web cover 42

സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന ബുദ്ധിമുട്ടുകളില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍നിന്നു ജി.എസ്.ടി കുടിശ്ശിക കിട്ടാനുണ്ട്. ധനമന്ത്രി പറഞ്ഞു. രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍, ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തുടങ്ങിയവ അടക്കം കേരളം ഓണക്കാലത്ത് ചെലവിട്ടത് 15,000 കോടി രൂപയാണ്.

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് തിരുവനന്തപുരത്ത് ആവേശോജ്വല സ്വീകരണം. നേതാക്കളും പ്രവര്‍ത്തകരും അടക്കം അനേകം പേരാണു യാത്രയില്‍ അണിചേരുന്നത്. രാഹുലിന്റെ യാത്രയ്ക്ക് അഭിവാദ്യമേകാന്‍ റോഡിന് ഇരുവശത്തും അനേകം പ്രവര്‍ത്തകരും നാട്ടുകാരും കാത്തുനിന്നു. ഉച്ചയ്ക്കു പൗരപ്രമുഖരുമായും ജനകീയ സമര നേതാക്കളുമായും രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 14 വരെ തിരുവനന്തപുരം ജില്ലയിലാണു പര്യടനം.

കേരളത്തില്‍ ബിജെപിയുടെ കര്‍മപദ്ധതികളിലും വളര്‍ച്ചയിലും അതൃപ്തി പ്രകടിപ്പിച്ച് ബിജെപി. കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് നരേന്ദ്രമോദി നീരസം പ്രകടിപ്പിച്ചത്. കടലാസിലുള്ള കാര്യങ്ങള്‍ പ്രവൃത്തിയിലില്ലെന്നു വിലയിരുത്തി. അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശിച്ചു.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിയായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. എ.എന്‍. ഷംസീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. അന്‍വര്‍ സാദത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

ഓണാവധി തീര്‍ന്ന് ഓഫീസുകളും വിദ്യാലയങ്ങളും ഇന്നു തുറക്കും. യഥാസമയം എത്തുന്നതിന് ഇന്നലെ മുതല്‍ ട്രെയിനുകളില്‍ യാത്രക്കാരുടെ വന്‍തിരക്ക്. ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുന്നില്‍ മണിക്കൂറുകളോളം നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു.

തൃശൂരില്‍ പുലിക്കളി കാണാന്‍ ജനസഹസ്രങ്ങള്‍. സ്ത്രീകളും കുട്ടികളും അടക്കമുള്ള പുരുഷാരത്തിനിടയിലൂടെ പുലികള്‍ തുള്ളിയാടിയപ്പോള്‍ ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. അഞ്ചു ടീമുകളിലായി മുന്നൂറോളം പുലിവേഷധാരികളാണു നൃത്തമാടിയത്. മനോഹരമായ നിശ്ചലദൃശ്യങ്ങളും ഉണ്ടായിരുന്നു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ആറന്മുള ഉത്രട്ടാതി ജലമേളയില്‍ മല്ലപ്പുഴശ്ശേരി പള്ളിയോടം കിരീടം നേടി. കുറിയന്നൂര്‍ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാമതായും ഫിനിഷ് ചെയ്തു. ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടം വിജയം നേടി. ആവേശം ഒട്ടും ചോരാതിരുന്ന മത്സരത്തില്‍ എ ബാച്ചില്‍ മല്ലപ്പുഴശ്ശേരി, കുറിയന്നൂര്‍, ളാക-ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങളാണ് മത്സരിച്ചത്.

എറണാകുളം റെയില്‍വേ ജംഗ്ഷന്‍ സ്റ്റേഷന്‍ പൊളിച്ച് രാജ്യാന്തര നിലവാരത്തിലാക്കി പുതുക്കി പണിയുന്നു. ഏതാനും ദിവസങ്ങള്‍ക്കകം ഭാഗികമായി പൊളിക്കല്‍ ആരംഭിക്കും. 229 കോടി രൂപ മുടക്കി മൂന്നു വര്‍ഷത്തിനകം പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും.

ഒമാനില്‍നിന്ന് കേരളത്തിലേക്കുള്ള നിരവധി ഫ്ളൈറ്റുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങിളില്‍നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തുനിന്ന് മസ്‌കറ്റിലേക്കുള്ള ഒരു സര്‍വീസിന്റെ സമയം മാറ്റിയിട്ടുമുണ്ട്. മംഗലാപുരത്തുനിന്നുള്ള ഒരു സര്‍വീസും റദ്ദാക്കി.

