്റതിനാണ് ചെറുകിട കച്ചവടക്കാരായ 11 സ്ത്രീകളുടെ മീന്‍ പൊലീസ് ഇങ്ങനെ നശിപ്പിച്ചത്.
◾രാജ്യത്തെ ബിജെപി ഭരണം രണ്ടു പേര്‍ക്കുവേണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വിമാനത്താവളങ്ങളും വൈദ്യതി സേവനവും തുറമുഖങ്ങളുമെല്ലാം ഈ രണ്ടു പേര്‍ക്കു നല്‍കുകയാണ്. വന്‍കിട വ്യവസായികളുടെ കടം സര്‍ക്കാര്‍ എഴുതി തള്ളുന്നു. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ഒന്നുമില്ല. സമരത്തിനിറങ്ങിയ കര്‍ഷകരുടെ ശക്തി കണ്ട് മോദി കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിച്ചു. വിലക്കയറ്റത്തിനെതിരേ ഡല്‍ഹി രാംലീല മൈതാനത്തു നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.
◾ജാര്‍ഖണ്ഡില്‍ ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം. വിശ്വാസ വോട്ടെടുപ്പ് നടക്കാനും സാധ്യത. മുഖ്യമന്ത്രിയെ അയോഗ്യനാക്കുന്നതില്‍ ഗവര്‍ണറുടെ തീരുമാനം നീളുന്നതിനിടെയാണ് പ്രത്യേക സമ്മേളനം ചേരുന്നത്. ഛത്തീസ്ഗഡിലായിരുന്ന യുപിഎ എംഎല്‍എമാര്‍ ഇന്നലെ രാത്രി റാഞ്ചിയില്‍ തിരിച്ചെത്തി.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നവര്‍ ജയിലിലാകുമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ശ്രീകൃഷ്ണ. ജഡ്ജിയുടെ വാക്കുകള്‍ ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. മോദിയെ വിര്‍മശിച്ചാല്‍ വീട്ടില്‍ റെയ്ഡ് നടക്കുമെന്നും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ജയിലിനകത്തിടുമെന്നും ഈ സാഹചര്യത്തെ എതിര്‍ക്കേണ്ടതാണെന്നുമാണ് മുന്‍ സുപ്രീം കോടതി ജഡ്ജി ശ്രീകൃഷ്ണ കഴിഞ്ഞ ദിവസം പറഞ്ഞത്.
◾വ്യവസായി സൈറസ് മിസ്ത്രി കൊല്ലപ്പെട്ട കാറപകടത്തില്‍ കാര്‍ ഓടിച്ചിരുന്നത് സുഹൃത്തായ വനിതാ ഡോക്ടര്‍. മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനഹിത പണ്ടോളെയാണ് കാര്‍ ഓടിച്ചിരുന്നത്. ഭര്‍ത്താവ് ഡാരിസും സഹോദരന്‍ ജഹാംഗീറുമാണു മിസ്ത്രിക്കൊപ്പം കാറിലുണ്ടായിരുന്നത്. മിസ്ത്രി പിന്‍സീറ്റിലായിരുന്നു. കാര്‍ അമിതവേഗത്തില്‍ ഇടതുവശത്തുകൂടി ഓവര്‍ ടേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായതെന്നാണു റിപ്പോര്‍ട്ട്. പിന്‍സീറ്റിലിരുന്ന മിസ്ത്രിയും ജഹാംഗീറുമാണ് മരിച്ചത്. ഗുജറാത്തിലെ അഗ്‌നിക്ഷേത്രം സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു ഇവര്‍.
◾ഇന്ത്യ 2029 ല്‍ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. 2014 ല്‍ ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്നു. 15 വര്‍ഷം കൊണ്ടാണ് ഇപ്പോഴത്തെ മുന്നേറ്റം കൈവരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കണോമിക് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ടതാണ് ഈ റിപ്പോര്‍ട്ട്. ബ്രിട്ടനെ മറികടന്ന ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്.
◾മധ്യപ്രദേശില്‍ നടുറോഡില്‍ കര്‍ണിസേനാ നേതാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു. കര്‍ണിസേനയുടെ ഇട്ടാര്‍സിയിലെ സെക്രട്ടറി രോഹിത് സിങ് രജ്പുത്(28) ആണ് കൊല്ലപ്പെട്ടത്.
◾ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. അവസാനം വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പിച്ചത്. 44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോലിയുടെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കേയാണ് പാകിസ്ഥാന്‍ മറികടന്നത്. 51 പന്തില്‍ 71 റണ്‍സ് നേടിയ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്റേയും 20 പന്തില്‍ 42 റണ്‍സ് നേടിയ മുഹമ്മദ് നവാസിന്റേയും പ്രകടനമാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.
◾ആധാറിലെ 12 അക്ക നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ സാധിക്കും. എടിഎം കൗണ്ടറോ, ബാങ്ക് ബ്രാഞ്ചോ സന്ദര്‍ശിക്കാതെ തന്നെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് ബാലന്‍സ് അറിയാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക. മൊബൈല്‍ നമ്പറില്‍ നിന്ന് *99*99*1# എന്ന് ടൈപ്പ് ചെയ്ത് വിളിച്ചാല്‍ അക്കൗണ്ട് ബാലന്‍സ് അറിയാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് 12 അക്ക ആധാര്‍ നമ്പര്‍ നല്‍കണം. ആധാര്‍ നമ്പര്‍ ഒരിക്കല്‍ കൂടി നല്‍കി വീണ്ടും വെരിഫൈ ചെയ്യണം. ഉടന്‍ തന്നെ യുഐഡിഎഐയില്‍ നിന്ന് ബാങ്ക് ബാലന്‍സ് അറിയിച്ച് കൊണ്ട് എസ്എംഎസ് ലഭിക്കുന്നവിധമാണ് സംവിധാനം.
◾വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ഏറ്റവും വലിയ 10 കമ്പനികളുടെ പട്ടികയില്‍ നിന്ന് കേന്ദ്ര പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്ത്. ബജാജ് ഫിനാന്‍സ് കമ്പനിയും അദാനി ട്രാന്‍സ്മിഷന്‍ കമ്പനിയും എല്‍ഐസിയെ മറികടന്ന് പട്ടികയില്‍ മുന്നിലെത്തി. ബജാജ് ഫിനാന്‍സ് പത്താം സ്ഥാനത്തും അദാനി ട്രാന്‍സ്മിഷന്‍ ഒമ്പതാം സ്ഥാനത്തും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പതിനൊന്നാം സ്ഥാനത്തുമാണ്. അദാനി ട്രാന്‍സ്മിഷന്‍ വിപണി മൂല്യം 4.43 ലക്ഷം കോടി രൂപയാണ്. 4.42 ലക്ഷം കോടി രൂപയാണ് ബജാജ് ഫിനാന്‍സ് വിപണിമൂല്യം. അതേസമയം എല്‍ഐസിയുടെ വിപണിമൂല്യം 4.2 ലക്ഷം കോടി രൂപയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി. 17.8 ലക്ഷം കോടി രൂപയാണ് വിപണിമൂല്യം. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി എന്നിവയാണ് പട്ടികയിലെ മറ്റ് സ്ഥാനക്കാര്‍.
