◾കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക 20 നു പ്രസിദ്ധീകരിക്കുമെന്ന് വരണാധികാരിയായ മധുസൂദന്‍ മിസ്ത്രി. വോട്ടര്‍പട്ടിക ആവശ്യപ്പെട്ടു കത്തു നല്കിയ ശശി തരൂര്‍ അടക്കമുള്ള അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ക്കു നല്‍കിയ മറുപടിയിലാണ് ഈ വിവരം. ഒമ്പതിനായിരം പ്രതിനിധികളടങ്ങുന്ന വോട്ടര്‍പട്ടിക പ്രസിഡന്റു സ്ഥാനാര്‍ത്ഥിക്കു മാത്രം ഓഫീസില്‍ പരിശോധിക്കാമെന്നാണു മിസ്ത്രിയുടെ അറിയിപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പത്രിക സമര്‍പ്പണം ഈ മാസം 22 ന് തുടങ്ങും. ഇതിനിടെ ശശി തരൂര്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു ഗാന്ധികുടുംബം പരിഗണിക്കുന്ന നേതാവുമായ അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി.
◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നു കേരളത്തില്‍. ഇന്നലെ വൈകുന്നേരത്തോടെ യാത്ര കേരള അതിര്‍ത്തിയായ പാറശാലയില്‍ എത്തി. ഗംഭീരവും ആവേശകരവുമായ സ്വീകരണ പരിപാടികളാണ് കെപിസിസി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഏഴു ജില്ലകളിലൂടെ 17 ദിവസമെടുത്താണു യാത്ര കടന്നുപോകുക. 27 ന് പാലക്കാട് വഴി കേരളം വിടും. 14 ാം തീയതിവരെ തിരുവനന്തപുരം ജില്ലയിലാണ് പര്യടനം.
◾ചാള്‍സ് രാജകുമാരന്‍ ബ്രിട്ടീഷ് രാജാവായി ചുമതലയേറ്റു. കിംഗ് ചാള്‍സ് മൂന്നാമന്‍ എന്നാകും ഇനി അദ്ദേഹം അറിയപ്പെടുക. സെന്റ് ജെയിംസ് കൊട്ടരത്തില്‍ അക്സഷന്‍ കൗണ്‍സിലിന്റെ പ്രതിനിധിയാണ് എഴുപത്തിമൂന്നുകാരനായ ചാള്‍സിനെ രാജാവായി പ്രഖ്യാപിച്ചത്. ലണ്ടനില്‍ പ്രിവി കൗണ്‍സിലിനു മുന്നില്‍ ചാള്‍സ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ചാള്‍സിന്റെ ഭാര്യയും രാജ്ഞിയുമായ കാമില്ല സാക്ഷിയായി ഒപ്പിട്ടു.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾അച്ചന്‍കോവിലാറില്‍ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാണാതായ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യന്‍, ചെറുകോല്‍പ്പുഴ സ്വദേശി വിനീഷ് എന്നിവരാണ് മരിച്ചത്. ആറന്‍മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് മാവേലിക്കര വലിയ പെരുംമ്പുഴ കടവില്‍ മറിഞ്ഞത്.
◾മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവികസേനയുടെ ഫോര്‍ട്ടുകൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ പൊലീസ് പരിശോധന. ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധിച്ചത്. വെടിയുണ്ട നേവിയിലെ തോക്കുകളില്‍ ഉപയോഗിക്കുന്നതാണോയെന്നാണ് പരിശോധിച്ചത്. നാവിക പരിശിലീന കേന്ദ്രത്തോട് ചേര്‍ന്നുളള കടലിലും തീരത്തും പൊലീസ് പരിശോധന നടത്തി.
◾തൃശൂരില്‍ ഇന്നു വൈകുന്നേരം പുലിക്കളി. ഉച്ചമുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം. വൈകുന്നേരം നാലു മുതല്‍ പുലിക്കളി സംഘങ്ങള്‍ നഗരത്തിലെത്തും. ഓണാഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ കുമ്മാട്ടി സംഘങ്ങളുടെ പ്രകടനങ്ങളും ഉണ്ടായിരുന്നു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളി സമരത്തിനു പിന്തുണയുമായി 18 ന് കെസിബിസിയുടെ നേതൃത്വത്തില്‍ അദാനിയുടെ തുറമുഖത്തേക്കു ബഹുജന മാര്‍ച്ച്. കേരളത്തിലെ എല്ലാ രൂപതകളില്‍നിന്നും വിശ്വാസികളെ അണിനിരത്തി മാര്‍ച്ചു നടത്തണമെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.
◾വിഴിഞ്ഞം സമരനേതാക്കളും ലത്തീന്‍ അതിരൂപതയിലെ മുതിര്‍ന്ന വൈദീകരും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ഫാ. യൂജീന്‍ പെരേരയുടെ നേതൃത്വത്തിലാണു സമരസമിതി നേതാക്കളുടെ കൂടിക്കാഴ്ച. സമരസമിതിയുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന് കാനം അറിയിച്ചെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
◾തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധിയെ വിഴിഞ്ഞത്തെ സമരവേദിയില്‍ എത്തിക്കാന്‍ ശ്രമം. ഭാരത് ജോഡ് യാത്രയുമായി എത്തുന്ന രാഹുലിന്റെ സാന്നിധ്യം സമരവേദിയില്‍ ആവേശം പകരുമെന്നാണ് ലത്തീന്‍ അതിരൂപതയുടെ പ്രതീക്ഷ. സമരസമിതി നേതാക്കള്‍ കെ സുധാകരനെയും വി.ഡി സതീശനെയും കണ്ടു സംസാരിച്ചു. രാഹുലിനെ എത്തിക്കാന്‍ പ്രയാസമാകുമെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.
◾
◾വിദ്വേഷങ്ങള്‍ക്കെതിരായ ഒറ്റമൂലി ഗുരുചിന്തയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്പഴന്തിയില്‍ ശ്രീനാരായണ ദാര്‍ശനിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രസംഗിച്ചു.
◾എ.കെ.ജി. സെന്റര്‍ ആക്രമണക്കേസിലെ അന്വേഷണത്തിന്റെ പേരില്‍ കഴക്കൂട്ടം – മേനംകുളം പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസുകാരെ കുടുക്കാനുള്ള ക്രൈം ബ്രാഞ്ചിന്റെ ശ്രമത്തെ പ്രതിരോധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇതേസമയം, എ.കെ.ജി.സെന്റര്‍ ആക്രമണത്തിന്റെ ഗൂഡാലോചനക്കു പിന്നില്‍ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
◾രാഹുല്‍ഗാന്ധി വരുമ്പോള്‍ പടക്കവുമായി സിപിഎമ്മും പോലീസും ഓടുകയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ധിക്ക് എംഎല്‍എ. എകെജി സെന്ററില്‍ പടക്കം എറിഞ്ഞ കേസില്‍ യൂത്ത് കോണ്‍ഗ്രസുകാരെ പ്രതിയാക്കാനുള്ള നീക്കത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ഗാന്ധി വയനാട്ടില്‍ എത്തുന്നതിനു തലേന്നാണ് എകെജി സെന്ററില്‍ പടക്കെറിഞ്ഞത്. ഇപ്പോള്‍ ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ എത്തുമ്പോള്‍ പ്രതി കോണ്‍ഗ്രസുകാരനാണെന്ന് പറയുന്നു. ഇത്രയും പേടിയാണോയെന്നാണ് സിദ്ദിഖ് ഫേസ് ബുക്കിലൂടെ പരിഹസിച്ചത്.
◾ഭീമന്‍ യന്ത്രം കൊണ്ടുപോകുന്ന ടെയിലര്‍ ലോറിക്ക് താമരശേരി ചുരം കയറാന്‍ അനുമതി നല്‍കിയില്ല. കര്‍ണാടകയിലെ നഞ്ചകോട്ടേ ഫാക്റ്ററിയിലേക്കുള്ള പടുകൂറ്റന്‍ യന്ത്രവാഹനത്തിനു ദിവസം പത്തു കിലോമീറ്റര്‍ മാത്രമേ സഞ്ചരിക്കാനാകൂ. ഓണത്തിന്റെ ഗതാഗതത്തിരക്കിനിടെ ഈ വാഹനം ചുരത്തില്‍ വന്‍തോതില്‍ വഹാനക്കുരുക്കുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഈങ്ങാപ്പുഴയിലെത്തിയ ടെയിലര്‍ ലോറി കൊയിലാണ്ടി, മംഗലാപുരം വഴി തിരിച്ചുവിട്ടു.
◾രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടു വരേണ്ടതായിരുന്നെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചു നിന്നാലേ ഫാസിസത്തെ തോല്‍പിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയിലേക്കു ക്ഷണിച്ചപ്പോഴാണ് അടൂര്‍ ഇങ്ങനെ പ്രതികരിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു.
◾ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ അകമ്പടി വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറു പേര്‍ക്കു പരിക്ക്. ആലപ്പുഴ തോട്ടപ്പള്ളി പാലത്തിലാണ് അപകടമുണ്ടായത്. രണ്ടു പോലീസുകാര്‍, ആംബുലന്‍സ് ഡ്രൈവര്‍, മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
◾കായംകുളം താലൂക്കാശുപത്രിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റമുട്ടിയ സംഭവത്തിലെ മുഖ്യ പ്രതികള്‍ സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍. ചിറക്കടവം ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്‍ സെക്രട്ടറിയുമായ സാജിദ് ഷാജഹാന്‍, ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്‍, സുധീര്‍, എന്നിവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കായംകുളം പൊലീസ് കേസെടുത്തു. എട്ടു പേര്‍ക്കെതിരേയാണ് കേസ്.
◾ഫ്ളൈറ്റില്‍ മരണം. ദുബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. കോട്ടയം മണിമല സ്വദേശി എല്‍സാ മിനി ആന്റണിയാണ് മരിച്ചത്. അബോധാവസ്ഥയിലായ എല്‍സയ്ക്കു പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കുന്നതിനുമുന്‍പേ മരിച്ചിരുന്നു. ഭര്‍ത്താവും വിമാനത്തിലുണ്ടായിരുന്നു.
◾ആന്ധ്രയില്‍നിന്ന് ലോറിയില്‍ തൊടുപുഴയിലേക്ക് 80 കിലോ കഞ്ചാവ് കടത്തുകയായിരുന്ന തൊടുപുഴ കാളിയാര്‍ സ്വദേശി തങ്കപ്പനും മകന്‍ അരുണ്‍ തങ്കപ്പനും അടക്കമുള്ള സംഘം പിടിയിലായി. പടിഞ്ഞാറേ കോടിക്കുളം സ്വദേശി നിതിന്‍ വിജയന്‍, വണ്ണപ്പുറം സ്വദേശി അബിന്‍സ് എന്നിവര്‍ അടക്കമുള്ളവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
◾മലപ്പുറം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഉടമയില്ലാത്ത ബാഗില്‍ വന്‍ ലഹരിശേഖരം. രണ്ട് ബാഗുകളിലായി എട്ടര കിലോ കഞ്ചാവ്, 30.58 ഗ്രാം എം ഡി എം എ, എട്ടു ഗ്രാം ബ്രൗണ്‍ ഷുഗര്‍, 10.51 ഗ്രാം വൈറ്റ് എം ഡി എം എ, പുകവലിക്കാനുള്ള ഉപകരണം എന്നിവയാണ് പിടികൂടിയത്.
◾ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ബേപ്പൂര്‍ ജലോല്‍സവത്തിനിടെ വള്ളം മറിഞ്ഞു. എകെജി മയിച്ച എന്ന വള്ളത്തിലുണ്ടായിരന്ന 25 പേരേയും രക്ഷപ്പെടുത്തി.
◾ഇടുക്കി ജില്ലയിലെ മലയോര ഗ്രാമമായ ചെമ്മണ്ണാറില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ജനകീയ ലേലത്തില്‍ അഞ്ചു കിലോ തൂക്കമുള്ള മത്തങ്ങയ്ക്കു ലഭിച്ചത് 47,000 രൂപ. സംഘാടകര്‍ക്ക് സൗജന്യമായി ലഭിച്ച മത്തങ്ങയാണ് റിക്കാര്‍ഡ് തുകയ്ക്കു ലേലത്തില്‍ പോയത്.
◾വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാള പള്ളിപ്പുറം സ്വദേശി തേമാലിപ്പറമ്പില്‍ അനീഷാണ് പിടിയിലായത്.
◾മലപ്പുറം നെടിയിരുപ്പ് പൊയിലിക്കാവ് കരിങ്കാളി ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തിയ കേസിലെ പ്രതി കര്‍ണാടക സ്വദേശി പിടിയില്‍. കര്‍ണാടക ചിക്കബല്ലാപ്പുര പ്രശാന്ത് നഗറിലെ അര്‍ജ്ജുന്‍ (34) ആണ് പിടിയിലായത്.
◾ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. അവസാന തീയതി ഈ മാസം 22.
◾മൊബൈല്‍ ഗെയിമിംഗ് ആപ്ലിക്കേഷന്‍ തട്ടിപ്പ് കേസില്‍ കൊല്‍ക്കത്തയില്‍ ഇഡി നടത്തിയ റെയ്ഡില്‍ 17 കോടി രൂപ പിടിച്ചെടുത്തു. കൊല്‍ക്കത്ത സ്വദേശിയായ അമിര്‍ ഖാന്‍ എന്ന വ്യവസായിയുടെ ആറു സ്ഥാപനങ്ങളിലായിരുന്നു പരിശോധന. പണം നല്‍കി ഉപയോഗിക്കാവുന്ന ഇ -നഗ്ഗറ്റ്സ് എന്ന പേരില്‍ ഗെയിം ആപ്പ് പുറത്തിറക്കിയാണ് പണം തട്ടിയത്.
◾ഭാരത് ജോഡോ യാത്രയേയും രാഹുല്‍ഗാന്ധിയേയും പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പൂരിയും. ഭാരത് യാത്രക്കു പോകുന്നതിനു മുന്‍പ് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ ചരിത്രം പഠിക്കണമായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. വിദേശ നിര്‍മ്മിത ടീഷര്‍ട്ട് ധരിച്ചാണ് രാഹുലിന്റെ യാത്രയെന്നും അമിത് ഷാ പരിഹസിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധനത്തിനു വിലക്കുറവായതിനാല്‍ പരമാവധി ഇന്ധനം നിറയ്ക്കൂവെന്നാണ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ പരിഹാസം.
◾ഗോവയിലെ തന്റെ കുടുംബസ്വത്ത് അജ്ഞാതനായ ഒരാള്‍ തട്ടിയെടുത്തെന്ന് യുകെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവിന്റെ പരാതി. ഗോവ പോലീസ് കേസെടുത്ത് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. യുകെ ആഭ്യന്തര സെക്രട്ടറിയും ഇന്ത്യന്‍ വംശജനുമായ സുവെല്ല ബ്രേവര്‍മാന്റെ പിതാവ് ക്രിസ്റ്റി ഫെര്‍ണാണ്ടസാണ് പരാതിക്കാരന്‍. 13,900 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള രണ്ട് കുടുംബ സ്വത്തുക്കള്‍ തട്ടിയെടുത്തെന്നാണ് പരാതി.
◾ജാര്‍ക്കണ്ഡിലെ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരന്‍ ബസന്ത് സോറന്റേയും നിയമസഭാംഗത്വം അയോഗ്യത കല്‍പിച്ചു റദ്ദാക്കാന്‍ തെരഞ്ഞെടപ്പു കമ്മീഷന്‍ ശുപാര്‍ശ നല്‍കി. ഖനി ഉടമകളായ ഇരുവരും തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ വിവരം മറച്ചുവച്ചെന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കിയത്.
◾ഹൈദരാബാദിലെ ഗണേശോല്‍സവത്തോടനുബന്ധിച്ചു നടന്ന ഗണേശ ലഡു ഇത്തവണ ലേലം ചെയ്തത് 24.60 ലക്ഷം രൂപയ്ക്ക്. 21 കിലോയുള്ള ലഡു 10 ദിവസത്തെ ഗണേശാഘോഷത്തിന്റെ സമാപന ദിവസമാണ് ലേലം ചെയ്തത്. ഒമ്പതു പേരാണ് ലേലത്തില്‍ പങ്കെടുത്തത്.
◾ഹരിദ്വാറില്‍ വ്യാജമദ്യം കഴിച്ച് ഏഴു പേര്‍ മരിച്ചു. ഫുല്‍ഗഢ്, ശിവ്ഗഡ് ഗ്രാമങ്ങളിലാണു മദ്യദുരന്തം. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ചില സ്ഥാനാര്‍ത്ഥികള്‍ മദ്യം വിതരണം ചെയ്തിരുന്നു.
◾റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സിനെതിരെ ഇന്ത്യ ലെജന്‍ഡ്സിന് 61 റണ്‍സിന്റെ വമ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജന്‍ഡ്സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
◾യുപിഐ വഴി 657 കോടി രൂപയുടെ ഇടപാടുകളാണ് ഓഗസ്റ്റ് മാസം നടന്നത്. മാസംതോറുമുള്ള കണക്ക് പരിശോധിച്ചാല്‍ ഓഗസ്റ്റ് മാസത്തില്‍ യുപിഐ ഇടപാടുകളില്‍ 4.6 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. യുപിഐ വഴിയുള്ള പ്രതിദിന ഇടപാടിന് ആര്‍ബിഐ പരിധി നിശ്ചയിച്ചിട്ടുണ്ട്. പരമാവധി രണ്ടുലക്ഷം രൂപയാണ് കൈമാറാന്‍ സാധിക്കുക. ബാങ്കുകളും പരിധി നിശ്ചയിച്ചിട്ടുണ്ട്. പ്രമുഖ പൊതുമേഖല ബാങ്കുകളായ ആന്ധ്രാ ബാങ്കിലും, ദേനാ ബാങ്കിലും ബാങ്ക് ഓഫ് മഹാരാഷ്ട്രയിലും എസ്ബിഐയിലും സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സിയിലും ആക്‌സിസ് ബാങ്കിലും സിറ്റി ബാങ്കിലും ഒരു ലക്ഷം രൂപയാണ് പ്രതിദിന പരിധി. ഒറ്റത്തവണയായി പണം കൈമാറുമ്പോഴും പരിധി ഒരു ലക്ഷം തന്നെ. ഐസിഐസിഐ ബാങ്കില്‍ ഗൂഗിള്‍ പേ ഒഴിച്ചുള്ള പേയ്‌മെന്റ് ആപ്പുകള്‍ വഴി ഒരു ദിവസം പരമാവധി 10000 രൂപയേ കൈമാറാന്‍ സാധിക്കൂ. ഗൂഗിള്‍ പേയില്‍ 25,000 രൂപ വരെയാകാം. ഒറ്റത്തവണയായി പണം കൈമാറുമ്പോഴും ഇത് ബാധകം. ബാങ്ക് ഓഫ് ബറോഡയില്‍ ഒറ്റത്തവണയായി ഒരുദിവസം കൈമാറാവുന്ന പരമാവധി തുക 25,000 രൂപ. പ്രതിദിന ഇടപാട് പരിധി ഒരു ലക്ഷം രൂപയും. കാനറ ബാങ്കില്‍ ഒറ്റത്തവണയായി കൈമാറാവുന്ന പരമാവധി തുക 10,000 രൂപയാണ്. പ്രതിദിനം 25000 രൂപ വരെയാകാം. ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒറ്റത്തവണയായി കൈമാറാവുന്ന പരമാവധി തുക കാനറ ബാങ്കിന് സമാനമാണ്. ഒരു ദിവസം ഒരു ലക്ഷം രൂപ വരെ ഇടപാടുകള്‍ നടത്താം.
◾ഇന്ത്യയില്‍ ഇന്ധന ഡിമാന്‍ഡ് ജൂലായില്‍ 2021 ജൂലായേക്കാള്‍ 6.1 ശതമാനം വര്‍ദ്ധിച്ചുവെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ളാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ റിപ്പോര്‍ട്ട്. 17.62 മില്യണ്‍ ടണ്ണാണ് ജൂലായിലെ വില്പന. അതേസമയം, ജൂണിലെ 18.68 മില്യണ്‍ ടണ്ണിനേക്കാള്‍ 5.7 ശതമാനം കുറവാണിത്. ജൂലായില്‍ പെട്രോള്‍ വില്പന വാര്‍ഷികാടിസ്ഥാനത്തില്‍ 6.8 ശതമാനം ഉയര്‍ന്ന് 2.81 മില്യണ്‍ ടണ്ണിലെത്തി. എല്‍.പി.ജി വില്പന 1.7 ശതമാനം ഉയര്‍ന്ന് 2.41 മില്യണ്‍ ടണ്ണായി. നാഫ്ത വില്പന 6.2 ശതമാനം താഴ്ന്ന് 1.14 മില്യണ്‍ ടണ്ണുമായിട്ടുണ്ട്. റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമെന്‍ വില്പന 1.4 ശതമാനവും ഫ്യുവല്‍ ഓയില്‍ വില്പന 19.8 ശതമാനവും മെച്ചപ്പെട്ടു.
◾കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിച്ച ചിത്രം ഒറ്റിലെ തീം സോംഗ് പുറത്തുവിട്ടു. 25 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്കുള്ള അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവ് കൂടിയാണ ഈ ചിത്രം. തമിഴ്, മലയാളം പതിപ്പുകളില്‍ ഒരേസമയം നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്റെ തമിഴിലെ പേര് ‘രണ്ടകം’ എന്നാണ്. ‘ചുറ്റുപാടും അന്ധകാരം’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റൈകോയാണ്. കൈലാസ് മേനോന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആനന്ദ് ശ്രീരാജ്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
◾പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ബേസില്‍ ജോസഫ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിന്‍ ദാസാണ്. ദര്‍ശന രാജേന്ദ്രനാണ് നായികയായി അഭിനയിക്കുന്നത്. ദീപാവലി റിലീസായി ഒക്ടോബര്‍ 21ന് ചിത്രം തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ച് മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. കല്യാണ വേഷത്തിലുള്ള ബേസിലിനെയും ദര്‍ശനെയും പോസ്റ്ററില്‍ കാണാം. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
◾രാജ്യത്തെ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്യുവിയുടെ വില ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. 15.11 ലക്ഷം മുതല്‍ 18.99 ലക്ഷം രൂപ വരെ വിലയുള്ള ഇ, എസ്, ജി, വി എന്നീ നാല് വകഭേദങ്ങളിലാണ് എസ്യുവി മോഡല്‍ വരുന്നത്. മൈല്‍ഡ് ഹൈബ്രിഡ് വി വേരിയന്റിന് 17.09 ലക്ഷം രൂപ വിലവരുമ്പോള്‍, ശക്തമായ ഹൈബ്രിഡ് എസ്, ജി, വി വേരിയന്റുകള്‍ക്ക് യഥാക്രമം 15.11 ലക്ഷം രൂപ, 17.49 ലക്ഷം രൂപ, 18.99 രൂപ എന്നിങ്ങനെയാണ് എക്സ്-ഷോറൂം വിലകള്‍. ടോക്കണ്‍ തുകയായ 25,000 രൂപയ്ക്ക് പുതിയ ടൊയോട്ട എസ്യുവിയുടെ ബുക്കിംഗ് ടൊയോട്ട ആരംഭിച്ചുകഴിഞ്ഞു. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ വാറന്റി നല്‍കുന്നു.
◾ഇന്ത്യയിലേക്കുള്ള വിദേശ അധിനിവേശങ്ങളുടെയും കേരള ചരിത്രത്തിന്റെയും കൊച്ചി തുറമുഖത്തിന്റെയും വില്ലിംഗ്ടണ്‍ ഐലന്റിന്റെയും ചരിത്രപഥങ്ങളാണ ഈ കൃതിയുടെ ഉള്ളടക്കം. ഒപ്പം കൊച്ചിയില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടതിന്റെ നാള്‍വഴികളും. ഇന്നു കാണുന്ന വില്ലിംഗ്ടണ്‍ ഐലന്റിന്റെ വളര്‍ച്ചയുടെ ശില്‍പ്പി ചാള്‍സ് റോബര്‍ട്ട് ബ്രിസ്റ്റോവിന്റെ ഇച്ഛാശക്തിയുടെ കഥ കൂടിയാണിത്. പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന ഗ്രന്ഥകാരന്റെ ഗവേഷണാത്മകമായ അന്വേഷണങ്ങളുടെ രസകരമായ വിവരണം. ‘കൊച്ചി-വില്ലിംഗ്ടണ്‍ ഐലന്റിന്റെ ഇന്നലെത്തെ കഥ’. ഉപ്പത്തില്‍ ഖാലിദ്. ഗ്രീന്‍ ബുക്സ്. വില 627 രൂപ.
◾ഇന്ത്യയിലെ ആളുകളില്‍ ആന്റിമൈക്രോബിയല്‍ പ്രതിരോധത്തില്‍ സുസ്ഥിരമായ വളര്‍ച്ച ഉണ്ടായതായി ഐസിഎംആര്‍ പഠനം. ഇതുമൂലം പല രോഗങ്ങള്‍ക്കും നിലവില്‍ നല്‍കികൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒരു വലിയ വിഭാഗം ആളുകളില്‍ ഇനി ഫലം ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ഐസിഎംആര്‍ പഠനത്തില്‍ പറയുന്നത്. ഐസിഎംആര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഇ കോളി ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ഇമിപെനത്തിനെതിരെയുള്ള പ്രതിരോധം 2016ല്‍ 14ശതമാനമായിരുന്നെങ്കില്‍ 2021ല്‍ അത് 36ശതമാനമായി വര്‍ദ്ധിച്ചു. ന്യുമോണിയ, സെപ്റ്റിസീമിയ എന്നിവയെ ചികിത്സിക്കാന്‍ ഐസിയു രോഗികള്‍ക്കടക്കം നല്‍കുന്ന ആന്റിബയോട്ടിക്കായ കാര്‍ബപെനം ഒരു വലിയ വിഭാഗം രോഗികള്‍ക്ക് പ്രയോജനം ചെയ്യില്ലെന്നാണ് ആളുകളുടെ ആന്റിമൈക്രോബിയല്‍ പ്രതിരോധം വിശകലനം ചെയ്തുള്ള പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സി. പാരാപ്‌സിലോസിസ്, സി. ഗ്ലാബ്രറ്റ തുടങ്ങിയ നിരവധി ഫംഗസ് രോഗാണുക്കള്‍ ഫ്ലൂക്കോണസോള്‍ പോലെയുള്ള പൊതുവെ ലഭ്യമായ ആന്റിഫംഗല്‍ മരുന്നുകളോട് പ്രതിരോധം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ സൂക്ഷ്മ നിരീക്ഷണം ആവശ്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ച് പൂര്‍ത്തിയാക്കിയ പഠനത്തില്‍ ആളുകളില്‍ മരുന്നുകളോടുള്ള പ്രതിരോധശേഷി വര്‍ദ്ധിച്ചത് നിലവില്‍ ചികിത്സിച്ചുവരുന്ന പല രോഗങ്ങളും ഇപ്പോള്‍ ലഭ്യമായിട്ടുള്ള മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ എളുപ്പമായിരിക്കില്ലെന്നാണ് ഐസിഎംആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ. കാമിനി പറയുന്നത്. ഉടനടി ശരിയായ മുന്‍കരുതലും നടപടികളും സ്വീകരിച്ചില്ലെങ്കില്‍ ആന്റിമൈക്രോബിയല്‍ പ്രതിരോധം വരും കാലങ്ങളില്‍ ഒരു മഹാമാരിയോളം വലിയ വിപത്തായി തീരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
*ശുഭദിനം*
*കവിത കണ്ണന്‍*
അവന്‍ ജനിച്ചപ്പോള്‍ അവന്റെ ഭാരം വെറും 700 ഗ്രാം മാത്രമായിരുന്നു. മാസം തികയാതെ ജനിച്ച ആ കുഞ്ഞിനെ പലരും കളിയാക്കി തവളക്കുഞ്ഞെന്ന് വരെ വിളിച്ചു. ബാലാരിഷ്ടതകള്‍ അവനെ പിന്‍തുടര്‍ന്നുവെങ്കിലും അതിനെയെല്ലാം ആ കുഞ്ഞ് അതിജീവിച്ചു. Speech Locomotive Diosrder എന്ന അസുഖം അവന്റെ സന്തതസഹചാരിയായി. അതുകൊണ്ട് തന്നെ പത്ത് വയസ്സായപ്പോഴാണ് അവനെ സ്‌കൂളില്‍ ചേര്‍ത്തത്. പ്രാഥമിക വിദ്യാഭ്യാസം നല്‍കണമെന്ന് മാത്രമാണ് അവന്റെ മാതാപിതാക്കള്‍ ചിന്തിച്ചിരുന്നത്. പക്ഷേ, മാതാപിതാക്കളുടെ പ്രതീക്ഷയെ വകഞ്ഞുമാറ്റി ഓരോ ക്ലാസ്സിലും എ പ്ലസ് നേടി അവന്‍ വിജയിച്ചു. പത്താംക്ലാസ്സ് നല്ല മാര്‍ക്കോടെ പാസ്സായി. സയന്‍സ് ഗ്രൂപ്പെടുക്കണം എന്നായിരുന്നു ആഗ്രഹമെങ്കിലും ആസിഡും മറ്റും കൈകാര്യം ചെയ്യാന്‍ തന്റെ ശാരീരികാവസ്ഥ സമ്മതിക്കില്ല എന്ന തിരിച്ചറിവില്‍ ആ ഗ്രൂപ്പ് കിട്ടിയിട്ടും ഹ്യുമാനിറ്റിസിലേക്ക് പഠനം മാറ്റി. ബിരുദം നേടാന്‍ ആയി ദൂരെയുള്ള ഒരു കോളേജിലേക്ക് പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തടസ്സമായി വന്നത് വീട്ടുകാര്‍ തന്നെയായിരുന്നു. ദൂരെ പോയി തനിച്ചു താമസിക്കുമ്പോള്‍ അവന് തനിയെ ഭക്ഷണം പാചകംചെയ്യാനോ, വസ്തം കഴുകാനോ തുടങ്ങി ഒന്നും സാധിക്കില്ലെന്ന ഭയം വീട്ടുകാരെ പിന്തുടര്‍ന്നിരുന്നു. പക്ഷേ, അതിനെയെല്ലാം അതിജീവിച്ച് അവന്‍ ദൂരെ താന്‍ ആഗ്രഹിച്ച ഒരു കോളേജില്‍ ഡിഗ്രിക്ക് ചേരുകയും നല്ല മാര്‍ക്കോടെ ഡിഗ്രി പൂര്‍ത്തിയാക്കുകയും ചെയ്തു. ഡിഗ്രി ഫൈനല്‍ ഇയറില്‍ പഠിക്കുമ്പോഴാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എന്‍ട്രസ് എക്‌സാം അയാള്‍ എഴുതുന്നത്. എന്‍ട്രന്‍സ് പാസ്സായിയപ്പോള്‍ ബോംബെയിലെ ഇന്റര്‍വ്യൂന് അയാള്‍ക്ക് അവസരം കിട്ടി. ആ ഇന്റര്‍വ്യൂ അയാള്‍ പാസ്സായെങ്കിലും അയാളുടെ ശാരിരിക അവസ്ഥ കണ്ട് അവസരം നിഷേധിക്കുകയാണ് ചെയ്തത്. ഒപ്പം ഒരു കാര്യം കൂടി അവര്‍ പറഞ്ഞു: നിങ്ങളുടെ ഈ കഴിവിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. പക്ഷേ, തല്‍ക്കാലം നിങ്ങള്‍ക്ക് തരാന്‍ ഇവിടെ ജോലിയില്ല.. എവിടെയും നിങ്ങള്‍ക്ക് ജോലി കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളെ അറിയിക്കൂ… എന്ന് അവിടെ നിന്ന് ഇറങ്ങുമ്പോള്‍ അയാള്‍ ഒരു തീരുമാനമെടുത്തു. വേറെ എവിടെ ജോലിക്ക് പോയാലും ഇവിടെ താന്‍ ജോലിക്ക് വരില്ല എന്ന്. പിന്നീടുള്ള അയാളുടെ അന്വേഷണം ചെന്നെത്തിയത് Save the Children എന്ന കമ്പനിയില്‍ ആയിരുന്നു. എഴുത്തുപരീക്ഷയും ഗ്രൂപ്പ് ഡിസ്‌കഷനും കഴിഞ്ഞു.. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൊത്തം 30 പേര്‍ പങ്കെടുത്ത ആ ഇന്റവ്യൂവില്‍ 3 പേരെ അവര്‍ തിരഞ്ഞെടുത്തു. അതിലൊരാള്‍ അയാളായിരുന്നു. മന്‍സൂര്‍ അലി… സേവ് ദ ചില്‍ഡ്രന്റെ പ്രോഗ്രാം ഓഫീസര്‍! തന്നെ മോട്ടിവേറ്റ് ചെയ്തവരേക്കാള്‍ ഡീമോട്ടിവേറ്റ് ചെയ്തവരെയാണ് മന്‍സൂറിന് ഇഷ്ടം.. കാരണം അവരാണ് ജീവിതത്തോട് പൊരുതാനുള്ള എനര്‍ജി തന്നത്.. നിനക്ക് കഴിയില്ല എന്ന് പറഞ്ഞതെല്ലാം നേടിയെടുക്കാനുള്ള ഊര്‍ജ്ജം നല്‍കിയത്.. ജീവിതത്തില്‍ നിനക്കത് സാധിക്കില്ലെന്ന് പറഞ്ഞ കാര്യങ്ങളെ നേടിയെടുക്കാനുള്ള ഊര്‍ജ്ജം നമ്മില്‍ ഓരോരുത്തരിലും ഒളിഞ്ഞിരുപ്പുണ്ട്. അവ കണ്ടെത്താനും നമ്മുടെ ആഗ്രഹങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും നടന്നടുക്കാനും നമുക്ക് സാധിക്കട്ടെ – ശുഭദിനം.