web cover 77

◼️ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് ഒന്നര ശതമാനം പലിശ ഇളവ് നല്‍കുമെന്നു കേന്ദ്രസര്‍ക്കാര്‍. മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്കാണ് പലിശ ഇളവ്. 2022-23 ലും അടുത്ത സര്‍ക്കാരിന്റെ ആദ്യവര്‍ഷമായ 2024-25 ലേക്കുമാണ് പലിശ ഇളവ് പ്രഖ്യാപിച്ചത്. പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ മേഖലകളിലും പലിശ ഇളവു ലഭിക്കും. ഇതിലൂടെ 38,856 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

◼️സംരക്ഷിത വനമേഖലക്കു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളം പുന:പരിശോധന ഹര്‍ജി ഫയല്‍ ചെയ്തു. ബഫര്‍ സോണ്‍ ഉത്തരവ് നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിക്കുന്നതും പുനരധിവസിപ്പിക്കുന്നതും വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

◼️

സിപിഎം നേതാവും മുന്‍ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കാനുള്ള റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചു. നിയമന ഉത്തരവ് രണ്ടു ദിവസത്തിനകം നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞതിനു പിറകേയാണ് ഗവര്‍ണറും ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. റാങ്ക് പട്ടിക മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

◼️കൊച്ചിയിലെ ഫ്ളാറ്റില്‍ നടന്ന കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ കൈവശം കഞ്ചാവും എംഡിഎംഎയും. അറസ്റ്റിലായ അര്‍ഷാദ്, സുഹൃത്ത് അശ്വന്ത് എന്നീവരുടെ പക്കല്‍ ഒരു കിലോഗ്രാം കഞ്ചാവും അഞ്ചു ഗ്രാം എംഡിഎംഎയുമാണ് ഉണ്ടായിരുന്നത്. ലഹരി മരുന്ന് ഇടപാടു സംബന്ധിച്ച തര്‍ക്കമാണ് കൊലയ്ക്കു കാരണം. പ്രതി അര്‍ഷാദിന് എതിരെ കൊണ്ടോട്ടിയില്‍ ഒരു മോഷണകേസ് കൂടിയുണ്ടെന്നും പൊലീസ് അറിയിച്ചു.

◼️പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടാന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കുനിപ്പുള്ളി വിളയില്‍പൊറ്റയിലെ ആളൊഴിഞ്ഞ പറമ്പില്‍നിന്നാണ് അവ കണ്ടെടുത്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നവീന്‍, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു. പാര്‍ട്ടിയിലെ വളര്‍ച്ചയില്‍ പ്രതികള്‍ക്കുണ്ടായ വിരോധമാണു കൊലപാതകത്തിനു കാരണമെന്നു പോലീസ്.

◼️റോഡ് നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്. പിഴവു വരുത്തിയ കരാറുകാര്‍ക്കു വീണ്ടും കരാര്‍ നല്‍കാന്‍ പിഡബ്ല്യുഡി എന്‍ജിനീയര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നുണ്ടെന്നു വിജിലന്‍സ്. റോഡുകള്‍ ആറുമാസം കഴിഞ്ഞാല്‍ തകരുന്നു. ഓപ്പറേഷന്‍ സരള്‍ രാസ്ത എന്ന പേരില്‍ വിജിലന്‍സ് 112 പിഡബ്ല്യുഡി റോഡുകളിലാണ് പരിശോധന നടത്തിയത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

◼️കേരളത്തിന്റെ ഓണ്‍ലൈന്‍ ഓട്ടോ – ടാക്സി സംവിധാനമായ ‘കേരള സവാരി’ നിലവില്‍ വന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ്.

◼️അടിസ്ഥാന വികസനം കാര്‍ഷിക മേഖലയിലാണ് നടക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ വികസനം പൂര്‍ണമാകാന്‍ കാര്‍ഷിക മേഖല വികസിക്കണം. സംസ്ഥാനതല കാര്‍ഷിക ദിനാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത നേടാനുള്ള ശ്രമത്തെ പ്രളയവും പിന്നീടുണ്ടായ കാലാവസ്ഥാ മാറ്റവും തകിടം മറിച്ചെങ്കിലും കൃഷി സംസ്‌കാരമായി വളര്‍ന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

◼️തീര സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരില്‍നിന്ന് 2,400 കോടി രൂപയുടെ സഹായം തേടി കേരളം. കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം റുപാലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി വി. അബ്ദുറഹിമാന്‍ സഹായം തേടിയത്. മത്സ്യത്തൊഴിലാളികളുടെ പോഷകാഹാരത്തിനും ഉപജീവനത്തിനുമായുള്ള പദ്ധതിയുടെ വിഹിതവും ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.

◼️അങ്കമാലി – ശബരി റെയില്‍പാത നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി പച്ചക്കൊടി കാണിച്ചതായി മന്ത്രി വി. അബ്ദുറഹ്‌മാന്‍. പദ്ധതിയുടെ സര്‍വെ നടപടികള്‍ തുടങ്ങാമെന്നു കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ റെയില്‍വേ വികസനത്തിനായുള്ള ചര്‍ച്ചയ്ക്ക് കേന്ദ്ര റെയില്‍ മന്ത്രി കേരളത്തില്‍ എത്തുമെന്നും അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു.

◼️വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി കരിങ്കല്‍ കൊണ്ടുപോകുന്നതു നാട്ടുകാര്‍ തടയരുതെന്നും റോഡില്‍ തടസമുണ്ടാക്കാതെ കൊണ്ടുപോകണമെന്നും ഹൈക്കോടതി. പരിസരവാസികള്‍ തടസപ്പെടുത്താതിരിക്കാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

◼️സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാനാവില്ലെന്നു ഹൈക്കോടതി. ജൂലൈ മാസത്തെ ശമ്പളം ഓഗസ്റ്റ് പത്തിനകം നല്‍കണമെന്ന ഉത്തരവു നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കെഎസ്ആര്‍ടിസിയുടെ ആസ്തി വിറ്റിട്ടായാലും ശമ്പളം നല്‍കണമെന്നും കോടതി.

◼️ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരേ അഴിമതി ആരോപിച്ചുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. കെഎഫ്സി എംഡിയായിരുന്നപ്പോള്‍ പേരൂര്‍ക്കടയില്‍ ഹോട്ടല്‍ നിര്‍മ്മിക്കുന്ന സ്ഥലം ടോമിന്‍ തച്ചങ്കരി അനധികൃതമായി ലേലം ചെയ്തെന്നായിരുന്നു ഹര്‍ജി.

◼️രാഹുല്‍ ഗാന്ധിയുടെ വയനാട് എംപി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസുകാരെ പ്രതിയാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് ടി സിദ്ധിഖ് എംഎല്‍എ. നിരപരാധികളുടെ വീടുവളഞ്ഞ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

◼️കമ്പ്യൂട്ടറുകളും പ്രിന്ററും ഉപയോഗിച്ച് വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റുകളും അച്ചടിച്ച് വില്‍ക്കുന്ന സംഘത്തിലെ ഒരാളെ മലപ്പുറം പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് മാനന്തവാടി വിമല നഗറില്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജെയിംസ് ജോസഫിനെയാണ് (46) പിടികൂടിയത്.

◼️സജീവ് കൃഷ്ണ കൊല്ലപ്പെട്ട കൊച്ചിയിലെ ഫ്ളാറ്റ് എട്ടു മാസം മുമ്പാണ് അഞ്ചു യുവാക്കള്‍ ചേര്‍ന്ന് വാടകയ്ക്കെടുത്തത്. താമസം തുടങ്ങിയ ശേഷം സ്ഥലത്ത് പലരും വന്നു താമസിക്കുന്ന നിലയായി. തൊട്ടരികിലുള്ള ഫ്ളാറ്റുടമകള്‍ക്കു ശല്യമായതോടെ ഇവരെ പലതവണ താക്കീതു ചെയ്തിരുന്നു. വാടകയും വെള്ളക്കരവും കുടിശികയായതോടെ ഫ്ളാറ്റ് ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടിരുന്നു.

◼️പ്രിയ വര്‍ഗീസിനെ നിയമിക്കുന്നതു സര്‍ക്കാരല്ല, സര്‍വകലാശാലയാണെന്നു ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍ ബിന്ദു. മറുപടി പറയേണ്ടത് വിസിയാണ്. നിയമപ്രകാരം മാത്രമേ നിയമനം നടത്താന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.

◼️ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി പിടിയില്‍. തിരുവനന്തപുരം കാഞ്ഞിരംകുളം ചാണി കിഴക്കേകളത്താന്നി വീട്ടില്‍ ശ്രീകാന്ത് (19) ആണ് പിടിയിലായത്.

◼️സ്വര്‍ണമാല വൃത്തിയാക്കി നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പുനടത്തിയ ബിഹാര്‍ സ്വദേശിയെ പാലക്കാട്ടെ യുവതി പിടികൂടി പൊലീസിലേല്‍പ്പിച്ചു. റാണിഗഞ്ച് സ്വദേശി തോമാകുമാറി (26) നെ അറസ്റ്റ് ചെയ്തു.

◼️ഇടുക്കി കട്ടപ്പനയില്‍ കൃഷി ഓഫീസര്‍ മരിച്ച നിലയില്‍. തിരുവനന്തപുരം മുള്ളുവിള സ്വദേശി എം ജെ അനുരൂപിനെയാണ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

◼️വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ചയാള്‍ പിടിയില്‍. കൊടിഞ്ഞി സ്വദേശി മാളിയേക്കല്‍ അബ്ദുസലാമി (32) നെയാണ് പിടികൂടിയത്. ചേലേമ്പ്ര സ്വദേശിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് 11 മാസം മുമ്പാണ് ഇയാള്‍ മോഷ്ടിച്ചത്.

◼️വയനാട് നടവയല്‍ നെയ്ക്കുപ്പ കോളനിയിലെ മൂന്ന് ആദിവാസി കുട്ടികളെ അടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പരിക്കേറ്റ കുട്ടികളുടെ അയല്‍വാസി രാധാകൃഷ്ണനെയാണ് കേണിച്ചിറ പോലീസ് അറസ്റ്റു ചെയ്തത്.

◼️ഇടുക്കിയില്‍ മറയൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് മുപ്പതു വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. മറയൂര്‍ സ്വദേശിയാണ് കേസിലെ പ്രതി. 2018 ലാണു സംഭവം.

◼️എന്‍സിസി ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം എന്‍ സി സി ഓഫിസിലെ ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എം.എന്‍. സാജനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

◼️ഇന്ത്യ പോസ്റ്റ്സില്‍ ലക്ഷത്തോളം ഒഴിവുകള്‍. പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡുകള്‍, മറ്റ് തസ്തികകള്‍ എന്നീ ഒഴിവുകളിലേക്ക് അപക്ഷ സ്വീകരിച്ചു തുടങ്ങി.

◼️ബിജെപിയുടെ ഉന്നത തീരുമാനങ്ങളെടുക്കുന്ന പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ഒഴിവാക്കി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

◼️തങ്ങളുടെ സര്‍ക്കാരുകള്‍ നടത്തുന്ന ലോട്ടറികള്‍ മറ്റു സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നത് തടയരുതെന്ന് മേഘാലയ, സിക്കിം സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍. കൊവിഡ് മഹാമാരിക്കുശേഷം ലോട്ടറിയില്‍ നിന്നല്ലാതെ മറ്റു വരുമാനങ്ങള്‍ തങ്ങള്‍ക്കില്ലെന്ന് ഇരു സര്‍ക്കാരുകളും വ്യക്തമാക്കി. ഒരു സംസ്ഥാനത്തിന്റെ ഉല്‍പ്പന്നം മറ്റൊരു സംസ്ഥാനത്ത് വില്‍ക്കുന്നത് തടയുന്നത് ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനമാണെന്നും അവര്‍ വാദിച്ചു.

◼️റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ ഫ്ളാറ്റ് നല്‍കുമെന്നും പൊലീസ് സംരക്ഷണം ഉറപ്പാക്കുമെന്നും ട്വീറ്റിറിലൂടെ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി. പിറകേ, അങ്ങനെയൊരു തീരുമാനം ഇല്ലെന്നു പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ ട്വീറ്റ് തള്ളിയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ അറിയിപ്പ്.

◼️ഗുജറാത്ത് കലാപകാലത്ത് തന്നെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിയില്‍ നടുക്കം രേഖപ്പെടുത്തി ബില്‍കിസ് ബാനു. നീതിന്യായ വ്യവസ്ഥയിലുള്ള തന്റെ വിശ്വാസത്തെ തകര്‍ത്തെന്ന് ബില്‍കിസ് ബാനു പറഞ്ഞു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ സ്വാതന്ത്ര്യ ദിനത്തിലാണ് മോചിപ്പിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബില്‍കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഏഴു കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസിലെ പ്രതികളെയാണ് മോചിപ്പിച്ചത്.

◼️അരുമ്പാക്കത്തെ ഫെഡ് ബാങ്കില്‍നിന്നു കൊള്ളയടിച്ച മുഴുവന്‍ സ്വര്‍ണവും കണ്ടെത്തിയെന്ന് പൊലീസ്. 13 കിലോഗ്രാം സ്വര്‍ണം വിഴിപ്പുരത്തുനിന്നും 700 ഗ്രാം ഉരുക്കിയ നിലയില്‍ ചെന്നൈയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇതോടെ ബാങ്കില്‍ നിന്നും കവര്‍ന്ന 31.7 കിലോഗ്രാം സ്വര്‍ണവും പൊലീസ് കണ്ടെടുത്തു.

◼️നിലവാരം കുറഞ്ഞ പ്രഷര്‍ കുക്കര്‍ വിറ്റതിന് ഇ – കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാര്‍ട്ടിന് ലക്ഷം രൂപ പിഴ ശിക്ഷ. വിറ്റഴിച്ച നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകളെല്ലാം തിരിച്ചെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു.

◼️അധ്യാപകന്‍ അടിച്ചുകൊന്ന ബാലന്റെ കുടുംബത്തെ കാണാന്‍ എത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ജോധ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജലോറിലേക്ക് ചന്ദ്രശേഖര്‍ ആസാദ് പോകുന്നതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

◼️ബിഹാറില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് എല്ലാ സീറ്റുകളും നേടിയെടുക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎ വിട്ട് പുതിയ സര്‍ക്കാര്‍ രൂപികരിച്ച സാഹചര്യത്തിലാണ് ഈ നിര്‍ദേശം. ഇതിനിടെ നിയമമന്ത്രിയായി ചുമതലയേറ്റ കാര്‍ത്തികേയ സിങിനെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

◼️ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക വിതരണം ചെയ്ത അങ്കണവാടി അധ്യാപികയ്ക്കു ഭീകരസംഘടനയായ ഐഎസിന്റെ ഭീഷണി. 35 കാരിയായ അന്നു എന്ന യുവതിയുടെ വീടിന്റെ ചുവരിലാണ് ഐഎസുമായി ബന്ധമുള്ളയാള്‍ എന്നുപറഞ്ഞ് ഭീഷണിവാക്കുകള്‍ എഴുതി പതിച്ചത്. പ്രദേശത്ത് പൊലീസിനെ വിന്യസിപ്പിച്ചു.

◼️പാകിസ്ഥാനിലെ ടാങ്ക് ജില്ലയിലെ കച്ചാ ഗരാ ഏരിയയില്‍ പോളിയോ വാക്സിനേഷന്‍ സംഘത്തിനു സംരക്ഷണം നല്‍കിയ രണ്ട് പൊലീസുകാരെ വെടിവച്ചു കൊന്നു. എന്നാല്‍, രണ്ടു പേരടങ്ങുന്ന വാക്സിനേറ്റര്‍മാരെ ആക്രമിച്ചില്ല.

◼️അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പള്ളിയില്‍ സ്ഫോടനം. 20 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്കു പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ കാബൂളിലെ കോട്ടാലെ ഖര്‍ഖാനക്ക് സമീപത്തെ പള്ളിയിലാണ് സ്ഫോടനം നടന്നത്.

◼️കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ പ്രീ സീസണ്‍ മത്സരങ്ങള്‍ റദ്ദാക്കി. യുഎഇയില്‍ നടക്കേണ്ടിയിരുന്ന മൂന്ന് സന്നാഹ മത്സരങ്ങളാണ് റദ്ദാക്കിയത്. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനെ ഫിഫ വിലക്കിയതാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്കും തിരിച്ചടിയായത്. പ്രീ സീസണ്‍ മത്സരങ്ങള്‍ റദ്ദാക്കിയെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സ് ടീം ദുബായിയില്‍ തന്നെ പരിശീലനം തുടരുമെന്നും ക്ലബ്ബ് വ്യക്തമാക്കിയിട്ടുണ്ട്.

◼️കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ പ്രഖ്യാപിച്ചു. ടീമിന്റെ പരിശീലകനായിരുന്ന ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായപ്പോള്‍ ഒഴിവ് വന്ന സ്ഥാനത്തേക്കാണ് പണ്ഡിറ്റിനെ നിയമിച്ചത്.

◼️സിംബാബ്വെയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം ഇന്ന്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്.

◼️കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് പത്തുലക്ഷം കോടിയോളം രൂപയുടെ വായ്പകള്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2021-22) എഴുതിത്തള്ളിയത് 1.57 ലക്ഷം കോടി രൂപയുടെ വായ്പകളാണ്. 2020-21ല്‍ 2.02 ലക്ഷം കോടി രൂപയായിരുന്നു. 2019-20ല്‍ 2.34 ലക്ഷം കോടി രൂപയും 2018-19ല്‍ 2.36 ലക്ഷം കോടി രൂപയും എഴുതിത്തള്ളിയിരുന്നു. 1.61 ലക്ഷം കോടി രൂപയാണ് 2017-18ലെ കണക്ക്. 2017-22 കാലയളവിലെ ആകെ എഴുതിത്തള്ളല്‍ 9.91 ലക്ഷം കോടി രൂപയുടെ വായ്പകളാണ്.

◼️മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ക്രിസ്റ്റഫര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ജാഗ്രതയുള്ള ഒരു പൊലീസുകാരന്റെ ജീവചരിത്രം എന്നാണ് ടാഗ് ലൈന്‍. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. 2010ല്‍ പുറത്തെത്തിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. തിരക്കഥ ഉദയകൃഷ്ണയുടേതാണ്. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈന്‍ ടോം ചാക്കോ , ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

◼️ഇരട്ട തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. 75 ദിവസത്തെ ചിത്രീകരണത്തിനു ശേഷം ചിത്രം പാക്കപ്പ് ആയി. ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും ഹന്നാന്‍ മാരാമുറ്റവും ആണ് സഹനിര്‍മ്മാണം. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. പുതുമുഖം ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക.

◼️രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹീന്ദ്ര എക്സ്യുവി 400 ഇലക്ട്രിക് എസ്യുവി 2022 സെപ്റ്റംബര്‍ 6-ന് വിപണിയില്‍ എത്തും. പ്രധാനമായും എക്സ്യുവി 300 സബ്‌കോംപാക്റ്റ് എസ്യുവിയുടെ ഇലക്ട്രിക് പതിപ്പായ ഈ മോഡല്‍ ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സിനെതിരെ നേരിട്ട് മത്സരിക്കും. എക്സ്100 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, മഹീന്ദ്ര എക്സ്യുവി400ല്‍ എല്‍ജി കെമില്‍ നിന്ന് ഉത്ഭവിച്ച ഉയര്‍ന്ന ഊര്‍ജ്ജ സാന്ദ്രമായ എന്‍എംസി ബാറ്ററി എക്സ്യുവി400ല്‍ ഉപയോഗിക്കും. പുതിയ മഹീന്ദ്ര ഇലക്ട്രിക് എസ്യുവി ഫുള്‍ ചാര്‍ജില്‍ 400 കിലോമീറ്ററിലധികം റേഞ്ച് നല്‍കാന്‍ സാധ്യതയുണ്ട്.

◼️പരിഷ്‌കൃതമെന്ന് ഊറ്റംകൊള്ളുന്ന ഈ ആധുനികാനന്തര ലോകത്തിലെ ഓരോ വളവിലും തിരിവിലും പെണ്‍കുട്ടികളെ കാത്തിരിക്കുന്ന നഖമൂര്‍ച്ചകളെക്കുറിച്ചു മുന്നറിയിപ്പു തരുമ്പോഴും അപരിമേയസ്‌നേഹമെന്തെന്ന് കാണിച്ചുതരുന്ന രചന. അഴിച്ചുതീര്‍ക്കുന്തോറും കൂടുതല്‍ സങ്കീര്‍ണമായിത്തീരുന്ന ഒരു കുരുക്കിനുമുന്നിലെ നിസ്സഹായതയുടെ പേരു മാത്രമല്ല ജീവിതമെന്ന് ഡൗണ്‍ സിന്‍ഡ്രോം രോഗമുള്ള ഒരു മിടുക്കിക്കുട്ടിയിലൂടെ അനുഭവിപ്പിക്കുന്ന തിരക്കഥ. സുഭാഷ് ചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകം. ‘ജന്മം’. മാതൃഭൂമി ബുക്സ്. വില 171 രൂപ.

◼️തിരക്കുപിടിച്ച ജീവിതത്തില്‍ ചര്‍മ്മ പരിപാലനത്തിനായി സമയം കണ്ടെത്താന്‍ പലര്‍ക്കും കഴിയാറില്ല. സൗന്ദര്യവര്‍ധകവസ്തുക്കളുപയോഗിച്ച് വീട്ടില്‍ തന്നെ കിട്ടുന്ന ചേരുവകളുപയോഗിച്ചോ എല്ലാം സ്‌കിന്‍ ഭംഗിയാക്കാന്‍ സമയം കണ്ടെത്തുന്നത് നിസാരമായ ജോലിയല്ലെന്നത് സത്യമാണ്. എങ്കിലും ചര്‍മ്മത്തെ കുറിച്ച് അല്‍പമെങ്കിലും ആശങ്കയുണ്ടെങ്കില്‍ തീര്‍ച്ചയായും അല്‍പസമയം അതിന് വേണ്ടി മാറ്റിവയ്ക്കുക തന്നെ വേണം. ഭക്ഷണത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യവും അഴകും വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചില ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന് വളരെ ഗുണകരമായി പ്രവര്‍ത്തിക്കാറുണ്ട്. അതുപോലെ തന്നെ ചില ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന് ദോഷമായും വരാം. അത്തരത്തില്‍ ഒഴിവാക്കേണ്ട ഒരു ഘടകത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. റിഫൈന്‍ഡ് ഷുഗര്‍ ആണ് ചര്‍മ്മത്തിന് വേണ്ടി നിങ്ങള്‍ ഒഴിവാക്കേണ്ട ആ ഘടകം. റിഫൈന്‍ഡ് ഷുഗര്‍ പല തോതില്‍ പല വിഭവങ്ങളിലും അടങ്ങിയിട്ടുണ്ടാകാം. ഇവയെല്ലാം നിയന്ത്രിതമായി കഴിക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യുന്നതാണ് ചര്‍മ്മത്തിന് നല്ലത്. ‘ഗ്ലൈക്കേഷന്‍’ എന്ന് പറയുന്നൊരു പ്രക്രിയയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതില്‍ രക്തത്തിലെ ഷുഗര്‍ തന്മാത്രകള്‍ ചര്‍മ്മത്തിലെ കൊളാജനുമായും ഇലാസ്റ്റിനുമായി കൂടിച്ചേര്‍ന്ന് ‘അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രോഡക്ട്സ്’ (എജിഇ) ഉത്പാദിപ്പിക്കുന്നു. ഇത് ചര്‍മ്മത്തെ ദുര്‍ബലമാക്കുന്നു. ഒപ്പം തന്നെ ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴുന്നതിനും കാരണമാകുന്നു. ഇതുകൊണ്ടെല്ലാമാണ് റിഫൈന്‍ഡ് ഷുഗര്‍ ഒഴിവാക്കണെമന്ന് പറയുന്നത്. ഇതിന് പുറമെ ആരോഗ്യത്തിന് പലവിധത്തും റിഫൈന്‍ഡ് ഷുഗര്‍ ദോഷമായി വരാറുണ്ട്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും റിഫൈന്‍ഡ് ഷുഗര്‍ ഒഴിവാക്കുന്നതാണ് ഉചിതം. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങി പല അവസ്ഥകളിലേക്കും റിഫൈന്‍ഡ് ഷുഗര്‍ ക്രമേണ നമ്മളെ നയിക്കാം.

*ശുഭദിനം*

*കവിത കണ്ണന്‍*

അതിര്‍ത്തിക്കടുത്തുളള മലമ്പാതയിലൂടെ അവര്‍ നടന്നുപോവുകയായിരുന്നു. അപ്പോഴാണ് മലയടിവാരത്തില്‍ കൊള്ളക്കാരെ അവര്‍ കണ്ടത്. അവരില്‍ ഒരാള്‍ പറഞ്ഞു: കുറച്ചകലെ സൈനികരുടെ ഒരു കൂടാരമുണ്ട്. നമുക്ക് അങ്ങോട്ട് ഓടിപ്പോകാം. അവിടെ ആയുധങ്ങള്‍ കാണാതിരിക്കില്ല. അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു: നമ്മുടെ കയ്യിലും ആയുധമുണ്ട്. അതും പറഞ്ഞ് അയാള്‍ മുന്നോട്ട് കുതിച്ചു. വലിയ പാറക്കല്ലുകള്‍ തുടരെത്തുടരെ താഴേക്ക് ഉരുട്ടിവിട്ടുകൊണ്ടിരുന്നു. ഇത് കണ്ട് മറ്റുള്ളവരും അതുപോലെ ചെയ്തു. അവസാനം കൊള്ളക്കാര്‍ പിന്തിരിഞ്ഞോടി. അതുകണ്ട് ആദ്യത്തെയാള്‍ ചോദിച്ചു: ഈ കല്ലാണല്ലേ നീ പറഞ്ഞ ആയുധം! അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു: കല്ല് അല്ല, സമയമാണ് ആയുധം. കൊള്ളക്കാര്‍ മുകളിലെത്തിയാല്‍ നമുക്കവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. സമയവും ആയുധമാണ്. കൃത്യമായി അത് വിനിയോഗിച്ചാല്‍ നമുക്ക് അതിനെ വിജയത്തിന്റെ ചവിട്ടുപടിയായി മാറ്റാന്‍ സാധിക്കുക തന്നെ ചെയ്യും – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Join the Conversation

1 Comment

Leave a comment

Your email address will not be published. Required fields are marked *