ഓണാഘോഷങ്ങള്‍ക്കു സമാപനം കുറിച്ചുകൊണ്ട് തിരുവനന്തപുരത്ത് ഇന്ന് വര്‍ണാഭമായ സാസ്‌കാരിക ഘോഷയാത്ര. വൈകീട്ട് അഞ്ചിന് മാനവീയം വീഥിയില്‍ മുഖ്യമന്ത്രി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. 76 ഫ്ളോട്ടുകളും പത്ത് ഇതര സംസ്ഥാനങ്ങളിലേതുള്‍പ്പെടെ 77 കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന സമ്മേളനത്തിലേക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ക്ഷണമില്ല. ഉദ്ഘാടന സമ്മേളനത്തിലും ഗവര്‍ണറെ പങ്കെടുപ്പിച്ചില്ല. സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറെ എല്ലാ പരിപാടികളില്‍നിന്നും തഴഞ്ഞത്.

ആഭ്യന്തര വകുപ്പിനെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസ് ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാരിനു നാണക്കേടാണെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള രാഷ്ട്രീയ റിപ്പോര്‍ട്ടിന്റെ രൂപീകരണ ചര്‍ച്ചയ്ക്കിടയിലാണ് ഈ വിമര്‍ശനം.

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവിക സേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകള്‍ ഹാജരാക്കണമെന്ന് പോലീസ്. തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബില്‍ അയച്ച് ടെസ്റ്റ് ഫയറിംഗ് നടത്താനാണ് പൊലീസ് തീരുമാനം.

നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി എത്തിയില്ല. ഗാന്ധിയന്‍ ഗോപിനാഥന്‍നായരുടെയും കെ.ഇ. മാമന്റെയും ബന്ധുക്കളും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും ശശി തരൂരും അടക്കമുള്ള നേതാക്കളും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടം കാത്തുനിന്നു. ജാഥയുമായി നിംസ് ആശുപത്രിക്കു മുന്നിലൂടെ നടന്നു പോയ രാഹുല്‍ ഗാന്ധി എത്താതിരുന്നത് നീരസത്തിന് ഇടയാക്കി.

ക്യാന്‍സര്‍ രോഗിയായ വയോധികയെ സംരക്ഷിക്കാന്‍ കഴിയാത്തതിനു കൊലപ്പെടുത്തിയതിനു ചെറുമകനെ അറസ്റ്റ് ചെയ്തു. കൊല്ലം കോക്കാട് സ്വദേശി പൊന്നമ്മയെ കൊലപ്പെടുത്തിയതിന് ചെറുമകന്‍ സുരേഷ് കുമാറാണ് പിടിയിലായത്. സംസ്‌കാര ചടങ്ങുകള്‍ നടക്കാനിരിക്കെ ദുരൂഹതയുണ്ടെന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തലയ്ക്കേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സംശയം തോന്നിയ സുരേഷ്‌കുമാറിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായത്.

കണ്ണൂരില്‍ എടക്കാട് സ്റ്റേഷനും കണ്ണൂരിനും ഇടയില്‍ ട്രെയിനിനുനേരെയുണ്ടായ കല്ലേറില്‍ പന്ത്രണ്ടു വയസുകാരിക്ക് പരക്ക്. വെകുന്നേരം അഞ്ചിന് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസിനുനേരെയാണ് കല്ലേറുണ്ടായത്. മംഗലാപുരത്തുനിന്ന് കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്ന കീര്‍ത്തന എന്ന പെണ്‍കുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്.

ഗിരിജയുടെ കല്യാണം നടത്തിയത് മുസ്ലീം ലീഗുകാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍. വലിയോറ മനാട്ടിപ്പറമ്പ് റോസ് മാനര്‍ അഗതിമന്ദിരത്തിലെ അന്തേവാസിയായ ഗിരിജ (19) യുടെ കല്യാണമായിരുന്നു ഇന്നലെ. എടയൂരിലെ ബാലന്റെ മകന്‍ രാകേഷാണ് വരന്‍. മനാട്ടിപറമ്പിലെ മുസ്ലിം ലീഗ് കമ്മിറ്റി മുന്നിട്ടിറങ്ങി നാട്ടുകാരുടെ സഹകരണത്തോടെ സ്വര്‍ണാഭരണങ്ങും വിവാഹ വസ്ത്രങ്ങളും സമ്മാനിച്ചു. സദ്യയും നല്‍കി. പറമ്പില്‍ പടി അമ്മാഞ്ചേരി ക്ഷേത്രത്തിലായിരുന്നു മിന്നുകെട്ട്. മുസ്ലീം ലീഗ് സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.

വര്‍ക്കലയില്‍ വീടിനു മുന്നില്‍ ബഹളംവച്ചതു ചോദ്യം ചെയ്ത വയോധികനെ വെട്ടിയ ഫാന്റം പൈലി എന്ന ഷാജിയെ പോലീസ് തെരയുന്നു. കൂരയ്ക്കണ്ണി ആമിന മന്‍സിലില്‍ ഹാഷിമിനെയാണ് രാത്രി ഒമ്പതോടെ വീടിനു മുന്നില്‍ വെട്ടിയത്.

പത്തനംതിട്ട കടമ്മനിട്ട സ്വദേശിനിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കോഴിക്കോട് മാങ്കാവ് സ്വദേശി ഫാസിലിനെ (26)യാണ് പിടികൂടിയത്.

കണ്ണൂരില്‍ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ മാണിയൂര്‍ സ്വദേശി ഹിബ മന്‍സിലില്‍ മന്‍സൂര്‍ ആണ് വളപട്ടണം പാലത്തില്‍ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്.

വാളയാറില്‍ എക്‌സൈസ് 14.250 കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികളെ പിടികൂടി. കാന്തമാല്‍ സ്വദേശി റൂണ കഹാര്‍, ഗഞ്ചം സ്വദേശി രബീന്ദ്ര പാത്ര എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് കൊടുവള്ളി എരഞ്ഞോണ പൂനൂര്‍ പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കട്ടിപ്പാറ ചമല്‍ സ്വദേശി കൊട്ടാര പറമ്പില്‍ കരീമിന്റെ മൃതദേഹമാണ് പുഴയിലൂടെ ഒഴുകിയത്തിയത്. പോലീസ് കേസെടുത്തു.

കല്യാണം കഴിക്കണമെന്നും ഒരു തമിഴ് വധുവിനെ കണ്ടെത്തിത്തരട്ടേയെന്നും തമിഴ്നാട്ടിലെ കന്യാകുമാരിയിലുള്ള തൊഴിലുറപ്പു തൊഴിലാളി സ്ത്രീകള്‍ രാഹുല്‍ഗാന്ധിയോട്. എഐസിസി ജനറല്‍ സെക്രട്ടറി ഫോട്ടോ സഹിതം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ രാജ്പഥിനെ കര്‍ത്തവ്യപഥ് എന്നു മാറ്റിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനെ കര്‍ത്തവ്യസ്ഥാന്‍ എന്നാക്കി മാറ്റുമോയെന്ന് പരിഹസിച്ച് ശശി തരൂര്‍ എംപി. രാജ്ഭവനുകളെ കര്‍ത്തവ്യഭവന്‍ എന്നാക്കി മാറ്റണമെന്നും അദ്ദേഹം ട്വിറ്റു ചെയ്തു.

ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി ഇനി പുനസ്ഥാപിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ്. വോട്ടിനായി താന്‍ ആരെയും തെറ്റിദ്ധരിപ്പിക്കില്ല. നടപ്പാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തു ദിവസത്തിനകം പാര്‍ട്ടി പ്രഖ്യാപിക്കും. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും കോണ്‍ഗ്രസ് തകരുകയാണ്. തന്നെ അനുകൂലിക്കുന്നവരുടെ റാലിയിലാണ് ഇങ്ങനെ പറഞ്ഞത്.

മേഘാലയയില്‍ ജയില്‍ ചാടിയ ആറു പേരില്‍ നാലു പേര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നു പൊലീസ്. ജോവായ് ജയിലില്‍നിന്ന് രക്ഷപ്പെട്ട ഇവരെ ഷാങ്പുങ് ഗ്രാമത്തില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നെന്നാണ് പൊലീസ് പറയുന്നത്.

ദ്വാരകാപീഠ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി സമാധിയായി. 99 വയസായിരുന്നു. മധ്യപ്രദേശ് നര്‍സിംഗ്പൂരിലെ ശ്രീധം ജോതേശ്വര്‍ ആശ്രമത്തിലായിരുന്നു അന്ത്യം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അനുശോചിച്ചു.

