◾ലോകായുക്ത ബില്ലില്‍ ധാരണ. വിധി മുഖ്യമന്ത്രിക്കെതിരാണെങ്കില്‍ പുനപരിശോധിക്കാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കുന്ന നിയമ ഭേദഗതി ഇന്നു സഭയില്‍ അവതരിപ്പിക്കും. മന്ത്രിമാര്‍ക്കെതിരായ ലോകായുക്ത വിധി മുഖ്യമന്ത്രിയും, എംഎല്‍എമാര്‍ക്കെതിരായ വിധി സ്പീക്കറും പുനപരിശോധിക്കണം. സിപിഎം, സിപിഐ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചയിലാണ് ഈ നിര്‍ദേശമുണ്ടായത്. നിയമസഭയില്‍ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവരാനാണ് നീക്കം.
◾വിവാദ ചോദ്യങ്ങള്‍ക്കു നിയമസഭയില്‍ മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നുവെന്നു പ്രതിപക്ഷം. സ്വര്‍ണക്കടത്ത്, ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനം, എകെജി സെന്റര്‍ ആക്രമണം, വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുനേരെ കാപ്പാ ചുമത്തല്‍ എന്നിവയടക്കം മുഖ്യമന്ത്രി മറുപടി പറയേണ്ട 26 ചോദ്യങ്ങള്‍ മാറ്റിയെന്നാണ് പരാതി. ചോദ്യങ്ങളെ അട്ടിമറിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് എ.പി അനില്‍കുമാര്‍ സ്പീക്കര്‍ക്കു പരാതി നല്‍കി.
◾
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷം സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടത്തിയ ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്കു കത്തു നല്‍കി. ബന്ധു നിയമനങ്ങളിലൂടെ സര്‍വകലാശാലകളെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
◾വിലക്കയറ്റം നിയന്ത്രിക്കാന്‍ രണ്ടു വര്‍ഷംകൊണ്ട് 9,746 കോടി രൂപ ചെലവിട്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മനസ്സിലുളള കാര്യങ്ങള്‍ അറിയുന്ന സര്‍ക്കാരാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കിറ്റ് വിതരണം ഇന്നാരംഭിക്കും.
◾സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നു ലഭ്യത നിരീക്ഷിക്കാന്‍ ഓണ്‍ലൈന്‍ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആശുപത്രികളിലും ജില്ലകളിലും സംസ്ഥാനതലത്തിലും മോണിറ്ററിംഗ് സംവിധാനമുണ്ടാകും.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖
◾മുഖ്യമന്ത്രി ഇടപെടുന്നതുവരെ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം തുടരും. മന്ത്രിസഭ ഉപസമിതി യോഗം ചേര്‍ന്ന് പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണായക തീരുമാനം എടുത്തെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവക്കുംവരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വാടകയ്ക്ക് വീടെടുത്തു നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
◾കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ ക്രിമിനല്‍ എന്നു വിളിച്ച ഗവര്‍ണറുടെ നിലപാട് അപകീര്‍ത്തികരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അമ്പത് ചരിത്രകാരന്മാരും അധ്യാപകരും. ഗവര്‍ണര്‍ ഇതു നിര്‍ത്തണമെന്നും അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ക്രിമിനല്‍ എന്നു വിളിച്ചത് സംഘപരിവാര്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് സിപിഎം അനുകൂല അധ്യാപക സംഘടനയായ എകെപിസിടിഎ ആരോപിച്ചു.
◾ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കീഴ്ക്കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് സര്‍ക്കാര്‍. രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
◾കെഎസ്ആര്‍ടിസി യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ മൂന്നാംവട്ട ചര്‍ച്ച പരാജയപ്പെട്ടു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. എട്ടു മണിക്കൂര്‍ സ്റ്റിയറിംഗ് ഡ്യൂട്ടിയും നാലു മണിക്കൂര്‍ വിശ്രമവുമെന്ന നിര്‍ദേശമാണു മുന്നോട്ടുവച്ചത്. ചര്‍ച്ച തുടരുമെന്നു മന്ത്രി.
◾
◾മീനങ്ങാടി പോക്സോ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. അമ്മാവനാണു പ്രതി. ലോകത്തിന് കാമഭ്രാന്താണെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു.
◾തൃശൂര്‍ കണ്ടാണശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി പോലീസുകാരെ ആക്രമിച്ച മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. കൂനംമൂച്ചി സ്വദേശി വിന്‍സന്റിനെയാണ് അറസ്റ്റ് ചെയ്തത്. വാഹനാപകടത്തെക്കുറിച്ചു ചോദ്യം ചെയ്യാനാണ് ഇയാളെ വിളിപ്പിച്ചുവരുത്തിയത്. ചോദ്യംചെയ്ത പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. ‘അമേരിക്കന്‍ ബുള്ളി’ എന്നയിനം നായയുമായാണ് ഇയാള്‍ കാറില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
◾ജനങ്ങളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവര്‍ണര്‍ സൃഷ്ടിക്കരുതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ക്കു തുടരാന്‍ അര്‍ഹതയില്ല. ഗവര്‍ണര്‍ സര്‍വകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും ജയരാജന്‍ ആരോപിച്ചു.
◾കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ പ്രന്‍സിപ്പിലിനെ മണിക്കൂറുകളോളം വളഞ്ഞുവച്ചും പൂട്ടിയിട്ടും ഉപരോധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജു നടത്തി ഓടിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി കോളജില്‍നിന്ന് പുറത്താക്കിയ എസ്.എഫ്ഐ പ്രവര്‍ത്തകന് വീണ്ടും അഡ്മിഷന്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രിന്‍സിപ്പലിനെ ഉപരോധിച്ചത്.
◾ശസ്ത്രക്രിയക്കു രോഗിയില്‍നിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ അറസ്റ്റില്‍. സര്‍ജന്‍ ഡോ. എം.എസ്. സുജിത് കുമാറാണ് പിടിയിലായത്. മുണ്ടക്കയം സ്വദേശിയായ രോഗിയ്ക്ക് ഹെര്‍ണിയ ശസ്ത്രക്രിയ നടത്താനാണ് സുജിത് കുമാര്‍ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയത്.
◾സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ മേലേപറമ്പില്‍ എം.ജി. നാരായണന്‍ അന്തരിച്ചു. 74 വയസായിരുന്നു.
◾തിരുവനന്തപുരത്ത് പട്ടാപ്പകല്‍ തോക്കുമായി മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം. ഇടപ്പഴിഞ്ഞിയില്‍ അധ്യാപികയുടെ വീട് കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതു ചോദ്യം ചെയ്ത അയല്‍വാസിക്കുനേരെ തോക്കുചൂണ്ടിയശേഷം രക്ഷപ്പെട്ടു. വഴിയില്‍ തടയാന്‍ ശ്രമിച്ച പൊലീസുകാരനെതിരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.
◾തൊടുപുഴയിലെ ലോഡ്ജില്‍ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയില്‍. തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ്, കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22) എന്നിവരാണ് ആറര ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. കസ്റ്റഡിയിലായ യുവതി അലറിക്കരഞ്ഞാണ് പൊലീസ് ജീപ്പിലേക്കു കയറിയത്.
◾പാഴ്സല്‍ വാങ്ങിയ ഭക്ഷണത്തില്‍ പുഴുവും ചത്ത പാറ്റയും. കട്ടപ്പന മാര്‍ക്കറ്റിലെ സിറ്റി ഹോട്ടല്‍ അടപ്പിച്ചു. മേട്ടുക്കുഴി സ്വദേശിയായ ലിസി പൊറോട്ടയ്ക്കൊപ്പം വാങ്ങിയ സാമ്പാറിലാണ് പുഴുവിനെയും ചത്ത പാറ്റയെയും കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷ വകുപ്പിന് ഇ മെയില്‍ വഴി പരാതി നല്‍കിയതോടെ പരിശോധന നടത്തി ഹോട്ടല്‍ അടപ്പിക്കുകയായിരുന്നു.
◾പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. തമിഴ്നാട് നീലിഗീരിക്കോട്ട സ്വദേശി ഇര്‍ഷാദ് അലിയെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂര്‍ മതപഠനശാലയിലെ വിദ്യാര്‍ത്ഥിയെയാണ് പീഡിപ്പിച്ചത്.
◾സ്‌കാനിയ ബസ് ഉള്‍പ്പെടെ നാലു കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്ത യുവാവ് അറസ്റ്റിലായി. കുന്നംകുളം കാണിയാമ്പാല്‍ സ്വദേശി യാനിയാണു പിടിയിലായത്.
◾കൊടുങ്ങല്ലൂര്‍ അഴീക്കോട് മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. ചകുങ്ങാട്ട് സ്വാമിനാഥന്‍ (60) ആണ് മരിച്ചത്.
◾എട്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പൊന്നാനി സ്വദേശിയായ ഹിളര്‍ പള്ളിക്ക് സമീപം താമസിക്കുന്ന കബീറിനെയാണ് (40) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.
◾അധ്യാപികയും എഴുത്തുകാരിയുമായ എം ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു. 87 വയസായിരുന്നു. കവി അയ്യപ്പപണിക്കരുടെ ഇളയ സഹോദരിയാണ്.
◾ചാലക്കുടി വെട്ടുക്കടവില്‍ എഴുപത്തിമൂന്നുകാരിയുടെ മാല അപഹരിച്ച കൊച്ചുമകന്‍ അറസ്റ്റില്‍. ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിന്‍(26) ആണ് അറസ്റ്റിലായത്. കാമുകിയെ വിവാഹം കഴിക്കാനുള്ള ചെലവിന് പണം കണ്ടെത്താനായിരുന്നു ഇയാള്‍ സ്വന്തം മുത്തശ്ശിയുടെ മാലപൊട്ടിച്ചത്.
◾രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നും അല്ലെങ്കില്‍ പ്രവര്‍ത്തകരെല്ലാം വീട്ടിലിരിക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കഴിഞ്ഞ 32 വര്‍ഷമായി ഗാന്ധി കുടുംബത്തില്‍നിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടില്ല. എന്നിട്ടും നരേന്ദ്ര മോദി ഗാന്ധികുടുംബത്തെ ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിജിലന്‍സ് ഓഫീസിലേക്കു തള്ളിക്കയറി. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റു ചെയ്യൂവെന്ന മുദ്രാവാക്യവുമായി വിജിലന്‍സ് ഓഫീസിലേക്കു തള്ളിക്കയറിയത്.
◾മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിന്റെ മലദ്വാരത്തിലൂടെ കുത്തിക്കയറ്റിയ സ്റ്റീല്‍ ഗ്ലാസ് പത്തു ദിവസത്തിനുശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഗുജറാത്തിലെ സൂറത്തില്‍ കൃഷ്ണ റൗട്ട് എന്ന യുവാവിനെയാണ് ഒപ്പം മദ്യപിച്ച സുഹൃത്തുക്കള്‍ ആക്രമിച്ചത്. അസഹ്യമായ വേദനയുമായി നാടായ ഭുവനേശ്വരിലെത്തിയ യുവാവിനെ ഒഡീഷയിലെ ബെര്‍ഹാംപുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്കു വിധേയമാക്കുകയായിരുന്നു.
◾വിദേശത്തുനിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ സ്റ്റോക്ക് രാജ്യത്തുണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വ്യക്തമാക്കുന്നു.
◾വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിനു സംവിധായകന്‍ ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും ആറുു മാസത്തെ തടവുശിക്ഷ. പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസിലാണ് ശിക്ഷ. കാര്‍ത്തി, സാമന്ത എന്നിവരെ വച്ച് ‘യെണ്ണി ഏഴു നാള്‍’ എന്ന സിനിമയ്ക്കായി ഒരു കോടി മൂന്നു ലക്ഷം രൂപയാണ് കടമെടുത്തത്. സിനിമ മുടങ്ങി. 35 ലക്ഷത്തിന്റെ ചെക്ക് മടങ്ങിയതോടെയാണ് കേസായത്.
◾ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും അമ്മയുമുള്‍പ്പെടെ അഞ്ച് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. ഭയന്ന കാമുകന്‍ ഹിമവന്ത് കുമാര്‍ ജീവനൊടുക്കി. 26 കാരിയായ അനുപല്ലവിയാണ് ഡ്രൈവറായ ഭര്‍ത്താവ് നവീന്‍ കുമാറിനെ കൊല്ലാന്‍ രണ്ടു ലക്ഷം രൂപയ്ക്കു മൂന്നംഗ സംഘത്തിനു ക്വട്ടേഷന്‍ നല്‍കിയത്. അവര്‍ നവീന്‍ കുമാറിനെ തട്ടിക്കൊണ്ടുപോയെങ്കിലും കൊന്നില്ല. കൊലപ്പെടുത്തിയെന്നു ബോധ്യപ്പെടുത്താന്‍ അയാളുടെ ശരീരത്തില്‍ ചുവന്ന ടുമാറ്റോ സോസ് ഒഴിച്ചു ഫോട്ടോയെടുത്ത് അയച്ചുകൊടുത്തു. ഫോട്ടോ കണ്ടു ഭയന്ന കാമുകന്‍ ഹിമവന്ത് കുമാര്‍ ആത്മഹത്യ ചെയ്തു. ഹിമവന്ത്കുമാറിന്റെ സഹോദരി നല്‍കിയ പരാതിയിലാണ് അനുപല്ലവി അടക്കമുള്ളവര്‍ പിടിയിലായത്.
◾ചൈനയില്‍ പഠിച്ചിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു തിരികേ വരാന്‍ അനുമതി. രണ്ടു വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷമാണ് ചൈന ഇളവുകള്‍ പ്രഖ്യാപിച്ചത്.
◾ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്തു നങ്കൂരമിട്ട ചൈനയുടെ ചാരക്കപ്പല്‍ മടങ്ങി. ആറു ദിവസമാണ് കപ്പല്‍ തുറമുഖത്തു നങ്കൂരമിട്ടത്. ശാസ്ത്ര ഗവേഷണ കപ്പലാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ചൈനയുടെ കപ്പലുകള്‍ക്ക് അനുമതി നല്‍കണമെന്ന വ്യവസ്ഥയോടെ ചൈനയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച തുറമുഖത്ത് ഇനിയും ചൈനീസ് കപ്പലുകളെത്തും.
◾വിജയം ഉറപ്പിച്ച് പൊരുതിയ സിംബാബ്വെയെ തോല്‍പിച്ച ഇന്ത്യക്ക് മൂന്നാം ഏകദിനത്തില്‍ 13 റണ്‍സിന്റെ വിജയം. എട്ടാം വിക്കറ്റില്‍ ബ്രാഡ് ഇവാന്‍സിനെ കൂട്ടുപിടിച്ച് സികന്ദര്‍ റാസ 94 പന്തില്‍നിന്ന് നേടിയ 115 റണ്‍സ് സിംബാബ്വേക്ക്് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ജയം കൈപ്പിടിയിലൊതുക്കാനായില്ല. ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വേയുടെ ഇന്നിംഗ്സ് 49.3 ഓവറില്‍ 276 റണ്‍സില്‍ അവസാനിച്ചു. നേരത്തെ 97 പന്തില്‍ 130 റണ്‍സെടുത്ത ശുഭമാന്‍ ഗില്ലിന്റെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നല്‍കിയത്.
◾ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയരുടെ വിജയം.
◾പ്രാരംഭ ഓഹരി വില്പനയില്‍ (ഐ.പി.ഒ) 2021 കാഴ്ചവച്ച റെക്കാഡ് മുന്നേറ്റത്തെ കടത്തിവെട്ടുമെന്ന ആവേശത്തോടെ 2022ന്റെയും കുതിപ്പ്. ഐ.പി.ഒയിലൂടെ ഓഹരിവിപണിയില്‍ കന്നിച്ചുവട് വയ്ക്കാനായി സെബിക്ക് നടപ്പുവര്‍ഷം ഇതുവരെ അപേക്ഷ സമര്‍പ്പിച്ചത് 46 കമ്പനികളാണ്; ഇവ സംയുക്തമായി ലക്ഷ്യമിടുന്ന സമാഹരണം 52,000 കോടി രൂപയും. ഈ മാസത്തെ ആദ്യ രണ്ടാഴ്ചയില്‍ മാത്രം ഏഴ് കമ്പനികള്‍ അപേക്ഷ (ഡ്രാഫ്റ്റ് റെഡ്-ഹെറിംഗ് പ്രോസ്‌പെക്ടസ് – ഡി.ആര്‍.എച്ച്.പി) നല്‍കി. ആഗോള, ആഭ്യന്തരതലത്തിലെ വെല്ലുവിളികളെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി-ജൂണില്‍ ഇന്ത്യന്‍ ഓഹരിസൂചികകള്‍ 13 ശതമാനത്തോളം ഇടിഞ്ഞിരുന്നു. പിന്നീട് മെല്ലെ കരകയറിയ ഓഹരിവിപണി 17 ശതമാനം നേട്ടമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഐ.പി.ഒ വിപണി വീണ്ടും സജീവമായത്. ജൂണിന് ശേഷം ഇതുവരെ 25 കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചു. 2022ല്‍ ഇതുവരെ 17 കമ്പനികള്‍ ഐ.പി.ഒ നടത്തി 41,783 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.
◾ഇന്ത്യന്‍ ഓഹരികള്‍ വീണ്ടും വന്‍തോതില്‍ വാങ്ങിക്കൂട്ടി വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ). ഈ മാസം ഇതുവരെ 44,481 കോടി രൂപയാണ് അവര്‍ നിക്ഷേപിച്ചത്. ജൂലായില്‍ 5,000 കോടി രൂപയ്ക്കും ഓഹരികള്‍ വാങ്ങിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജൂണ്‍വരെ തുടര്‍ച്ചയായി എല്ലാമാസവും നിക്ഷേപം പിന്‍വലിച്ചശേഷമാണ് വിദേശ നിക്ഷേപകര്‍ വീണ്ടും ഓഹരികള്‍ വാങ്ങിത്തുടങ്ങിയത്. ഒക്ടോബര്‍-ജൂണില്‍ 2.46 ലക്ഷം കോടി രൂപയാണ് പിന്‍വലിക്കപ്പെട്ടത്; ഇത് റെക്കാഡ് നഷ്ടമായിരുന്നു. അതേസമയം, ഡോളറിനെതിരെ രൂപയുടെ പ്രകടനം, നാണയപ്പെരുപ്പത്തിന്റെ ഗതി, ആഗോളതലത്തില്‍ ഉയരുന്ന പലിശനിരക്ക്, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ജൂണ്‍പാദ പ്രവര്‍ത്തനഫലം എന്നിവ വരുംമാസങ്ങളില്‍ വിദേശനിക്ഷേപത്തിന് ചാഞ്ചാട്ടത്തിന് ഇടയാക്കുമെന്ന് നിരീക്ഷകര്‍ വാദിക്കുന്നുണ്ട്. ഈമാസം ഒന്നുമുതല്‍ 19 വരെയുള്ള കണക്കുപ്രകാരം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ കടപ്പത്ര വിപണിയിലും 1,673 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.
◾ലാല്‍ ജോസ് സംവിധാനം ചെയ്ത നിരവധി ചിത്രങ്ങളിലൂടെ മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ഗാനങ്ങള്‍ സൃഷ്ടിച്ചയാളാണ് വിദ്യാസാഗര്‍. ലാല്‍ജോസിന്റെ ഏറ്റവും പുതിയ ചിത്രം സോളമന്റെ തേനീച്ചകളിലും വിദ്യാസാഗര്‍ ആണ് സംഗീത സംവിധായകന്‍. ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘ആനന്ദമോ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. പാടിയിരിക്കുന്നത് അഭയ് ജോധ്പുര്‍കറും അന്വേഷയും ചേര്‍ന്നാണ്. ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, വിന്‍സി അലോഷ്യസ്, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ആസിഫ് അലി, റോഷന് മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 23 ന് ചിത്രം തിയറ്ററുകളില്‍ എത്തും. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ആറ് വര്‍ഷത്തിനു ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ ഈ പ്രോജക്റ്റ് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഹേമന്ദ് കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്.
നിഖില വിമല്‍ ആണ് നായിക.
◾സിരകളില്‍ റേസിംഗ് ഡി.എന്‍.എയുമായി പോര്‍ഷയുടെ പുതിയ 911 ജി.ടി3 ആര്‍.എസ് വിപണിയില്‍. ഏറെ സ്വീകാര്യതയുള്ള 911 ശ്രേണിയിലെ പുതുമുഖമായ ഈ മോഡല്‍ 3.2 സെക്കന്‍ഡുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്ന് പോര്‍ഷ പറയുന്നു. മണിക്കൂറില്‍ 296 കിലോമീറ്ററാണ് ടോപ് സ്പീഡ്. മൂന്ന് ഡ്രൈവിംഗ് മോഡുകളുണ്ട് – നോര്‍മല്‍, സ്പോര്‍ട്ട്, ട്രാക്ക്. 525 എച്ച്.പി കരുത്തും 465 എന്‍.എം ടോര്‍ക്കുമുള്ളതാണ് 4.0 ലിറ്റര്‍ എന്‍ജിന്‍. 7-സ്പീഡ് പോര്‍ഷ ഡോപ്പല്‍കുപ്ളംഗ് (പി.കെ.ഡി) ട്രാന്‍സ്മിഷന്‍ സംവിധാനമാണുള്ളത്. 911 ആര്‍.എസ്.ആര്‍., 911 ജി.ടി3 ആര്‍ എന്നിവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ മോഡലിന്റെ നിര്‍മ്മാണം.
◾തിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ നിഷ്‌കളങ്കയും സമര്‍ത്ഥയുമായ സേതുലക്ഷ്മി എന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വീക്ഷണകോണിലൂടെ ഒരു കാലത്തെ പുനര്‍നിര്‍മ്മിക്കുന്ന നോവലാണ് നിയോഗസ്മൃതി. തിരുവിതാംകൂര്‍ ചരിത്രത്തിന്റെ കാണാക്കയങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഈ നോവല്‍ ആത്മാംശം തുളുമ്പുന്ന രചനാശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ജ്ഞാനവും നര്‍മ്മവും കയ്പും മധുരവും സ്നേഹവും ചതിയും ഒളിഞ്ഞും തെളിഞ്ഞും നിറഞ്ഞുനില്‍ക്കുന്ന ഈ നോവല്‍ പോയകാലത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലേക്കുള്ള മാറ്റത്തിന്റെ വളര്‍ച്ചകൂടിയാണ്. ‘നിയോഗസ്മൃതി’. മല്ലിക വേണുകുമാര്‍. ഗ്രീന്‍ ബുക്സ്. വില 280 രൂപ.
◾വയറിന്റെ ആരോഗ്യം നല്ലതായി ഇരുന്നാല്‍ തന്നെ ആകെ ആരോഗ്യം നല്ലതായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയാറ്. അത്രമാത്രം പ്രധാനമാണ് വയറിന്റെ ആരോഗ്യം. എന്നാല്‍ പലര്‍ക്കും ഇത് കൃത്യമായി സൂക്ഷിച്ചുകൊണ്ടുപോകാന്‍ സാധിക്കാറില്ല എന്നതാണ് സത്യം. ജീവിതരീതികളിലെ പോരായ്മകള്‍ തന്നെയാണ് പ്രധാന കാരണം. സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നതും ആരോഗ്യകരമായ ഭക്ഷണം കഴിക്കാതിരിക്കുന്നതും അടക്കമുള്ള ഡയറ്റ് പ്രശ്നങ്ങള്‍, ഉറക്കമില്ലായ്മ, വ്യായാമമില്ലായ്മ എന്നീ മൂന്ന് കാര്യങ്ങളാണ് വയറിനെ കാര്യമായും ബാധിക്കുക. കാര്യമായെന്ന് പറഞ്ഞാല്‍ പിന്നീട് തിരിച്ചെടുക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്ന അത്രയും തീവ്രമായിത്തന്നെ വയറിന്റെ ആരോഗ്യം അവതാളത്തിലാകാന്‍ ഈ മൂന്ന് കാര്യങ്ങള്‍ മതി. എപ്പോഴും ഗ്യാസ്ട്രബിള്‍, വയര്‍ വീര്‍ത്തുകെട്ടല്‍, ഏമ്പക്കം, മലബന്ധം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ട് നേരിട്ട് കാണാവുന്ന ലക്ഷണങ്ങളാണ്. ഇവയെല്ലാം പതിവായി കാണുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടേണ്ടതാണ്. വയറിന്റെ ധര്‍മ്മം വെറും ഭക്ഷണം ദഹിപ്പിക്കല്‍ മാത്രമാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ അങ്ങനെയല്ല. നമ്മുടെ മാനസികാവസ്ഥ എങ്ങനെയിരിക്കണമെന്നത് നിര്‍ണയിക്കുന്നതില്‍ വരെ വയറിന്റെ ആരോഗ്യത്തിന് പങ്കുണ്ട്. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ സമൂഹം നമ്മുടെ സന്തോഷത്തെയും സമാധാനത്തെയുമെല്ലാം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വയര്‍ ബാധിക്കപ്പെട്ടാല്‍ ഇതിനോട് അനുബന്ധമായി സ്ട്രെസ്, ഉത്കണ്ഠ, വിഷാദം എന്നിവയും അനുഭവപ്പെടാം. ഇവയ്ക്ക് പുറമെ സ്‌കിന്‍ പ്രശ്നങ്ങള്‍, പ്രതിരോധ ശേഷി കുറയല്‍ എന്നീ പ്രശ്നങ്ങളും വയറിന്റെ ആരോഗ്യം അവതാളത്തിലാകുന്നതിന്റെ ഭാഗമായി കാണാം. പച്ചക്കറികളും പഴങ്ങളും അടക്കം ‘ബാലന്‍സ്ഡ്’ ആയി ഭക്ഷണം കഴിക്കുന്നതിലൂടെയും ദിവസവും 8 മണിക്കൂറെങ്കിലും ആഴത്തിലും തുടര്‍ച്ചയായും ഉറങ്ങുന്നതിലൂടെയും കായികമായ കാര്യങ്ങളില്‍ മുഴുകുന്നതിലൂടെയും വലിയൊരു ശതമാനം വരെ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താം.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു ദിവസം അയാള്‍ തന്റെ വഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പോയി. കുറച്ച് നേരം കാത്തിരുന്നപ്പോള്‍ ചൂണ്ടയില്‍ എന്തോ ഒന്ന് കൊളുത്തി. അയാള്‍ ചൂണ്ടവലിച്ചുനോക്കിയപ്പോള്‍ വെള്ളിയും സ്വര്‍ണ്ണവും ഇടകലര്‍ന്ന ചിറകുകളുള്ള അതിമനോഹരമായ ഒരു മത്സ്യം. അയാള്‍ അതിനെ വഞ്ചിയില്‍ എടുത്തിട്ടു. ആ മത്സ്യം ജീവനുവേണ്ടി പിടയ്ക്കാന്‍ തുടങ്ങി. പെട്ടെന്ന് അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത് പറഞ്ഞു: എന്നെ നദിയിലേക്ക് പോകാന്‍ അനുവദിക്കൂ. എന്നെ പോകാന്‍ അനുവദിച്ചാല്‍ ഞാന്‍ നിനക്ക് മൂന്ന് വരങ്ങള്‍ നല്‍കാം. നിനക്ക് എന്ത് വരം വേണമെങ്കിലും ചോദിക്കാം. എന്നെ ഇപ്പോള്‍ വെള്ളത്തിലേക്ക് ഇടൂ. അയാള്‍ കുറച്ചധികം സമയം ആലോചിച്ചു. ആ മത്സ്യമാകട്ടെ ജീവനുവേണ്ടി പിടഞ്ഞ് തളര്‍ന്നുകൊണ്ടേയിരുന്നു. അയാള്‍ പറഞ്ഞു: ശരി അഞ്ച് വരങ്ങള്‍ തന്നാല്‍ ഞാന്‍ നിന്നെ തിരിച്ച് വെള്ളത്തിലേക്ക് ഇടാം. മത്സ്യം പറഞ്ഞു: എനിക്ക് അതിന് സാധിക്കില്ല. മൂന്ന് വരം ഞാന്‍ തരാം. അപ്പോള്‍ അയാള്‍ വീണ്ടും പറഞ്ഞു: ശരി എന്നാല്‍ നാലരയായാലോ… അതീവദുര്‍ബലയായ മത്സ്യം പറഞ്ഞു: ഇല്ല മൂന്ന് മാത്രം. അപ്പോള്‍ അയാള്‍ പറഞ്ഞു: ശരി നമുക്ക് ഈ ഇടപാട് ഉറപ്പിക്കാം.. നാല്. പക്ഷേ, ആ മത്സ്യം പിന്നീട് അതിന് മറുപടിയൊന്നും പറഞ്ഞില്ല ജീവിതവും ഇതുപോലെയാണ്. വളരെ ഹ്രസ്വമാണ്,. അതില്‍ ഇടപാടുകള്‍ നടത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിന് മുമ്പു തന്നെ അതങ്ങ് അവസാനിച്ചുപോകും. മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപാടുകളും ഹ്രസ്വവും നന്മനിറഞ്ഞതുമാകട്ടെ – ശുഭദിനം.