◾റോഡുകളിലെ കുഴിയില്‍ വീണ് അപകടമുണ്ടായാല്‍ ജില്ലാ കളക്ടര്‍മാര്‍ വിശദീകരണം തരണമെന്നു ഹൈക്കോടതി. ദേശീയ പാതയിലെ കുഴിയില്‍ വീണുള്ള അപകടങ്ങള്‍ മനുഷ്യ നിര്‍മ്മിത ദുരന്തമാണ്. ആരാണ് ഉത്തരവാദികളെന്ന് കോടതി ദേശീയ പാത അതോറിറ്റിയോട് ചോദിച്ചു. യാത്രക്കാര്‍ കുഴിയില്‍വീണ് മരിക്കുന്ന റോഡിന് ടോള്‍ കൊടുക്കേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു. 116 റോഡുകളിലെ സാംപിളുകള്‍ പരിശോധനക്ക് അയച്ചെന്ന് പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം കോടതിയെ അറിയിച്ചു.
◾വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളി സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തും. തുറമുഖ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുമായി സമര നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ പുരോഗതി. തീരത്തു വീടുകള്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും. പതിനേഴര ഏക്കര്‍ സ്ഥലത്തിനു പുറമേ മൂന്ന് ഏക്കര്‍ സ്ഥലംകൂടി കണ്ടെത്തുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. (ജീവന്മരണ പോരാട്ടം- ഫ്രാങ്ക്ലി സ്പീക്കിംഗ്. https://youtu.be/QqrdL_ow7O0 )
◾തിരുവനന്തപുരത്തെ തീരദേശവാസികള്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണ മേഖലയില്‍ സമരക്കൊടി നാട്ടി. തുറമുഖ കവാടത്തില്‍ സ്ഥാപിച്ച ബാരികേഡുകള്‍ മാറ്റി തുറമുഖ നിര്‍മ്മാണം നടക്കുന്ന പ്രദേശത്തേക്ക് ഓടി സമരക്കാര്‍ ആ മേഖലയെല്ലാം കൈയടക്കി. സമരക്കാര്‍ക്കെതിരെ പരമാവധി സംയമനം പാലിച്ചായിരുന്നു പൊലീസ് നീക്കം. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾കലാപാഹ്വാനത്തിന് സ്വപ്ന സുരേഷിനെതിരെ ചുമത്തിയ കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി. സ്വപ്നയുടെ വാക്കുകള്‍ പ്രകോപനം ഉണ്ടാക്കി. ഈ സാഹചര്യത്തില്‍ സെക്ഷന്‍ 153 പ്രകാരം എടുത്ത കേസ് നിലനില്‍ക്കും. ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്.
◾സ്വപ്ന സുരേഷിനും പി.സി. ജോര്‍ജിനുമെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം വേഗത്തിലാക്കാന്‍ പോലീസ്. മുന്‍മന്ത്രി കെ.ടി. ജലീലിന്റെ പരാതിയില്‍ കേസന്വേഷിക്കുന്നത് പ്രത്യേക സംഘമാണ്. സ്വപ്നയ്ക്കും പി.സി. ജോര്‍ജിനും പുറമേ സരിത്തിനെയും കേസില്‍ പ്രതിയാക്കും. കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രത്യേക അന്വേഷണ സംഘം ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
◾കല്‍പറ്റയിലെ രാഹുല്‍ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായവരില്‍ എംപിയുടെ പിഎ ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ പേഴ്സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫിസ് സ്റ്റാഫ് എസ.്ആര്‍. രാഹുല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനുശേഷം അറസ്റ്റു ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയത് ബിജെപി അനുഭാവികളാണെന്നു പോലീസ്. കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് പോലീസ് സിപിഎം നേതൃത്വത്തിന്റെ നിലപാടിലേക്കു മലക്കം മറിഞ്ഞത്. പാര്‍ട്ടിയില്‍ ഷാജഹാന്‍ നേടിയ വളര്‍ച്ചയില്‍ വിരോധംതോന്നി കൊലപ്പെടുത്തിയെന്നാണ് നേരത്തെ പോലീസ് പറഞ്ഞിരുന്നത്. പ്രതികള്‍ ആര്‍എസ്എസുകാരാണെന്നു പറയാന്‍ എന്താണു പോലീസിനു മടിയെന്നു സിപിഎം നേതാക്കള്‍ ചോദിച്ചിരുന്നു.
◾സ്‌കൂളുകള്‍ ഇന്നു പ്രവര്‍ത്തിക്കും. മഴമൂലം സ്‌കൂളുകള്‍ക്കു അവധി നല്‍കിയിരുന്നതിനാല്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാണ് അവധി ഒഴിവാക്കിയത്. പരീക്ഷ 24 ന് ആരംഭിക്കും. സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. 12 ന് സ്‌കൂള്‍ തുറക്കും.
◾സംസ്ഥാനത്തു നാളെ മുതല്‍ മൂന്നു ദിവസം മഴയ്ക്കു സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്.
◾
◾കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. അക്രമരാഷ്ട്രീയത്തിന്റെ ഉപാസകരാണ് ഇവര്‍. കൊലപാതകവും അക്രമവുമാണു സിപിഎമ്മിന്റെ ശൈലി. എകെജി സെന്ററിലെ പടക്കമേറിന്റെ ആസൂത്രകനാണ് ജയരാജനെന്നും സുധാകരന്‍ പറഞ്ഞു.
◾കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രനെതിരേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടപടിയെടുത്തേക്കും. അന്വേഷണത്തിന് ഉത്തരവിടാനും സാധ്യത. നടപടിയെടുക്കാവുന്നതാണെന്നു ഗവര്‍ണര്‍ക്കു നിയമോപദേശം ലഭിച്ചെന്നാണു റിപ്പോര്‍ട്ട്.
◾സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജാമ്യം അനുവദിച്ചുള്ള സെഷന്‍സ് കോടതിയുടെ നിരീക്ഷണങ്ങള്‍ അനുചിതമാണെന്നും സര്‍ക്കാര്‍.
◾സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമര്‍ശം സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. പരാതിക്കാരിയുടെ വസ്ത്ര ധാരണത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം ആശങ്കാജനകമാണെന്നും സിപിഎം.
◾മധ്യപ്രദേശില്‍ പ്രളയത്തില്‍ മരിച്ച മലയാളി സൈനികന്‍ ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജിന്റെ മൃതദേഹം സംസ്‌കരിച്ചു. എറണാകുളം മാമംഗലത്ത വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം പച്ചാളം പൊതുശ്മശാനത്തില്‍ സൈനിക ബഹുമതികളോടെയാണു സംസ്‌കരിച്ചത്. സൈനിക ഓഫീസറായ ഭാര്യ ഗോപി ചന്ദ്ര സല്യൂട്ട് നല്‍കിയാണ് ഭര്‍ത്താവ് നിര്‍മ്മലിന് അന്ത്യോപചാരമേകിയത്.
◾സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിയ്ക്കു മലയാള ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കി. പത്താം ക്ലാസ് വരെ മലയാളം ഭാഷയായി പഠിക്കാത്തവരും പ്ലസ് ടു, ബിരുദ തലങ്ങളില്‍ മലയാളം ഭാഷ പഠിക്കാത്തവരും കേരള പിഎസ്സി നടത്തുന്ന മലയാളം പരീക്ഷ പാസാകണം.
◾രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധിചിത്രം നശിപ്പിച്ചതിനു എംപി ഓഫീസിലെ സ്റ്റാഫ് ഉള്‍പ്പെടെ കോണ്‍ഗ്രസുകാരെ അറസ്റ്റു ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വാദിയെ പ്രതിയാക്കുന്ന സമീപനമാണ് പോലീസിന്. പൊലീസ് അന്വേഷണം ആരംഭിക്കുന്നത് മുമ്പേ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചെന്നും സുധാകരന്‍.
◾രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോണ്‍ഗ്രസ് അവരെ സംരക്ഷിക്കുന്നത് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നരില്‍ കനത്ത പ്രയാസമുണ്ടാക്കുമെന്നും റിയാസ്.
