◾നെഹ്റു ട്രോഫി വള്ളംകളിക്കു മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിനു പിറകില്‍ വന്‍ ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആരോപിച്ചു. എന്നാല്‍ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ് അമിത് ഷാ എത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ളവരെ വള്ളംകളിക്കു ക്ഷണിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍.
◾ചികില്‍സയിലുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പകരക്കാരനെ കണ്ടെത്തിയേക്കും. ഇതടക്കമുള്ള വിഷയങ്ങളില്‍ സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ സിപിഎം കമ്മിറ്റി ഇന്നും നാളേയും തിരുവനന്തപുരത്തു നടക്കും. കേന്ദ്ര നേതാക്കളും പങ്കെടുക്കുന്നുണ്ട്.
◾
*ശുഭദിനം*
ഏത് ആകസ്മികതകള്‍ക്കിടയിലും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ മറക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം
https://dailynewslive.in/shubadhinam-436/
◾തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ ചെലവു കണക്ക് നല്‍കാതിരുന്ന 9,016 സ്ഥാനാര്‍ത്ഥികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യരാക്കി. അഞ്ചു വര്‍ഷത്തേക്കാണ് അയോഗ്യത. നിലവിലെ അംഗങ്ങള്‍ ആരും പട്ടികയിലില്ല. 436 പേര്‍ കോര്‍പ്പറേഷനുകളിലേക്കും 1266 പേര്‍ മുനിസിപ്പാലിറ്റികളിലേക്കും 71 പേര്‍ ജില്ലാപഞ്ചായത്തുകളിലേക്കും 6653 പേര്‍ ഗ്രാമപഞ്ചായത്തുകളിലേക്കും മത്സരിച്ചവരാണ് നടപടി നേരിട്ടത്.
◾കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്‍ഫോഴ്സ്മെന്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ കേന്ദ്രം രംഗത്തിറക്കിയിരിക്കുകയാണെന്നും കാനം ആരോപിച്ചു. സിപിഐ എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി എല്ലാ വകുപ്പിലും കൈകടത്തുകയാണെന്ന് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സില്‍വര്‍ ലൈനും കെ വി തോമസും തിരിച്ചടിയായെന്നും ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
◾കെഎസ്ആര്‍ടിസി സര്‍വീസ് പുനക്രമീകരിച്ചതില്‍ പ്രതിഷേധിച്ച് ജോലിക്കു വരാതിരുന്ന ജീവനക്കാരില്‍നിന്ന് നഷ്ടം സംഭവിച്ച ഒമ്പതര ലക്ഷം രൂപ തിരിച്ചു പിടിക്കുന്നു. നഷ്ടമുണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് അഞ്ചു തുല്യ ഗഡുക്കളായി ഇത്രയും തുക തിരിച്ചുപിടിക്കാനാണ് കെഎസ്ആര്‍ടിസി ഉത്തരവിട്ടത്. ജൂണ്‍ 26 ന് പണിമുടക്കിയ തിരുവനന്തപുരത്തെ മൂന്നു ഡിപ്പോകളിലെ ജീവനക്കാരാണ് ഇങ്ങനെ കുടുങ്ങിയത്.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾ഇന്ത്യന്‍ പൗരന്മാരെന്ന വ്യാജേന പാസ്പോര്‍ട്ട് തരപ്പെടുത്തി വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ച നാലു ബംഗ്ലാദേശികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. സമീര്‍ റോയ്, റോയ് അരു, റോയ് അനികത് , നിമൈദാസ് എന്നിവരാണ് പിടിയിലായത്. രണ്ടു പേര്‍ മധ്യപ്രദേശില്‍നിന്നും ഒരാള്‍ ഗുജറാത്തില്‍നിന്നും മറ്റൊരാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയെന്ന വ്യാജേനയുമാണ് പാസ്പോര്‍ട്ട് തരപ്പെടുത്തിയത്.
◾റേഷന്‍കാര്‍ഡുകളിലുള്ള എല്ലാ അംഗങ്ങളും ആധാറുമായി ബന്ധിപ്പിച്ച ആദ്യ ജില്ലയായി മലപ്പുറം. 10,20,217 കാര്‍ഡുകളിലായുള്ള 45,75,520 അംഗങ്ങളുടെയും ആധാര്‍, റേഷന്‍ കാര്‍ഡുകളുമായി ബന്ധിപ്പിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റേഷന്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡ് അംഗങ്ങളും മലപ്പുറം ജില്ലയിലാണ്.
◾കുഴിയില്‍ വീണ് വീട്ടമ്മയുടെ കാലുകള്‍ ഒടിഞ്ഞ സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഏപ്രില്‍ ഏഴിനു രാത്രി ഹൈക്കോടതി ജംഗ്ഷനു സമീപം എബ്രഹാം മാടമാക്കല്‍ റോഡിലെ കുഴിയില്‍ വീണ് പ്രമീള എന്ന വീട്ടമ്മയുടെ രണ്ടു കാലുകളും ഒടിഞ്ഞിരുന്നു. അവര്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കാന്‍ പൊലീസിന് ഉത്തരവു നല്‍കിയത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസിന് അവസാനം ‘തത്ത്വമസി’ എന്ന് എഴുതേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം സിപിഎം തന്നെ ആസൂത്രണം ചെയ്തതാണ്. ബിജെപിക്കോ ആര്‍എസ്എസിനോ അതില്‍ ഒരു പങ്കുമില്ല. സുരേന്ദ്രന്‍ പറഞ്ഞു.
◾റോഡിലെ കുഴികള്‍ എണ്ണി വിവരം അറിയിക്കണമെന്ന് പൊലീസിനോട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. പ്രത്യേക ഫോര്‍മാറ്റില്‍ തയ്യാറാക്കി സമര്‍പ്പിക്കാനാണ് എസ്എച്ച് ഒമാര്‍ക്ക് ജില്ലാ പൊലീസ് മേധാവി നല്‍കിയ നിര്‍ദ്ദേശം.
◾കഴുത്തില്‍ പൊക്കിള്‍ക്കൊടി കുടുങ്ങി നവജാത ശിശു മരിച്ചു. തലശേരി ജനറല്‍ ആശുപത്രിയിലാണു സംഭവം. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. ചികിത്സാപ്പിഴവ് മൂലമാണു മരിച്ചതെന്ന് ബന്ധുക്കള്‍. ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ സിസേറിയന്‍ അനുവദിച്ചില്ലെന്നാണ് ആരോപണം.
◾പാലക്കാട് കൂറ്റനാട് അഞ്ചു വയസുകാരിയെ തെരുവുനായ കടിച്ചു. ചാലിപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ മുഖത്തും നായയുടെ കടിയേറ്റിട്ടുണ്ട്. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍മാരെയും ഫോണിലൂടെ നമ്പര്‍ സ്പൂഫിംഗ് വഴി തെറിവിളിച്ച വിരുതന്‍ അറസ്റ്റില്‍. കുന്നംകുളം മരത്തന്‍കോട് സ്വദേശി ഹബീബ് റഹ്‌മാന്‍ ആണ് പിടിയിലായത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഇന്‍ഡികാള്‍ എന്ന ആപ്പ് ഉപയോഗിച്ചാണ് തെറിവിളിച്ചത്.
◾ആനക്കൊമ്പ് കൈവശം വച്ച കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ കീഴ്ക്കോടതി ഉത്തരവിനെതിരേ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ഹര്‍ജിയിലെ ആവശ്യം.
◾ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും വനംവകുപ്പിനെയും വിമര്‍ശിച്ച് താമരശേരി രൂപതയുടെ ഇടയലേഖനം. കര്‍ഷകരുടെ തലയ്ക്കു മുകളില്‍ സര്‍ക്കാര്‍ ഡെമോക്ലീസിന്റെ വാള്‍ തൂക്കിയിട്ടിരിക്കുകയാണെന്ന് ആരോപിച്ചുകൊണ്ടാണ് താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ഇടയലേഖനം. ദശാബ്ദങ്ങളായി രേഖകളുമായി മലയോരങ്ങളില്‍ കൃഷിചെയ്യുന്നവരെ കുടിയിറക്കാന്‍ വനംവകുപ്പിന് അധികാരം നല്‍കിയെന്നു വിമര്‍ശിക്കുന്ന ലേഖനം ഇന്നു താമരശേരി രൂപതയിലെ പള്ളികളില്‍ വായിക്കും.
◾തീരത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്നും നിയമപരമായ സംരക്ഷണം തേടുമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത. വിഴിഞ്ഞം തുറമുഖംമൂലം അനേകം കുടുംബങ്ങള്‍ വഴിയാധാരമായെന്നും അവരെ സംരക്ഷിക്കുന്ന കാര്യത്തില്‍ തീരുമാനമാകുന്നതുവരെ സമരം തുടരുമെന്നും വ്യക്തമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഇന്നു പള്ളികളില്‍ വായിക്കും. പിന്തിരിപ്പിക്കാനും വിഭജിക്കാനുമുള്ള ശ്രമത്തില്‍ വീഴരുതെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയുടെ ഇടയലേഖനത്തില്‍ പറയുന്നു.
◾ലഹരി ഉപയോഗിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ വേണമെന്ന് ഹൈക്കോടതി. ഇതിനായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും നിരന്തര പരിശോധന നടത്തണം. കൊടുങ്ങല്ലൂരില്‍ എംഡിഎംഎയുമായി പിടിയിലായ ബസ് ഡ്രൈവര്‍ ഷൈന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.
◾യുവതിയുടെ നഗ്‌നഫോട്ടോകളും വീഡിയോയും കൈക്കലാക്കി പീഡിപ്പിക്കുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത വിരുതന്‍ അറസ്റ്റില്‍. തിരുവനന്തപുരം പുനലാല്‍ ചക്കിപ്പാറ സ്വദേശി ലെനിന്‍ രാജ് ഭവനില്‍ ഷുഹൈബ് (23) നെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
◾റിയാദില്‍ മയക്കുമരുന്നുമായി എത്തിയ തമിഴ്‌നാട്ടുകാരനും ഏറ്റുവാങ്ങാനെത്തിയ മൂന്നു മലയാളികളും പിടിയില്‍. ഡ്രൈ ഫ്രൂട്സ് ആണെന്ന വ്യാജേന വിസ ഏജന്റ് ബംഗളൂരുവില്‍വച്ചാണ് തമിഴ്‌നാട്ടുകാരനെ ഈ പൊതി ഏല്‍പിച്ചത്. പക്ഷേ പൊതിയില്‍ മയക്കുമരുന്നായിരുന്നു.
◾തൃശൂര്‍ ചിറ്റഞ്ഞൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ മരിച്ചു. ചിറ്റഞ്ഞൂര്‍ സ്വദേശി വെള്ളക്കട വീട്ടില്‍ ഹരിദാസനാണ് (62) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ മരിച്ചത്. 2010 ലാണ് ഭാര്യയെ കൊലപ്പെടുത്തിയത്. 2018 ലാണു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
◾പൊലീസുകാരന്റെ വീട്ടില്‍ അക്രമം നടത്തി ഒളിവില്‍പോയ യുവാവ് കഞ്ചാവുമായി പിടിയില്‍. അരിമണല്‍ കൂനമ്മാവിലെ മുതുകോടന്‍ മഷൂദിനെയാണ് (25) കരുവാരകുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.
◾തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയര്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനു പരിക്ക്. സ്‌കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു. കരുവന്നൂര്‍ ചിറമ്മല്‍ വീട്ടില്‍ ജസ്റ്റിന്‍ പൗലോസിന് (42) ആണ് പരിക്കേറ്റത്.
◾സ്വര്‍ണക്കടത്തു കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ സഹായികൂടി പിടിയിലായി. തിരുവനന്തപുരം വെമ്പായം സ്വദേശി നൗഫല്‍ ആണ് പിടിയിലായത്. യുവജനക്ഷേമ കമ്മീഷന്‍ വെമ്പായം പഞ്ചായത്ത് കോഡിനേറ്ററാണ് നൗഫല്‍.
◾കാലടി എംസി റോഡില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വയനാട് സ്വദേശി ജോബിഷ് ജോര്‍ജ് ആണ് മരിച്ചത്.
◾പതിനേഴുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വെട്ടൂര്‍ വെന്നിക്കോട് കോട്ടുവിള വീട്ടില്‍ അനീഷ് എന്നു വിളിക്കുന്ന അരുണ്‍കുമാര്‍ (28) പിടിയിലായി. വര്‍ക്കല സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ഇക്കഴിഞ്ഞ 25 ന് വീട്ടുകാര്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കിയിരുന്നു.
◾പട്ടാമ്പിയില്‍ 18 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വ്യാപകമായി കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ പട്ടാമ്പി മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് വെടിവച്ചു കൊന്നത്.
◾ജാര്‍ക്കണ്ഡില്‍ ജാര്‍ക്കണ്ഡ് മുക്തി മോര്‍ച്ച, കോണ്‍ഗ്രസ് എംഎല്‍എമാരെ രഹസ്യ സങ്കേതത്തിലേക്കു മാറ്റി. പിന്നീട് രാത്രിയോടെ അവര്‍ തിരിച്ചെത്തുകയും ചെയ്തു. ബിജെപിയും കേന്ദ്ര സര്‍ക്കാരും ഓപറേഷന്‍ താമരയ്ക്കു നീക്കമുണ്ടെന്ന് ആരോപിച്ചാണ് എംഎല്‍എമാരെ മാറ്റിയത്. ഖനി അഴിമതി ആരോപിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കിക്കൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കിയിട്ടില്ല.
◾നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയില്‍ 15 അടി നീളവും രണ്ടടി വീതിയുമുള്ള കുഴി. ഏറെനേരം ഗതാഗതം തടസപ്പെട്ടു. അണ്ടര്‍പാസിന്റെ പണി നടക്കുന്ന സെക്ടര്‍ 96 ന് സമീപമാണ് റോഡ് തകര്‍ന്നത്.
◾സിനിമാ സ്‌റ്റൈലില്‍ ഹവാലാ കവര്‍ച്ച. പുനെ -സോളാപുര്‍ ഹൈവേയിലെ ഇന്ദാപൂരില്‍ മൂന്നര കോടി രൂപയാണു കവര്‍ന്നത്. വന്‍ കാര്‍ ചേസിംഗും ആക്രമണങ്ങളും നടത്തിയാണ് നാല് വാഹനങ്ങളിലായി എത്തി സംഘം പണവുമായി പോയിരുന്ന കാറിലെ രണ്ടുപേരെ ആക്രമിച്ച് പണം കവര്‍ന്നത്. ആക്രമിക്കപ്പെട്ട ഭവേഷ്‌കുമാര്‍, വിജയ്ബായ് എന്നിവര്‍ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
◾ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്താനു മുന്നില്‍ തകര്‍ന്ന് ശ്രീലങ്ക. എട്ട് വിക്കറ്റിനാണ് അഫ്ഗാന്‍ ശ്രീലങ്കയെ തകര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന്‍ വെറും 10.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.
◾ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം. ഇന്ന് വൈകിട്ട് 7.30ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കും.
◾ഐസിസി ടൂര്‍ണമെന്റുകളുടെ സംപ്രേഷണാവകാശം സ്വന്തമാക്കി സ്റ്റാര്‍ സ്പോര്‍ട്സ്. 2023 മുതല്‍ 2027 വരെയുള്ള നാലു വര്‍ഷ കാലത്ത് പുരുഷ-വനിതാ ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകളുടെ സംപ്രേഷണവകാശം ഇനി സ്റ്റാര്‍ സ്പോര്‍ട്സിനായിരിക്കും.
◾ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ക്ക് വിജയം. ഫുള്‍ഹാമിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ആഴ്‌സനല്‍ കീഴടക്കിയപ്പോള്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സതാംപ്ടണിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. ലിവര്‍പൂള്‍ ബേണ്‍മൗത്തിനെ ഒമ്പത് ഗോളുകള്‍ക്ക് നാണംകെടുത്തിയപ്പോള്‍ മാഞ്ചെസ്റ്റര്‍ സിറ്റി രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ ചെല്‍സി ലെസ്റ്റര്‍ സിറ്റിയേയും ബ്രൈട്ടണ്‍ ലീഡ്‌സ് യുണൈറ്റഡിനേയും പരാജയപ്പെടുത്തി.
◾ഷഓമിയുടെ സബ് ബ്രാന്‍ഡായ റെഡ്മിയുടെ നോട്ട് സീരീസിലെ പുതിയ ഹാന്‍ഡ്സെറ്റ് റെഡ്മി നോട്ട് 11 എസ്ഇ ഇന്ത്യയിലെത്തി. താങ്ങാനാവുന്ന വിലയ്ക്ക് വാങ്ങാവുന്ന നാലു ക്യാമറകളുള്ള റെഡ്മി ഫോണ്‍ കൂടിയാണിത്. എസ്ഇയുടെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ഇന്ത്യയിലെ വില 13,499 രൂപയാണ് വില. ഇത് മൂന്ന് നിറങ്ങളില്‍ ലഭ്യമാണ് – കറുപ്പ്, വെള്ള, നീല. ഷഓമി സ്റ്റോറുകള്‍, ഔദ്യോഗിക വെബ്സൈറ്റുകള്‍, ഫ്ലിപ്കാര്‍ട്ട് വഴിയും വാങ്ങാം. ഓഗസ്റ്റ് 31 നാണ് ഫോണ്‍ വില്‍പന തുടങ്ങുന്നത്. റെഡ്മി നോട്ട് 11 എസ്ഇ ഒരു ബജറ്റ് ഫോണായതിനാല്‍ 3.5 എംഎം ഓഡിയോ ജാക്ക് ഉണ്ട്.
◾ദക്ഷിണേന്ത്യന്‍ കര്‍ഷകരുടെ ഇഷ്ടവളമായ ഫാക്ടംഫോസ് ഇനി അറിയപ്പെടുക ‘ഭാരത് എന്‍.പി.കെ’ എന്ന പേരില്‍. കേന്ദ്രസര്‍ക്കാരിന്റെ ‘വണ്‍ നേഷന്‍, വണ്‍ ഫെര്‍ട്ടിലൈസര്‍’ എന്ന പദ്ധതിയുടെ ഭാഗമായാണ് വളങ്ങള്‍ ‘ഭാരത്’ ബ്രാന്‍ഡില്‍ വിറ്റഴിക്കുന്നത്. യൂറിയ, ഡി.എ.പി., എം.ഒ.പി., എന്‍.പി.കെ.എസ് എന്നീ രാസവളങ്ങള്‍ രാജ്യത്തെ ഏത് കമ്പനികള്‍ നിര്‍മ്മിച്ചാലും ഭാരത് യൂറിയ, ഭാരത് ഡി.എ.പി., ഭാരത് എം.ഒ.പി., ഭാരത് എന്‍.പി.കെ എന്ന പേരിലാണ് ഒക്ടോബര്‍ രണ്ടുമുതല്‍ പുറത്തിറക്കേണ്ടത്. രണ്ട് ആനകള്‍ പരസ്പരം തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്ന ചിഹ്നം പതിപ്പിച്ച ചാക്കുകളില്‍ ഇനി പുതിയ പേര് തെളിയും. ഇതുപ്രകാരം സെപ്തംബര്‍ 15ന് ശേഷം പുതിയതരം ചാക്കുകള്‍ക്ക് മാത്രമേ വളം കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കാനാകൂ.
◾ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് ‘സീതാ രാമം’. ഓഗസ്റ്റ് 5ന് റിലീസ് ചെയ്ത ഈ ചിത്രം തെന്നിന്ത്യയില്‍ മറ്റൊരു മെഗാഹിറ്റാണ് സമ്മാനിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ പാന്‍ ഇന്ത്യന്‍ താരമായി മാറ്റുന്നതില്‍ സീതാ രാമം വലിയൊരു പങ്കാണ് വഹിച്ചത്. രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം റിലീസ് ദിനം മുതല്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ ഇതുവരെ ചിത്രം നേടിയ ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്തുവരുന്നത്. ആഗോളതലത്തില്‍ 75 കോടിയിലധികം കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. പതിനഞ്ച് ദിവസത്തില്‍ 65 കോടി ദുല്‍ഖര്‍ ചിത്രം നേടിയിരുന്നു. സീതാ രാമത്തിന്റെ ഹിന്ദി റിലീസ് സെപ്റ്റംബര്‍ രണ്ടിനാണ് ചെയ്യുന്നത്.
◾കാളിദാസ് ജയറാം നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് ‘നച്ചത്തിരം നഗര്‍ഗിരത്’. പാ രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ‘നച്ചത്തിരം നഗര്‍ഗിരതി’ന്റെ സെന്‍സര്‍ പൂര്‍ത്തിയായിരിക്കുകയാണ് ഇപ്പോള്‍. കാളിദാസ് ജയറാമിന്റെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിക്കുന്നത്. ഓഗസ്റ്റ് 31ന് ചിത്രം തിയറ്ററുകളില്‍ എത്തും. കാളിദാസ് നായകനാവുന്ന ചിത്രത്തില്‍ നായികയാവുന്നത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്ണന്‍, സുബത്ര റോബര്‍ട്ട്, ‘സര്‍പട്ട പരമ്പരൈ’ ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
◾ജനപ്രിയ മോഡലായ നെക്‌സോണിന്റെ ജെറ്റ് എഡിഷന്‍ ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി രാജ്യത്ത് അവതരിപ്പിച്ചു. 12.13 ലക്ഷം രൂപയില്‍ വാഹനത്തിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നു. എക്സഇസെഡ്+ (പി) പെട്രോള്‍, എക്സഇസെഡ്എ+ (പി) പെട്രോള്‍, എക്സഇസെഡ്+ (പി) ഡീസല്‍, എക്സഇസെഡ്എ+ (പി) ഡീസല്‍ എന്നിങ്ങനെ നാല് വേരിയന്റുകളില്‍ മോഡല്‍ ലഭ്യമാണ്. ഹാരിയര്‍ , സഫാരി , നെക്‌സോണ്‍ ഇവി എന്നിവയുടെ ജെറ്റ് പതിപ്പുകളും അവതരിപ്പിച്ചു.
◾വീട്ടമ്മയായ ഹിമ എരിസനംപെട്ടിയിലെ എഴിലാസിയാകുന്നത് എന്തിനാണെന്ന ആകാംക്ഷകൊണ്ടെത്തിക്കുന്നത് സാഗസി എന്ന ചികിത്സാമാര്‍ഗത്തിലേക്കാണ്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് ഗര്‍ദ്ധാരണത്തിനും പ്രസവത്തിനുമായി ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കേണ്ടി വന്ന റഹീമ അതിലൂടെ മക്കളുടെ ഭാവി സുരക്ഷിതമാകുമെന്ന് കരുതുന്നു. ആ പ്രതീക്ഷകള്‍ പിന്നീട് ദുരന്തത്തില്‍ കലാശിക്കുമ്പോഴും ജീവിക്കാന്‍ ധൈര്യപ്പെടുന്ന കഥാപാത്രങ്ങളായി ഹിമയും ഷംനയും പരുവപ്പെടുന്നുണ്ട്. വാടകഗര്‍ഭപാത്രത്തിന്റെ സങ്കീര്‍ണതകള്‍ അവതരിപ്പിക്കുന്നതിനൊപ്പം ലവ് ജിഹാദിന്റെ ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന ടി വി ചാനലുകളും നോവലില്‍ കാണാം. പറിച്ചുനടലുകളും നിലനില്‍പ്പുകളും കരുത്തേകുന്ന കഥാപരിസരം. ‘എഴിലാസി’. അഞ്ജു സജിത്ത്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 161 രൂപ.
◾ബിരിയാണിയിലും കറികളിലും മറ്റും മേമ്പൊടിയായി മാത്രം ഉപയോഗിച്ചു ശീലിച്ച പുതിന അവിടെ മാത്രം ഒതുക്കപ്പെടേണ്ട ആളല്ല. വയറിന്റെ അസ്വസ്ഥതകള്‍ക്ക് പേരുകേട്ട ഔഷധമാണ്. എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണിത്. തുളസിയോളം പ്രാധാന്യമുള്ള ഒരു ഔഷധ ചെടിയുമാണ് പുതിന. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ പുതിനയ്ക്ക് കാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങളെയും ചെറുക്കാനുള്ള കഴിവുണ്ട്. ചെറുനാരങ്ങാനീരും പുതിനനീരും തേനും സമം കൂട്ടി ദിവസം മൂന്നുനേരം കഴിച്ചാല്‍ ശമിക്കാന്‍ നല്ലതാണ്. തലവേദന മാറാന്‍ പുതിനയില കഴിക്കുന്നത് ഗുണം ചെയ്യും. പല്ലുവേദനയ്ക്ക് പുതിനനീര് പഞ്ഞിയില്‍ മുക്കി വച്ചാല്‍ വേദന മാറും. ശരീരത്തില്‍ ചതവുപറ്റുകയോ വ്രണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പുതിനനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമേ പുരട്ടിയാല്‍ ഗുണം ചെയ്യും.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ പറമ്പില്‍ ഒരു കഴുതയെ കെട്ടിയിട്ടിരുന്നു. വികൃതിയായ ഒരു ബാലന്‍ ആ കഴുതയെ അഴിച്ചുവിട്ടു. കഴുത സമീപത്തെ കൃഷിയിടത്തില്‍ കയറി വിളവുമുഴുവന്‍ നശിപ്പിച്ചു. ഓടിയെത്തിയ കൃഷിക്കാരന്റെ ഭാര്യ കഴുതയെ ഓടിക്കാനായി അതിനെ തലങ്ങും വിലങ്ങും അടിച്ചു. അടികൊണ്ട് കഴുത ചത്തു. ഇതുകണ്ടുവന്ന കഴുതയുടെ ഉടമ ആ സ്ത്രീയെ അടിച്ചു. അവര്‍ ബോധരഹിതയായി വീണു. ഇതുകണ്ട കൃഷിക്കാരന്‍ അരിവാളുകൊണ്ട് കഴുതയുടെ ഉടമയെ വെട്ടി. തുടര്‍ന്ന് അയാളുടെ മക്കള്‍ കൃഷിക്കാരന്റെ വീടിന് തീയിട്ടു. സംഭവങ്ങള്‍ ഇങ്ങനെ കുറെ നീണ്ടുപോയെങ്കിലും കുറെ കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ശാന്തമായി. അപ്പോള്‍ കര്‍ഷകന്‍ ആ ബാലനോട് ചോദിച്ചു: നീയെന്തിനാണ് ആ കഴുതയെ അഴിച്ചുവിട്ടത്. അതല്ലേ ഈ പ്രശ്‌നമെല്ലാം ഉണ്ടായത്. അപ്പോള്‍ അവന്‍ പറഞ്ഞു: കഴുതയുടെ കെട്ടഴിഞ്ഞുപോയതല്ല, നിങ്ങളുടെ ഉള്ളിലെ പകയും വിദ്വേഷവും കെട്ടഴിഞ്ഞതാണ് ഈ ദുരന്തങ്ങളുടെ കാരണം. ഒരാള്‍ എന്തിന് പ്രകോപിതനാകുന്നു എന്നു കണ്ടെത്തിയാല്‍ അയാളുടെ ദൗര്‍ബല്യം എന്തെന്ന് മനസ്സിലാകും. ആര്‍ക്കും ആരേയും പുറമെനിന്നു പ്രകോപിപ്പിക്കാനാകില്ല. നിന്റെ വാക്കാണ് എന്നെ ദേഷ്യപ്പെടുത്തിയത്, നിന്റെ നോട്ടമാണ് എല്ലാത്തിനും കാരണം എന്നൊക്കെ സ്വയം രക്ഷപ്പെടുന്നതിന് ഉള്ള മുഖംമൂടികള്‍ മാത്രമാണ്. സംഭവിക്കുന്ന നന്മകളുടെയെല്ലാം ഉടമസ്ഥാവകാശം കൈക്കലാക്കുകയും വന്നുപോകുന്ന തെറ്റുകളെല്ലാം അപരന്റെ തലയില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതു സ്വയം നിഷ്‌കളങ്കനായി ചിത്രീകരിക്കാനുള്ള കപടതന്ത്രമാണ്. അനുകൂല വര്‍ത്തമാനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നടുവില്‍ ദിവ്യനായി ജീവിക്കാന്‍ ആര്‍ക്കും കഴിയും. മറിച്ച് പ്രതികൂലിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ക്ക് മുന്നില്‍ ആത്മനിയന്ത്രണം നഷ്ടപ്പെടാതെ നിലനില്‍ക്കാന്‍ സാധിക്കുന്നതിലാണ് സ്വഭാവവൈശഷ്ട്യം വെളിപ്പെടുന്നത്. നമുക്കും പ്രതികൂല സാഹചര്യങ്ങളില്‍ ആത്മനിയന്ത്രണത്തോടെ പ്രതികരിക്കാന്‍ ശീലിക്കാം – ശുഭദിനം.