web cover 70

◼️പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരേ പ്രതിപക്ഷം. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രതിസന്ധികള്‍ക്കു സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പരിഹാരം പ്രഖ്യാപിച്ചില്ലെന്ന് സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു. രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിനെതിരേ പ്രസംഗിച്ച മോദി ആദ്യം ബിജെപിയിലെ കുടുംബാധിപത്യം അവസാനിപ്പിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായെ ബിസിസിഐയുടെ തലപ്പത്ത് അവരോധിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ മകനും ബിജെപി എംഎല്‍എയുമായ പങ്കജ് സിംഗ്, വസുന്ധര രാജ സിന്ധ്യയുടെ കുടുംബത്തില്‍നിന്ന് കേന്ദ്ര മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ, ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രേംകുമാര്‍ ധുമലിന്റെ മകനും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവരാണു കുടുംബാധിപത്യത്തിലുള്ളത്. സ്വാതന്ത്ര്യ സമര പോരാളികളുടെ കൂട്ടത്തിലേക്കു സവര്‍ക്കറുടെ പേരു തിരുകിക്കയറ്റിയത് ചരിത്രത്തോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

◼️സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ഷാജഹാന്‍ കൊലക്കേസില്‍ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

◼️പാലക്കാട് ഷാജഹാന്‍ കൊലക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. എട്ടു പേരാണു പ്രതികളെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

◼️പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍തന്നെയെന്ന് ആവര്‍ത്തിച്ച് സിപിഎം. ക്രിമിനല്‍ പ്രവര്‍ത്തനം ചോദ്യം ചെയ്തത് കൊലപാതകത്തിന് പ്രേരണയായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

◼️സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ടത് സിപിഎം പ്രവര്‍ത്തകരുടെത്തന്നെ വെട്ടേറ്റാണെന്ന ദൃക്സാക്ഷിയുടെ മൊഴി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കൊലപാതകത്തെ അപലപിക്കുന്നു. പൊലീസ് അന്വേഷിക്കട്ടെ. കേസിലെ വിവരങ്ങള്‍ പുറത്തുവരട്ടെയെന്നും സതീശന്‍ പറഞ്ഞു.

◼️സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തില്‍ ബിജെപിക്കു പങ്കില്ലെന്നും സിപിഎമ്മിലെ പ്രാദേശിക വിഭാഗീയതയാണു കൊലയ്ക്കു കാരണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍. സാമൂഹിക മാധ്യമങ്ങളില്‍ പ്രതികള്‍ പോസ്റ്റു ചെയ്ത സിപിഎം അനുകൂല പോസ്റ്റുകള്‍ പങ്കുവച്ചാണ് കൃഷ്ണകുമാര്‍ ആരോപണം ഉന്നയിച്ചത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

◼️കേരളത്തിലെ കിഫ്ബിക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണം എല്‍ഡിഎഫ് സര്‍ക്കാരിനെ ലക്ഷ്യമിട്ടുകൊണ്ടാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് ശ്രമം. അദ്ദേഹം പറഞ്ഞു.

◼️കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി വിനീഷിനെ കര്‍ണാടകത്തില്‍ ബൈക്ക് മോഷണത്തിനിടെ നാട്ടുകാര്‍ പിടികൂടി. കര്‍ണാടകത്തിലെ ധര്‍മസ്ഥലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ നാട്ടുകാര്‍ കര്‍ണാടക പോലീസിനു കൈമാറുകയായിരുന്നു.