◾കോഴിക്കോട് ആവിക്കലിലെ മാലിന്യ പ്ലാന്റിനെതിരായ ജനകീയ സമരം ഏറ്റെടുത്ത് യുഡിഎഫ്. കെ റെയില്‍ പദ്ധതിയെ കെട്ടുകെട്ടിച്ചതുപോലെ ജനവാസ മേഖലയിലെ പ്ലാന്റ് നിര്‍മ്മാണത്തേയും ചെറുത്തുതോല്‍പ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
◾കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ എഫ്ഡിപി സ്റ്റഡീ ലീവ് അല്ലെന്ന് സര്‍വകലാശാല രക്ഷാ’സംഘ’ക്കാര്‍ക്ക് മനസിലായിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് യുജിസി ചട്ടത്തെപ്പറ്റി ലവലേശം അറിവില്ല. എഫ്ഡിപി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് ചട്ടമെന്നും ഫേസ് ബുക്കില്‍ കുറിച്ചു.
◾ജയിലിലെ ക്ഷേത്രത്തില്‍ കവര്‍ച്ച. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കാമ്പസിലെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയാണു മോഷണം പോയത്. സ്വാതന്ത്യത്തിന്റെ 75 ാം വര്‍ഷകത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വിട്ടയച്ച മോഷണക്കേസിലെ പ്രതിയാണ് മോഷ്ടാവെന്ന് പൊലീസ്.
◾കോഴിക്കോട് കുതരിവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 20 വാച്ച്മാന്‍ തസ്തികകള്‍ സൃഷ്ടിച്ചു. മാനസിക രോഗികള്‍ ചാടിപ്പോകുന്നതു പതിവായതിനാലാണ് നടപടി. രണ്ടു ക്ലാര്‍ക്ക്, നാലു ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, മൂന്നു കുക്ക് എന്നീ തസ്തികകള്‍ ഈയിടെ സൃഷ്ടിച്ചിരുന്നു.
◾പതിനഞ്ചു ബാങ്കുകളില്‍ മുക്കുപണ്ടം പണയം വച്ച് മൂന്നു കോടിയോളം രൂപ തട്ടിയെന്നു സംശയിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. കണ്ണൂര്‍ പാറാലിലെ പടിഞ്ഞാറ്റന്റവിടയില്‍ പി ശോഭന, നരവൂര്‍ വാഴയില്‍ വീട്ടില്‍ അഫ്സല്‍ എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റു ചെയ്തത്.
◾അട്ടപ്പാടിയിലെ പുതൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പൂതുര്‍ സ്വദേശി വിജയന്‍ എന്ന രാമദാസ് ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
◾മുവാറ്റപുഴയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഒരാള്‍ മരിച്ചു. മൂവാറ്റുപുഴ വടാട്ടുപാറ സ്വദേശി ബിനോയ് ആണ് മരിച്ചത്. കാറിനെ ഓവര്‍ടേക്ക് ചെയ്യുകയായിരുന്ന ബസ് വഴിയില്‍ വീണു കിടന്നിരുന്ന ബിനോയിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. മദ്യപിച്ചു ബോധമില്ലാതെ ബിനോയ് റോഡില്‍ വീണതാണെന്നാണ് സംശയം.
◾ഇടുക്കി ചിന്നക്കനാലില്‍ ചങ്ങലയില്‍ ബന്ധിച്ച് കിണറിന്റെ തുടലില്‍ കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി യുവാവിന്റെ മൃതദേഹം. 301 കോളനിയിലെ തരുണാണ് മരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.
◾അഞ്ചുതെങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടപ്പുറത്ത് കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലു പ്രതികള്‍ പിടിയില്‍. അയല്‍വാസികളും മത്സ്യത്തൊഴിലാളികളുമായ മുശിട് കബീര്‍(57), സമീര്‍ (33), നവാബ് (25), സൈനുലാബീദീന്‍ (59) എന്നിവരാണ് പിടിയിലായത്.
◾തിരുവനന്തപുരം കല്ലറ പാങ്ങോട് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചതിനു ബന്ധുവായ യുവാവ് അറസ്റ്റില്‍. തെങ്ങുംകോട് സ്വദേശിയായ ഷിനു (20) ആണ് പിടിയിലായത്.
◾പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പശ്ചിമ ബംഗാളില്‍നിന്ന് കൊണ്ടുവന്ന് അങ്ങാടിപ്പുറത്തെ ലോഡ്ജില്‍ പാര്‍പ്പിച്ച പതിനേഴുകാരിയെ രക്ഷപ്പെടുത്തി. ബംഗാള്‍ സ്വദേശിയായ അന്‍സാര്‍ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾തമിഴ്നാട്ടിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍. ഏപ്രില്‍ മാസത്തില്‍ നിയമസഭ പാസാക്കിയ ബില്ല് ഗവര്‍ണര്‍ ആര്‍.എന്‍. രവി മാറ്റിവച്ചെന്നു മാത്രമല്ല, മൂന്നു വൈസ്ചാന്‍സലര്‍മാരെക്കൂടി നിയമിക്കുകയും ചെയ്തു. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ ഗവര്‍ണര്‍ നോക്കുകുത്തിയാക്കുകയാണെന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.
◾ജാര്‍ഖണ്ഡിലെ ജെഎംഎം- കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തെ ചെറുക്കാന്‍ മഹാസഖ്യ നേതാക്കള്‍. ഹേമന്ത് സോറന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ മുന്നണിയിലെ എല്ലാ എംഎല്‍എമാരോടും റാഞ്ചിയിലെത്താന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കി. മഹാരാഷ്ട്രയിലെ അട്ടിമറിക്കു പിറകേ, മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാരെ അരക്കോടിയിലേറെ രൂപയുമായി പശ്ചിമ ബംഗാള്‍ പോലീസ് പിടികൂടിയിരുന്നു. ഇവരെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.
◾ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയതു 14 മണിക്കൂര്‍. ഏതാനും ഉദ്യോഗസ്ഥരുടെ വസതികളിലും റെയ്ഡ് നടത്തി. ഏഴു സംസ്ഥാനങ്ങളിലെ 31 ഇടങ്ങളില്‍ സിബിഐ റെയിഡ് നടത്തി. സിസോദിയയുടെ വസതിയില്‍നിന്നു കാര്യമായൊന്നും കിട്ടിട്ടില്ലെങ്കിലും ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് സിബിഐ. മദ്യവില്‍പന സ്വകാര്യമേഖലയ്ക്കു നല്‍കിയതില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസിന്റെ പ്രതിപ്പട്ടികയില്‍ രണ്ടു മലയാളികളുമുണ്ട്. മുംബൈ മലയാളി വിജയ് നായര്‍, തെലങ്കാനയില്‍ സ്ഥിരതാമസമാക്കിയ അരുണ്‍ രാമചന്ദ്രപിള്ള എന്നിവരാണ് പ്രതികളായ മലയാളികള്‍.
◾ചെന്നൈ ഫെഡ് ബാങ്ക് കവര്‍ച്ചയില്‍ കൊള്ളമുതലായ സ്വര്‍ണം കണ്ടെടുത്തത് പോലീസ് ഉദ്യോഗസ്ഥന്റെ വസതിയില്‍നിന്ന്. കൊള്ളസംഘത്തെ സഹായിച്ച ചെങ്കല്‍പ്പേട്ട് അച്ചരപ്പാക്കം പൊലീസ് ഇന്‍സ്പെക്ടര്‍ അമല്‍രാജിനെ അറസ്റ്റു ചെയ്തു. കൊള്ളമുതലായ 31.7 കിലോഗ്രാം സ്വര്‍ണത്തില്‍ ആറര കിലോഗ്രാം കണ്ടെത്തിയത് ഇയാളുടെ വീട്ടില്‍ നിന്നാണ്. ഇയാളുടെ ഭാര്യയുടെ ബന്ധുവാണ് അറസ്റ്റിലായ പ്രതി സന്തോഷ്.
◾ബംഗാള്‍ ഉള്‍ക്കടലയില്‍ മത്സ്യബന്ധന ട്രോളര്‍ മുങ്ങി 18 മത്സ്യത്തൊഴിലാളികളെ കാണാതായി. സൗത്ത് 24 പര്‍ഗാനാസിലെ കക്ദ്വീപ് മേഖലയിലാണ് അപകടം. തീരസംരക്ഷണ സേനയും പ്രാദേശിക ഭരണകൂടവും തിരച്ചില്‍ നടത്തി.
◾മോശം കാലാവസ്ഥയെ തുടര്‍ന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഹെലികോപ്റ്റര്‍ ഗയയില്‍ അടിയന്തരമായി ഇറക്കി. ഗയയിലെയും ഔറംഗബാദിലെയും വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തുകയായിരുന്നു നിതീഷ്‌കുമാര്‍.
◾തമിഴ്നാട് മയിലാടുംതുറയില്‍ ഗുണ്ടാനിയമപ്രകാരം റിമാന്‍ഡിലായിരുന്ന യുവാവ് ജയില്‍ മോചിതനായതിനു പിറകേ, വെട്ടിക്കൊന്ന കേസില്‍ 13 പേര്‍ അറസ്റ്റില്‍. കൊലയാളി സംഘത്തില്‍ ഒരാള്‍ സിപിഎം പ്രവര്‍ത്തകനും മറ്റൊരാള്‍ തമിഴ് ഈഴം പ്രവര്‍ത്തകനുമാണ്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥയാണ്. വണ്ണിയര്‍ സംഘം മുന്‍ നേതാവ് കൂടിയായ മയിലാടുംതുറ കോതത്തെരു സ്വദേശി കണ്ണനെയാണ് അക്രമിസംഘം വെട്ടിക്കൊന്നത്.
◾കൊലക്കേസ് പ്രതിയെ പിടിക്കാന്‍ ആള്‍ദൈവത്തിന്റെ സഹായം തേടിയ മധ്യപ്രദേശിലെ പൊലീസ് ഓഫീസര്‍ക്കു സസ്പെന്‍ഷന്‍. പൊലീസ് ഉദ്യോഗസ്ഥന്‍ ആള്‍ദൈവത്തിന്റെ കാല്‍ക്കലിരുന്നു സഹായം തേടിയ വീഡിയോ വൈറലായതോടെയാണു നടപടി. ഉത്തര്‍പ്രദേശിലെ ഛത്തര്‍പൂരില്‍ 17 കാരി കൊല്ലപ്പെട്ട സംഭവത്തിലാണ് ആള്‍ദൈവം പണ്ടോഖര്‍ സര്‍ക്കാരിന്റെ ആശ്രമത്തില്‍ യൂണിഫോമിലുള്ള എഎസ്ഐ എത്തി സഹായം തേടിയത്.
◾പോലീസിനെ വെടിവച്ച് രണ്ടു ദശാബ്ദങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ബിഹാറിലെ മുന്‍ എംഎല്‍എ രഞ്ജന്‍ തിവാരി അറസ്റ്റില്‍. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലെ റക്സൗളിലാണ് രഞ്ജന്‍ പിടിയിലായത്.
◾ഇന്ത്യ-സിംബാബ്വേ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റിന്റെ ആധികാരിക ജയം നേടിയ ഇന്ത്യ രണ്ടാം ജയത്തോടെ പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്. ഹരാരെയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.45നാണ് കളി തുടങ്ങുക.
◾തവണകള്‍ അടക്കുന്നതില്‍ വീഴ്ച്ച വന്നതും കാലാവധി പൂര്‍ത്തീകരിക്കാത്തതുമായ പോളിസികള്‍ പുതുക്കാന്‍ ഉപഭോക്താക്കള്‍ക്ക് എല്‍. ഐ.സി അവസരമൊരുക്കുന്നു. യൂലിപ് പോളിസികള്‍ ഒഴികെയുള്ള പോളിസികള്‍ക്ക് ആദ്യമായി പ്രീമിയം മുടങ്ങപ്പോയത് മുതല്‍ അഞ്ചുവര്‍ഷം വരെയുള്ള കാലാവധിക്കുള്ളില്‍ പോളിസി പുനരാരംഭിക്കാം. ഒക്ടോബര്‍ 21 വരെയാണ് പദ്ധതി കാലാവധി. ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ പ്രീമിയം അടക്കാന്‍ പറ്റാതെ പോളിസി മുടങ്ങിപ്പോയവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ലേറ്റ് ഫീസില്‍ വളരെ ആകര്‍ഷകമായ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
◾ജനപ്രിയ സമൂഹമാധ്യമം ഫെയ്സ്ബുക് വിട്ടുപോകുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയിലെ ഫെയ്സ്ബുക്കിന്റെ പ്രതിമാസ ഉപയോക്താക്കളില്‍ 25 ശതമാനത്തിലധികം ഇടിവ് നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദക്ഷിണ കൊറിയയിലെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഫെയ്സ്ബുക്കിന് 25 ശതമാനത്തിലധികം കുറവുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊബൈല്‍ ഇന്‍ഡെക്‌സ് അനുസരിച്ച് 2020 മേയില്‍ ഫെയ്സ്ബുക് ഉപയോക്താക്കള്‍ 1.48 കോടിയായിരുന്നു എങ്കില്‍ കഴിഞ്ഞ മാസം ഇത് 1.1 കോടിയിലെത്തി. ഫെയ്സ്ബുക്കിലെ നിരവധി കൗമാരക്കാരായ ഉപയോക്താക്കള്‍ ഇന്‍സ്റ്റാഗ്രാമിലേക്ക് മാറിയിട്ടുണ്ട്.
◾കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘വിരുമന്‍’. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്തത്. മുത്തയ്യ തന്നെ തിരക്കഥയും എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ‘വിരുമന്‍’ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മധുര വീരന്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. ‘വിരുമന്‍’ വന്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ വിതരണക്കാരായ ശക്തി ഫിലിം ഫാക്ടറിയുടെ ശക്തിവേലന്‍ ബി കാര്‍ത്തിക്കും സൂര്യക്കും ഡയമണ്ട് ബ്രേയ്സ്ലെറ്റ് സമ്മാനിച്ചിരുന്നു. സംവിധായകന്‍ മുത്തയ്യയ്ക്ക് ഡയമണ്ട് മോതിരവും സമ്മാനമായി നല്‍കി. മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ഇതുവരെ മൊത്തം കളക്ഷന്‍ 40.45 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. അതിഥി ഷങ്കറാണ് നായിക.
◾മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ അനുപമ പരമേശ്വരന്‍ നായികയായ തെലുങ്ക് ചിത്രമാണ് ‘കാര്‍ത്തികേയ 2’. നിഖില്‍ സിദ്ധാര്‍ഥ് ആണ് ചിത്രത്തില്‍ നായകന്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ‘കാര്‍ത്തികേയ 2’ എന്ന ചിത്രത്തിലെ ഗാനത്തിനറെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. കേവലം 15 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ആറ് ദിവസം കൊണ്ട് 33 കോടി രൂപയാണ് നേടിയിരിക്കുന്നത്. ‘കാര്‍ത്തികേയ 2’ ഹിന്ദി പതിപ്പിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഇറങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ പരാജയപ്പെടുമ്പോഴാണ് ‘കാര്‍ത്തികേയ 2’ മുന്നേറുന്നത്. ‘ദേവസേന’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ എത്തിയത്.
◾2022 മാരുതി സുസുക്കി ആള്‍ട്ടോ കെ10 നെ 3.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കി അവതരിപ്പിച്ചത്. മോഡല്‍ ലൈനപ്പ് ആറ് വേരിയന്റുകളിലും (4 മാനുവല്‍, 2 എഎംടി) ആറ് എക്സ്റ്റീരിയര്‍ പെയിന്റ് ഓപ്ഷനുകളിലും എത്തുന്നു. 67 ബിഎച്ച്പി കരുത്തും 89 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.0 എല്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി പെട്രോള്‍ എഞ്ചിനാണ് ഈ പുതിയ ഹാച്ച്ബാക്കിന് കരുത്തേകുന്നത്. ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സംവിധാനമുള്ള മോട്ടോര്‍ 24.39 കെഎംപിഎല്‍ (എംടി), 24.90 കെഎംപിഎല്‍ (എടി) ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. അടുത്ത ഘട്ടത്തില്‍ പുതിയ മാരുതി ആള്‍ട്ടോ കെ10 സിഎന്‍ജി പതിപ്പ് കമ്പനി അവതരിപ്പിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
◾ഒരു കഥ പല ജീവിതങ്ങള്‍ വ്യത്യസ്ത കാഴ്ചകളിലൂടെ തെളിഞ്ഞു വരുന്ന സംഭവങ്ങള്‍ കാഴ്ചകള്‍ അടുക്കുമ്പോള്‍ കായല്‍ മരണം വെളിവാകുന്നു. ‘കായല്‍ മരണം’. റിഹന്‍ റഷീദ്. മാതൃഭൂമി ബുക്സ്. വില 199 രൂപ.
◾ആഗോള തലത്തില്‍ കാന്‍സര്‍ മൂലം നിരവധിപ്പേര്‍ മരിക്കാനുള്ള പ്രധാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് വിദഗ്ധര്‍. 2019ല്‍ ആഗോളതലത്തില്‍ ഏകദേശം 4.45 ദശലക്ഷം കാന്‍സര്‍ മരണങ്ങള്‍ പുകവലി, മദ്യപാനം, ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ), മറ്റ് അപകട ഘടകങ്ങള്‍ എന്നിവ കാരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ദി ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇതില്‍ത്തന്നെ പുകവലിയാണ് കാന്‍സര്‍ മരണങ്ങളുടെ ഏറ്റവും പ്രധാന കാരണമായി കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കാന്‍സര്‍ മൂലം മരണം സംഭവിക്കാനുള്ള പ്രധാന കാരണങ്ങള്‍ ശ്വാസനാളം, ബ്രോങ്കസ്, ശ്വാസകോശ അര്‍ബുദം എന്നിവയാണ്. കാന്‍സര്‍ മരണങ്ങളില്‍ 36.9 ശതമാനവും ഇതുമൂലമാണ് ഉണ്ടാകുന്നത്. പുരുഷന്മാരില്‍ ആമാശയ അര്‍ബുദം (6.6%), വന്‍കുടല്‍, മലാശയ അര്‍ബുദം (15.8%), അന്നനാള അര്‍ബുദം (9.7%) എന്നിവയാണ് പിന്നെ കൂടുതല്‍ മരണത്തിലേക്ക് നയിക്കുന്നവ. സ്ത്രീകളില്‍ ഇത് സ്തനാര്‍ബുദമാണ് (11%) . പുകയില ഉപയോഗം, മദ്യപാനം, സുരക്ഷിതമല്ലാത്ത സെക്സ്, റിസ്‌കി ഡയറ്റ് എന്നിവയാണ് ആഗോളതലത്തില്‍ കാന്‍സര്‍ കൂടാനുള്ള ബിഹേവിയറല്‍ റിസ്‌ക് ഫാക്ടേഴ്സ്. പുകവലി, മദ്യപാനം, ഉയര്‍ന്ന ബിഎംഐ പോലുള്ള അപകട ഘടകങ്ങള്‍ കാരണം ഏറ്റവും വലിയ ക്യാന്‍സര്‍ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്ത് അഞ്ച് പ്രദേശങ്ങള്‍ മധ്യ യൂറോപ്പ് ( 82 മരണങ്ങള്‍), കിഴക്കന്‍ ഏഷ്യ ( 69.8), വടക്കേ അമേരിക്ക (66.), തെക്കന്‍ ലാറ്റിന്‍ അമേരിക്ക (64.2) പശ്ചിമ യൂറോപ്പ് 63.8) എന്നിവയാണെന്നാണ് ദി ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
*ശുഭദിനം*
*കവിത കണ്ണന്‍*
ദൈവം തന്റെ ശിഷ്യനോട് പറഞ്ഞു: ഭൂമിയില്‍ നിന്ന് ഏറ്റവും മഹത്തായ ഒന്നിനെ എന്റെ അടുക്കല്‍ കൊണ്ടുവരണം. ശിഷ്യന്‍ ഭൂമിയിലെത്തിയപ്പോള്‍ ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ച ഒരാളുടെ മരണം കണ്ടു. അയാളുടെ അവസാന ശ്വാസമെടുത്ത് ദൈവത്തിനടുത്തെത്തി. ദൈവം പറഞ്ഞു ഇത് മഹത്തായതു തന്നെ പക്ഷേ, ഇതിനേക്കാള്‍ മഹത്തരമായ മറ്റൊന്നുണ്ട്. ശിഷ്യന്‍ പലകാര്യങ്ങളും കൊണ്ടുവന്നെങ്കിലും ദൈവം അതെല്ലാം നിരാകരിച്ചു. പിന്നെയും ശിഷ്യന്‍ ഭൂമിയിലെത്തിയപ്പോള്‍ ഒരാള്‍ കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് കണ്ടു. എങ്ങോട്ടാണ് യാത്രയെന്ന് അന്വേഷിച്ചപ്പോള്‍ അയാളെ ചതിച്ചവനെ കൊല്ലാനുള്ള യാത്രയാണ് അതെന്ന് മനസ്സിലായി. ശിഷ്യനും അയാളുടെ ഒപ്പം കൂടി. ഒരു വീട്ടുമുറ്റത്തെത്തിയ അയാള്‍ തോക്കെടുത്ത് ജനാലയ്ക്കുള്ളിലൂടെ നോക്കിയപ്പോള്‍ തന്റെ ശത്രു അയാളുടെ മക്കളെ ചുംബിച്ച് ഉറക്കാന്‍ കെടുത്തുന്നതാണ് കണ്ടത്. അത് കണ്ട് കണ്ണുനിറഞ്ഞ് അയാള്‍ തിരിച്ചുപോയി. ശിഷ്യന്‍ ആ കണ്ണുനീരെടുത്ത് ദൈവത്തിനടുത്തെത്തി. ദൈവം പറഞ്ഞു: ഇതു തന്നെയാണ് ഏറ്റവും മൂല്യമുള്ള വസ്തു. അനുതാപം. മടങ്ങിവരവിനേക്കാള്‍ മനോഹരമായ യാത്ര മറ്റൊന്നില്ല.. തെറ്റിന് ശേഷമാണെങ്കിലും തീര്‍ത്ഥാടനത്തിന് ശേഷമാണെങ്കിലും തിരിച്ചുവരാനൊരു സ്ഥലമുണ്ട് എന്നതാണ് എല്ലാ യാത്രകളുടേയും മനോഹാരിത. രണ്ടു തരം യാത്രകളുണ്ട്. ആയിരിക്കുന്ന സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ നടത്തുന്ന യാത്രയും., ആയിരിക്കുന്ന സ്ഥലത്തിന്റെ സമ്പന്നത തിരിച്ചറിയുന്ന യാത്രയും. മടങ്ങിവരാനാകാത്ത ഒരു യാത്രയുമില്ല. പലരും തിരിച്ചുവരാത്തതിന് കാരണം തിരിച്ചെത്തുമ്പോഴുള്ള ചോദ്യങ്ങളോടുള്ള ഭയമാണ്. തെറ്റി എന്നുമനസ്സിലായാല്‍ തിരുത്തുക എന്നത് തന്നെയാണ് പോംവഴി. തെറ്റ് തിരുത്തുന്നതിനേക്കാള്‍ വിശുദ്ധമായി മറ്റെന്താണുള്ളത്. തെറ്റ് ചെയ്യുന്നതിനേക്കാള്‍ മനസ്സാന്നിധ്യവും മുന്നൊരുക്കവും വേണം തെറ്റില്‍ നിന്നും തിരിച്ചുവരാന്‍. തെറ്റില്‍ നിന്നും ഒരാള്‍ പിന്മാറാന്‍ തീരുമാനിച്ചാല്‍ അയാള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് വീണ്ടും ആ തെറ്റിലേക്ക് അയാളെ തള്ളിവിടാതിരിക്കാന്‍ നാം കാണിക്കേണ്ട ഉത്തരവാദിത്ത്വം.. മടങ്ങിവരവിന്റെ യാത്രകള്‍ ആഘോഷമാക്കാന്‍ നമുക്ക് സാധിക്കട്ടെ – ശുഭദിനം.