◾പാപ്പന്റെ വന്‍ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടേതായി തിയറ്ററുകളില്‍ എത്താനൊരുങ്ങുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘ആരമ്പ തേനിമ്പ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം ശ്രീനാഥ് ശിവശങ്കരന്‍. മധു ബാലകൃഷ്ണന്‍ ആണ് ആലപിച്ചിരിക്കുന്നത്. 1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗര്‍, അശ്വിനി, സരണ്‍, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
◾ബേസില്‍ ജോസഫ് പ്രധാന കഥാപാത്രമായെത്തിയ പാല്‍തു ജാന്‍വര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്ത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനെക്കുറിച്ചുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഈ റിയലിസ്റ്റിക് കോമഡി ചിത്രം കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം 70-75 ലക്ഷം രൂപയാണ് കളക്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും ട്രാക്കര്‍മാരാണ് 70-75 ലക്ഷത്തിനുള്ളില്‍ കളക്ട് ചെയ്തതെന്ന് റിപ്പോര്‍ട്ട് ചെയ്തത്. 710 ഷോകളാണ് ആദ്യം ദിവസം ചിത്രത്തിന് ലഭിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് പാല്‍തു ജാന്‍വര്‍ നിര്‍മ്മിച്ചത്.
◾ബെര്‍ലിനിലെ ഒരു അനാഥമന്ദിരത്തിലെ എല്‍മ എന്ന പെണ്‍കുട്ടിയുടെയും അവളെ ജീവിതത്തിന്റെ നിറക്കൂട്ടുകളിലേക്ക് കൈപിടിച്ചു നടത്തിയ ഫോട്ടോഗ്രാഫറായ ഗില്‍ബര്‍ട്ടിന്റെയും സമാനതകളില്ലാത്ത പ്രണയത്തെ, വംശവിദ്വേഷത്തിന്റെയും മതസ്പര്‍ദ്ധയുടെയും നടപ്പുകാലസങ്കീര്‍ണ്ണതകളിലൂടെ അനുഭവിപ്പിക്കുന്ന രചന. എക്കാലത്തെയും കൊടിയ അപമാനവും പേടിസ്വപ്നവും വംശീയവെറിയുടെ ഒരിക്കലുമുണങ്ങാത്ത മുറിവടയാളവുമായ ഔഷ്വിറ്റ്‌സിലെ ജൂതക്കൂട്ടക്കൊലയുടെ
പൈശാചികത നിറഞ്ഞ ഓര്‍മ്മകളെ മനുഷ്യസ്‌നേഹംകൊണ്ട് മറികടക്കുന്ന അത്യപൂര്‍വ്വമായ പ്രണയകഥ. ഫര്‍സാനയുടെ ആദ്യനോവല്‍. ‘എല്‍മ’. മാതൃഭൂമി ബുക്സ്. വില 370 രൂപ.
◾2022 ഓഗസ്റ്റ് മാസത്തിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ മികച്ച പ്രകടനവുമായി ടിവിഎസ് മോട്ടോര്‍ കമ്പനി. 2022 ഓഗസ്റ്റില്‍ ടിവിഎസിന്റെ വില്‍പ്പന 15 ശതമാനം വര്‍ധിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 2021 ഓഗസ്റ്റില്‍, ബ്രാന്‍ഡ് 274,313 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ചു. ഇത് 2022 ഓഗസ്റ്റില്‍ 315,539 യൂണിറ്റായി ഉയര്‍ന്നു. കൂടാതെ, ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന 33 ശതമാനം വര്‍ദ്ധിച്ചു. 2021 ഓഗസ്റ്റില്‍ രാജ്യത്തുടനീളം 179,999 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചിരുന്നു എങ്കില്‍ 2022 ഓഗസ്റ്റില്‍ 239,325 യൂണിറ്റായി വര്‍ധിച്ചു. ഇരുചക്രവാഹന വിഭാഗത്തില്‍ ടിവിഎസിന്റെ മോട്ടോര്‍സൈക്കിള്‍ 7813 യൂണിറ്റില്‍ നിന്ന് 137 ശതമാനം വളര്‍ച്ച കൈവരിച്ചു. 2021 ഓഗസ്റ്റില്‍ 157,118 യൂണിറ്റായി 2022 ഓഗസ്റ്റില്‍ വിറ്റു. 2021 ഓഗസ്റ്റില്‍ വിറ്റ സ്‌കൂട്ടറുകള്‍ 87,059 യൂണിറ്റായിരുന്നു, ഈ വര്‍ഷം 40 ശതമാനം വില്‍പ്പന വര്‍ദ്ധനയോടെ 121,866 യൂണിറ്റില്‍ എത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ആര്‍ത്തവസമയത്തു സ്തനങ്ങളില്‍ നേരിയ തോതിലുള്ള വേദന കാണുന്നതു സാധാരണമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രത്യേകിച്ചും ചെറുപ്പക്കാരികളില്‍. ആര്‍ത്തവ സമയത്തു ശരീരത്തിലെ ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ എന്നീ ഹോര്‍മോണുകളുടെ നിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലമാണ് ഇങ്ങനെ ഉണ്ടാകുന്നത്. ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായി ശരീരത്തില്‍ പല ഭാഗത്തും നീര്‍ക്കെട്ട് അഥവാ ഇന്‍ഫ്ലമേഷന്‍ ഉണ്ടാകും. ആ ഭാഗത്തു വേദനയായി അനുഭവപ്പെടാം. സാധാരണ നിലയിലുള്ള ഇത്തരം വേദനകള്‍ക്കു പ്രത്യേകിച്ചു ചികിത്സയോ മരുന്നുകളോ ആവശ്യം വരാറില്ല. ഭക്ഷണത്തില്‍ ഉപ്പു കുറയ്ക്കല്‍, കഫീന്‍ അടങ്ങിയ ഭക്ഷണം കുറയ്ക്കല്‍ എന്നിവ പ്രശ്നം ലഘൂകരിക്കാന്‍ സഹായിച്ചേക്കും. അതുപോലെ വേണ്ടത്ര വെള്ളം കുടിക്കുന്നതും പഴങ്ങളും പച്ചക്കറികളും വേണ്ടത്രയുള്ള സമീകൃതമായ ആഹാരം ശീലിക്കുന്നതും ആശ്വാസം നല്‍കും. മാസമുറ സമയത്തല്ലാതെ കാണുന്ന സ്തനത്തിലെ വേദനകളെ കൂടുതല്‍ ഗൗരവത്തോടെ കാണണം. അവ പ്രത്യേകിച്ചും മധ്യവസ്സിലെത്തിയ സ്ത്രീകളിലാണു കൂടുതലും കാണുക. മുഴയോ തടിപ്പോ, സിസ്റ്റുകളോ ഈ വേദനയ്ക്കു കാരണമാകുന്നുണ്ടോ എന്നറിയാന്‍ ചിലപ്പോള്‍ സ്‌കാനിങ് നടത്തേണ്ടി വരാം. വാരിയെല്ലു സന്ധിയിലുണ്ടാകുന്ന നീര്‍ക്കെട്ട്, സ്തനത്തിനേല്‍ക്കുന്ന പരുക്കുകള്‍, പേശീവലിവു തുടങ്ങിയ വിവിധ കാരണങ്ങള്‍ കൊണ്ടും വേദന വരാം. മുലയൂട്ടുന്നവരില്‍ ചിലപ്പോള്‍ സ്തനത്തില്‍ അണുബാധയുണ്ടായും വേദന വരാം. കാന്‍സര്‍ പോലുള്ള അവസ്ഥകളിലും വേദന ഉണ്ടാകാം. എന്നാല്‍ ആര്‍ത്തവ സമയത്തു മാത്രം കാണുന്ന വേദനയെ പൊതുവേ പേടിക്കേണ്ടതില്ല. വേദന കൂടുതലായി തോന്നിയാല്‍ പാരസെറ്റമോള്‍ പോലുള്ള വേദനസംഹാരികള്‍ താല്‍ക്കാലികമായി ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