◼️കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമനത്തില്‍ സ്‌കോറിലെ അക്കങ്ങളിലെ കളിയാണെന്നു ന്യായീകരിച്ച് കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്. വിവരാവകാശരേഖയിലെ സ്‌കോര്‍ അക്കങ്ങളിലെ കള്ളക്കളികളാണ്. തന്റെ സ്‌കോര്‍ 156, അപരന്റേത് 651. ഈ സ്‌കോര്‍ അപേക്ഷകരുടെ അവകാശവാദങ്ങള്‍ മാത്രമാണ്. സര്‍വകലാശാല അംഗീകരിച്ചതല്ല. പ്രസിദ്ധീകരിച്ച എല്ലാ ലേഖനങ്ങളുടെയും വിവരങ്ങള്‍ ചേര്‍ത്തിരുന്നെങ്കില്‍ ഉയര്‍ന്ന സ്‌കോര്‍ കിട്ടുമായിരുന്നു. കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതപങ്കാളിയായതിനാല്‍ സോഷ്യല്‍ ഓഡിറ്റിനെ ഭയന്നു ജീവിക്കുന്നയാളാണെന്നും പ്രിയ വര്‍ഗീസ് ഫേസ് ബുക്കില്‍ കുറിച്ചു.

◼️യൂണിവേഴ്സിറ്റി പരിശോധിക്കാത്ത സ്‌കോറാണെന്ന പ്രിയ വര്‍ഗീസിന്റെ വാദം തെറ്റാണെന്നു റിപ്പോര്‍ട്ട്. അപേക്ഷകരുടെ അവകാശവാദങ്ങള്‍ സംബന്ധിച്ച രേഖകള്‍ പിവിസി അധ്യക്ഷനായ കമ്മിറ്റി പരിശോധിച്ചാണ് സ്‌കോര്‍ പ്രസിദ്ധീകരിച്ചതെന്നാണു റിപ്പോര്‍ട്ട്.

◼️ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന സംഘപരിവാറിനെ സ്വാതന്ത്ര്യ സമരത്തിന്റെ അവകാശികളാക്കി ചരിത്രം വളച്ചൊടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിച്ച സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വി.ഡി. സവര്‍ക്കറിന്റെ പേരുകൂടി ചേര്‍ത്തത് ചരിത്രത്തോടുള്ള വെല്ലുവിളിയാണെന്നും പിണറായി വിജയന്‍.

◼️സീറോ മലബാര്‍ സഭയുടെ മെത്രാന്മാരുടെ സിനഡ് ഇന്ന് കാക്കനാടുള്ള മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കും. ആത്മീയ വിഷയങ്ങള്‍ക്കു പുറമേ, ബഫര്‍സോണ്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യും. രണ്ടാഴ്ച നീളുന്ന സമ്മേളനത്തില്‍ 61 മെത്രാന്മാര്‍ പങ്കെടുക്കും. എറണാകുളം അങ്കമാലി അതിരൂപതയെ മാത്രം ബാധിക്കുന്ന കുര്‍ബാനത്തര്‍ക്കം, ആര്‍ച്ച്ബിഷപിനെ മാറ്റല്‍, ഭൂമിയിടപാടു കേസ് തുടങ്ങിയവ അജണ്ടയില്‍ ഇല്ലെങ്കിലും ചര്‍ച്ചയായേക്കും. വിമതര്‍ മാര്‍ച്ചു നടത്താനും സാധ്യതയുണ്ട്.

◼️സ്വതന്ത്ര്യ ഇന്ത്യയുടെ ദേശീയ പതാക കാവിയായിരിക്കണമെന്ന് വാദിച്ചവരാണ് ആര്‍എസ്എസെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പയ്യന്നൂരില്‍ കെ കേളപ്പനൊപ്പം ഉപ്പ് കുറുക്കിയവരില്‍ ഒരാള്‍ പി കൃഷ്ണപ്പിള്ളയാണ്. ആര്‍എസ്എസിന് കൊടി പിടിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.

◼️ആസാദ് കാഷ്മീര്‍ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെ.ടി ജലീല്‍ എംഎല്‍എയുടെ എടപ്പാളിലെ ഓഫീസിന്റെ ഷട്ടറിലും ബോര്‍ഡിലും കരിഓയില്‍ ഒഴിച്ചു. പോസ്റ്ററും പതിപ്പിച്ചു.

◼️കണ്ണൂര്‍ താഴെചൊവ്വ – നടാല്‍ ബൈപ്പാസിലെ കുഴുത്തള്ളിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇരിട്ടി സ്വദേശി ഹാരിസ് (47), കിഴുത്തുള്ളി സ്വദേശി അദ്വൈത് (19) എന്നിവരാണു മരിച്ചത്.

◼️തിരുവല്ല താലൂക്ക് ആശുപത്രിയില്‍നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്ന രോഗി ആംബുലന്‍സില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പത്തനംതിട്ട ഡിഎംഒ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.

◼️വര്‍ക്കല ബീച്ചിലെ റിസോര്‍ട്ടില്‍ അനധികൃത മദ്യവിരുന്നു നടത്തിയ മൂന്നു പേര്‍ പിടിയില്‍. ഫ്രീഡം നൈറ്റ് എന്ന പേരിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. റോഷിന്‍, ഗൌതം, സുമന്‍ എന്നിവരാണ് അറസ്റ്റിലായത്.

◼️തിരുവനന്തപുരം മുട്ടത്തറയില്‍ കോര്‍പ്പറേഷന്‍ മാലിന്യ കേന്ദ്രത്തില്‍ മനുഷ്യന്റെ രണ്ടു കാലുകള്‍ കണ്ടത്തി. ശരീരഭാഗങ്ങള്‍ പൊലീസ് ശേഖരിച്ച് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.. ആശുപത്രി അവശിഷ്ടങ്ങളാണെന്നാണ് സംശയം.

◼️കെപിസിസിയുടെ പുതിയ റേഡിയോ ചാനലായ ‘ജയ് ഹോ’ പ്രക്ഷേപണം തുടങ്ങി. ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സ്വിച്ച് ഓണ്‍ ചെയ്തു. വാര്‍ത്തയ്ക്കും വിനോദത്തിനും പ്രധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന റേഡിയോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭിക്കും.

◼️ഇടുക്കിയില്‍ ജില്ലാതല സ്വാതന്ത്ര്യ പരിപാടിക്കിടെ പോലീസ് ഡോഗ് സ്‌ക്വാഡിലെ നായ യുവതിയെ കടിച്ചു. വാഴത്തോപ്പ് വടക്കേടത്ത് ഷാന്റി ടൈറ്റസിനാണ് കടിയേറ്റത്. യുവതിയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വിട്ടയച്ചു.

◼️എറണാകുളം സൗത്തില്‍ വീടിനു തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. രവിപുരം അറ്റ്ലാന്റിസിനരികില്‍ താമസിക്കുന്ന പുഷ്പവല്ലി (57) ആണ് മരിച്ചത്. ഓടിട്ട വീടിനാണു തീ പിടിച്ചത്.

◼️കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍. അവസാന തീയതി ആഗസ്റ്റ് 30.

◼️തമിഴ് സിനിമാ കൊറിയോഗ്രാഫര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തെന്ന തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം നേതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. ഹിന്ദു മുന്നണിയുടെ ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ വിഭാഗത്തിന്റെ പ്രസിഡന്റാണ് കനല്‍ കണ്ണന്‍.

◼️വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരേ വധഭീഷണി. റിലയന്‍സ് ഫൗണ്ടേഷന്റെ ഹര്‍കിസന്ദാസ് ആശുപത്രിയിലെ നമ്പറിലേക്കാണ് ഭീഷണി ഫോണ്‍ കോളുകള്‍ ലഭിച്ചത്. ഭീഷണിക്കു പിറകില്‍ സൗത്ത് മുംബൈയിലെ ജ്വല്ലറി വ്യാപാരി വിഷ്ണു ഭൗമികാണെന്നു പോലീസ് സംശയിക്കുന്നു. തന്റെ പേര് ‘അഫ്‌സല്‍’ ആണെന്നു പറഞ്ഞാണ് എട്ടുതവണ വിളിച്ചതെന്നും പൊലീസ് പറഞ്ഞു.

◼️ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗം, കൂട്ടക്കൊല കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചു. ഗുജറാത്ത് കലാപത്തോടനുബന്ധിച്ചുണ്ടായ കുപ്രസിദ്ധ സംഭവമാണ് ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്. ബില്‍ക്കീസ്ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത് കുടുംബത്തിലെ ഏഴുപേരെ കൊന്നെന്നാണു കേസ്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.

◼️ചരിത്രത്തെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഐസിസി അധ്യക്ഷ സോണിയാഗാന്ധി. ഗാന്ധിജി, ജവഹല്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൗലാന ആസാദ് തുടങ്ങിയ നേതാക്കളെ ഇകഴ്ത്തി കാണിക്കുന്ന നയം ജനം അംഗീകരിക്കില്ല. നുണ പ്രചാരണങ്ങളും വ്യാജ അവകാശവാദങ്ങളും നിലനില്‍ക്കില്ലെന്നും സോണിയാഗാന്ധി പറഞ്ഞു.

◼️കര്‍ണാടകയിലെ ശിവമോഗയില്‍ സംഘര്‍ഷം, ഒരാള്‍ക്കു കുത്തേറ്റു. സവര്‍ക്കറുടെ ഫോട്ടോ പതിച്ച ബാനര്‍ ഉയര്‍ത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരു വിഭാഗം സവര്‍ക്കറുടെ പോസ്റ്റര്‍ പതിച്ചു, മറ്റൊരു വിഭാഗം പോസ്റ്റര്‍ നീക്കി മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ പോസ്റ്റര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

◼️മതനിന്ദ ആരോപിച്ച് നൂപുര്‍ ശര്‍മയെ നീതിക്കു മുന്നില്‍ കൊണ്ടുവരണമെന്ന് ആഗോള ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുടെ ഇന്ത്യന്‍ ഘടകം. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അല്‍ഖ്വയ്ദയുടെ മുഖപത്രമായ ‘നവ ഇഗവ ഇഹിന്ദ്’ നൂപുര്‍ ശര്‍മക്കെതിരെ പ്രതികാരം ചെയ്യണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.

◼️രാജസ്ഥാനില്‍ അധ്യാപകന്റെ അടിയേറ്റ് ദളിത് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. അട്റു മണ്ഡലത്തില്‍ നിന്നുള്ള പനചന്ദ് മേഗ്വാള്‍ ആണ് രാജിവച്ചത്.

◼️മുന്‍ കാമുകിയുടെ കഴുത്തറുത്ത് കൊന്ന യുവാവ് അറസ്റ്റില്‍. നാദിയ മുല്ല എന്ന മുസ്‌കാനാണ് കൊല്ലപ്പെട്ടത്. മുംബ്രയില്‍ ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന അല്‍തമാഷ് ദല്‍വി എന്ന 23 കാരനാണ് പിടിയിലായത്.

◼️ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖമായ ഹമ്പന്‍തോട്ടയില്‍ നങ്കൂരമിടുന്നതിനു മുമ്പേ, ശ്രീലങ്കന്‍ നാവികസേനക്ക് ഡോര്‍ണിയര്‍ വിമാനം കൈമാറി ഇന്ത്യ. പ്രതിരോധ രംഗം ശക്തിപ്പെടുത്തുന്നതിനും പരസ്പര ധാരണ ഊട്ടിയുറപ്പിക്കുന്നതിനുമായാണ് ശ്രീലങ്കന്‍ നാവികസേനക്ക് ഡോര്‍ണിയര്‍ വിമാനം കൈമാറിയതെന്ന് ഇന്ത്യ വ്യക്തമാക്കി.

◼️ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റുകളുടെ ആദ്യ ഘട്ടം രണ്ടര മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ടിക്കറ്റ് കിട്ടാതിരുന്ന ആരാധകര്‍ നിരാശരാവേണ്ടെന്നും അടുത്തഘട്ടം ടിക്കറ്റ് വില്‍പന ഉടന്‍ ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഓഗസ്റ്റ് 27ന് യുഎഇയില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ 28നാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം.

◼️എസ്ബിഐ വീണ്ടും വായ്പാ നിരക്ക് ഉയര്‍ത്തി. പലിശനിരക്കില്‍ 20 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശയും അരശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തിലായി. ആര്‍ബിഐ റിപ്പോ നിരക്ക് അരശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്കില്‍ 20 ബേസിക് പോയന്റിന്റെ വര്‍ധന വരുത്തിയത്. മൂന്നുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് എസ്ബിഐ പലിശ നിരക്ക് കൂട്ടുന്നത്. നിലവില്‍ ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്ക് 7.55 ശതമാനമാണ്. ഇത് 8.05 ശതമാനമായാണ് വര്‍ധിപ്പിച്ചത്. റിപ്പോനിരക്കിനെ അടിസ്ഥാനമായുള്ള പലിശനിരക്ക് 7.15 ശതമാനത്തില്‍ നിന്ന് 7.65 ശതമാനമായാണ് വര്‍ധിപ്പിച്ചത്.

◼️രാജ്യത്തെ വ്യാവസായിക ഉല്‍പാദനത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും രണ്ടക്ക വളര്‍ച്ച. ഉല്‍പന്ന നിര്‍മാണം, വൈദ്യുതോല്‍പാദനം, ഖനനം തുടങ്ങിയ മേഖലകളിലാണ് ജൂണില്‍ കരുത്തുറ്റ വളര്‍ച്ചയുണ്ടായത്. വ്യവസായ ഉല്‍പാദന സൂചിക മുന്‍കൊല്ലം ജൂണിലെ നിലയെക്കാള്‍ 12.3% ഉയര്‍ന്നു. മേയില്‍ രേഖപ്പെടുത്തിയത് 19.6% വാര്‍ഷിക വളര്‍ച്ചയാണ്. എല്ലാത്തരം വ്യവസായങ്ങളും ജൂണില്‍ വളര്‍ച്ചയാണു രേഖപ്പെടുത്തിയത്.

◼️ഏറെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ സിദ്ധാര്‍ത്ഥ് ഭരതന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘ചതുരം’. മുന്‍പ് ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ചിത്രം ഓഗസ്റ്റില്‍ റിലീസ് ചെയ്യുമെന്നാണ് സിദ്ധാര്‍ത്ഥ് അടുത്തിടെ അറിയിച്ചിരുന്നത്. ഈ അവസരത്തില്‍ ചതുരത്തിന്റെ രണ്ടാം ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചതുരത്തിലെ കേന്ദ്രകഥാപാത്രങ്ങളായ സ്വാസികയും റോഷനുമാണ് ടീസറില്‍ ഉള്ളത്. എന്തോ ഒരു സസ്പെന്‍സ് ചിത്രത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2019ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്നു.

◼️സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ആണ്. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വാഹനത്തില്‍ പോകുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. മറ്റ് ചില അഭിനേതാക്കളെയും പോസ്റ്ററില്‍ ദൃശ്യമാണ്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് നിര്‍മ്മാണം.

◼️ഹാര്‍ലി ഡേവിഡ്സണ്‍ നൈറ്റ്സ്റ്ററിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 14.99 ലക്ഷം മുതല്‍ 15.13 ലക്ഷം രൂപ വരെയാണ് വില. നാല് മാസം മുമ്പ് നൈറ്റ്സ്റ്റര്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയിരുന്നു. വിഡ് ബ്ലാക്ക്, ഗണ്‍ഷിപ്പ് ഗ്രേ, റെഡ്‌ലൈന്‍ റെഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ നൈറ്റ്സ്റ്റര്‍ ലഭ്യമാണ്. സ്റ്റീല്‍ ട്യൂബുലാര്‍ ചേസിസിനെ അടിസ്ഥാനമാക്കിയാണ് നൈറ്റ്സ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബൈക്കിലെ പവര്‍ട്രെയിന്‍ പരിശോധിച്ചാല്‍ സ്‌പോര്‍ട്സ്റ്റര്‍ എസ്, പാന്‍ അമേരിക്ക 1250 എഞ്ചിന്‍ എന്നിവയുടെ ചെറിയ പതിപ്പ് അവതരിപ്പിക്കുന്ന ആദ്യത്തെ ഹാര്‍ലി ഡേവിഡ്‌സണാണ് നൈറ്റ്സ്റ്റര്‍. ഇതിന് 975 സിസി റേറ്റുചെയ്ത 60-ഡിഗ്രി വി-ട്വിന്‍ മോട്ടോര്‍ ലഭിക്കുന്നു. ഇത് 7,500 ആര്‍പിഎമ്മില്‍ 90 എച്ച്പിയും 5,750 ആര്‍പിഎമ്മില്‍ 95 എന്‍എമ്മും ഉത്പാദിപ്പിക്കും.

◼️രാരിച്ചന്‍ മുതലാളിയുടെ കമ്പനിയിലെ ജോലിക്ക് പോയ മുതിരമറിയ ഒരുനാള്‍ തിരിച്ചത്താതായപ്പോള്‍ ഗ്രാമം നടുങ്ങി പുഴ നടുങ്ങി പുലയന്‍ കുടിമല നടുങ്ങി…’കൊച്ചാപ്പു ചില ഓര്‍മക്കുറിപ്പുകള്‍’. കാക്കനാടന്‍. ഹരിതം ബുക്സ്. വില 138 രൂപ.

◼️കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. നോണ്‍ ആല്‍ക്കഹോളിക്, ആല്‍ക്കഹോളിക് എന്നീ രണ്ടു തരത്തിലാണ് ഫാറ്റിലിവര്‍ കണ്ടുവരുന്നത്. ഫലപ്രദമായ ആഹാരക്രമീകരണത്തിലൂടെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ പ്രതിരോധിക്കാവുന്നതാണ്. പ്രത്യേക രീതിയിലുള്ള എന്‍സൈമുകളെ കുറയ്ക്കുവാന്‍ കാപ്പി സഹായകമാണ്. ഇലക്കറികള്‍ കൊഴുപ്പ് കരളില്‍ അടിഞ്ഞു കൂടുന്നതു തടയാന്‍ സഹായിക്കും. ചീരയിലും മറ്റ് ഇലക്കറികളിലുമുള്ള ചില സവിശേഷ ഘടകങ്ങള്‍ ഫാറ്റി ലിവര്‍ രോഗത്തിനെതിരെ പോരാടാന്‍ സഹായിക്കും. ബീന്‍സും സോയാബീന്‍സും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിന്റെ അപകടസാധ്യത കുറയ്ക്കുന്നു. പയര്‍ വര്‍ഗങ്ങള്‍ ദിവസേന കഴിക്കുന്നത് അമിതവണ്ണം ഉള്ളവരില്‍ രക്തത്തിലെ ഗ്ലൂക്കോസും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കും. കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളുണ്ട്. ഇവ കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. കരള്‍വീക്കം കുറയ്ക്കുവാന്‍ സഹായിക്കുന്ന നട്സ് പ്രത്യേകിച്ച് വാള്‍നട്ട് കഴിക്കുന്ന രോഗികളില്‍ ലിവര്‍ ഫങ്ഷന്‍ പരിശോധനകള്‍ മെച്ചപ്പെടുന്നതായി കാണുന്നു. കരള്‍ തകരാറിന്റെ അടയാളങ്ങള്‍ കുറയ്ക്കുവാന്‍ മഞ്ഞള്‍ മികച്ചതാണ്. അപൂരിത കൊഴുപ്പിന്റെ അളവ് വര്‍ധിപ്പിക്കുന്നത് ഈ രോഗികള്‍ക്കു നല്ലതാണ്. ഇതിനായി അവക്കാഡോ, ഒലിവ് ഓയില്‍, നട്ട്ബട്ടര്‍, കൊഴുപ്പുള്ള മത്സ്യം എന്നിവ കഴിക്കാവുന്നതാണ്. വെളുത്തുള്ളി ഫാറ്റിലിവര്‍ രോഗികളില്‍ ശരീരഭാരവും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്നു. വേ പ്രോട്ടീന്‍ കരളില്‍ കൊഴുപ്പടിയുന്നതു കുറയ്ക്കും. കരള്‍ രോഗികള്‍ക്ക് ദിവസവും പാല്‍ കുടിക്കാവുന്നതാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *