◾കേരളത്തിലെ ഗതാഗതകുരുക്കിനു പരിഹാരം കാണാന്‍ കേന്ദ്ര സഹായം വേണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി മെട്രോയുടെ സര്‍വീസ് നീട്ടല്‍ അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടന വേദിയിലാണ് സഹായാഭ്യര്‍ത്ഥന. കെ റെയിലിനെ പരാമര്‍ശിക്കാതെയായിരുന്നു ചടങ്ങില്‍ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി സഹായം അഭ്യര്‍ഥിച്ചത്.
◾ബിജെപി സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളില്‍ വികസനത്തിന് ഇരട്ടക്കുതിപ്പാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലും ഇതു വേണ്ടതാണ്. നെടുമ്പാശേരിയില്‍ ബിജെപി നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ ഇരട്ട എന്‍ജിനുള്ള സര്‍ക്കാരാണ്. കോവിഡ് കാലത്ത് കേരളത്തിലെ ഒന്നര കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേരളത്തില്‍ രണ്ടു ലക്ഷം കുടുംബങ്ങള്‍ക്കു വീടു നല്‍കി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്പോലെ മത്സ്യത്തൊഴിലാളി മേഖലയിലും പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾കുറുപ്പന്തറ- ചിങ്ങവനം രണ്ടാം റെയില്‍പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കായംകുളം- എറണാകുളം എക്സ്പ്രസിന്റെ പ്രതിദിന സര്‍വീസും ഉദ്ഘാടനം ചെയ്തു. എറണാകുളത്തുനിന്ന് രാവിലെ 8.45 നു പുറപ്പെടുന്ന ട്രെയിന്‍ 11.40 ന് കായംകുളത്തെത്തും. ഉച്ചകഴിഞ്ഞു മൂന്നിനു കായംകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ 5.50 ന് എറണാകുളത്ത് എത്തും. കൊച്ചി മെട്രോയുടെ എസ്എന്‍ ജംഗ്ഷന്‍ മുതല്‍ വടക്കേകോട്ട വരെയുള്ള സര്‍വീസിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
◾ഷവര്‍മ വില്‍പനയ്ക്കു ലൈസന്‍സ് നിര്‍ബന്ധമാക്കി. ലൈസന്‍സില്ലാതെ കച്ചവടം നടത്തിയാല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയോ ആറു മാസം വരെ തടവോ ശിക്ഷ ലഭിക്കും. വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്യരുതെന്നും ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ബ്രെഡ് / കുബ്ബൂസ് / ഇറച്ചി എന്നിവയ്ക്ക് വാങ്ങിയ തീയതി അടക്കം രേഖപ്പെടുത്തിയ ലേബല്‍ വേണം. ചിക്കന്‍ 15 മിനിറ്റും ബീഫ് 30 മിനിറ്റും തുടര്‍ച്ചയായി വേവിക്കണം. അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം. മയനൈസ് രണ്ടു മണിക്കൂറിലധികം പുറത്തു സൂക്ഷിക്കരുത്.
◾വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസപ്പെടുത്തിയിട്ടില്ലെന്നും മൂന്നു മാസമായി ഒരു നിര്‍മാണപ്രവര്‍ത്തനവും നടക്കുന്നില്ലെന്നും സമരസമിതി. അദാനി ഗ്രൂപ്പ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു. തങ്ങള്‍ സമരവുമായി മുന്നോട്ടുപോകുമെന്നും സമരസമിതി കണ്‍വീനര്‍, രൂപതാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേരെ പറഞ്ഞു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഗൂഢാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. യുഡിഎഫ് അതിനൊപ്പം ചേരുകയാണ്. സമരത്തോടു സിപിഎമ്മിന് യോജിപ്പില്ല. ഇക്കാര്യം നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആയിരക്കണക്കിനു യുവാക്കള്‍ക്കു തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണിതെന്നും ഗോവിന്ദന്‍ പറഞ്ഞു.
◾വഖഫ് നിയമനങ്ങള്‍ പിഎസ്സിക്കു വിടാനുള്ള നിയമം ഇന്നലെ നിയമസഭ റദ്ദാക്കി. ഏകകകണ്ഠമായാണ് തീരുമാനമെടുത്തത്. മുസ്ലീം ലീഗ്, സമസ്ത അടക്കമള്ള സംഘടനകളുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് നിയമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്.
◾കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് 50 കോടി രൂപ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്നു ഭാഗം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 103 കോടി രൂപ അടിയന്തരമായി കെഎസ്ആര്‍ടിസിക്കു നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ഇന്നലെ സ്റ്റേ ചെയ്തിരുന്നു.
◾മാര്‍ക്കറ്റ്ഫെഡ് എംഡിയായി എസ്.കെ. സനിലിനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. നിയമനം ചട്ടപ്രകാരമല്ല. സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനെ എംഡിയായി നിയമിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
◾സ്ത്രീ ആയതുകൊണ്ട് ജില്ലാ സെക്രട്ടറിയാകാന്‍ കഴിഞ്ഞില്ലെന്നും സിപിഐയില്‍ പുരുഷാധിപത്യമാണെന്നും ആരോപിച്ച ഇ.എസ് ബിജിമോളുടെ വിമര്‍ശനത്തിനെതിരെ പ്രതികരണവുമായി നേതാക്കള്‍. ബിജിമോളുടെ വിമര്‍ശനം പാര്‍ട്ടി പരിശോധിക്കുമെന്ന് മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. വനിത ആയതുകൊണ്ടുമാത്രം ജില്ലാ സെക്രട്ടറി ആകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
◾സിപിഐ ജില്ലാ സമ്മേളനത്തിനിടെ തന്നെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമമുണ്ടായെന്ന് ഇ.എസ്. ബിജിമോള്‍. വ്യക്തിഹത്യ ചെയ്യാന്‍ ജില്ലാ നേതൃത്വം ശ്രമിച്ചു. ഒരു വനിത ജില്ലാ സെക്രട്ടറിയാകുക എന്ന ചരിത്രപരമാകേണ്ട തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചെന്നും ബിജിമോള്‍ ആരോപിച്ചു.
◾ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അരൂര്‍ പഞ്ചായത്ത് സെക്രട്ടറി മണിയപ്പന്‍ പിടിയിലായി. എരമല്ലൂരില്‍ കെട്ടിടത്തിനു നമ്പരിട്ടുകൊടുക്കാന്‍ കൈകൂലി വാങ്ങവേ വിജിലന്‍സ് പോലീസാണു പിടികൂടിയത്. നടുറോഡില്‍ നാട്ടുകാര്‍ക്കിടയിലാണ് ഇയാളെ കോഴപ്പണവുമായി പിടികൂടിയത്.
◾കൊല്ലം പത്തനാപുരത്ത് ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.എസ് വിനോദ് അറസ്റ്റില്‍. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ജൂലൈ 19 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
◾കമ്പിവടികൊണ്ട് അയല്‍വാസിയുടെ തലയ്ക്കടിച്ച ആരോഗ്യവകുപ്പു ജീവനക്കാരന്‍ വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബു തൂങ്ങിമരിച്ചു. കണ്ണൂര്‍ എടക്കാടുള്ള ബന്ധുവിന്റെ വീട്ടിലാണ് ഇയാള്‍ തൂങ്ങിമരിച്ചത്. ഭൂമിയിടപാടു തര്‍ക്കത്തെത്തുടര്‍ന്ന് ഓഗസ്റ്റ് പത്തിനാണ് സുരേഷ് ബാബു അയല്‍വാസിയെ കമ്പികൊണ്ട് തലയ്ക്കടിച്ചത്.
◾കാന്‍സര്‍ രോഗിയായ ഭര്‍ത്താവിന്റെ ചികിത്സാ ആനുകൂല്യങ്ങള്‍ക്കു റേഷന്‍ കാര്‍ഡുണ്ടാക്കാന്‍ അപേക്ഷയുമായി എത്തിയ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇടവ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ഗോപകുമാര്‍, ക്ലാര്‍ക്കുമാരായ വിനോദ്കുമാര്‍, സലീന എന്നിവര്‍ക്കെതിരേയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇടവ എകെജി നഗറിലെ എ. ബിനുമോള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
◾പാലക്കാട്ടെ ഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്(20) റോഷിത്(20) എന്നിവരെയാണ് പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ‘ഫിനിക്‌സ് കപ്പിള്‍’ കൊല്ലം സ്വദേശിനിയും എറണാകുളം കാക്കനാട്ടെ താമസക്കാരിയുമായ ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപ് (29), കോട്ടയം പാലാ സ്വദേശി ശരത് (24) എന്നിവരടക്കം ആറു പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
◾വ്യവസായിയെ ഹണി ട്രാപ്പില്‍ പെടുത്തിയ ഇന്‍സ്റ്റ താരദമ്പതികള്‍ അടങ്ങിയ സംഘം കൂടുതല്‍പേരെ തട്ടപ്പിനിരയാക്കിയിട്ടുണ്ടോയെന്നു പോലീസ് പരിശോധിക്കുന്നു. കേസിലെ സൂത്രധാരന്‍ പാലാ സ്വദേശി ശരത് മോഷണം, ഭവനഭേദനം അടക്കം പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണ്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
◾ഇസ്രായേലില്‍ ചിട്ടി നടത്തി പ്രവാസി മലയാളികളുടെ 50 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ തൃശൂരിലെ ദമ്പതികള്‍ക്കെതിരെ കേസ്. പരിയാരം സ്വദേശികളായ ലിജോ ജോര്‍ജ്, ഭാര്യ ഷൈനി എന്നിവര്‍ക്കെതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തത്. പെര്‍ഫെക്ട് കുറീസ് എന്ന പേരില്‍ ചിട്ടി നടത്തി കോടികള്‍ തട്ടിയെന്നാണു പരാതി.
◾തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വികസനത്തിന് 29 കോടി രൂപയുടെ ഭരണാനുമതി നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപകരണങ്ങള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, ബുക്കുകള്‍, ഇ ജേണല്‍ എന്നിവയ്ക്കായാണ് തുകയനുവദിച്ചത്.
◾തൃശൂര്‍ എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്തു മുറിച്ചു കെല്ലാന്‍ ശ്രമം. പ്രതി കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. പ്രണയ നൈരാശ്യം ആണ് ആക്രമണത്തിനു കാരണമെന്നു പോലീസ്. മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.
◾കൊല്ലത്ത് എംസി റോഡില്‍ കൊട്ടാരക്കര പനവേലിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറി മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ അഞ്ചല്‍ സ്വദേശി ഷിബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന വാളകം സ്വദേശികളായ ദമ്പതികളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണവുമായി യുവാവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ജിദ്ദയില്‍നിന്നു ബഹ്റൈന്‍ വഴി ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ മലപ്പുറം വെള്ളയൂര്‍ സ്വദേശിയില്‍നിന്നാണ് 1132.4 ഗ്രാം സ്വര്‍ണം പിടികൂടിയത്.
◾ഇന്നലെ ആരംഭിക്കാനിരുന്ന നീറ്റ് പിജി 2022 കൗണ്‍സലിംഗ് ഈ മാസം 19 ലേക്കു മാറ്റി. പുതിയ സീറ്റുകള്‍ ചേര്‍ക്കുന്നതിനായാണു കൗണ്‍സലിംഗ് മാറ്റിവച്ചത്.
◾രാജ്യത്തെ ജിഎസ്ടി കളക്ഷന്‍ 28 ശതമാനം ഉയര്‍ന്ന് 1.43 ലക്ഷം കോടി രൂപയായി. തുടര്‍ച്ചയായ ആറാം മാസമാണ് ജിഎസ്ടി 1.4 ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തുന്നത്.
◾ഡല്‍ഹി നിയമസഭയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിശ്വാസ പ്രമേയം പാസായി. സഭയിലുണ്ടായിരുന്ന 59 ആംആദ്മി പാര്‍ട്ടി എംഎല്‍എമാരും അനുകൂലമായി വോട്ട് ചെയ്തു. ഓപ്പറേഷന്‍ താമര പരാജയപ്പെട്ടെന്ന് തെളിഞ്ഞെന്ന് കെജ്രിവാള്‍ പറഞ്ഞു. അതേസമയം സഭയില്‍ ബഹളമുണ്ടാക്കിയതിനു സ്പീക്കര്‍ പുറത്താക്കിയ ബിജെപി എംഎല്‍എമാര്‍ നിയമസഭാ മന്ദിരത്തിനു മുന്നില്‍ പ്രതിഷേധിച്ചു.
◾ടീസ്റ്റ സെതല്‍വാദിനെ ഗുജറാത്ത് പോലീസ് രണ്ടു മാസം കസ്റ്റഡിയില്‍ വച്ചിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി. ജാമ്യത്തിനു തടസമാകുന്ന കുറ്റങ്ങളൊന്നും എഫ്ഐആറില്‍ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബഞ്ച് ടീസ്റ്റയുടെ ജാമ്യ ഹര്‍ജിയില്‍ ഇന്നും വാദം കേള്‍ക്കും. ഗുജറാത്ത് കലാപക്കേസില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രസ്താവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടീസ്റ്റയെ അറസ്റ്റു ചെയ്തത്.
◾മുഖ്യമന്ത്രി ഹേമന്ത് സോറന്റെ എംഎല്‍എ സ്ഥാനത്തിന് അയോഗ്യത പ്രഖ്യാപിക്കുമോയെന്ന് ആരാഞ്ഞും രാജ്ഭവനില്‍നിന്നു വിവരങ്ങള്‍ ചോരുന്നുവെന്ന് ആരോപിച്ചും ജാര്‍ക്കണ്ഡിലെ ഭരണപക്ഷ എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു. അനിശ്ചിതത്വം നീക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഗവര്‍ണര്‍ രമേഷ് ഭായിസിന് കത്തു നല്‍കി. ബിജെപി വിലയ്ക്കെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച് ഭരണപക്ഷ ജെഎംഎം, കോണ്‍ഗ്രസ് എംഎല്‍എമാരെ ഒന്നിച്ചു പാര്‍പ്പിച്ചുവരികയാണ്.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കര്‍ണാടകത്തിലെ ലിംഗായത്ത് സന്യാസി ശിവമൂര്‍ത്തി മുരുക ശരണാരുവിനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരേ കര്‍ണാടക പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ലിംഗായത്ത് മഠത്തിനു കീഴിലുള്ള ഹൈസ്‌കൂളിലെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസിന്റെ നടപടി.
◾അഞ്ചാം വിവാഹത്തിനിടെ നാലു ഭാര്യമാരും മക്കളും വേദിയിലെത്തി വിവാഹ തട്ടിപ്പുവീരനെ കൈകാര്യം ചെയ്തു. പിറകേ, പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ കോട്ട്വാലി സ്വദേശിയായ ഷാഫി മുഹമ്മദാണ് ഇങ്ങനെ കുടുങ്ങിയത്. നാലു ഭാര്യമാരും അവരിലുള്ള ഏഴ് മക്കളും വിവാഹപ്പന്തലില്‍ എത്തി തങ്ങള്‍ക്കു ചെലവിനുള്ള പണം തരുന്നില്ലെന്നതടക്കമുള്ള വിവരങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ഷാഫി മുഹമ്മദിനെ മര്‍ദിച്ചത്.
◾ഒമാനിലേക്കു മൂന്ന് ബോട്ടുകളിലായി നുഴഞ്ഞു കയറാന്‍ ശ്രമിച്ച 21 പേരെ കോസ്റ്റ് ഗാര്‍ഡ് പോലീസ് പിടികൂടി. ഇവര്‍ക്കെതിരേ നിയമനടപടി ആരംഭിച്ചതായി ഒമാന്‍ സര്‍ക്കാര്‍ അറിയിച്ചു.
◾ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരേ ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം നാലു പന്തും രണ്ട് വിക്കറ്റും ബാക്കി നില്‍ക്കെ ലങ്ക മറികടന്നു. ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ 37 പന്തില്‍ 60 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ്സ്‌കോറര്‍.
◾രാജ്യത്ത് യുപിഐ ഇടപാടുകളില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ജൂലൈയില്‍ 600 കോടി കടന്നിരുന്നു. ആറ് വര്‍ഷം മുന്‍പ് യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം ഏകദേശം 100 ശതമാനം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ ഇടപാട് തുകകള്‍ ഓഗസ്റ്റ് മാസത്തില്‍ 75 ശതമാനം വളര്‍ച്ചയും നേടി. ചെറിയ തുക മുതല്‍ വലിയ തുക വരെ യുപിഐ വഴി കൈമാറാന്‍ ഉപഭോക്താക്കള്‍ തയാറായതാണ് യുപിഐ ഇടപാടുകള്‍ കുത്തനെ കൂടാന്‍ കാരണമായത്. കടകളില്‍ ഏത് പ്ലാറ്റ്‌ഫോം ഉപയോഗിച്ചും ഇടപാടുകള്‍ നടത്താവുന്ന തരത്തില്‍ ക്യുആര്‍ കോഡുകള്‍ വെച്ചതും ഇടപാടുകള്‍ എളുപ്പമാക്കി. 2021 ഓഗസ്റ്റില്‍ 235 ബാങ്കുകളാണ് യുപിഐ പ്ലാറ്റ്‌ഫോമിലൂടെ സേവനം നല്‍കിയിരുന്നതെങ്കില്‍ 2022 ഓഗസ്റ്റില്‍ അത് 338 ബാങ്കുകളായി വര്‍ധിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിദിനം 100 കോടി ഇടപാടുകള്‍ നടത്തുക എന്നതാണ് യുപിഐയുടെ ലക്ഷ്യം.
◾രാജ്യാന്തര വിപണിയിലെ മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്സെറ്റ് ഗാലക്സി എ04 എസ് അവതരിപ്പിച്ചു. യൂറോപ്യന്‍ വെബ്‌സൈറ്റിലാണ് പുതിയ ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 50 മെഗാപിക്സല്‍ പ്രധാന സെന്‍സറുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് സ്മാര്‍ട് ഫോണിലുള്ളത്. എന്‍ട്രി ലെവല്‍ സ്മാര്‍ട് ഫോണ്‍ ഗാലക്‌സി എ03 എസിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. ഗാലക്‌സി എ04എസിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഒക്ടാ കോര്‍ പ്രോസസര്‍ ആണ് ഇതിലുള്ളത്. ലഭ്യമായ റിപ്പോര്‍ട്ട് അനുസരിച്ച് ഇത് എക്സിനോസ് 850 ആയിരിക്കാം. 5,000 എംഎഎച്ച് ആണ് ബാറ്ററി.
◾മികച്ച തിരഞ്ഞെടുപ്പുകളിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടിക്കൊണ്ടിരിക്കുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഈ വര്‍ഷം തെലുങ്കില്‍ നിന്നെത്തിയ സീതാരാമം ദുല്‍ഖറിന് മികച്ച നേട്ടമാണ് ഇതിനകം തന്നെ സമ്മാനിച്ചത്. ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ പിരീഡ് റൊമാന്റിക് ഡ്രാമ ചിത്രം തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിന്നു മാത്രം 75 കോടി ആഗോള ഗ്രോസ് നേടിയിരുന്നു. ഇപ്പോഴിതാ ഒരു മാസത്തിനിപ്പുറം ചിത്രത്തിന്റെ ഹിന്ദി പതിപ്പും തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ 2ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ഹിന്ദി ട്രെയ്ലറും അവതരിപ്പിച്ചു. ദുല്‍ഖറിന്റെ ബോളിവുഡിലെ മൂന്നാം ചിത്രമായ ഛുപ് സെപ്റ്റംബര്‍ 22ന് തിയറ്ററുകളിലെത്തുന്നുമുണ്ട്.
◾വിജയ് ദേവെരകൊണ്ട നായകനായി എത്തിയ ചിത്രം ‘ലൈഗറി’ന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നായിരുന്നു ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണിന്റെ സാന്നിദ്ധ്യം. അതിഥി വേഷത്തില്‍ ആയിരുന്നു ചിത്രത്തില്‍ മൈക്ക് ടൈസണ്‍ എത്തിയത്. അതിഥി വേഷത്തില്‍ ആയിരുന്നെങ്കിലും വന്‍ പ്രതിഫലമാണ് ചിത്രത്തിനായി വാങ്ങിച്ചതെന്ന് റിപ്പോര്‍ട്ട്. 25 കോടി രൂപയാണ് മൈക്ക് ടൈസണ്‍ പ്രതിഫലം വാങ്ങിച്ചതെന്നാണ് റിപ്പോര്‍ട്ട്. മൈക്ക് ടൈസണ്‍ ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രവുമായിരുന്നു ഇത്. പക്ഷേ മൈക്ക് ടൈസണിന്റെ സാന്നിദ്ധ്യം കൊണ്ടൊന്നും സിനിമയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വലിയ പരാജയമായി ചിത്രം മാറുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നിവടങ്ങളിലെ 90 ശതമാനം ഷോയും റദ്ദ് ചെയ്തിട്ടുണ്ട്. വിജയ് ദേവെരകൊണ്ടയുടെ തുടര്‍ച്ചയായ മൂന്നാം ചിത്രമാണ് ബോക്സ് ഓഫീസില്‍ പരാജയപ്പെടുന്നത്.
◾രാജ്യത്തെ പ്രമുഖ ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ഏഥര്‍ എനര്‍ജി 2022 ഓഗസ്റ്റില്‍ 6,410 യൂണിറ്റുകള്‍ വിറ്റഴിച്ചതായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് വര്‍ഷം 297 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി എന്നാണ് കണക്കുകള്‍. സംസ്ഥാനത്ത് 34 ശതമാനം വിപണി വിഹിതവുമായി കേരളത്തിലെ മുന്‍നിര ഇവി നിര്‍മ്മാതാക്കളുടെ സ്ഥാനം നിലനിര്‍ത്തിയതായും കമ്പനി വ്യക്തമാക്കി. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് രേഖപ്പെടുത്തിയത്. ഇവി ചാര്‍ജിംഗ് ഗ്രിഡുകള്‍ക്കായി ഏഥര്‍ എനര്‍ജിയും മജന്തയും കൈകോര്‍ക്കുന്നു. 1.39 ലക്ഷം രൂപ ദില്ലി എക്സ്-ഷോറൂം പ്രാരംഭ വിലയിലാണ് ഇത് അവതരിപ്പിച്ചത്. 1.17 ലക്ഷം രൂപ (എക്സ്-ഷോറൂം, ദില്ലി) വിലയുള്ളആതര്‍ 450എക്സ് പ്ലസ് ജെന്‍ 3 സ്‌കൂട്ടറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
◾മനോഹരമായി ഭാഷയിലേക്കും ഭാവനയിലേക്കും ഉള്‍ച്ചേര്‍ക്കുന്ന കഥാകൃത്താണ് ശ്രീകണ്ഠന്‍ കരിക്കകം. അനന്തരം, ക്രിസ്മസ് മരത്തിലെ മിഠായി, ചുംബനാനന്തരം, ദൈവസങ്കടം, എന്റെ കാമുകി, സ്വച്ഛഭവനം, വൈരുദ്ധ്യാത്മികം ഭൗതികം, വരത്തി, വയല്‍, വീട്ടിലേക്കുള്ള വഴികള്‍ തുടങ്ങി ശ്രദ്ധേയമായ പത്ത് കഥകള്‍. ‘ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍’. ‘സ്വച്ഛഭവനം’. ഒലീവ് പബ്ളിക്കേഷന്‍സ്. വില 142 രൂപ.
◾ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കഴിയുന്നതും രാവിലെ തന്നെ ഇത് കഴിക്കുന്നതാണ് ഉചിതം. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ നേര്‍പ്പിച്ച് ആണ് കഴിക്കേണ്ടത്. ഒരു കാരണവശാലും നേര്‍പ്പിക്കാതെ ഇത് കഴിക്കരുത്. ഒന്നോ രണ്ടോ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വെള്ളത്തില്‍ കലര്‍ത്തിയാണ് കഴിക്കേണ്ടത്. നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ബാക്ടീരിയകളെ തകര്‍ക്കന്‍ ആപ്പിള്‍ സൈഡര്‍ വിനിഗറിന് കഴിയും. അതേസമയം നമുക്ക് ഗുണകരമാകുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ ഇത് സ്വാധീനിക്കുകയു ചെയ്യുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിനും ആപ്പിള്‍ സൈഡര്‍ വിനിഗര്‍ സഹായിക്കുന്നു. എന്നാല്‍ ഇതുകൊണ്ട് മാത്രം ഷുഗര്‍ നിയന്ത്രിക്കുക സാധ്യമല്ല. വണ്ണം കുറയ്ക്കാന്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ സഹായിക്കുമെന്ന് നിങ്ങള്‍ കേട്ടിരിക്കാം. സത്യത്തില്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വണ്ണം കുറയ്ക്കുന്നതിന് സഹായകം തന്നെയാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നമ്മെ തടയാന്‍ ഇതിന് കഴിയും. ഇങ്ങനെയാണ് വണ്ണം കുറയ്ക്കാന്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ സഹായകമാകുന്നത്. മറിച്ച് ഇത് കഴിക്കുന്നതോടെ വണ്ണം കുറയുമെന്ന് മനസിലാക്കരുത്. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗുണകരമാണ്. ചില സ്‌കിന്‍ രോഗങ്ങളെ ചെറുക്കുന്നതിനും ഇത് സഹായകമാണ്. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് പ്രയോജനപ്രദമാണ്. ഒരു മൗത്ത്വാഷെന്ന നിലയില്‍ ഇതുപയോഗിക്കുന്നവരുമുണ്ട്. മോശം ബാക്ടീരിയക്കെതിരെ പോരാടാനുള്ള ആപ്പിള്‍ സൈഡര്‍ വിനിഗറിന്റെ കഴിവാണിതിന് സഹായകമാകുന്നത്. മുഖക്കുരുവിന് പരിഹാരമെന്ന നിലയിലും ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കാവുന്നതാണ്. ബാക്ടീരിയക്കെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവാണ് ഇതിന് ഗുണകരമാകുന്നത്.
*ശുഭദിനം*
*കവിത കണ്ണന്‍*
അക്ബര്‍ ചക്രവര്‍ത്തി ഒരിക്കല്‍ രാജസദസ്സില്‍ ചോദിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ ചെയ്യുന്ന ജോലി എന്താണ്? പലരും പല ഉത്തരങ്ങള്‍ പറഞ്ഞു. അവസാനം ബീര്‍ബല്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു: പ്രഭോ, ചികിത്സയാണ് ഏറ്റവും കൂടുതല്‍ പേര്‍ ചെയ്യുന്ന ജോലി.. കേട്ടവര്‍ പൊട്ടിച്ചിരിച്ചു. എത്രയോ കാലത്തെ പരിശീലനം കൊണ്ടാണ് ഒരാള്‍ രോഗിയെ പരിചരിക്കാനുള്ള കഴിവ് നേടുന്നത്… ഈ വാദം ഉയര്‍ന്നപ്പോള്‍ ബീര്‍ബല്‍ പറഞ്ഞു. നാളെ അങ്ങ് എന്റെ കൂടെ വന്നാല്‍ ഞാനിത് തെളിയിക്കാം. പിറ്റേദിവസം നഗരത്തിലെ തിരക്കുള്ള തെരുവില്‍ അവര്‍ എത്തി. ബീര്‍ബലിന്റെ ഒരു കൈ കെട്ടിവെച്ചിരുന്നു. കാര്യം ചോദിച്ചപ്പോള്‍ ബീര്‍ബല്‍ പറഞ്ഞു: കയ്യൊന്നു മുറിഞ്ഞു. അക്ബര്‍ പറഞ്ഞു: കെട്ടിവെച്ചതായതുകൊണ്ടായില്ല, മുറിവു നന്നായി കഴുകി മരുന്നുവെക്കൂ.. അവര്‍ രണ്ടുപേരും അവിടെ ഒരിടത്ത് ഇരുന്നു. അതുവഴി പോയവരെല്ലാം ചക്രവര്‍ത്തിയെ വന്ദിച്ചു. ബീര്‍ബലിന്റെ കയ്യിലെ മുറിവ് കണ്ട് കാര്യം ചോദിച്ചു. ഓരോരുത്തരും മുറിവുണങ്ങാന്‍ എന്ത് ചെയ്യണമെന്ന് പറയുകയും ചെയ്തു. കുറെ നേരം ഇത് തുടര്‍ന്നപ്പോള്‍ ചക്രവര്‍ത്തി പറഞ്ഞു: ബീര്‍ബല്‍ പറഞ്ഞതാണ് ശരി.. ഞാനടക്കം എല്ലാവരും ചികിത്സ വിധിക്കുന്നവരാണ് പലകാര്യങ്ങളിലും ശരിയായ അവഗാഹമില്ലാതെ അഭിപ്രായം പറയുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പലരുടേയും ഒരുശീലമാണ്. ഉപദേശിക്കുക എന്നതാണ് ഏറ്റവും എളുപ്പത്തില്‍ നടക്കുന്ന പരിപാടി. കൃത്യമായ അവഗാഹമില്ലാതെ, പഠിക്കാതെ ഓരോ കാര്യങ്ങളിലും അഭിപ്രായം പറയുന്ന ശീലം നമുക്കും ഒഴിവാക്കാന്‍ ശ്രമിക്കാം – ശുഭദിനം.