*ശുഭദിനം*
*കവിത കണ്ണന്‍*
വൈകുന്നേരമാണ് അച്ഛനും അമ്മയും ജോലി കഴിഞ്ഞ് എത്തുക. അവരെ കാത്ത് എന്നും അവന്‍ വീട്ടുമുററത്ത് തന്നെ ഉണ്ടാകും. വീട്ടിലെത്തിയാല്‍ അമ്മ അടുക്കളയിലേക്ക് കയറും. അച്ഛനും അവനും പച്ചക്കറിതോട്ടത്തിലും പൂന്തോട്ടത്തിലും സമയം ചെലവഴിക്കും. ഒരു ദിവസം അത്താഴത്തിന് അമ്മ വെച്ച മീന്‍ കുറച്ച് കരിഞ്ഞുപോയി. അത്താഴം കഴിക്കുമ്പോള്‍ ക്ഷമാപണം പോലെ അമ്മ അത് അച്ഛനോട് പറയുകയും ചെയ്തു. അച്ഛന്‍ പറഞ്ഞു: അല്ലെങ്കിലും ഈ മീന്‍ ഇത്തിരി കരിയുന്നതാണ് രുചി. രാത്രി കിടക്കാന്‍ നേരം മകന്‍ അച്ഛനോട് ചോദിച്ചു: അച്ഛന് കരിഞ്ഞ മീനാണോ ഇഷ്ടം? കാര്യം മനസ്സിലായ അച്ഛന്‍ പറഞ്ഞു: എനിക്ക് കരിഞ്ഞ മീന്‍ ഇഷ്ടമല്ല. പക്ഷേ, മീനിന്റെ രുചിയേക്കാള്‍ എനിക്ക് പ്രധാനം നിന്റെ അമ്മയുടെ കഠിനാധ്വാനമാണ്. അതിനെ അവഹേളിക്കാന്‍ പാടില്ല… പൂര്‍ണ്ണതയുടെ പിറകെ സഞ്ചരിക്കുന്ന ആരും ജീവിതത്തിന്റെ യഥാര്‍ത്ഥ രൂചിയോ ഗന്ധമോ അറിഞ്ഞിട്ടില്ല. അപൂര്‍ണ്ണതയുടെ മനോഹാരിത കൂടി അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് എങ്ങനെ പൂര്‍ണ്ണതയെ എത്തിപ്പിടിക്കാനാകും. കുറവുകളിലേക്ക് ശ്രദ്ധതിരിഞ്ഞാല്‍ പിന്നെ ആരുടേയും നന്മകള്‍ കാണില്ല. അപരന്റെ പോരായ്മകളുടെ ഗുണനപട്ടികയുമായിട്ടായിരിക്കും പിന്നീടുള്ള എല്ലാ സഞ്ചാരങ്ങളും. കുറവുകള്‍ നിരത്തി മത്സരിക്കാന്‍ തുടങ്ങിയാല്‍ ആര്‍ക്കും ആരേയും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. പരസ്പരം ചെളിവാരിയെറിഞ്ഞ് കൂടുതല്‍ വൃത്തികേടാവുകയേ ഉള്ളൂ. മറ്റുള്ളവരിലെ നന്മകള്‍ കണ്ടെത്താന്‍ കുറച്ച് കൂടുതല്‍ അധ്വാനം ആവശ്യമായ പ്രക്രിയയാണ്. എത്ര എതിര്‍പ്പുള്ളവരുടേയും നന്മകള്‍ കണ്ടെത്താന്‍ സാധിക്കുന്ന ദിവസം, ഓരോ ചെറിയ കാര്യത്തിനുപോലും അഭിനന്ദനം നല്‍കാന്‍ കഴിയുന്ന ദിവസം, പത്തുപേരോടെങ്കിലും മറ്റുള്ളവരെക്കുറിച്ച് നല്ലത് പറയുന്ന ഒരു ദിവസം… ഒന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ… എത്ര സുന്ദരവും ശ്രേഷ്ഠവും ആയിരിക്കും ആ ദിവസങ്ങള്‍… ആ ദിവസങ്ങള്‍ നമുക്കും സ്വന്തമാക്കാനാകട്ടെ – ശുഭദിനം.