web cover 80

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാന്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ ഹാജരാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരോ സെക്രട്ടറിയോ എത്തണമെന്ന് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്കു കത്തയക്കുകയും രാജ്ഭവനില്‍ തിങ്കളാഴ്ച എത്തിയ ചീഫ് സെക്രട്ടറിയോട് നേരില്‍ ആവശ്യപ്പെടുകയും ചെയ്തു. ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വകലാശാല നിയമഭേഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ ഇന്ന് ഉത്തരേന്ത്യയിലേക്കു പോകും. ഒക്ടോബര്‍ ആദ്യവാരത്തിലേ തിരിച്ചെത്തൂ.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍ സര്‍വകലാശാലക്ക് അടിയന്തര നിര്‍ദേശം നല്‍കി. വിസി നിയമനത്തിന് യുജിസിയുടേയും ഗവര്‍ണറുടേയും പ്രതിനിധികളെ ഉള്‍പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സര്‍വകലാശാല ഭേദഗതി നിയമത്തില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ പഴയ വ്യവസ്ഥയനുസരിച്ച് സെലക്ഷന്‍ നടത്താനാണു ഗവര്‍ണറുടെ നീക്കം.

രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം വിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ ഉപാധികള്‍വച്ച് അശോക് ഗലോട്ട്. അദ്ദേഹം ഇന്നു സോണിയാഗാന്ധിയേയും കൊച്ചിയിലെത്തി രാഹുല്‍ഗാന്ധിയേയും കാണും. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുന്നതു തടയാനാണു ഗെലോട്ടിന്റെ നീക്കം. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കാന്‍ ശശി തരൂരും തയാറായിട്ടുണ്ട്. രാഹുല്‍ ഗാന്ധി മല്‍സരിക്കുമോയെന്ന് അദ്ദേഹംതന്നെ തീരുമാനിക്കുമെന്ന് സോണിയയുമായി കൂടിക്കാഴ്ച നടത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ നാളെ രാത്രിയോടെ ഡല്‍ഹിക്കു പോകാനുള്ള തീരുമാനം മാറ്റി.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയില്‍. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന ദേശീയപാതയില്‍ ഗതാഗത നിയന്ത്രണമുണ്ട്. ഇന്നു രാവിലെ ആറരയ്ക്കു കുമ്പളം ടോള്‍ പ്ലാസയില്‍ നിന്നാണ് യാത്ര തുടങ്ങുക. പത്തുമണിയോടെ ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളി പരിസരത്ത് അവസാനിപ്പിക്കും.

ഭാരത് ജോഡോ യാത്ര ഗതാഗത തടസമുണ്ടാക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. റോഡിന്റെ ഒരുഭാഗത്തുകൂടി മാത്രം യാത്ര നടത്തുകയും മറുഭാഗം ഗതാഗതത്തിനായി തുറന്നു കൊടുക്കുകയും വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ യാത്രയ്ക്കായി വഴി തടയുന്നില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഡിജിപിയുടെ അനുമതിയുണ്ട്. പോലീസ് ബദല്‍ ഗതാഗത സംവിധാനം ഒരുക്കിയിട്ടുണ്ട്. രാവിലെയും വൈകീട്ടും രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് യാത്ര. കൊടിക്കുന്നില്‍ പറഞ്ഞു.

കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് അഭിഭാഷകര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. കരുനാഗപ്പള്ളി സിഐ ഗോപകുമാര്‍ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് സമരം പിന്‍വലിച്ചത്. നിയമ മന്ത്രി പി. രാജീവുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ബാര്‍ കൗണ്‍സിലിന്റെ തീരുമാനം. കൊല്ലം ബാറിലെ അഭിഭാഷകനായ ജയകുമാറിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബാര്‍ കൗണ്‍സില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരത്തിലായിരുന്നു.

*

class="selectable-text copyable-text nbipi2bn">ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരം കാട്ടാക്കടയില്‍ ബസ് കണ്‍സഷന്‍ കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. സംഭവത്തില്‍ നാലു പേരെ സസ്പെന്‍ഡു ചെയ്തു. അഞ്ചു പേര്‍ക്കെതിരേ കേസെടുത്തു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കടയിലെ ഗാര്‍ഡ് എസ്.ആര്‍. സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി. മിലന്‍ ഡോറിച്ച് എന്നിവരെയാണു സസ്പെന്‍ഡു ചെയ്തത്. പരീക്ഷയ്ക്കു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു കണ്‍സഷന്‍ സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് മകളുടെ മുന്നില്‍ അച്ഛനെ മര്‍ദിച്ചത്.

വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനം നൊന്ത് കോളജ് വിദ്യാര്‍ത്ഥിനി കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമി (18) തൂങ്ങിമരിച്ചു. ജപ്തി നോട്ടീസ് പതിച്ച കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് ഇന്ന് വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. നാലുവര്‍ഷം മുമ്പ് വീടു പണിക്ക് അഭിരാമിയുടെ അച്ഛന്‍ അജികുമാര്‍ പതിനൊന്നര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കൊവിഡിനിടെ ജോലി പോയതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാര്‍ച്ചില്‍ ഒന്നരലക്ഷം രൂപ അടച്ചു. ബാക്കി തുകയ്ക്കായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നോട്ടീസ് പതിപ്പിച്ചു. കോളജില്‍ നിന്നെത്തിയ അഭിരാമി നോട്ടീസ് കണ്ട് മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു.

യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പനെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ ലക്നോ സര്‍വകലാശാല മുന്‍ വിസിയും സാമൂഹ്യ പ്രവര്‍ത്തകയുമായ രൂപ് രേഖ വര്‍മയും ലക്നോ സ്വദേശിയായ റിയാസുദ്ദീനും. സ്വന്തം കാറാണ് രൂപ് രേഖ വര്‍മ ജാമ്യമായി നല്‍കിയത്. യുപി സ്വദേശികളായ ജാമ്യക്കാരെ കിട്ടാത്തതിനാല്‍ നടപടികള്‍ വൈകുകയാണെന്നറിഞ്ഞാണ് രൂപ് രേഖ വര്‍മ ഇതിന് തയാറായത്. പരിശോധന പൂര്‍ത്തിയാകുന്നതോടെ യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം കിട്ടും. എന്നാല്‍ ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാനാകൂ.

ഓര്‍ത്തഡോക്സ് – യാക്കോബായ സഭ തര്‍ക്കം പരിഹാരിക്കാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേരും. ഓര്‍ത്തഡോക്സ്, യാക്കോബായ സഭ പ്രതിനിധികള്‍ക്ക് പുറമേ അഡ്വക്കേറ്റ് ജനറല്‍, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവരും രാവിലെ പത്തിനുള്ള യോഗത്തില്‍ പങ്കെടുക്കും.

സാക്ഷരതയില്‍ കൈവരിച്ച നേട്ടം ഉന്നത വിദ്യാഭ്യാസത്തില്‍ കൈവരിക്കാന്‍ കേരളത്തിനു കഴിഞ്ഞില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. സെറ്റ് പരീക്ഷയ്ക്കു സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ക്കെതിരെ എന്‍എസ്എസ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണംം. വ്യത്യസ്ത വിഭാഗങ്ങളിലുള്ളവര്‍ക്ക് പരീക്ഷ പാസാക്കാന്‍ വ്യത്യസ്ത മാര്‍ക്ക് നിശ്ചയിച്ചതിനെതിരെയാണ് എന്‍എസ്എസ് ഹര്‍ജി.

സോളാര്‍ കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ ബിജെപി നേതാവ് അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സിബിഐ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. 2013 ല്‍ മാസ്‌കറ്റ് ഹോട്ടലില്‍ പീഡിപ്പിച്ചെന്നാണ് പരാതി.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പ്രതിയായുള്ള എസ്എന്‍സി ലാവ്ലിന്‍ കേസ് വീണ്ടും മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിനു സിറ്റിംഗ് നടത്താനായില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതു തുടര്‍ന്നതിനാലാണ് കേസ് മാറ്റിവച്ചത്.

ഇന്നു ശ്രീനാരായണ ഗുരു സമാധിദിനം. ബാങ്കുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും അവധി. മദ്യശാലകളും ബാറുകളും തുറക്കില്ല.

പൊലീസിന്റെ രഹസ്യ രേഖ സ്വര്‍ണക്കടത്ത് പ്രതി ചോര്‍ത്തിയ സംഭവം അന്വേഷിക്കണമെന്ന് ഹൈക്കോടതി. മലപ്പുറം സ്വദേശി ഫസലു റഹ്‌മാനെതിരെ കൊഫെപോസ പ്രകാരം നടപടി എടുക്കാന്‍ നിര്‍ദേശിച്ചുള്ള വിവരമാണ് പൊലീസില്‍ നിന്ന് ചോര്‍ന്നത്. കേന്ദ്ര ഇക്കണോമിക്സ് ഇന്റലിജന്‍സ് ബ്യൂറോ ഡിജിപിക്ക് നല്‍കിയ രഹസ്യ രേഖയാണു മലപ്പുറത്തുനിന്ന് ചോര്‍ത്തിയത്.

വ്യാജ ബില്ലുകളുമുണ്ടാക്കി 80 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഇരുപത്തെട്ടുകാരനെ ജി എസ് ടി വകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം കോലൊളമ്പദേശം സ്വദേശി രാഹുലാണ് പിടിയിലായത്. കൊട്ടടയ്ക്കയുടെ വ്യാജ കച്ചവടത്തിന്റെ മറവില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

എല്‍ഡിഎഫ് ഭരിക്കുന്ന തൃശൂര്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരും കള്ളുഷാപ്പില്‍. കള്ളുകുടി സല്‍ക്കാരത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍. ഇന്നലെ നടന്ന പഞ്ചായത്ത് യോഗത്തില്‍ ബഹളംവച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപോയി. ബിജെപി പ്രവര്‍ത്തകര്‍ കാട്ടൂര്‍ പഞ്ചായത്ത് ഓഫിസിലേക്കു മാര്‍ച്ചു നടത്തി. ഫോട്ടോ പ്രചരിപ്പിക്കുന്നതിനെതിരേ പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആലപ്പുഴ എണ്ണക്കാട് നെടിയത്ത് കിഴക്കേതില്‍ സുധന്റെ മകന്‍ നന്ദുവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കായംകുളം സ്വദേശി ആഷിഖ്, രജിത്ത്, ചെങ്ങന്നൂര്‍ സ്വദേശി അരുണ്‍ വിക്രമന്‍, മാവേലിക്കര സ്വദേശി ഉമേഷ് എന്നിവരാണ് അറസ്റ്റിലായത്.

കോടതിയില്‍നിന്ന് കൊണ്ടുപോകുകയായിരുന്ന പ്രതിയെ പൊലീസുകാര്‍ മര്‍ദിച്ചെന്നാരോപിച്ച് കാഞ്ഞിരപ്പളളി കോടതിക്കു മുന്നില്‍ അഭിഭാഷകരുടെ പ്രതിഷേധം. കൊല്ലത്ത് അഭിഭാഷകന് പൊലീസ് മര്‍ദ്ദനമേറ്റതില്‍ സംസ്ഥാന വ്യാപകമായി കോടതികള്‍ ബഹിഷ്‌കരിച്ചു അഭിഭാഷകര്‍ പ്രതിഷേധിച്ചതിന് ഇടയിലാണ് സംഭവം. പ്രതിയായ ഇടുക്കി തങ്കമണി സ്വദേശിയായ സുഭാഷിനെ പോലീസ് മര്‍ദിച്ചെന്നാണ് ആരോപണം.

സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രവാചക നിന്ദ നടത്തിയ സംഭവത്തില്‍ ഇടുക്കി അടിമാലി 200 ഏക്കര്‍ സ്വദേശിയായ യുവാവിനെ റിമാന്‍ഡ് ചെയ്തു. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ കിഴക്കേക്കര വീട്ടില്‍ ജോഷി തോമസിനെയാണ് (39) അടിമാലി പോലീസ് അറസ്റ്റു ചെയ്തത്.

ഇടുക്കി കട്ടപ്പനയില്‍ കഴിഞ്ഞ മാസം ആനക്കൊമ്പ് പിടികൂടിയ സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളിലൊരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശി തിരുവേലിയ്ക്കല്‍ ജിതേഷാണ് പിടിയിലായത്. രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്.

പാലക്കാട് ആനക്കര കൂടല്ലൂരില്‍ മധ്യവയസ്‌കയെ വീടിനകത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചീരാത്ത് ചോലയില്‍ കമലാക്ഷിയാണ് (50) മരിച്ചത്.

ബൈക്കിലെത്തി വയോധികയുടെ മാല പറിച്ച രണ്ടു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ചിറയന്‍കീഴ് കീഴാറ്റിങ്കല്‍ ചരുവിള വീട്ടില്‍ അക്ബര്‍ഷാ(45), താമരക്കുളം റംസാന്‍ മന്‍സില്‍ സജേഖാന്‍ എന്ന സഞ്ജയ് ഖാന്‍ (38) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്. കൊണ്ടോട്ടി വിഎച്ച്എസ്സിയിലെ അമ്പതോളം വിദ്യാര്‍ത്ഥികളാണ് ഏറ്റുമുട്ടിയത്.

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ തിരുവോണനാളില്‍ ബിയര്‍ കുടിപ്പിച്ചെന്ന പരാതിയില്‍ ഇളയച്ഛന്‍ തൊഴുക്കല്‍ സ്വദേശിയായ മനുവിനെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളുടെ പരാതിയിലാണ് കേസ്. കുട്ടിയുടെ അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്.

തൃശൂര്‍ കേച്ചേരി കൂമ്പുഴയില്‍ യുവതിയുടെയും നാല് വയസുള്ള കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. ചിറനെല്ലൂര്‍ പുതുവീട്ടില്‍ ഹസ്ന, മകന്‍ റൊണാഖ് ജഹാന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ട് പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു. സ്‌കൂള്‍ പാചകക്കാരിയായ പാലക്കാട് പുഞ്ചപ്പാടം എയുപി സ്‌കൂളിലെ പാചകത്തൊഴിലാളി തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്.

തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നു പേര്‍ കര്‍ണാടകയിലെ ഷിമോഗയില്‍ അറസ്റ്റിലായി. ഷരീഖ്, മാസീ, സയിദ് യാസിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടെന്നു പൊലീസ് പറയുന്നു.

ചണ്ഡീഗഡ് സര്‍വകലാശാല വനിതാ ഹോസ്റ്റലിലെ നഗ്ന വീഡിയോ കേസില്‍ മറ്റു പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയയാളെകൂടി പ്രതിയാക്കും. അറസ്റ്റിലായ രണ്ടു യുവാക്കളും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ ദൃശ്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. അറസ്റ്റിലായ പെണ്‍കുട്ടിയുടെ 12 വീഡിയോകള്‍ കൂടി അന്വേഷണ സംഘം കണ്ടെത്തി.

വ്യാജമദ്യവില്‍പന പൊലീസില്‍ അറിയിച്ച യുവ കൗണ്‍സിലറെ മദ്യവില്‍പനക്കാരി തലയറുത്തു കൊന്നു. തമിഴ്നാട്ടില്‍ നടുവീരപ്പട്ടിലെ മുപ്പതുകാരനായ ഡിഎംകെ കൗണ്‍സിലര്‍ എം.സി സതീഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസില്‍ ലോകേശ്വരി ഏലിയാസ് എസ്തര്‍ (45) എന്ന സ്ത്രീയെ പോലീസ് തെരയുന്നു.

പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ റോബര്‍ട്ട് വദ്ര ദുബായില്‍ തങ്ങിയതിനുള്ള വിശദീകരണം ഡല്‍ഹി കോടതി തള്ളി. ആരോഗ്യപരമായ കാരണങ്ങളെതുടര്‍ന്നാണ് അടിയന്തരമായി ദുബായില്‍ തങ്ങിയെന്നാണ് വദ്ര വിശദീകരിച്ചത്. എന്നാല്‍ യാത്രവിവരങ്ങള്‍ പരിശോധിച്ച കോടതി ദുബായിയില്‍ തങ്ങാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നതായാണു നിരീക്ഷിച്ചത്.

കാര്യവട്ടത്ത് 28 നു നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിനുള്ള 13,567 ടിക്കറ്റുകള്‍ വിറ്റു. 1,500 രൂപയാണ് അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപ. പവിലിയന് 2,750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6,000 രൂപയുമാണ് നിരക്ക്.

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ പരാജയം. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ മറികടന്നു. മുപ്പത് പന്തില്‍ 71 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടേയും 55 റണ്‍സെടുത്ത രാഹുലിന്റേയും 46 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. എന്നാല്‍ 30 പന്തില്‍ 61 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനിന്റേയും മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് ജയമൊരുക്കിയത്.

കര്‍ഷകര്‍ക്ക് ഉടനടി വായ്പ ലഭ്യമാക്കുന്ന ഇന്‍സ്റ്റന്റ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രകിയ ഡിജിറ്റല്‍ ആക്കുന്ന പദ്ധതിക്ക് ഫെഡറല്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും തുടക്കം കുറിച്ചു. നേരിട്ട് ബാങ്ക് ശാഖ സന്ദര്‍ശിക്കുക, ഭൂമിയുടെ ഉടമസ്ഥാവകാശവും മറ്റ് രേഖകളും സമര്‍പ്പിക്കല്‍, കെസിസി ലഭിക്കുന്നതിനുള്ള ദീര്‍ഘമായ കാലയളവ് തുടങ്ങി കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശപ്രകാരം റിസര്‍വ് ബാങ്ക് ഇന്നവേഷന്‍ ഹബ്ബുമായി സഹകരിച്ചാണ് ബാങ്കുകള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഡിജിറ്റല്‍വല്‍ക്കരണം നടപ്പാക്കുന്നത്. യൂണിയന്‍ ബാങ്ക് മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലും ഫെഡറല്‍ ബാങ്ക് തമിഴ്നാട്ടിലുമാണ് പൈലറ്റ് പദ്ധതി തുടങ്ങിയത്. ബ്രാഞ്ച് സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. രേഖ സമര്‍പ്പിക്കേണ്ടതില്ല. കൃഷിഭൂമി പരിശോധന ഓണ്‍ലൈനായി നടത്തും. 2 മണിക്കൂറിനുള്ളില്‍ മുഴുവന്‍ അനുമതിയും വിതരണവും പൂര്‍ത്തിയാകുമെന്നും അറിയിച്ചു.

ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച നാഷനല്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് അഥവാ ‘ബാഡ് ബാങ്ക്’ ഒക്ടോബര്‍ 31ന് മുന്‍പായി വിവിധ ബാങ്കുകളില്‍ നിന്ന് 39,921 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി ഏറ്റെടുക്കും. രണ്ടുഘട്ടമായി 18 വായ്പാ അക്കൗണ്ടുകളാണ് ഏറ്റെടുക്കുന്നത്. ജയ്പീ ഇന്‍ഫ്രാസ്ട്രക്ചര്‍, മീനാക്ഷി എനര്‍ജി, മിത്തല്‍ കോര്‍പറേഷന്‍ അടക്കമുള്ള കമ്പനികളുടേതാണ് ആദ്യഘട്ടം. കോസ്റ്റല്‍ എനര്‍ജന്‍, റോള്‍ട്ട തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തില്‍. 2021 കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച ഈ സംവിധാനം ബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുത്തിട്ട്, പണയവസ്തുക്കള്‍ വിറ്റ് പണമീടാക്കും. ബാങ്കുകളുടെ മോശം ആസ്തി ഏറ്റെടുക്കുന്ന ബാങ്ക് എന്ന നിലയ്ക്കാണ് ഇതിന് ബാഡ് ബാങ്ക് എന്നു പേരു വീണത്.

ചിലമ്പരശന്റെ കരിയറിലെ ശ്രദ്ധേയ കഥാപാത്രമാണ് നിലവില്‍ തിയറ്ററുകളിലുള്ള ഗൌതം മേനോന്‍ ചിത്രം ‘വെന്തു തനിന്തതു കാടി’ലേത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മുത്തുവീരന്‍ എന്ന മുത്തുവിനെയാണ് ചിമ്പു അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മുത്തുവിന്റെ പ്രണയം ആവിഷ്‌കരിക്കുന്ന ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ഉന്ന നെനച്ചതും’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് താമരൈ ആണ്. എ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും സാര്‍ഥക് കല്യാണിയും ചേര്‍ന്നാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്ന ഒരു സാധാരണ മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് ഭാഗങ്ങള്‍ ഉള്ള ഫ്രാഞ്ചൈസിയായിട്ടാണ് ഗൌതം മേനോന്‍ വെന്തു തനിന്തതു കാട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദ് കിന്‍ഡ്ലിംഗ് എന്നു പേരിട്ടിരിക്കുന്ന ആദ്യ ഭാഗമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

95-ാമത് അക്കാദമി അവാര്‍ഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രം ഛെല്ലോ ഷോ ആണ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വരുന്ന ഓസ്‌കര്‍ പുരസ്‌കാരങ്ങളിലെ മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചിത്രം മത്സരിക്കുക. കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. എസ് എസ് രാജമൌലിയുടെ ആര്‍ആര്‍ആര്‍, വിവേക് അഗ്നിഹോത്രിയുടെ ദ് കശ്മീര്‍ ഫയല്‍സ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയാവാനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. പാന്‍ നളിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ഛെല്ലോ ഷോ. അവസാന സിനിമാ പ്രദര്‍ശനം എന്നാണ് ഈ പേരിന്റെ അര്‍ഥം. സംവിധായകന്റെ ആത്മകഥാംശമുള്ള ചിത്രം സമയ് എന്ന ഒന്‍പത് വയസുകാരന്‍ ആണ്‍കുട്ടിയുടെ സിനിമയുമായുള്ള ബന്ധത്തെക്കുറിച്ചാണ്. ഭവിന്‍ രബാരിയാണ് സമയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഭവേഷ് ശ്രീമലി, റിച്ച മീണ, ദീപന്‍ റാവല്‍, പരേഷ് മെഹ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവിയായ ബൊലേറോയുടെ വില 22,000 രൂപ വര്‍ധിപ്പിച്ചു. യഥാക്രമം 20,701 രൂപയും 22,000 രൂപയും വിലയുള്ള ബി4, ബി6 വേരിയന്റുകളില്‍ എസ്യുവി മോഡല്‍ ലൈനപ്പ് വരുന്നു. മഹീന്ദ്ര ബൊലേറോ നിയോ എന്‍4, എന്‍10, എന്‍10 (ഒ) എന്നിവയുടെ വില യഥാക്രമം 18,800 രൂപ, 21,007 രൂപ, 20,502 രൂപ എന്നിങ്ങനെ വാഹന നിര്‍മാതാക്കള്‍ വര്‍ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് ഏഴ്, ഒമ്പത് സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാക്കും. ഒപ്പം നാല് സീറ്റുകളും രോഗികളുടെ കിടക്കയും ഉള്ള ആംബുലന്‍സ് പതിപ്പും എത്തുന്നുണ്ട്. പി4, പി10 എന്നീ രണ്ട് വേരിയന്റുകളും ഉണ്ടാകും. ഇവയ്ക്ക് യഥാക്രമം 10 ലക്ഷം രൂപയും 12 ലക്ഷം രൂപയും വില പ്രതീക്ഷിക്കുന്നു.

ഈ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുമ്പോള്‍ അനുഭവചരിത്രം ജീവനുള്ള ഒരു യാഥാര്‍ത്ഥ്യമായി അനുഭവപ്പെടുന്നു. എത്രയെത്ര എഴുത്തുകാര്‍, ബുദ്ധിജീവികള്‍, അഭിനേതാക്കള്‍, ഗായകര്‍, കലാകാരന്മാര്‍, സഹൃദയര്‍… ആറു പതിറ്റാണ്ടായി സാംസ്‌കാരിക മാധ്യമരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഓര്‍മ്മകളുടെ ഭൂപടം നിവര്‍ത്തുമ്പോള്‍ അവരുടെയെല്ലാം ജീവിതത്തിലെ അറിയപ്പെടാത്ത ദൃശ്യങ്ങളാണ് മനസ്സിലേക്ക് കടന്നുവരുന്നത്. എല്ലാവരും അറിയുന്ന മമ്മൂട്ടി മുതല്‍ ആരും അറിയാത്ത മമ്മ വരെ ഇക്കൂട്ടത്തിലുണ്ട്. ‘ഓര്‍മ്മകളുടെ ഗാലറി’. ജമാല്‍ കൊച്ചങ്ങാടി. ടെല്‍ബ്രെയ്ന്‍ ബുക്സ്. വില 342 രൂപ.

വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ അല്ലെങ്കില്‍ അവ തകരാറിലാണോ? വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ ശരീരത്തില്‍ അനാവശ്യമായ ദ്രാവകം, ഇലക്ട്രോലൈറ്റുകള്‍, മാലിന്യങ്ങള്‍ എന്നിവയുടെ ശേഖരണം ഉണ്ടാകാം. വേദനസംഹാരി കഴിക്കുന്ന ശീലവും കിഡ്‌നിയ്ക്ക് ദോഷകരമാണ്. കോള പോലുള്ള കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ കിഡ്‌നി ആരോഗ്യത്തിന് ദോഷകരമാണ്. അമിതമായി ശരീരത്തില്‍ എത്തുന്ന ഉപ്പും കിഡ്‌നിയെ കേടുവരുത്തുന്ന ഒന്നാണ്. ഉറക്കക്കുറവ്, വെള്ളം കുടി കുറയുന്നത്, മഗ്നീഷ്യം, വൈറ്റമിന്‍ ബി 6 എന്നിവയുടെ കുറവ് എന്നിവയെല്ലാം കിഡ്‌നി ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.നിങ്ങള്‍ക്ക് ക്രോണിക് കിഡ്നി ഡിസീസ് ഉണ്ടെങ്കില്‍ പ്രകടമാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, മൂത്രമൊഴിക്കുന്നതില്‍ ബുദ്ധിമുട്ട്, പെട്ടെന്നുള്ള വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ അല്ലെങ്കില്‍ ഉറങ്ങുന്നതില്‍ പ്രശ്നം, പേശീവലിവ്, ഛര്‍ദ്ദി, കാലുകളില്‍ വീക്കം, ശരിയായി ശ്വസിക്കാന്‍ കഴിയാതെ വരിക. മൂത്രത്തിന്റെ നിറത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കിഡ്‌നി തകരാറിലെന്നതിന്റെ ലക്ഷണങ്ങള്‍ കൂടിയാകും. മൂത്രം ഒഴിയ്ക്കുന്നതിന്റെ അളവും തവണങ്ങളും കൂടുന്നതും കുറയുന്നതുമെല്ലാം, അതായത് പ്രത്യേകിച്ചു മറ്റു കാരണങ്ങളില്ലാതെ, കിഡ്‌നി തകരാറിലെന്നതിന്റെ സൂചനയുമാകാം. കിഡ്‌നി പ്രശ്‌നങ്ങള്‍ ശരീരത്തിലെത്തുന്ന ഓക്‌സിജന്‍ അളവു കുറയ്ക്കുന്നത് കൊണ്ടു തന്നെ തലചുറ്റലും കാര്യങ്ങളില്‍ ഏകാഗ്രതക്കുറവും തോന്നാം. ഛര്‍ദിയും മനംപിരട്ടലും അനുഭവപ്പെടുന്നതും കിഡ്‌നി തകരാറെങ്കില്‍ വരുന്ന ലക്ഷണങ്ങളില്‍ ചിലതാണ്. എപ്പോഴും ക്ഷീണവും ഉറക്കം തൂങ്ങലുമെല്ലാം കിഡ്‌നി പ്രശ്‌നങ്ങളുടെ മറ്റു സൂചനകളാണ്. പ്രത്യേകിച്ചു കാരണമില്ലാതെ ക്ഷീണം തോന്നുന്നതാണ് ഇതിന്റെ ഒരു ലക്ഷണം.

*ശുഭദിനം*

*കവിത കണ്ണന്‍*

അവന് കുഞ്ഞുനാളിലേ കഥകളെഴുതാന്‍ വലിയ ഇഷ്ടമായിരുന്നു. തന്റെ 12-ാം വയസ്സുമുതല്‍ അവന്‍ കഥകളെഴുതി വിവിധ മാസികകളിലേക്ക് അയക്കാന്‍ തുടങ്ങി. പക്ഷേ, ഓരോ തവണയും ചെറിയ ഒരു കുറിപ്പുമായി ആ കഥകള്‍ മടങ്ങിവരും. കഥ നല്ലതാണ് പക്ഷേ, കുറച്ച് കൂടി നന്നാക്കണം, അല്ലെങ്കില്‍ കഥ അടുത്തതവണ പ്രസിദ്ധീകരിക്കാം.. എന്നിങ്ങനെ കുറിപ്പുകളും അവനെ തിരിച്ച് തേടിയെത്തി. പക്ഷേ, അവന്‍ കഥയെഴുത്ത് തുടര്‍ന്നു. ഓരോ കഥ തിരിച്ചുവരുമ്പോഴും ഒരു കഥ വീണ്ടും അയക്കും.. അങ്ങനെ നീണ്ട 5 വര്‍ഷങ്ങള്‍ കടന്നുപോയി. അങ്ങനെ തന്റെ 18-ാമത്തെ വയസ്സില്‍ കോമിക്‌സ് റിവ്യൂ എന്ന മാഗസിനില്‍ അവന്റെ ആദ്യകഥ പുറത്ത് വന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ‘കിങ്ങ് ഓഫ് ഹൊറര്‍’ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട സ്റ്റീഫന്‍ എഡ്വിന്‍ കിങ്ങ്. അദ്ദേഹത്തിന്റെ പെന്‍ നെയിം ആയിരുന്നു റിച്ചാര്‍ഡ് ബച്ച്മാന്‍! എന്തെങ്കിലും ഒരു കാര്യം നടക്കില്ല എന്ന് പറഞ്ഞ് മാറ്റിവെക്കാന്‍ വളരെ എളുപ്പമാണ്. പക്ഷേ, ജീവിതത്തില്‍ ഒന്നും എളുപ്പമല്ല. ഓരോ ദിവസവും നാം പരിശ്രമിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു കാര്യം നാം തിരിച്ചറിയുന്നുണ്ട്. നമ്മളെക്കൊണ്ട് എത്രത്തോളം കഴിയും എന്ന്.. അതെ എനിക്ക് കഴിയില്ലഎന്ന് പറഞ്ഞ് ഒന്നും വിട്ടുകളയാതിരിക്കുക.. ഒന്നും വിട്ട് കൊടുക്കാതിരിക്കുക.. എന്തുകൊണ്ടെന്നാല്‍, മടുത്താലും മുമ്പോട്ട് പോകുന്നവരെകാത്ത് വിജയത്തിന്റെ പുഞ്ചിരി കാത്തിരിക്കുന്നുണ്ട്… – ശുഭദിനം.