സ്‌കൂളില്‍ പതിനഞ്ചുകാരിയെ ലൈംഗികാതിക്രമം നടത്തിയതിന് പ്യൂണിനെ പൊലീസ് അറസ്റ്റുചെയ്തു. സൗത്ത് മുംബൈയിലാണ് സംഭവം. മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണു നടപടി.

നോയിഡയില്‍ ഗേറ്റ് തുറക്കാന്‍ വൈകിയതിന് ആഡംബര ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച മുപ്പത്തെട്ടുകാരി കോളജ് അധ്യാപിക സുതപ ദാസ് അറസ്റ്റില്‍. ക്ലിയോ കൗണ്ടി ഫ്ളാറ്റിലാണ് സംഭവം.

റഷ്യയില്‍നിന്ന് ഒരു നഗരംകൂടി യുക്രെയിന്‍ പട്ടാളം തിരിച്ചുപിടിച്ചു. യുദ്ധോപകരണങ്ങള്‍ ഉള്‍പെടെയുള്ളവയുടെ സംഭരണ കേന്ദ്രമാക്കിയിരുന്ന ഇസിയം നഗരത്തില്‍നിന്ന് ആയുധങ്ങളും യുദ്ധോപകരണങ്ങളും ഉപേക്ഷിച്ച് റഷ്യന്‍ പട്ടാളം പിന്മാറിയതോടെയാണ് യുക്രെയിന്‍ സൈന്യം ഇവിടെ കൊടിയുയര്‍ത്തി.

ശ്രീലങ്കയ്ക്ക് ഏഷ്യാ കപ്പ് കിരീടം. ഇന്നലെ നടന്ന കലാശപ്പോരില്‍ പാകിസ്താനെ 23 റണ്‍സിന് തകര്‍ത്താണ് ശ്രീലങ്ക തങ്ങളുടെ ആറാം ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 147 റണ്‍സിന് ഓള്‍ഔട്ടായി. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ വാനിന്ദു ഹസരംഗയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ലങ്കയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായത്.

ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് ചാറ്റുകളിലെ സന്ദേശങ്ങള്‍ തീയതി അടിസ്ഥാനത്തില്‍ തെരയാന്‍ സാധിക്കുന്ന തരത്തിലുള്ള ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം താമസിയാതെ അവതരിപ്പിച്ചേക്കുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ വാട്‌സാപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ്. ചാറ്റില്‍ ഒരു സന്ദേശം സെര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വരുന്ന കീബോര്‍ഡിന് മുകളിലായി ഒരു കലണ്ടര്‍ ബട്ടന്‍ നല്‍കിയിട്ടുണ്ടാവും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തീയതി തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കാണാം. തീയതി തെരഞ്ഞെടുത്താല്‍ പ്രസ്തുത തീയതിയില്‍ വന്ന സന്ദേശങ്ങള്‍ കാണാം. ഉടന്‍ തന്നെ ഈ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്.

എഡിറ്റ് ബട്ടണ്‍ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ട്വിറ്റര്‍. ട്വീറ്റ് ചെയ്ത് 30 മിനിറ്റിനകം ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള പുതിയ അപ്ഡേറ്റാണ് ട്വിറ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ട്വിറ്റര്‍ ബ്ലൂ വരിക്കാര്‍ക്കാണ് ഈ ഫീച്ചര്‍ ആദ്യം ലഭ്യമാകുക. 30 മിനിറ്റിനുള്ളില്‍ അഞ്ച് എഡിറ്റുകള്‍ മാത്രമേ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ചെയ്യാനാകൂ. ഈ സമയപരിധിയ്ക്ക് ഉള്ളില് ഉപയോക്താവിന് അക്ഷരത്തെറ്റുകള്‍ തിരുത്താനും മീഡിയ ഫയലുകള്‍ അപ്ലോഡ് ചെയ്യാനും ടാഗുകള്‍ എഡിറ്റ് ചെയ്യാനും കഴിയും. സെന്‍ഡ് ബട്ടണ്‍ അമര്‍ത്തി മുപ്പത് സെക്കന്‍ഡിനുള്ളില്‍ ഒരു ട്വീറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന അണ്‍ഡു ഫീച്ചറും ട്വിറ്റര്‍ പുറത്തിറക്കിയിട്ടുണ്ട്.

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പേടിപ്പിക്കുന്ന തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാകും ചിത്രത്തിലേതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.ബി. ബിനിലാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് വാമനന്‍ പറയുന്നത്. ബൈജു, അരുണ്‍, നിര്‍മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായര്‍, ദില്‍സ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്നാണ് ചിത്രത്തിന്റെ പേര്. മനു സി കുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ജഗദീഷ് പളനിസാമി, സുധന്‍സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കല്യാണിക്കു പുറമെ സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ ഇ5 എയര്‍ക്രോസ് ഫെയ്സ്ലിഫ്റ്റിനെ 36.67 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഷൈന്‍ ഡ്യുവല്‍ ടോണ്‍ എന്ന ഒറ്റ വേരിയന്റിലാണ് എസ്യുവി ലഭ്യമാകുന്നത്. പുതിയ മോഡല്‍ പുതിയ ഡിസൈന്‍ ഭാഷയിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 3,750 ആര്‍പിഎമ്മില്‍ 174 ബിഎച്ച്പി കരുത്തും 2,000 ആര്‍പിഎമ്മില്‍ 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് സിട്രോണ്‍ സി5 എയര്‍ക്രോസിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

കുട്ടികള്‍ കഥാപാത്രമാകുന്ന, കുട്ടികളുടെ ജീവിതം നിറഞ്ഞുനില്‍ക്കുന്ന, കുട്ടികളുടെ സാന്നിധ്യം അവിസ്മരണീയമാക്കുന്ന 34 കഥകളുടെ സമാഹാരം. എഴുത്തുകാരന്റെ ഉള്‍വെളിച്ചമാണ് ഈ ചെറുപൈതങ്ങളിലും ജ്വലിക്കുന്നത്. ബാലകരുടെ ഭാവപ്രപഞ്ചവും ഭാവനാസാമ്രാജ്യവും പടുക്കുന്ന ഈ രചനകളില്‍ കഥാകാരന്‍ അവരുടെ പൊട്ടിച്ചിരികളെ, അമര്‍ത്തിക്കരച്ചിലുകളെ, അതിമോഹങ്ങളെ, വാചാലമൗനങ്ങളെ ഒക്കെ തൊട്ടുത ലോടുകയാണ്, ഒരു പിതാവിന്റെ സ്നേഹവാത്സല്യങ്ങളോടെ. ‘പത്മനാഭന്റെ കുട്ടികള്‍’. ടി. പത്മനാഭന്‍. എച്ച് & സി ബുക്സ്. വില -300 രൂപ.

ലോകത്ത് ഏറ്റവുമധികം നിര്‍ണയിക്കപ്പെടുന്ന മൂന്നാമത് അര്‍ബുദമാണ് വന്‍ കുടലിലും കോളോണിലും മലദ്വാരത്തിലും വരുന്ന ബവല്‍ കാന്‍സര്‍. നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കരള്‍, ശ്വാസകോശം, തലച്ചോര്‍, ലിംഫ് നോഡുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ഈ അര്‍ബുദ കോശങ്ങള്‍ പടരും. അപൂര്‍വമായി കുടല്‍ കാന്‍സര്‍ എല്ലുകളിലേക്കും പടരാറുണ്ട്. ബോണ്‍ മെറ്റാസ്റ്റാസിസ് എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. എല്ലുകളിലേക്ക് പടരുന്ന അര്‍ബുദം രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് കൂട്ടുന്ന ഹൈപ്പര്‍കാല്‍സീമിയക്ക് കാരണമാകുമെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെ പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാന്‍സര്‍ ബാധിതരില്‍ 20 ശതമാനത്തിന് വരെ ഇത്തരത്തില്‍ ഹൈപ്പര്‍കാല്‍സീമിയ ഉണ്ടാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അര്‍ബുദം എല്ലുകളിലേക്ക് പടരുന്നത് ഇവയെ ദുര്‍ബലപ്പെടുത്തുകയും വേദനയ്ക്ക് കാരണമാകുകയും ചെയ്യും. എല്ലുകള്‍ പെട്ടെന്ന് ഒടിയാനുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കുന്നു. ഹൈപര്‍കാല്‍സീമിയയുടെ മറ്റ് ലക്ഷണങ്ങള്‍ ക്ഷീണം, മനംമറിച്ചില്‍, അമിതമായ ദാഹം, വയര്‍ പ്രശ്നങ്ങള്‍, ഛര്‍ദ്ദി, മലബന്ധം, ആശയക്കുഴപ്പം എന്നിവയാണ്. കുടലിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ആദ്യമൊന്നും അത്ര പ്രകടമാകാറില്ല. വയറ്റില്‍ നിന്ന് പോകുന്നതില്‍ നിരന്തരമായ മാറ്റങ്ങള്‍, പൈല്‍സ് പ്രശ്നമില്ലാതെ മലത്തില്‍ രക്തം, വയര്‍വേദന, നിരന്തരം ഗ്യാസ്, അസ്വസ്ഥത, മലബന്ധം എന്നിവയെല്ലാം കുടല്‍ അര്‍ബുദത്തിന്റെ ലക്ഷണമാകാം. ഈ ലക്ഷണങ്ങള്‍ മൂന്നാഴ്ചയില്‍ കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം തേടേണ്ടതാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

ഏഴ് വയസ്സുകാരനായ ആ കുഞ്ഞിന് ഇടതുകാലില്‍ അസാധാരണമായ വേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടപ്പോഴാണ് അവര്‍ പരിശോധനയ്ക്കായി ഡോക്ടറുടെ അടുത്തെത്തിയത്. പരിശോധനയില്‍ അവന് കാന്‍സര്‍ ആണെന്ന് കണ്ടെത്തി. സര്‍ജിയും കീമോ തെറാപ്പിയും ചെയ്തു. ഇതുമൂലം ഇടതുകാല്‍ ശോഷിക്കുകയും മുടന്ത് സംഭവിക്കുകയും ചെയ്തു. പക്ഷേ, ആ കാല് വെച്ച് അവന്‍ എത്താത്തയിടമില്ല. അച്ഛന്റെ കൃഷി സ്ഥലത്തും ഫാമിലും എല്ലാം അവന്‍ എത്തും. വീണ്ടും അവനെ രോഗം ആക്രമിച്ചു. ഇത്തവണ അവന്റെ അസ്ഥികളേയും മജ്ജകളേയും എല്ലാം ബാധിച്ചു. ഭക്ഷണം പോലും കഴിക്കാന്‍ അവന് സാധിക്കാതെയായി. എങ്കിലും കൃഷിയിടത്തിലേക്കും ഫാമിലേക്കുമുള്ള തന്റെ പ്രിയപ്പെട്ട യാത്രകളെ അവന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു. ആ യാത്രകള്‍ വീണ്ടും തന്റെ ജീവിതത്തില്‍ ഉണ്ടാകുമെന്ന് അവന്‍ ഉറച്ചു വിശ്വസിച്ചു. അവന് പ്രിയപ്പെട്ട സ്ഥലങ്ങളുടേയും ജീവികളുടെയും എല്ലാം ചിത്രങ്ങള്‍ അവന്റെ റൂമില്‍ ഒട്ടിച്ചു വെയ്ക്കാന്‍ അവന്‍ ആവശ്യപ്പെട്ടു. ഓരോ തവണയും വേദനകള്‍ വരുമ്പോഴും അവന്‍ തന്റെ പ്രിയപ്പെട്ട ഇടങ്ങളിലേക്ക് മനസ്സുകൊണ്ട് യാത്രചെയ്തു. വീണ്ടും അവിടെയെല്ലാം തിരിച്ചെത്തും എന്ന് ആവര്‍ത്തിച്ചു. കാലങ്ങള്‍ കടന്നുപോയി. കാന്‍സര്‍ അവനെ വിട്ടുപോയി. വീണ്ടും അവന്‍ ആവര്‍ത്തിച്ചു പറഞ്ഞതുപോലെ തിരികെ തന്റെ പ്രിയപ്പെട്ട ഇടങ്ങളിലെല്ലാം തിരിച്ചെത്തുകയും ചെയ്തു. നമ്മുടെ മനസ്സിനും ഒരു ഗ്രാവിറ്റി പവര്‍ ഉണ്ട്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഒരു കാര്യം നാം ആഗ്രഹിച്ചാല്‍ അത് നേടാനാകും എന്നതാണ് അതിലെ സയന്‍സ്. തോല്‍വികളെ തോല്‍പ്പിക്കുന്ന മനസ്സ് നമുക്കും നേടിയെടുക്കാനാകട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *