◾കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു സംബന്ധിച്ച് തനിക്കു വ്യക്തമായ ധാരണയുണ്ടെന്നും ഉചിതമായ അവസരങ്ങളില്‍ അതു പ്രകടമാക്കുമെന്നും രാഹുല്‍ഗാന്ധി. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി പ്രസിഡന്റാകണമെന്നില്ല. പാര്‍ട്ടി വിട്ടുപോകുന്നവരില്‍ ബിജെപിയുടെ സമ്മര്‍ദവും സ്വാധീനവും കാണാം. ഭരണകൂട സ്ഥാപനങ്ങളെ ദുരുപയോഗിച്ചാണ് സമ്മര്‍ദത്തിലാക്കുന്നത്. രാഹുല്‍ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര നാളെ കേരളത്തിലേക്കു പ്രവേശിക്കും. പാറശാലയില്‍ നാളെ രാത്രി എത്തുന്ന യാത്ര തിങ്കളാഴ്ച മുതല്‍ കേരളത്തിലൂടെ പര്യടനം നടത്തും.
◾ഇന്ത്യ – ചൈന അതിര്‍ത്തിയിലെ ഗോഗ്ര – ഹോട്ട്സ്പ്രിംഗ്സ് മേഖലകളില്‍നിന്ന് ചൈനയുടെ സൈന്യം പിന്‍മാറുന്നുണ്ടെന്ന് ഇന്ത്യ. അതിര്‍ത്തിയിലെ താല്ക്കാലിക നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കും. തിങ്കളാഴ്ചയോടെ പിന്മാറ്റം പൂര്‍ത്തിയാക്കും. മറ്റു മേഖലകളിലെ പിന്‍മാറ്റത്തിനായി ചര്‍ച്ച തുടരും. ഉസ്ബെക്കിസ്ഥാനില്‍ പതിനഞ്ചിന് നടക്കുന്ന ഷാങ്ഹായി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്താനിരിക്കേയാണ് സേനാ പിന്മാറ്റം.
◾കേരളത്തിലെ തെരുവ് നായ് പ്രശ്നത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്കു പ്രാധാന്യമുണ്ടെന്നു സുപ്രീം കോടതി. തെരുവായ്ക്കളെ പോറ്റുന്നവര്‍ അവയ്ക്കു വാക്സിന്‍ നല്‍കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും കോടതി. ഈ മാസം 28 ന് ഇടക്കാല ഉത്തരവ് ഇറക്കും. (ഈ ലോകം ആരുടേതാണ്: ഡെയ്ലി ന്യൂസ് ഫ്രാങ്ക്ലി സ്പീക്കിംഗ്. https://youtu.be/_HIISe_ONuI )
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് ജാമ്യം. എന്‍ഫോഴ്സ്മെന്റ് കേസിലും ജാമ്യം കിട്ടിയാലേ പുറത്തിറങ്ങാനാകൂ.
◾കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ബഫര്‍സോണ്‍ വിധി പുനപരിശോധിക്കണമെന്ന ആവശ്യമില്ല. വിധിയില്‍ വ്യക്തത വേണമെന്നു മാത്രമാണ് ഹര്‍ജിയിലെ ആവശ്യം. പുനപരിശോധന ഹര്‍ജി നല്‍കിയെന്നാണു നേരത്തെ പ്രചരിപ്പിച്ചിരുന്നത്.
◾തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നു തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. കശുവണ്ടി, കയര്‍, ഖാദി, ഫിഷറീസ്, കൈത്തറി, ബീഡി തുടങ്ങിയ വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് 52.34 കോടി രൂപ അനുവദിച്ചെന്നും മന്ത്രി പറഞ്ഞു. കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്നു പേരെ ലാവ്ലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കില്ല. ഭരണഘടന ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കില്‍ മാത്രമേ ലാവ്ലിന്‍ ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ പരിഗണിക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുപ്പതിലേറെ തവണ മാറ്റിവച്ച ലാവ്ലിന്‍ കേസ് ഇനി മാറ്റിവയ്ക്കരുതെന്ന് ചീഫ് ജസ്റ്റീസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.
◾ഇന്നു ശ്രീനാരായണ ഗുരു ജയന്തി. ഗുരുവിന്റേത് ഉള്‍പ്പടെയുള്ള നവോത്ഥാന ചിന്തകള്‍ക്ക് തുടര്‍ച്ച നല്‍കിയത് കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാന്‍ ഇനിയും നമ്മള്‍ മുന്നേറണം. ആ വഴിയില്‍ വര്‍ഗീയതയും ജാതീയതയും വിദ്വേഷ രാഷ്ട്രീയവും വെല്ലുവിളികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നല്‍കാത്ത കേരള സര്‍വ്വകലാശാല ജോയിന്റ് രജിസ്ട്രാര്‍ പി രാഘവന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ 25,000 രൂപ പിഴ ചുമത്തി. സര്‍വ്വകലാശാല സൈക്കോളജി വിഭാഗം മുന്‍ മേധാവി ഡോ. ഇമ്മാനുവല്‍ തോമസ് നല്‍കിയ പരാതിയിലാണ് വിവരാവകാശ കമ്മീഷന്‍ അംഗമായ ഡോ. വിവേകാനന്ദന്‍ പിഴചുമത്തിയത്.
◾
◾വിഴിഞ്ഞം പനത്തുറ തീരത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി. വര്‍ക്കല സ്വദേശിയും വള്ളത്തിന്റെ ഉടമ കഹാറിന്റെ മകനുമായ ഉസ്മാന്റെ മൃേേതദഹമാണു കണ്ടെത്തിയത്. ഇന്നലെയും ഈ പ്രദേശത്ത് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി.
◾കേരള ബിജെപി ഘടകത്തിന്റെ ചുമതല മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്. രാധാ മോഹന്‍ അഗര്‍വാളിനാണ് സഹചുമതല. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതല നല്‍കി. ലക്ഷദ്വീപിന്റെ ചുമതലയില്‍ നിന്ന് അബ്ദുള്ളകുട്ടിയെ നീക്കി. ചണ്ഡീഗഡ് സംസ്ഥാനത്തിന്റെ ചുമതല ഇനി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്കാകും.
◾ആറന്മുള ഉത്രട്ടാതി ജലോല്‍സവം നാളെ കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാത്ഥിയാകും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.എന്‍. ബാലഗോപാല്‍, വീണ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.
◾മകള്‍ മരുന്നു വാങ്ങാന്‍ പോയപ്പോള്‍ പേവാര്‍ഡിലെ രോഗി തൂങ്ങിമരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. പിത്താശയത്തിലെ കല്ലിനു ചികിത്സയിലായിരുന്ന വയനാട് പുല്‍പ്പള്ളി സ്വദേശി രാജനാണ് (71) ജീവനൊടുക്കിയത്. സ്റ്റാഫ് നഴ്സെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്നു കുറ്റിയിട്ട നിലയിരുന്നു. വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചതായി കണ്ടത്.
◾കായംകുളം താലൂക്ക് ആശുപത്രിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ആശുപത്രിക്കു പുറത്താണ് ഇരുവിഭാഗവും ആദ്യം ഏറ്റുമുട്ടിയത്. മര്‍ദ്ദനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഒരാള്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലേക്ക് ഓടിക്കയറി. പിറകേ എത്തിയ സംഘം ഇയാളെ ആശുപത്രിക്കുള്ളില്‍ മര്‍ദ്ദിച്ചു. ആശുപത്രിയിലെ ഉപകരണങ്ങളും തല്ലിത്തകര്‍ത്തു.
◾കണ്ണൂര്‍ ചാവശേരിയില്‍ സ്റ്റീല്‍ ബോംബ് സ്ഫോടനം. ചാവശേരി മണ്ണാറ റോഡിലാണ് സ്ഫോടനമുണ്ടായത്. മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
◾കഴക്കൂട്ടത്ത് അമിതവേഗത്തില്‍ ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വെഞ്ഞാറമൂട് ആലിയാട് സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. ബൈക്ക് കത്തിപ്പോയി.
◾ഈരാറ്റുപേട്ട ടൗണിലെ കടകളില്‍ മഴക്കോട്ടു ധരിച്ച് പട്ടാപ്പകല്‍ മോഷണം നടത്തിയ പ്രതിയെ ബെംഗളൂരുവില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ലക്ഷത്തിലേറെ രൂപയും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച കടുവാമൂഴി സ്വദേശിയായ ഫുറൂസ് ദിലീഫാണ് പിടിയിലായത്. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാന്‍ ഫുറൂസ് ഏല്‍പ്പിച്ചയാളേയും പൊലീസ് കണ്ടെത്തി.
◾തിരുവനന്തപുരം പെരിങ്ങമലയില്‍ ജനവാസ മേഖലയില്‍ കാട്ടാനകളിറങ്ങി. ചിറ്റൂര്‍ വാര്‍ഡില്‍ ഇടവം പടിഞ്ഞാറേക്കരയിലാണ് ആനക്കൂട്ടം എത്തി വന്‍ നാശമുണ്ടാക്കിയത്. 250 കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്.
◾രാഹുല്‍ ഗാന്ധി 41,527 രൂപയുടെ ടീ ഷര്‍ട്ടുധരിച്ചാണ് ഭാരത് ജോഡോ യാത്ര നയിക്കുന്നതെന്ന് ആരോപിച്ച് ബിജെപി. രാഹുല്‍ ധരിച്ച ബര്‍ബെറി ടീ ഷര്‍ട്ടിന്റെ ചിത്രം ‘ഭാരതമേ കാണൂ’ എന്ന കുറിപ്പോടെ പങ്കുവച്ചുകൊണ്ടാണ് ബിജെപിയുടെ പ്രചാരണം. ഭാരത് ജോഡോ യാത്രയിലെ ആള്‍ക്കൂട്ടം കണ്ട് ഭയന്നോ എന്നാണ് കോണ്‍ഗ്രസിന്റെ മറുചോദ്യം. മോദിയുടെ പത്തുലക്ഷം രൂപയുടെ സ്യൂട്ടിനെക്കുറിച്ചും ഒന്നര ലക്ഷം രൂപയുടെ കണ്ണടയെക്കുറിച്ചും ചര്‍ച്ച ചെയ്യൂവെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.
◾ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണത്തോടെ വിവാദത്തിലായ വടക്കന്‍ ഗോവയിലെ അന്‍ജുനയിലുള്ള കേര്‍ലീസ് റസ്റ്റോറന്റ് ബിജെപി സര്‍ക്കാര്‍ ഭാഗികമായി പൊളിച്ചു. പൊളിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. റസ്റ്റോറന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
◾കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ മൂന്നു ദിവസത്തെ സൗദി അറേബ്യ സന്ദര്‍ശനത്തിന് ഇന്നു തുടക്കം. വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ഇതാദ്യമായാണ് എസ്. ജയ്ശങ്കര്‍ സൗദി അറേബ്യയിലെത്തുന്നത്. സൗദിയിലെ ഇന്ത്യന്‍ സമൂഹവുമായി അദ്ദേഹം ആശയവിനിമയം നടത്തും.
◾പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയതിന് ബിജെപിയുടെ മുന്‍ വക്താവ് നുപുര്‍ ശര്‍മയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അഭിഭാഷകനായ അബു സോഹല്‍ നല്‍കിയ ഹര്‍ജി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് തള്ളിയത്.
◾ബ്രിട്ടനില്‍ പുതിയ രാജാവായി ചാള്‍സ് ഇന്നു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ജനങ്ങളെ സേവിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ചയാളാണ് എലിസബത്ത് രാജ്ഞിയെന്ന് മകന്‍ ചാള്‍സ് മൂന്നാമന്‍ രാജാവ്. രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ചാള്‍സ്.
◾ഏഷ്യാ കപ്പ് ട്വന്റി20 ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.1 ഓവറില്‍ 121 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 17 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരങ്കയും 55 റണ്‍സോടെ പുറത്താവാതെ നിന്ന ഓപ്പണര്‍ പതും നിസ്സങ്കയുമാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്.
◾ഓണക്കാലത്ത് മലബാര്‍ മില്‍മയുടെ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ റെക്കോര്‍ഡ്. സെപ്തംബര്‍ നാലു മുതല്‍ ഏഴു വരെയുള്ള നാലു ദിവസങ്ങളില്‍ 39.39 ലക്ഷം ലിറ്റര്‍ പാലും 7.18 ലക്ഷം കിലോ തൈരും മലബാര്‍ മേഖലാ യൂണിയന്‍ വില്‍പ്പന നടത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പാല്‍ വില്‍പ്പനയില്‍ 11 ശതമാനത്തിന്റെയും തൈര് വില്‍പനയില്‍ 15 ശതമാനത്തിന്റെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതു കൂടാതെ 496 മെട്രിക് ടണ്‍ നെയ്യും 64 മെട്രിക് ടണ്‍ പേഡയും 5.5 ലക്ഷം പാക്കറ്റ് പാലടയും ഓണക്കാലത്ത് വില്‍പ്പന നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഓണം കിറ്റില്‍ ഈ വര്‍ഷവും 50 മില്ലി മില്‍മ നെയ്യ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ കിറ്റിലേക്കായി 50 മില്ലിയുടെ 36.15 ലക്ഷം നെയ്യാണ് മലബാര്‍ മില്‍മ നല്‍കിയത്. കണ്‍സ്യൂമര്‍ ഫെഡ് കേരളത്തിലുടനീളം സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി മില്‍മ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ലക്ഷം കിറ്റുകളും വില്‍പ്പന നടത്തി.
◾ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കാന്‍ ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ആപ്പിളിന്റെ വിതരണക്കാരായ തയ് വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിസ്‌ട്രോണ്‍ കോര്‍പ്പറേഷനുമായി ടാറ്റ ഗ്രൂപ്പ് ചര്‍ച്ച ആരംഭിച്ചതായാണ് സൂചന. ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണം വിപൂലീകരിക്കാന്‍ ആപ്പിളിന് പദ്ധതിയുണ്ട്. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച് ആപ്പിളിന്റെ വിതരണക്കാരായ വിസ്‌ട്രോണുമായി ധാരണയിലെത്താനാണ് ടാറ്റ ഗ്രൂപ്പ് ശ്രമിക്കുന്നത്. വിസ്‌ട്രോണുമായി സഹകരിച്ച് ഇലക്ട്രോണിക്‌സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംയുക്ത സംരംഭം തുടങ്ങാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഇതിന് പുറമേ വിതരണശൃംഖല, സംയോജനം തുടങ്ങിയ മേഖലകളിലും വിസ്‌ട്രോണിനുള്ള കഴിവ് പ്രയോജനപ്പെടുത്തി മേഖലയില്‍ നിര്‍ണായക ശക്തിയായി മാറാനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ടാറ്റ ഗ്രൂപ്പ് മാറും.
◾തമിഴകത്ത് എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ച ഒരു സിനിമയാണ് ‘തിരുച്ചിദ്രമ്പലം’. ധനുഷ് നായകനായ ചിത്രം സംവിധാനം ചെയ്തത് മിത്രന്‍ ജവഹറാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിതത്തിലെ ഗാനങ്ങളെല്ലാം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ മനോഹരമായ മെലഡിയുടെ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘കണ്ണീര്‍ സിന്ധ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ധനുഷ് ആണ് ഗാനരചന. വിജയ് യേശുദാസ് ഗാനമാലപിച്ചിരിക്കുന്നു. ചിത്രത്തില്‍ ധനുഷും പ്രകാശ് രാജും ചെയ്ത അച്ഛന്‍- മകന്‍ കഥാപാത്രങ്ങളുടെ ബന്ധം ആവിഷ്‌കരിക്കുന്നതാണ് ഗാനരംഗം.
◾മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് ‘ആയിഷ’. ചിത്രത്തിന്റെ പുതിയ പോസ്റ്ററും റിലീസ് സംബന്ധിച്ച വിവരവും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആയിഷ ഒക്ടോബറില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് പോസ്റ്റര്‍ പങ്കുവച്ച് മഞ്ജു വാര്യര്‍ കുറിച്ചിരിക്കുന്നത്. ആമിര്‍ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം. 7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ‘ആയിഷ’. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളില്‍ ഒരുങ്ങുന്നത്. ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന.
◾ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഗ്രൂപ്പിന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് ഡാസിയ ഡസ്റ്റര്‍ അല്ലെങ്കില്‍ റെനോ ഡസ്റ്റര്‍. 2010 മുതല്‍ വില്‍പ്പനയിലുള്ള ഈ എസ്യുവി നിലവില്‍ അതിന്റെ രണ്ടാം തലമുറയിലാണ്. ഇത് 2017ല്‍ പുറത്തിറക്കി. 2021ല്‍ വാഹനത്തിന് ഒരു മിഡ്-ലൈഫ് ഫെയ്സ്ലിഫ്റ്റ് ലഭിച്ചു. 2024-ല്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നാം തലമുറ ഡസ്റ്ററിന്റെ നിര്‍മ്മാണം റെനോ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. 2023 അവസാനത്തിന് മുമ്പ് ഇത് അവതരിപ്പിക്കപ്പെടും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ മോഡല്‍ വൈദ്യുതീകരിച്ച പവര്‍ട്രെയിന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോപ്യന്‍ – സ്പെക്ക് മോഡലിന് റെനോ ക്യാപ്ചര്‍ ഇ-ടെക്കിലും നിസാന്‍ ജൂക്ക് ഹൈബ്രിഡിലും വാഗ്ദാനം ചെയ്യുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭിക്കും.
◾മലയാളപുസ്തകത്തിന്റെ ചരിത്രം എന്നതിനപ്പുറം മലയാളപുസ്ത കത്തിന്റെ അനുഭവചരിത്രം എന്ന അനന്യസാധാരണമായ പദവിയി ലേക്ക് ഈ പുസ്തകം കടന്നുനില്‍ക്കുന്നു. ഒരു വായനക്കാരന്റെ അനുഭവലോകങ്ങളും ആ മേഖലയെക്കുറിച്ചുള്ള അടിസ്ഥാന പരമായ വസ്തുതകളും ഇത്രമേല്‍ സൗന്ദര്യാത്മകമായി കൂട്ടിയിണക്കപ്പെട്ട മറ്റൊരു രചന മലയാളത്തിലില്ല. കവിതയെ തൊട്ടുനില്‍ക്കുന്ന ഭാഷയുടെ ലോകമാണ് ഇതിലുള്ളത്. ‘ബുക്സ്റ്റാള്‍ജിയ’. പി.കെ രാജശേഖരന്‍. ഡിസി ബുക്സ്. വില 284 രൂപ.
◾ആഹാരം നിയന്ത്രിക്കുന്നവര്‍ പലപ്പോഴും ചെയ്യുന്ന ഒരു മണ്ടത്തരമാണ് പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്. എന്നാല്‍ രാത്രിയാകുമ്പോള്‍ ഇക്കൂട്ടര്‍ വയറുനിറയെ ഭക്ഷണവും കഴിക്കും. അത്താഴം അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടുന്നതിന്റെ ഒരു പ്രധാന കാരണമാണ്. ഇത് അമിതവണ്ണത്തിന് കാരണമാകും എന്നുമാത്രമല്ല പ്രമേഹം, ഹൃദ്രോഗം പോലെ പല പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതിന് പല കാരണങ്ങളുണ്ട്. ചില ആളുകള്‍ സമ്മര്‍ദ്ദത്തിലാകുമ്പോള്‍ കണക്കില്ലാതെ ഭക്ഷണം അകത്താക്കും. ചിലര്‍ ബോറടിച്ചിരിക്കുമ്പോള്‍ ഭക്ഷണം കഴിച്ചായിരിക്കും ഉന്മേഷം കണ്ടെത്തുന്നത്. എന്നാല്‍ ദിവസേനയുള്ള നമ്മുടെ ആഹാരക്രമം ചിട്ടപ്പെടുത്തുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാത്രിയില്‍ അമിതമായി ആഹാരം കഴിക്കുന്നത് നിയന്ത്രിക്കാന്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രോട്ടീന്‍ അടിങ്ങിയ പ്രാതല്‍ ഉറപ്പുവരുത്തണം. ഇടവിട്ടിടവിട്ട് ഭക്ഷണം കഴിക്കാം, എപ്പോഴും ഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. മൂന്ന് തവണ വയറുനിറയെ ഭക്ഷണം കഴിക്കുന്നതിന് പകരം അഞ്ചോ ആറോ തവണയായി ചെറിയ അളവില്‍ ഭക്ഷണം കഴിക്കാം. ഡ്രൈ ഫ്രൂട്ട്‌സ്, ഫ്രഷ് ജ്യൂസ് എന്നിവ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. വെള്ളരിക്ക, തക്കാളി, ക്യാരറ്റ് എന്നിവയുടെ ജ്യൂസ്, മുളപ്പിച്ച പയര്‍ കൊണ്ടുള്ള സാലഡ്, ചപ്പാത്തിയും പച്ചക്കറികളും, സൂപ്പ്, ഗ്രില്‍ഡ് ചിക്കന്‍, ഗ്രില്‍ഡ് ഫിഷ്, പുഴുങ്ങിയ മുട്ട, ഇഡ്ഢലി എന്നവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
വളരെ ആശിച്ചാണ് അക്ബര്‍ ചക്രവര്‍ത്തി ആ തത്തയെ സ്വന്തമാക്കിയത്. അതിനെ നോക്കിവളര്‍ത്താന്‍ നിരവധി പരിചാരകരേയും നിയമിച്ചു. എന്നിട്ട് ഒരു ഉത്തരവും ഇട്ടു. ഈ തത്ത ചത്തെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ ഞാന്‍ തൂക്കിലേറ്റും. കുറച്ചുനാള്‍ കഴിഞ്ഞ് ആ തത്ത ചത്തു. പക്ഷേ, വിവരം പറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. എല്ലാവരും ചേര്‍ന്ന് അവര്‍ മന്ത്രിയായ ബീര്‍ബലിനെ ചെന്ന് കണ്ടു. ബീര്‍ബര്‍ ആ ചുമതല ഏറ്റെടുത്തു. ബീര്‍ബല്‍, ചക്രവര്‍ത്തിയുടെ മുന്നിലെത്തി പറഞ്ഞു: പ്രഭോ, ഒരു ദുഃഖവാര്‍ത്തയുണ്ട്. അങ്ങയുടെ തത്ത ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല. ഒന്നും സംസാരിക്കുന്നില്ല, കണ്ണും തുറക്കുന്നില്ല. അപ്പോള്‍ അക്ബര്‍ ദേഷ്യത്തോടെ ചോദിച്ചു: എങ്കില്‍ പിന്നെ തത്ത ചത്തുപോയെന്നു നേരിട്ടു പറഞ്ഞാല്‍ പോരെ… അപ്പോള്‍ ബീര്‍ബല്‍ പറഞ്ഞു: ആ വാക്ക് ഞാന്‍ പറഞ്ഞിട്ടില്ല, അതുകൊണ്ട് എന്നെ തൂക്കിലേറ്റരുത്… ചക്രവര്‍ത്തിയുടെ ദേഷ്യം മാറി ചുണ്ടില്‍ ഒരു ചിരി വിരിഞ്ഞു.. ഉള്ളത് ഉളളതുപോലെ പറയുന്നതിനേക്കാള്‍ പ്രധാനമാണ് വേണ്ടത് വേണ്ടപോലെ പറയുന്നത്. എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാനാകില്ല. അതുപോലെ തന്നെ ചില കാര്യങ്ങള്‍ ആരോടും പറയാനാകില്ല. സംസാരശേഷി നാവിന്റെ കഴിവാണ്. പക്ഷേ, വിനിമയശേഷി ഹൃദയത്തിന്റെയും ബുദ്ധിയുടേയും മികവാണ്. എന്തു സംസാരിക്കുന്നു എന്നതും ആരോട് സംസാരിക്കുന്നു എന്നതും തിരിച്ചറിഞ്ഞാകണം ഓരോ സംസാരങ്ങളും. നമുക്ക് ഹൃദയംകൊണ്ടു സംസാരിക്കാന്‍ ശീലിക്കാം – ശുഭദിനം.