web cover 67

സില്‍വര്‍ ലൈന്‍ പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി കിട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. സില്‍വര്‍ലൈന്‍ പാത മംഗളൂരുവരെ നീട്ടാനാണു മുഖ്യചര്‍ച്ച. തലശേരി- മൈസൂരു- നിലമ്പൂര്‍ നഞ്ചന്‍കോട് പാതകളും ചര്‍ച്ചയാകും. രാവിലെ ഒമ്പതരയ്ക്ക് ബെംഗളൂരുവിലാണ് കൂടിക്കാഴ്ച. ബാഗെപ്പള്ളിയില്‍ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും റാലിയിലും പിണറായി വിജയന്‍ പ്രസംഗിക്കും.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തൃശൂരില്‍ കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി എട്ടിന് തൃശൂര്‍ ആനക്കല്ല് അവണിശ്ശേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മണികണ്ന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. രണ്ടു ദിവസമായി മോഹന്‍ ഭാഗവത് തൃശൂരിലുണ്ട്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ തുറന്ന പോരു നടക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച.

പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച തുറക്കില്ല. ആവശ്യത്തിനു പെട്രോളിയം ഉല്‍പന്നങ്ങള്‍ തരാത്തതില്‍ പ്രതിഷേധിച്ച് പമ്പുടകള്‍ പണിമുടക്കും. കേരളത്തിലെ അറുന്നൂറ്റമ്പതോളം ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡീലര്‍മാര്‍ക്ക് പ്രതിദിനം നാനൂറ്റിയമ്പത് ലോഡുകള്‍ വേണം. എന്നാല്‍ 250 ലോഡു മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം മൂന്നിലൊന്നു പമ്പുകള്‍ ഭാഗികമായി അടച്ചിടേണ്ടിവരികയാണെന്ന് ഡിലേഴ്സ് അസോസിയേഷന്‍.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

വിഴിഞ്ഞം തുറമുഖത്തേക്ക് കെസിബിസി ആഹ്വാനം ചെയ്ത ബഹുജന മാര്‍ച്ച് ഇന്ന്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മദ്യവില്‍പന ജില്ലാ കളക്ടര്‍ നിരോധിച്ചു. വിഴിഞ്ഞം തുറമുഖത്തിനെതിരേ മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിനെതിരേ പ്രദേശവാസികള്‍ നടത്തുന്ന ബൈക്ക് റാലിയും നടക്കുന്നുണ്ട്. ഇതു ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു മദ്യശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. രൂപേഷിനെതിരെ വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിലെ കേസില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സിറാജുദീന്‍ അറസ്റ്റിലായി. കേസിലെ 38 മത്തെ പ്രതിയാണ്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. ഗൂഢാലോചനയില്‍ പങ്കെടുത്തെന്നാണ് കേസ്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ നിരവധി കൊലപാതകങ്ങളും കൈവെട്ടും അടക്കമുള്ള കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്കു ഒളിത്താവളം നല്‍കിയത് ഇയാളാണത്രേ. മലപ്പുറത്തെ 12 ആര്‍എസ്എസ് – ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും ഇയാളില്‍നിന്ന് കണ്ടെടുത്തു. കേസില്‍ 11 പ്രതികളെകൂടി ഇനി പിടികൂടാനുണ്ട്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സമരരംഗത്തുള്ളവരെ തീവവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് സിപിഐ വയനാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. രണ്ടാം ഇടതു സര്‍ക്കാരിന് വലതുപക്ഷ വ്യതിയാനം സംഭവിച്ചതു നന്നല്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും പരിസ്ഥിതിക്ക് ദോഷകരമായും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതിനിധികള്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 1.51 കോടി രൂപ അദ്ദേഹം കാണിക്കയായി നല്‍കി. അന്നദാനഫണ്ടിലേക്കാണ് തുക നല്‍കിയത്. മകന്‍ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്റ്, റിലയന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ മനോജ് മോദി എന്നിവരും ദര്‍ശനത്തിന് എത്തിയിരുന്നു.

ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്ന മഹാന്‍ യുഡിഎഫിന്റെ ഐശ്വര്യമാണെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്നും നിയമസഭ കയ്യാങ്കളിക്കിടെ വി ശിവന്‍കുട്ടിയെ പ്രതിപക്ഷാംഗങ്ങള്‍ അക്രമിച്ച് ബോധം കെടുത്തിയെന്നും ഇപി ജയരാജന്‍ പറഞ്ഞതിനെ പരിഹസിച്ചാണ് സതീശന്റെ പ്രതികരണം.

കോഴിക്കോട്ടെ പോലീസിനെതിരേ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് അതിക്രമം നടത്തുകയാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥര്‍ തെറ്റായ രീതിയിലാണു പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ കുറ്റപ്പെടുത്തി.

തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണു നറുക്കെടുപ്പ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ ലഭിക്കും.

മഹാബലിയും കേരളവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവന കേരളത്തിന്റെ കൂട്ടായ്മയ്ക്കെതിരായ ഭയപ്പെടുത്തലാണെന്ന് ടൂറിസം – പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഇതൊരു തമാശയായി കാണാനാകില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

തെരുവുനായ്ക്കള്‍ കേരളത്തെ പട്ടി റിപ്പബ്ലിക്കാക്കിയെന്നും റോഡിലെ കുഴികള്‍ മരണക്കെണികളായെന്നും വിമര്‍ശിച്ച് സാഹിത്യകാരന്‍ എം. മുകുന്ദന്‍. കൊവിഡിനു ശേഷം പട്ടികളെയും റോഡിലെ കുഴികളെയും പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് എം. മുകുന്ദന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ടും വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞില്ലെന്ന് മുന്‍മന്ത്രി തോമസ് ഐസക്ക്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും വിമാനടിക്കറ്റ് നിരക്കുകള്‍ താരതമ്യം ചെയ്തുകൊണ്ടാണ് വിമര്‍ശനം.

തൊടുപുഴ കാഞ്ഞാറില്‍ വിവാഹത്തിന് എത്തിയ രണ്ടു യുവാക്കള്‍ മലങ്കര ജലാശയത്തില്‍ മുങ്ങി മരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), ചങ്ങനാശേരി സ്വദേശി അമന്‍ ഷാബു എന്നിവരാണ് മരിച്ചത്. ഡാമില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

മാതാപിതാക്കളെ ബന്ദികളാക്കി തമിഴ്നാട്ടില്‍നിന്നു പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ യുവാവ് തൂങ്ങി മരിച്ചു. കൊല്ലം പൂതകുളം സ്വദേശിയായ രാകേഷാണ് മരിച്ചത്. രാകേഷ് തട്ടിക്കൊണ്ടുവന്ന പതിനാലുകാരന്‍ രക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ചെയ്ത് വരികയായിരുന്നു രാകേഷ്. മൃതദേഹത്തിനരികില്‍നിന്നു കളിത്തോക്കും ലഭിച്ചു.

അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം കുന്നിക്കോട് യുവാവിനെ തലയ്ക്കടിച്ചു കൊന്നു. കുന്നിക്കോട് കടുവാംകോട് വീട്ടില്‍ അനില്‍കുമാര്‍ (35) ആണ് കൊല്ലപ്പെട്ടത്.

മകളെ സ്‌കൂളില്‍നിന്നും കൂട്ടികൊണ്ടുവരാന്‍ പോയ യുവതി സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിച്ച് മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍ വീട്ടില്‍ ജിജി ജോസഫിന്റെ ഭാര്യ പ്രീത (39) യാണ് നാലാഞ്ചിറ കുരിശടി ജങ്ഷനു സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് മരിച്ചത്.

നെയ്യാറ്റിന്‍കരയില്‍ റോഡില്‍ സ്ഥാപിച്ചിരുന്ന ആര്‍ച്ച് വീണ് സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്. ഒരു ക്ലബിന്റെ വാര്‍ഷികാഘോഷത്തിനു ഭാഗമായി സ്ഥാപിച്ച ആര്‍ച്ച് അഴിക്കുന്നതിനിടെയാണ് അപകടം. പതിനഞ്ചുകാരി മകളെ പിറകിലിരുത്തി പൂഴികുന്ന് സ്വദേശി ലേഖ ഓടിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ആര്‍ച്ചിന്റെ ഭാഗം വീഴുകയായിരുന്നു.

നെടുങ്കണ്ടം കമ്പംമെട്ട് പൊലീസ് സ്റ്റേഷനില്‍ കുരങ്ങുവിളയാട്ടം. സ്റ്റേഷനകത്തേക്ക് അതിക്രമിച്ചു കയറി പോലീസുകാരുടെ ഭക്ഷണ സാധനങ്ങള്‍ തട്ടിയെടുക്കുകയും ഫയലുകള്‍ മാന്തി നശിപ്പിക്കുകയും ചെയ്യുന്നു. കുരങ്ങുകളെ ഭയപ്പെടുത്താന്‍ റബര്‍കൊണ്ടുള്ള കളിപ്പാട്ടങ്ങളായ ചൈനീസ് പാമ്പുകളെ രംഗത്തിറക്കിയിരിക്കുകയാണ് പോലീസ്. കേരള തമിഴ്നാട് അതിര്‍ത്തിയോടും വനത്തോടും ചേര്‍ന്നാണ് കമ്പംമെട്ട് പൊലീസ് സ്റ്റേഷന്‍.

ഭക്തജനങ്ങള്‍ക്ക് കാണിക്കയര്‍പ്പിക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇ- ഭണ്ഡാരങ്ങളും. ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ.വിജയന്‍, എസ്.ബി.ഐ ജനറല്‍ മാനേജര്‍ റ്റി. ശിവദാസ് എന്നിവര്‍ ചേര്‍ന്നാണ് ഇ-ഭണ്ഡാരസമര്‍പ്പണം നടത്തിയത്.

കുവൈറ്റിലെ പ്രമുഖ വ്യവസായിയും കെജിഎ ഗ്രൂപ്പ് ചെയര്‍മാനും എന്‍ ബി ടി സി മാനേജിംഗ് ഡയറക്ടറുമായ കെജി എബ്രഹാമിന്റെ സഹോദരന്‍ കെജി തോമസ് വര്‍ഗീസ് (72 ) അന്തരിച്ചു.

ഗോഹട്ടി ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സൂര്യനാരായണ്‍ പ്രേം കിഷോറാണ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ചത്.

തിരുവനന്തപുരം കുറ്റിച്ചലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ അമ്മയ്ക്കും മകള്‍ക്കും പരുക്കേറ്റു. സിപിഐ കുറ്റിച്ചല്‍ ലോക്കല്‍ കമ്മറ്റി അംഗവും കേരള മഹിളാസംഘം നേതാവുമായ അഡ്വ. മിനിക്കും മകള്‍ ദയയ്ക്കുമാണ് പരിക്കേറ്റത്.

യുവതിയുടെ വീട്ടില്‍ കയറി ഭര്‍ത്താവ് വെട്ടി കൈപ്പത്തിയറ്റു. പത്തനംതിട്ട കലഞ്ഞൂരില്‍ ചാവടിമല സ്വദേശി വിദ്യയെ ആണ് ഭര്‍ത്താവ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച പിതാവും വിജയനേയും സന്തോഷ് വെട്ടി പരിക്കേല്‍പ്പിച്ചു.

വയനാട് മുത്തങ്ങയില്‍ എംഡിഎംഎ മയക്കുമരുന്നു പിടികൂടി. മുത്തങ്ങയില്‍ 338 ഗ്രാം എംഡിഎംഎയുമായി കോഴികോട് മാങ്കാവ് സ്വദേശി അരുണ്‍കുമാര്‍, കുന്ദമംഗലം സ്വദേശി സജിത്ത് കെ.വി എന്നിവരെ അറസ്റ്റ് ചെയ്തു. മൈസൂര്‍- കോഴിക്കോട് ബസിലായിരുന്നു പ്രതികള്‍.

പിറന്നാളായിരുന്ന ഇന്നലെ നാട്ടില്‍പോയി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ കഴിഞ്ഞില്ലെന്നു വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ഷിയോപൂരില്‍ വനിതാ സ്വയം സഹായ സംഘങ്ങളുടെ കണ്‍വന്‍ഷനില്‍ പ്രസംഗിക്കവേയാണ് മോദി ഇങ്ങനെ പറഞ്ഞത്.

രാജ്യം ചീറ്റയുടെ വേഗത്തില്‍ പുരോഗതി കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കയറ്റുമതിയില്‍ ഇന്ത്യ വലിയ നേട്ടം കൈവരിക്കും. ഉല്‍പാദന ഹബ്ബായി ഇന്ത്യ മാറുകയാണ്. ദേശീയ ചരക്കുനീക്ക നയം പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്കുനീക്ക ചെലവ് വന്‍തോതില്‍ കുറയും. 13 – 14 ശതമാനം ചെലവില്‍ നിന്ന് ഒറ്റ അക്കത്തിലേക്ക് എത്തും. ഒരു വര്‍ഷം കഴിഞ്ഞ് ഈ നയം വിലയിരുത്തിയാല്‍ എല്ലാവരും വിസ്മയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചീറ്റപുലികളെ കൊണ്ടുവന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും അടക്കമുള്ള പ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രി ഇടപെടുന്നില്ലെന്നും രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പ്രശ്നങ്ങള്‍ മോദി സര്‍ക്കാര്‍ കാണുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഐആര്‍സിടിസി അഴിമതിക്കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ. ഡല്‍ഹി പ്രത്യേക കോടതിയില്‍ തേജസ്വി ഹര്‍ജി നല്‍കി. തേജസ്വിക്കു കോടതി നോട്ടീസയച്ചു.

ദുരൂഹമായി മരിച്ച ആദിവാസിയായ മകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പിതാവ് ഒന്നരമാസത്തോളം കുഴിയില്‍ ഉപ്പിട്ടു സൂക്ഷിച്ചു. മുംബൈക്കടുത്ത ദാദാഗാവിലാണ് 27 കാരി മരിച്ചത്. മൂന്നുപേരെ അറസ്റ്റു ചെയ്തെങ്കിലും ആത്മഹത്യയെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാണ് യുവതിയുടെ അച്ഛന്റെ വാദം. നിവേദനങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഒടുവില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനമായിട്ടുണ്ട്.

വരുന്നൂ ക്രിക്കറ്റില്‍, ഇംപാക്ട് പ്ലെയര്‍. മത്സരത്തിനിടെ പകരക്കാരനെ ബാറ്റിംഗിനും ബൗളിംഗിനും അനുവദിക്കുന്ന നിയമം നടപ്പാക്കിലാക്കാനുള്ള ഒരുക്കവുമായി ബിസിസിഐ. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമാണ് പുതിയ പരീക്ഷണത്തിന് ബിസിസിഐ ഒരുങ്ങുന്നത്. ടോസിന്റെ സമയത്ത് പ്ലേയിംഗ് ഇലവനൊപ്പം പേര് നല്‍കുന്ന നാല് പകരക്കാരില്‍ ഒരാളെ മാത്രമേ ഇംപാക്ട് പ്ലെയറായി ഇറക്കാനാവൂ.

ആഗോള സമ്പദ്വ്യവസ്ഥ അടുത്ത വര്‍ഷം മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്. പണപ്പെരുപ്പം തടയാന്‍ കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്രബാങ്കുകളുടെ സമീപനം ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ലോകബാങ്ക് അനുമാനം. തങ്ങളുടെ വരുതിയില്‍ പണപ്പെരുപ്പം നിലനിര്‍ത്താന്‍ ആറ് ശതമാനം വരെ വിവിധ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തും. കടുത്ത നിയന്ത്രണങ്ങള്‍ മൂലം ആഗോള സമ്പദ്വ്യവസ്ഥയുടെ ജി.ഡി.പി വളര്‍ച്ച നിരക്കില്‍ 0.5 ശതമാനത്തിന്റെ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിശീര്‍ഷ വരുമാനത്തില്‍ 0.4 ശതമാനത്തിന്റെ ഇടിവുമുണ്ടാവും. ഈ സാഹര്യത്തിലേക്ക് ലോക സമ്പദ്വ്യവസ്ഥ കടക്കുന്നതോടെ ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തുണ്ടായെന്ന് സാങ്കേതികമായി പറയാമെന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്.

ഹോണര്‍ പാഡ് 8 ഉടനെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് ടാബ്ലെറ്റ് രാജ്യത്ത് ലഭ്യമാവുക. ഹോണര്‍ പാഡ് 8 ന്റെ ഇന്ത്യന്‍ വേരിയന്റില്‍ മറ്റ് വേരിയന്റുകള്‍ക്ക് സമാനമായ ഫീച്ചറുകള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. 128ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 24,600 രൂപയാണ് വില. ബ്ലൂ ഹവര്‍ കളര്‍ ഓപ്ഷനിലാണ് ഇത് വരുന്നത്.മാജിക് യുഐ 6.1ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കൂടാതെ 2കെ (1,200ഃ2,000 പിക്സലുകള്‍) റെസല്യൂഷനോടുകൂടിയ 12-ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ, 87 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതം, ചെറിയ നീല വെളിച്ചം നല്‍കുന്നതിനുള്ള ടിയുവി റെയിന്‍ലാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍, ഫ്ലിക്കര്‍-ഫ്രീ എന്നിവയുമുണ്ട്.

ഹൃത്വിക് റോഷന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘വിക്രം വേദ’ ഹിന്ദിയിലെ തകര്‍പ്പന്‍ ഗാനം പുറത്തുവിട്ടു. തമിഴകത്ത് പുത്തന്‍ സിനിമാനുഭവം പകര്‍ന്നുനല്‍കിയ ചിത്രമാണ് വിക്രം വേദ. പുഷ്‌കര്‍- ഗായത്രി ദമ്പതിമാരായിരുന്നു ചിത്രം സംവിധാനം ചെയ്തത്. സെപ്തംബര്‍ 30ന് റിലീസ് ചെയ്യാനിരിക്കന്ന ചിത്രത്തിലെ ഹൃത്വിക് റോഷന്റെ അടിപൊളി ഡാന്‍സ് രംഗങ്ങളുള്ള ‘ആല്‍ക്കഹോളിയ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. നൂറിലധികം രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദിയില്‍ ‘വിക്രമും’ ‘വേദ’യുമായി എത്തുന്നത് സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്. ഹിന്ദിയില്‍ തിരക്കഥ എഴുതിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാട്ടുകള്‍ ഒരുക്കുന്നത് വിശാല്‍ ദദ്ലാനി, ശേഖര്‍ രവ്ജിയാനി എന്നിവരാണ്.

പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമയാണ് ‘ക്യാപ്റ്റന്‍ മില്ലെര്‍’. ധനുഷ് ആണ് നായകന്‍. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയൊരു അപ്ഡേഷന്‍ വന്നിരിക്കുകയാണ്. നായകന്‍ ധനുഷിനൊപ്പം ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തെലുങ്കിലെ യുവ നായകന്‍ സുന്ദീപ് കിഷന്‍ എത്തുന്നു. ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ ‘മാനഗര’ത്തിലടക്കമുള്ള ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ യുവനടനാണ് സുന്ദീപ് കിഷന്‍. മുപ്പതുകള്‍ പശ്ചാത്തലമാക്കി ഒരു ആക്ഷന്‍ അഡ്വഞ്ചര്‍ ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ക്യാപ്റ്റന്‍ മില്ലെര്‍’. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

2022 ഓഗസ്റ്റില്‍ 29,516 യുവി വാഹനങ്ങള്‍ (യൂട്ടിലിറ്റി വെഹിക്കിള്‍സ്) ഉള്‍പ്പെടെ 59,049 യൂണിറ്റുകളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വില്‍പന രേഖപ്പെടുത്തിയത്. പുതിയ മോഡലുകളായ സ്‌കോര്‍പിയോ എന്‍, സ്‌കോര്‍പിയോ ക്ലാസിക്ക്, പുതിയ ബൊലേറോ മാക്‌സ് എക്‌സ് പിക്ക്-അപ്പ് എന്നിവയാണ് പ്രധാന വില്‍പ്പന സംഭാവന നല്‍കുന്നത്. 8,246 യൂണിറ്റുകളുടെ വില്‍പ്പനയുമായി ബൊലേറോ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മഹീന്ദ്ര എസ്യുവിയായി തുടരുമ്പോള്‍, സ്‌കോര്‍പിയോ ക്ലാസിക്, എക്സയുവി 700 എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. സ്‌കോര്‍പിയോ ക്ലാസിക്കിന്റെ 7,056 യൂണിറ്റുകളും എക്സയുവി 700ന്റെ 6,010 യൂണിറ്റുകളും വില്‍ക്കാന്‍ കഴിഞ്ഞു. ഈ ദസറ മുതല്‍ പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ ന്റെ ഡെലിവറികള്‍ ആരംഭിക്കും.

സാഹിത്യം അനായാസേന കൈകാര്യം ചെയ്യുന്ന ഒരു ഐപിഎസ്സുകാരിയുടെ ഹൃദയത്തില്‍ നിന്നുള്ള കുറിപ്പുകള്‍. പോലീസ് സേനയുടെ കര്‍മപദ്ധതികള്‍, പ്രകൃതി, യാത്ര, സ്വപ്നം, യാഥാര്‍ഥ്യം, കവിത തുടങ്ങിയ കണ്ണികള്‍ വിളക്കിച്ചേര്‍ത്ത് ബി സന്ധ്യ കുറിച്ച ലേഖനങ്ങള്‍ ജീവിതത്തിന്റെ പല മുഖങ്ങളെ അടയാളപ്പെടുത്തുന്നു. പ്രകൃതി ദുരന്തങ്ങള്‍, കോവിഡ് തുടങ്ങി സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിലേക്ക് ശാസ്ത്രീയമായി വിരല്‍ ചൂണ്ടുന്ന പുസ്തകം. ‘ഹൃദയത്തിന്റെ ഭാഷ’. ബി സന്ധ്യ. ഒലീവ് പബ്ളിക്കേഷന്‍സ്. വില 228 രൂപ.

ദിവസവും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തണം. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി മനസിലാക്കി വേണം വ്യായാമമുറകള്‍ സ്വീകരിക്കേണ്ടത്. സ്‌ട്രെച്ചിംഗ് വ്യായാമത്തിലൂടെ ദേഹം മുഴുവനുമുള്ള രക്തയോട്ടം കൂട്ടാനും പേശികളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും സാധിക്കും. മാത്രവുമല്ല, നടുവേദനയ്ക്ക് ഏറ്റവും നല്ലത് സ്‌ട്രെച്ചിംഗ് വ്യായാമമാണ്. അതോടൊപ്പം തന്നെ നടക്കാനും സമയം കണ്ടെത്തണം. യോഗ ചെയ്യുന്നതും നല്ലതാണ്. ആരോഗ്യം പ്രദാനം ചെയ്യുന്നതില്‍ ഉറക്കത്തിനും പ്രാധാന്യമുണ്ട്. കുറഞ്ഞത് ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറങ്ങാന്‍ കഴിയണം. ഉറക്കക്കുറവ് പല സമ്മര്‍ദങ്ങള്‍ക്കുമിടയാക്കും. ആഹാര കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ധാന്യാഹാരം കൂടുതലായി കഴിക്കണം. ഹോള്‍ വീറ്റ്, തവിടുള്ള അരി, ഹോള്‍ വീറ്റ് ബ്രെഡ് തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കൃത്യമായ സമയത്ത് തന്നെ ആഹാരം കഴിക്കുകയും വേണം. ശരീരം അധികം വണ്ണിക്കാതിരിക്കാന്‍ ആഹാരത്തില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തണം. മധ്യവയസായാല്‍ ഡയറ്റ് നോക്കുന്നത് നല്ലതാണ്. എന്നുകരുതി അധികമായി മെലിയരുത്. പെട്ടെന്ന് വണ്ണം കുറയ്ക്കാനായി ക്രാഷ് ഡയറ്റുകള്‍ പരീക്ഷിക്കരുത്. ഭക്ഷണകാര്യത്തില്‍ ചെറിയ ചെറിയ മാറ്റങ്ങളേ പെട്ടെന്ന് വരുത്താവൂ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *