web cover 59

◼️തുവര പരിപ്പ് അടക്കമുള്ള ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയര്‍ന്നു. കിലോയ്ക്ക് മുപ്പതു രൂപ വരെയാണ് വര്‍ധന. നൂറു രൂപയുണ്ടായിരുന്ന പരിപ്പിന് 130 രൂപയായി. രണ്ടാം തരം പരിപ്പിന് 95 രൂപയില്‍നിന്ന് 115 രൂപയായി. പയര്‍- 95, മുതിര- 85, ഉഴുന്ന്- 125, കടല- 80, ചെറുപയര്‍- 105 എന്നിങ്ങനെയാണു വില. ഇവയ്ക്കെല്ലാം കിലോയ്ക്ക് 15 മുതല്‍ 30 വരെ രൂപ വില വര്‍ധിച്ചു. മുളകിനാണു റിക്കാര്‍ഡ് വില വര്‍ധന. 325 രൂപ. നൂറിലേറെ രൂപയാണു വര്‍ധിച്ചത്. അരിക്ക് കിലോയ്ക്ക് അഞ്ചു രൂപയോളം വര്‍ധിച്ചു. വിലവര്‍ധിക്കാന്‍ കാരണം വ്യാപാരികളുടെ പൂഴ്ത്തിവയ്പാണോയെന്നു പരിശോധിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

◼️ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി. ഗവേഷണ കപ്പലാണെന്ന് ചൈന അവകാശപ്പെടുന്ന ‘യുവാന്‍ വാങ് അഞ്ചി’നാണ് ശ്രീലങ്ക അനുമതി നല്‍കിയത്. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പുമൂലം കപ്പലിനെ നങ്കൂരമിടാന്‍ അനുവദിക്കാതെ പുറംകടലില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു.

◼️‘ആസാദ് കാഷ്മീര്‍’ പരാമര്‍ശം നടത്തിയ കെ.ടി ജലീലിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകന്‍ ജി.എസ് മണിയാണ് പരാതി നല്‍കിയത്. സിപിഎം താക്കീതു നല്‍കിയതോടെ ജലീല്‍ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റിലെ പരമാര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതിനാല്‍ പിന്‍വലിക്കുകയാണെന്ന് ജലീല്‍ വ്യക്തമാക്കി.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

◼️എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം നാളെ. വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്തിയാണ് ആഘോഷം. ചെങ്കോട്ടയില്‍ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തിയശേഷം പ്രസംഗിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇന്നു വൈകുന്നേരം ഏഴിനു രാജ്യത്തെ അഭിസംബോധന ചെയ്യും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

◼️ചെന്നൈ നഗരത്തില്‍ പട്ടാപ്പകല്‍ ജീവനക്കാരന്റെ നേതൃത്വത്തില്‍ ബാങ്ക് കൊള്ള. ഫെഡ് ബാങ്ക് അരുമ്പാക്കം ശാഖയില്‍ നിന്ന് 20 കോടി രൂപയാണു കവര്‍ന്നത്. സുരക്ഷാ ജീവനക്കാരന് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തി ജീവനക്കാരെ കെട്ടിയിട്ടാണ് കവര്‍ച്ച.

◼️യുദ്ധത്തെത്തുടര്‍ന്ന് യുക്രെയിനില്‍നിന്നു മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ജയശങ്കര്‍ പറഞ്ഞു.

◼️തീരദേശ മേഖലയ്ക്കുള്ള എല്ലാ അവകാശങ്ങളും കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം പുതിയ ഫിഷറീസ് നയം കൊണ്ടുവരുന്നത് കുത്തകകളെ സഹായിക്കാനാണ്. ജനങ്ങളെ ബാധിക്കുന്ന എല്ലാ മേഖലകളും കോര്‍പ്പറേറ്റുകള്‍ക്ക് എഴുതി കൊടുക്കുന്നതാണ് കേന്ദ്രത്തിന്റെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിഐടിയു കൊല്ലത്ത് സംഘടിപ്പിച്ച മല്‍സ്യത്തൊഴിലാളി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

◼️മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാണെങ്കിലും അവരെ പ്രതികളാക്കാതെയാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനു പിറകെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. പൊലീസുദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഈ മാസം അവസാനത്തോടെ പരിഗണിക്കുന്നുണ്ട്.

◼️ത്രിവര്‍ണ പതാക കണ്ടാല്‍ ഹാലിളകിയിരുന്നവരാണ് ഇപ്പോള്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കപട ദേശീയതയിലൂടെ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘത്തിലും സംഘപരിവാറിലും ഒരു സ്വാതന്ത്ര്യ സമര സേനാനിയെപോലും ചൂണ്ടിക്കാണിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ നവ സങ്കല്‍പ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◼️എന്തു പറയണം, എന്തു ചിന്തിക്കണം, എന്തു ഭക്ഷിക്കണം തുടങ്ങിയ അടിസ്ഥാന സ്വാതന്ത്ര്യം പോലുമില്ലെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ദേശീയ പതാകയെ തള്ളിപറഞ്ഞവര്‍ ഇന്ന് ദേശീയ പതാക ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയിസ് യൂണിയന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു കെമാല്‍ പാഷ.

◼️ദേശീയ പതാക കൈമാറാന്‍ എത്തിയ മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റിനെ ബിജെപി നേതാക്കള്‍ അപമാനിച്ചതായി പരാതി. ബിജെപി വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ എത്തിയവര്‍ ജാതി വിളിച്ചും അസഭ്യം പറഞ്ഞും അധിക്ഷേപിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ മലമ്പുഴ പൊലീസില്‍ പരാതി നല്‍കി.

◼️2024 ല്‍ ദേശീയപാത വികസനം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ക്ക് അടുത്ത വര്‍ഷത്തോടെ കലണ്ടര്‍ നടപ്പാക്കും. 2026 ല്‍ 50 ശതമാനം റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നിര്‍മിക്കുമെന്നും റിയാസ് പറഞ്ഞു.

◼️കാഷ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി. ജലീല്‍ ഉദ്ദേശിച്ചത് എന്താണെന്നും ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ കാരണം എന്തെന്നും അദ്ദേഹത്തോടുതന്നെ ചോദിക്കൂവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. കാഷ്മീര്‍ വിഷയത്തില്‍ സിപിഎമ്മിന്റേത് പ്രഖ്യാപിത നിലപാടാണെന്നും ജയരാജന്‍.

◼️പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്ക്കും എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ബിപിന്‍ പോളിനും എതിരായ ‘മീ ടു’ ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ട് വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ. സിനിമയുടെ ക്രെഡിറ്റ്സില്‍ നിന്ന് സംവിധായകന്റെയും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുടെയും പേര് ഒഴിവാക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

◼️സംസ്ഥാനത്തെ മദ്യശാലകള്‍ക്കു നാളെ അവധി. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ബിവറേജസ് കോര്‍പറേഷനാണ് അവധി പ്രഖ്യാപിച്ചത്.

◼️കൈക്കൂലി വാങ്ങി സ്വര്‍ണക്കടത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. അനീഷ്, ഉമേഷ് കുമാര്‍ സിംഗ് എന്നീവര്‍ക്കെതിരെയാണ് കസ്റ്റംസ് കമ്മീഷണറുടെ നടപടി. സൗദിയില്‍ നിന്നെത്തിയ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ഒരു കോടി രൂപ വില വരുന്ന സ്വര്‍ണം പുറത്തെത്തിക്കാന്‍ സഹായിച്ചതിനാണ് നടപടി.

◼️മന്ത്രി പി രാജീവിന്റെ യാത്രാ റൂട്ട് തെറ്റിച്ചെന്ന പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ്. തിരക്കും കുഴികളുമുള്ള റോഡ് ഒഴിവാക്കി മറ്റൊരു വഴിയ്ക്ക് മന്ത്രിയുടെ വാഹനം കടത്തിവിട്ടതിന് സസ്പെന്‍ഡ് ചെയ്തതിനെതിരേ പൊലീസ് സേനയില്‍ അതൃപ്തിയുണ്ടെന്നാണു റിപ്പോര്‍ട്ട്.

◼️പട്ടാപ്പകല്‍ കടയിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. കോഴിക്കോട് ഓമശ്ശേരിയിലാണ് സംഭവം. അജീഷ് ഖാന്റെ ഉടമസ്ഥതയിലുള്ള പണിയായുധങ്ങള്‍ വില്‍ക്കുന്ന ടൂള്‍ മാര്‍ട്ട് എന്ന കടയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്.

◼️പാലക്കാട് കണ്ണമ്പ്ര പഞ്ചായത്തിലെ കാരയങ്കാട് പാറക്കുണ്ടിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ കാട്ടുപന്നിക്കൂട്ടം ചത്തനിലയില്‍. ഒന്‍പതു കാട്ടുപന്നി കുഞ്ഞുങ്ങളാണ് ചത്തത്. ദുര്‍ഗന്ധംമൂലം നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കിണറില്‍ കാട്ടുപന്നിക്കൂട്ടത്തെ കണ്ടെത്തിയത്.

◼️തിരുവനന്തപുരം മംഗലപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രാത്രി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ കഠിനംകുളം സ്വദേശി മനു മാധവിനെയാണ് അറസ്റ്റു ചെയ്തത്. രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടിയെ വീട്ടില്‍ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

◼️മലപ്പുറം തിരൂരില്‍ മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബിയര്‍ കുപ്പി കൊണ്ട് നാട്ടുകാരെ അടിക്കുകയും ചെയ്ത രണ്ടു പേര്‍ പിടിയില്‍. പറവണ്ണ സ്വദേശിയകളായ നിസാഫ്, യൂസഫ് എന്നിവരാണ് പിടിയിലായത്.

◼️തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ തോട്ടിന്‍ കരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുകോട്ടുകോണം സ്വദേശി ഉഷാന്താണ് മരിച്ചത്. ആളുമാനൂര്‍ മഠത്തിനു സമീപത്തെ ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

◼️സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ച യാത്രക്കാരന്‍ ലോറിയിടിച്ചു മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ (ഉണ്ണി – 28 ) ആണ് മരിച്ചത്. ആലപ്പുഴ – പുന്നപ്ര ദേശീയപാതയില്‍ കുറവന്‍തോടാണ് അപകടമുണ്ടായത്.

◼️വാട്ടര്‍ അതോറിറ്റിയുടെ മാന്‍ഹോളിന്റെ അടപ്പുകള്‍ മോഷ്ടിച്ചു വില്‍ക്കുന്ന രണ്ടു പേര്‍ പിടിയില്‍. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശി അനീഷ്, വെഞ്ഞാറമൂട് കണിച്ചോട് സ്വദേശി ജയകുമാര്‍ എന്നിവരെയാണ് തിരുവനന്തപുരത്ത് അറസ്റ്റു ചെയ്തത്. അടപ്പുകള്‍ ഇളക്കിയെടുക്കാനുള്ള ഉപകരണങ്ങളുമായി ഓട്ടോറിക്ഷയില്‍ കറങ്ങിയാണ് മോഷണം നടത്തിയിരുന്നത്.

◼️തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കരിങ്കല്ല് കയറ്റി വന്ന ലോറികളെ പൊള്ളാച്ചിയില്‍ ആക്രമിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ലോഡുമായി പോകുകയായിരുന്ന ലോറികള്‍ അടിച്ചു തകര്‍ത്തതിനാണ് അറസ്റ്റ്.

◼️രാജ്യത്തെ അതിസമ്പന്നരില്‍ രണ്ടാമനായ ഗൗതം അദാനിക്കു കേന്ദ്ര സര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. 33 അംഗരക്ഷകരെയും അനുവദിച്ചു. മുകേഷ് അംബാനിക്കു പിന്നാലെ ഇസഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന രണ്ടാമത്തെ വ്യവസായിയാണ് ഗൗതം അദാനി.

◼️ത്രിവര്‍ണപതാക ഉയര്‍ത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ലെന്നും ഹൃദയത്തിലും വേണമെന്നും ശിവസേന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും രാജ്യത്ത് എത്രമാത്രം ജനാധിപത്യം അവശേഷിക്കുന്നുവെന്ന് നാം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

◼️ജനസംഖ്യാ നിയന്ത്രണത്തിനായി നവദമ്പതികള്‍ക്ക് ‘വെഡ്ഡിംഗ് കിറ്റ്’ നല്‍കുമെന്ന് ഒഡീഷ സര്‍ക്കാര്‍. വിവാഹ കിറ്റില്‍ കുടുംബാസൂത്രണ രീതികളും നേട്ടങ്ങളും വിശദീകരിക്കുന്ന ബുക്ക് ലെറ്റ്, വിവാഹ രജിസ്ട്രേഷന്‍ ഫോം, ഗര്‍ഭനിരോധന ഉറകള്‍, ഗര്‍ഭനിരോധന ഗുളികകള്‍, എമര്‍ജന്‍സി ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവയുണ്ടാകും. വധുവിന് ആവശ്യമായ വസ്ത്രങ്ങള്‍, തൂവാലകള്‍, ചീപ്പ്, നെയില്‍ കട്ടര്‍, കണ്ണാടി, ഹോം പ്രെഗ്നന്‍സി ടെസ്റ്റിംഗ് കിറ്റ് എന്നിവയടങ്ങുന്ന സമ്മാന പായ്ക്കറ്റും നല്‍കും.

◼️തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്റെ വാഹനത്തിനു നേരെ ബിജെപി പ്രവര്‍ത്തകര്‍ ചെരുപ്പെറിഞ്ഞു. ജമ്മു കാഷ്മീരിലെ രജൗരിയില്‍ വീരമൃത്യു വരിച്ച സൈനികന്‍ ഡി ലക്ഷ്മണന്റെ മൃതദേഹം മധുര വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയെ സ്വീകരിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചത്. അഞ്ച് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

◼️ഹര്‍ ഘര്‍ തിരംഗ യാത്രക്കിടെ മുന്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ തെരുവ് പശു ആക്രമിച്ചു. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം. തിരംഗ യാത്രക്കിടെ റാലിയിലേക്ക് പശു ഓടിക്കയറി. കുത്തേറ്റ് പരിക്കുകളോടെ നിതിന്‍ പട്ടേല്‍ അടക്കം ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷം നിരോധിത മയക്കുമരുന്നു ഗുളികകള്‍ കസ്റ്റംസ് പിടികൂടി. ജിദ്ദ തുറമുഖത്ത് എത്തിയ പാര്‍സലിലായിരുന്നു ലഹരി ഗുളികകള്‍. അഞ്ചു പേരെ അറസ്റ്റ് ചെയ്തു.

◼️രാജസ്ഥാന്‍ റോയല്‍സ് ഉടമക്കെതിരെ ഗുരുതര ആരോപണവുമായി ന്യൂസിലന്‍ഡ് മുന്‍ താരം റോസ് ടെയ്‌ലര്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായിരുന്ന കാലത്ത് പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ചേസ് ചെയ്യുന്നതിനിടെ പൂജ്യത്തിന് പുറത്തായതിന്റെ പേരില്‍ ടീം ഉടമ മൂന്നോ നാലോ തവണ കരണത്തടിച്ചുവെന്നാണ് ആരോപണം. റോസ് ടെയ്ലറുടെ ആഥ്മകഥയായ ‘ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍’ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ശക്തമായല്ല അടിച്ചതെങ്കിലും അത് ശരിക്കും അടിച്ചതാണോ അതോ തമാശയായിരുന്നോ എന്ന് തനിക്ക് ഇപ്പോഴും ഉറപ്പില്ലെന്നും ടെയ്‌ലര്‍ പുസ്തകത്തില്‍ പറയുന്നു.

◼️കേന്ദ്രസര്‍ക്കാരിനും സാമ്പത്തികലോകത്തിനും സാധാരണക്കാര്‍ക്കും ഒരുപോലെ ആശ്വാസം പകര്‍ന്ന് ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ജൂലായില്‍ 6.71 ശതമാനത്തിലേക്ക് താഴ്ന്നു. ഏപ്രിലില്‍ 7.79 ശതമാനവും മേയില്‍ 7.04 ശതമാനവും ജൂണില്‍ 7.01 ശതമാനവുമായിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം 7.75 ശതമാനത്തില്‍ നിന്ന് 6.75 ശതമാനത്തിലേക്ക് താഴ്ന്നതാണ് കഴിഞ്ഞമാസം നാണയപ്പെരുപ്പം കുറയാന്‍ മുഖ്യകാരണമായത്. റീട്ടെയില്‍ നാണയപ്പെരുപ്പം വിലയിരുത്തിയാണ് റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കുന്നത്. നാണയപ്പെരുപ്പം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അഭികാമ്യമായ ആറു ശതമാനത്തിനുള്ളില്‍ തിരിച്ചെത്തിക്കുന്നത് ലക്ഷ്യമിട്ട് തുടര്‍ച്ചയായി മൂന്നുതവണയായി റിസര്‍വ് ബാങ്ക് പലിശനിരക്ക് 1.4 ശതമാനം കൂട്ടിയിരുന്നു. നാണയപ്പെരുപ്പം 6 ശതമാനത്തിന് താഴെയെത്തുംവരെ പലിശനിരക്ക് കൂട്ടുന്നത് റിസര്‍വ് ബാങ്ക് തുടര്‍ന്നേക്കും.

◼️കേന്ദ്രസര്‍ക്കാരിന് ആശ്വാസംപകര്‍ന്ന് നടപ്പുവര്‍ഷം ഏപ്രില്‍-ജൂലായില്‍ കോര്‍പ്പറേറ്റ് നികുതി സമാഹരണം 34 ശതമാനം ഉയര്‍ന്നു. കഴിഞ്ഞവര്‍ഷത്തെ (2021-22) മൊത്തം കോര്‍പ്പറേറ്റ് നികുതിവരുമാനം 7.23 ലക്ഷം കോടി രൂപയാണ്. 2020-21ലേക്കാള്‍ 58 ശതമാനമാണ് വര്‍ദ്ധന. 50 കോടി രൂപയ്ക്കുമേല്‍ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളാണ് കഴിഞ്ഞവര്‍ഷത്തെ മൊത്തം നികുതി വരുമാനത്തില്‍ 78 ശതമാനവും സംഭാവന ചെയ്തത്. നടപ്പുവര്‍ഷം ഏപ്രില്‍-ജൂലായില്‍ കേന്ദ്രസര്‍ക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതി വരുമാനം മുന്‍വര്‍ഷത്തെ സമാനകാലയളവിലെ 2.33 ലക്ഷം കോടി രൂപയില്‍ നിന്ന് 45 ശതമാനം ഉയര്‍ന്ന് 3.39 ലക്ഷം കോടി രൂപയായി. മൊത്തം പ്രത്യക്ഷ നികുതി വരുമാനം 2.64 ലക്ഷം കോടി രൂപയില്‍ നിന്ന് 3.69 ലക്ഷം കോടി രൂപയിലുമെത്തി; വര്‍ദ്ധന 40 ശതമാനം. നടപ്പുവര്‍ഷം പ്രത്യക്ഷ നികുതി വരുമാനമായി കേന്ദ്രം ലക്ഷ്യമിടുന്നത് 14.20 ലക്ഷം കോടി രൂപയാണ്.

◼️ബേസില്‍ ജോസഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പാല്‍തു ജാന്‍വര്‍’. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സംഗീത് പി രാജനാണ്. ഓണത്തിന് ബേസില്‍ ജോസഫ് ചിത്രം തിയറ്ററുകളില്‍ എത്തും. ‘പാല്‍തു ജാന്‍വറി’ന്റെ പ്രൊമൊ ഗാനം പുറത്തുവിട്ടു. കുട്ടികളാണ് പ്രൊമോ സോംഗില്‍ അഭിനയിച്ചിരിക്കുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രണദിവെയാണ് ഛായാഗ്രഹണം. ബേസില്‍ ജോസഫിനൊപ്പം ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

◼️തന്റെ സംവിധാനത്തിലെത്തുന്ന ബിഗ് ബജറ്റ് പിരീഡ് ആക്ഷന്‍ ഡ്രാമ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിനെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് അപ്ഡേറ്റുമായി സംവിധായകന്‍ വിനയന്‍. ചിത്രവുമായി മോഹന്‍ലാലും മമ്മൂട്ടിയും സഹകരിച്ചിട്ടുണ്ട് എന്നതാണ് അത്. എന്നാല്‍ അഭിനയിക്കുകയല്ല, മറിച്ച് ചിത്രത്തിന് ശബ്ദം പകരുകയാണ് ഇരുവരും ചെയ്തിരിക്കുന്നത്. തിരുവോണ ദിനമായ സെപ്റ്റംബര്‍ എട്ടിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വേഷമിടുന്ന ചിത്രത്തില്‍ വന്‍ താരനിയാണാണ് അണി നിരക്കുന്നത.് അഞ്ച് ഭാഷകളിലായാണ് ചിത്രം റീലിസിനെത്തുക. കയാദു ലോഹര്‍ ആണ് നായിക.

◼️ഫ്രഞ്ച് നിര്‍മ്മാതാക്കളായ സിട്രോണിന്റെ സി3 ഓട്ടോമാറ്റിക് വേരിയന്റിന് ഐസിന്‍ സോഴ്‌സ്ഡ് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ലഭിക്കും എന്ന് റിപ്പോര്‍ട്ട്. മെക്കാനിക്കലുകളുടെ കാര്യത്തില്‍ കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലെ ഏറ്റവും മികച്ച കാറുകളിലൊന്നായി സിട്രോണ്‍ സി 3 മാറി. ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിക്കുമ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് നീങ്ങും. ഇത്തരം ഗിയര്‍ബോക്‌സുള്ള അതിന്റെ വില ശ്രേണിയിലെ ആദ്യത്തെ കാറായിരിക്കും സി3. സി3 യുടെ ടോപ്പ് എന്‍ഡ് മോഡലില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സിട്രോണ്‍ വാഗ്ദാനം ചെയ്യാനും എക്‌സ്-ഷോറൂം വില കുറയ്ക്കാനും സാധ്യതയുണ്ട്. അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ സി3 യുടെ നിലവിലെ എന്‍എ, ടര്‍ബോ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളുടെ നവീകരിച്ച മൂന്നാം തലമുറ പതിപ്പുകള്‍ക്കൊപ്പം ഈ ആകര്‍ഷണീയമായ ഗിയര്‍ബോക്സും സിട്രോണ്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

◼️എടുത്താല്‍ പൊങ്ങാത്ത പൊങ്ങച്ചങ്ങളും രചനകളുടെ രഹസ്യം അമാനുഷിക വിദ്യയാണെന്ന നാട്യവുമെല്ലാം പൊളിച്ചുകൊണ്ടുള്ള എഴുത്ത്. കുറച്ച് നര്‍മ്മവും കൂട്ടിച്ചേര്‍ത്തപ്പോള്‍ വായനക്കാര്‍ക്കും അതു പിടിച്ചു. ഡണ്ണിംഗ് ക്രൂഗര്‍ ഇഫെക്റ്റിനെക്കുറിച്ച് എഴുതിയതും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളതുമായ കോളം ഉദാഹരണം. ബിസിനസ് ചെയ്യുന്നവര്‍ക്കും ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കും പ്രായോഗിക പാഠങ്ങള്‍ അനേകമുണ്ട്. വെറുതെ വായിച്ചു രസിക്കുന്നതിനപ്പുറം വിജ്ഞാനവും അനുഭവങ്ങളും വേഷങ്ങളും വേഷംകെട്ടുകളുമെല്ലാം ഈ ചെറിയ കുറിപ്പുകളിലുണ്ട്. ‘ആദ്യത്തെ ചിരി’. രണ്ടാം പതിപ്പ്. പി കിഷോര്‍. ഡിസി ലൈഫ്. വില 171 രൂപ.

◼️ഒരു വ്യക്തിയുടെ ശരീരത്തിന് ആവശ്യമായ അളവില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഇല്ലെങ്കില്‍ ഹൈപ്പോതൈറോയിഡിസം അഥവാ അണ്ടര്‍ ആക്ടീവ് തൈറോയ്ഡ് ഉണ്ടാവുന്നു. ശരീരം വളരെയധികം തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുകയാണെങ്കില്‍ ഹൈപ്പര്‍തൈറോയിഡിസം അഥവാ ഓവര്‍ ആക്ടീവ് തൈറോയ്ഡ് ഉണ്ടാവുന്നു. വയറിളക്കം. മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ ഇതിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. ദേഷ്യം, വിഷാദം തുടങ്ങിയവ മാറിമാറി വരാം. ശരീരഭാരത്തില്‍ മാറ്റം വരാം. ഹൈപ്പര്‍തൈറോയിഡിസം ശരീരഭാരം കുറയുന്നതിനും ഹൈപ്പോതൈറോയിഡിസം ശരീരഭാരം കൂടുന്നതിനും കാരണമാകാം. ഹൈപ്പര്‍തൈറോയിഡിസം ചര്‍മ്മത്തെ കൂടുതല്‍ എണ്ണമയമാക്കുകയും ഹൈപ്പോതൈറോയിഡിസം ചര്‍മ്മത്തില്‍ വരള്‍ച്ച ഉണ്ടാക്കുകയും ചെയ്യും. കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. കണ്ണുകളിലെ ചുവപ്പ് നിറം, വരള്‍ച്ച, നീരൊഴുക്ക്, കണ്‍പോളകള്‍ അടയ്ക്കുന്നതിന് ബുദ്ധിമുട്ട്, കണ്ണു വീക്കം തുടങ്ങിയ കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍. മുടി കൊഴിച്ചില്‍. കഴുത്തില്‍ മുഴകളോ കുരുക്കളോ ഉണ്ടാവുന്നത്. ഇത് ചിലപ്പോള്‍ തൈയ്റോയ്ഡ് ക്യാന്‍സറിന്റെ ലക്ഷണമാകാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *