web video

ലോക്സഭയില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ച നാലു കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്പെന്റ് ചെയ്തു. ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരെയാണ് വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതുവരെ സ്പെന്‍പെന്‍ഡു ചെയ്തത്. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് വിവിധ മേഖലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

സ്വാശ്രയ കോളജുകളില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സര്‍ക്കാരിനോടു കേരള ഹൈക്കോടതി. സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍നിന്ന് ഒഴിവാക്കിയ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ എങ്ങനെ സംരക്ഷിക്കുമെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

നൂറു കോടി രൂപ തന്നാല്‍ രാജ്യസഭാ സീറ്റും ഗവര്‍ണര്‍ സ്ഥാനവും തരാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തുന്ന സംഘത്തെ സിബിഐ അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര സ്വദേശി കര്‍മലാകര്‍ പ്രേംകുമാര്‍, കര്‍ണാടക സ്വദേശി രവീന്ദ്ര വിതല്‍ നായക്, ഡല്‍ഹി സ്വദേശികളായ മഹേന്ദ്ര പാല്‍ അറോറ, അഭിഷേക് ബൂറ എന്നിവരാണ് ഡല്‍ഹിയില്‍ പിടിയിലായത്.

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് ഈ മാസം 28 ന്. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിനു പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 22 നു ക്ലാസുകള്‍ ആരംഭിക്കും.

സില്‍വര്‍ ലൈനിന് അനുമതിയില്ലെന്നും സര്‍വേയ്ക്കു പണം ചെലവാക്കുന്നതു തെറ്റാണെന്നും കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതിയില്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിനു വേണ്ടി സമര്‍പ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ നിലപാട് വിശദീകരിച്ചത്. സര്‍വേയ്ക്കു ചെലവാക്കുന്ന പണത്തിന്റെ ഉത്തരവാദിത്തം കെ റെയിലിനു മാത്രമാണ്. സത്യവാങ്മൂലത്തില്‍ പറയുന്നു.

എസ്എന്‍സി ലാവലിന്‍ കേസ് ഓഗസ്റ്റ് അവസാന ആഴ്ചയോടെ സുപ്രീം കോടതി പരിഗണിച്ചേക്കും. കേസ് പരിഗണിക്കാനുള്ള സാധ്യതാ ദിവസം ഓഗസ്റ്റ് 22 എന്ന് സുപ്രീം കോടതി വെബ് സൈറ്റ് പറയുന്നു. എന്നാല്‍ കോടതിയില്‍ കേസുകളുടെ തിരക്കുകൂടി പരിഗണിച്ചാകും അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക.

ടെസ്റ്റിനെത്തിയ യുവതിയോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദിനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ സമരഭീഷണിയുമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടന. തന്നെ കുടുക്കിയതാണെന്ന് ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും സസ്പെന്‍ഷനിലായ കൊല്ലം പത്തനാപുരം സബ് ആര്‍.ടി ഓഫീസിലെ എം.വി.ഐ എ.എസ് വിനോദ് ഗതാഗത മന്ത്രിക്കു പരാതി നല്‍കി.

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹര്‍ജി. ഷേര്‍ലി എന്ന വിദ്യാര്‍ത്ഥിനിയാണ് അഡ്വക്കേറ്റ് ജനറലിനു ഹര്‍ജി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി നടത്തിയ പ്രസ്താവനക്കെതിരെയാണ് ഹര്‍ജി.

ഏതെങ്കിലും ഒരു കക്ഷി യുഡിഎഫില്‍ വരുന്നതിനെക്കുറിച്ചല്ല ചിന്തന്‍ ശിബിര്‍ ചര്‍ച്ച ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെറയും യുഡിഎഫിന്റെയും ജനകീയ അടിത്തറ വിപുലപ്പെടുത്തണം. മുന്നണി വിപുലീകരണ ചര്‍ച്ച നടക്കേണ്ടത് യുഡിഎഫിലാണെന്നും ചെന്നിത്തല പ്രതികരിച്ചു.

ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അതിയായ ദു:ഖമുണ്ടെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പങ്കെടുക്കാതിരുന്നതിന്റെ കാരണം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നില്ല. സോണിയഗാന്ധിയെ അറിയിക്കും. കോഴിക്കോട് ഡിസിസി പ്രസിഡന്റാണ് ചിന്തന്‍ ശിബിരത്തിലേക്കു തന്നെ ക്ഷണിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇ.പി ജയരാജനെതിരായ വധശ്രമകേസില്‍ മൊഴി നല്‍കാന്‍ വലിയതുറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്നു ജാമ്യവ്യവസ്ഥയുള്ളതിനാല്‍ വരില്ലെന്നാണ് ഫര്‍സീന്‍ മജീദും നവീന്‍ കുമാറും അറിയിച്ചത്. വിമാനത്തില്‍ അതിക്രമം നടത്തിയ ജയരാജനെതിരേ കേസെടുക്കണമെന്ന കോടതി ഉത്തരവനുസരിച്ച് കേസെടുത്തെങ്കിലും പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല.

ലോക്സഭയില്‍ പ്രതിഷേധിച്ചതിനു നാല് എംപിമാരെ വര്‍ഷകാല സമ്മേളനത്തില്‍ വിലക്കിയത് സാമ്പിളാണെന്ന് നടപടി നേരിട്ട ടി.എന്‍ പ്രതാപന്‍ എംപി. എന്നാല്‍ ഭയന്ന് പിന്മാറില്ല. അഭിപ്രായപ്രകടനവും പ്രതിഷേധവും തുടരുകതന്നെ ചെയ്യും. പാര്‍ലമെന്റംഗങ്ങളെ എല്‍കെജി കുട്ടികളെപോലെ പേടിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി സീറ്റ് നിഷേധിച്ച കേരള സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി മലപ്പുറം മുന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുപ്രീംകോടതിയെ സമീപിച്ചു. മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അപര്യാപ്തമെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ ഇവരുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.

തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂള്‍ പ്രശ്‌നത്തില്‍ ഗതാഗത മന്ത്രിയും സ്ഥലം എംഎല്‍എയുമായ ആന്റണി രാജുവിനെ രക്ഷിതാക്കള്‍ തടഞ്ഞു. സ്‌കൂളിന് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. സ്‌കൂള്‍ പരിസരത്ത് സിസിടിവി സ്ഥാപിക്കാന്‍ എംഎല്‍എ ഫണ്ടില്‍നിന്ന് പണം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ശമ്പളവും പി എഫും ഉള്‍പ്പെടെയുളള ആനൂകൂല്യങ്ങളും ലഭിക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടണമെന്നും ജീവനക്കാരുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

പിണറായി പാനുണ്ടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജിംനേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മറ്റ് സംശയങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍ മൊഴി നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങള്‍ ഇല്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

പിണറായി പാനുണ്ടയിലെ മരണം കൊലപാതകമെന്നു ചിത്രീകരിക്കാനുള്ള ഹീനശ്രമം ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കലാപത്തിനാണ് അവര്‍ ശ്രമിച്ചത്. ബാലസംഘം സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടികള്‍ മദ്യപിച്ചെത്തിയ ബിജെപിക്കാര്‍ നശിപ്പിച്ചെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് തകര്‍ത്തത്. ഓഫീസിലെ സഹായിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരുകൂട്ടരും വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ മാധ്യമം ദിനപത്രം മാനേജ്മെന്റ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ജലീല്‍ കത്തയച്ചത് താന്‍ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞന്നെ് മാധ്യമം പ്രതിനിധികള്‍ പറഞ്ഞു. ഉചിതമായ നടപടി സ്വീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്ന് മാധ്യമം മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്‌മാന്‍ പ്രതികരിച്ചു.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് പരിശോധന അവസാനിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് സംഘം മടങ്ങിയതിനു പിറകേ സംഘര്‍ഷം. ബിഷപ്പിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലായിരുന്നു സംഘര്‍ഷം. ബിഷപ്പ് അനുകൂലികള്‍ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചപ്പോള്‍ മറുപക്ഷം കൂകിവിളിച്ചു. ബിഷപ്പ് ധര്‍മരാജ് റസാല സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നു യുകെയിലേക്ക് പോകും.

തൃശൂരിലെ പൂമല ചോറ്റുപാറ സ്വദേശി സനു സണ്ണിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണം തട്ടിയെടുത്ത കേസിലെ പ്രതികളില്‍ ഒരാളെ അറസ്റ്റ്റ് ചെയ്തു. ചെറുതുരുത്തി കല്ലേക്കണ്ടില്‍ സനൂഷിനെയാണ് അറസ്റ്റുചെയ്തത്. കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്ന കഞ്ചാവു കേസുകളിലെ പ്രതി റജീബ് എന്ന ഓന്ത് റജീബ്, ഇയാളുടെ സഹോദരന്‍ ഷജീര്‍, കൂട്ടാളിയായ അലി എന്നിവരെ ഉടനേ പിടികൂടുമെന്ന് പോലീസ്.

ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ട് ജീവനക്കാരെ വടിവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. ആലിഞ്ചുവട് സ്വദേശികളായ ജോബ് ജോസഫ്, വൈശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ടയില്‍ സുഹൃത്തുക്കളായ രണ്ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. പെരുനാട് സ്വദേശി ഷാരോണ്‍, മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് എന്നിവരെയാണ് കാണാതായത്. ശ്രീശാന്തിനു 16 വയസുണ്ട്. ശനിയാഴ്ച വൈകുന്നേരം മുതലാണ് ഇരുവരെയും കാണാതായത്. പോലീസ് അന്വേഷിക്കുന്നുണ്ട്.

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവബറില്‍ കൊല്ലത്ത്. ഏഴ് തെക്കന്‍ ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കാണ് കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നവംബര്‍ 15 മുതല്‍ 30 വരെ റാലി നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ യുവാക്കള്‍ക്ക് ഈ റാലിയില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 30 വരെ. www.jo-in-in-d-i-an-army.n-i-c.in

കൊവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും അനാഥരാക്കിയ വിദ്യാര്‍ത്ഥികളുടെ കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിയുമായി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും എം ജി എമ്മും.’വിദ്യാമൃതം 2′ എന്നാണ് പദ്ധതിയുടെ പേര്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളുടെ എന്‍ജിനിയറിംഗ് അടക്കമുള്ള വിദ്യാഭ്യാസമാണ് സംഘടന ഏറ്റെടുക്കുന്നത്.

ദ്രൗപതി എന്ന പേരു തന്റെ യഥാര്‍ത്ഥ പേരല്ലെന്നും സ്‌കൂളില്‍ അധ്യാപകരിലൊരാളാണ് ആ പേരു സമ്മാനിച്ചതെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. ആദിവാസി ഗോത്രമായ സാന്താളി വിഭാഗത്തിലുള്ള തന്റെ യഥാര്‍ത്ഥ പേര് ‘പുട്ടി’ എന്നായിരുന്നു. സ്‌കൂളിലും കോളേജിലും തന്റെ സര്‍നെയിം ടുഡു എന്നായിരുന്നു. ബാങ്ക് ഓഫീസറായ ശ്യാം ചരണ്‍ ടുഡുവിനെ വിവാഹം ചെയ്തതോടെയാണ് മുര്‍മു എന്നു മാറ്റിയത്. ഒഡിയ വീഡിയോ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപെടത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നു ചോദ്യം ചെയ്യും. ഇതിനെതിരേ പ്രതിഷേധവുമായി രാജ്യവ്യാപകമായ പരിപാടികളാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്ഘട്ടിലെ സമരത്തിന് അനുമതി നിഷേധിച്ചു. എംപിമാരും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും ന്യൂഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തു പ്രതിഷേധിക്കും.

രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷം തടസപ്പെടുത്തുകയാണെന്നും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റേത് ജനവിരുദ്ധ നയമാണെന്നും മോദി പറഞ്ഞു. സമാജ് വാദിയുടെ രാജ്യസഭാ എംപിയായിരുന്ന ഹര്‍മോഹന്‍ സിംഗിന്റെ പത്താം ചരമവാര്‍ഷിക സമ്മേളനത്തില്‍ വെര്‍ച്വലായി പ്രസംഗിക്കവേയാണ് പ്രതിപക്ഷത്തെ ഇങ്ങനെ കുറ്റപ്പെടുത്തിയത്.

അഴിമതിക്ക് പിന്തുണയില്ലെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അധ്യാപക നിയമന അഴിമതി കേസില്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറസ്റ്റിലായതിനുശേഷം ആദ്യമായാണ് മമത പേരെടുത്തു പറയാതെ പ്രതികരിച്ചത്. അപവാദപ്രചരണങ്ങളില്‍ തളരില്ലെന്നും മമത പറഞ്ഞു.

ഒരു വര്‍ഷത്തിനിടെ രാജ്യത്ത് പാചക വാതക സബ്‌സിഡിയില്‍ കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. 2019-20 ല്‍ 24,172 കോടി രൂപയായിരുന്നു സബ്സിഡി. 2021-22 ല്‍ ഇതു 242 കോടിരൂപയായി കുറച്ചു. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴിയുള്ള സബ്സിഡി തുക 2019-20 ല്‍ 22,726 കോടി രൂപ ആയിരുന്നത് 2021-22 ല്‍ 242 കോടി രൂപയായി കുറച്ചു. എ എ റഹിം എംപിയുടെ ചോദ്യത്തിന് കേന്ദ്ര പെട്രോളിയം – പ്രകൃതി വാതകം സഹമന്ത്രി രാമേശ്വര്‍ തെലി പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് ഈ വിവരം.

ആറു ഭാര്യമാരുള്ള ആന്ധ്രാപ്രദേശ് യുവാവ് പിടിയിലായി. സ്ത്രീകളെ വിവാഹം ചെയ്ത് വഞ്ചിച്ചതിന് കൊണ്ടാപ്പൂര്‍ സ്വദേശി അടപ ശിവശങ്കര ബാബുവിനെയാണ് അറസ്റ്റു ചെയ്തത്. ആന്ധ്രാപ്രദേശിലെ ബേതപുഡി സ്വദേശിയാണ് അയാള്‍. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായാണ് ആറു സ്ത്രീകളെ കബളിപ്പിച്ചു വിവാഹം ചെയ്ത്.

ഡല്‍ഹിയിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ രവി നായര്‍ക്കെതിരേ അറസ്റ്റ് വാറണ്ട്. അദാനി ഗ്രൂപ്പിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയെന്ന പരാതിയിലാണ് ഗുജറാത്ത് കോടതിയുടെ അറസ്റ്റ് വാറണ്ട്.

തമിഴ്നാട്ടില്‍ ദുരഭിമാന കൊലപാതകം. പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ പെണ്‍കുട്ടിയുടെ അച്ഛന്‍ വെട്ടിക്കൊന്നു. തൂത്തുക്കുടി കോവില്‍ പട്ടിക്കടുത്ത വീരപ്പട്ടി എന്ന ഗ്രാമത്തിലെ രേഷ്മയും മണികരാജുവുമാണ് കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ പ്രതി മുത്തുക്കുട്ടി പിന്നീട് പൊലീസിന്റെ പിടിയിലായി.

ബോളിവുഡ് നടന്‍ വിക്കി കൗശലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. മുംബൈ സ്വദേശിയായ മന്‍വീന്ദര്‍ സിംഗാണ് അറസ്റ്റിലായത്.

മ്യാന്‍മറില്‍ സൈനിക ഭരണകൂടം നാലു ജനാധിപത്യ പ്രവര്‍ത്തകരെ വധിച്ചു. ഭീകരവാദം ആരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ക്യാവ് മിന്‍ യു എന്ന കോ ജിമ്മി, മുന്‍ പാര്‍ലമെന്റംഗം ഫ്യോ സയര്‍ തോ എന്നിവരടക്കം നാലു പേരെയാണ് വധിച്ചത്. ഇവര്‍ക്കെതിരേയുള്ള വിചാരണ രഹസ്യമായി നടത്തിയതിനെ ഐക്യരാഷ്ട്രസഭ എതിര്‍ത്തിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായാല്‍ ചൈനക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റിഷി സുനക്. ചൈന ആഭ്യന്തര, ആഗോള സുരക്ഷയ്ക്ക് ‘ഭീഷണി’യാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. റിഷി സുനകിനെ പിന്തുണച്ച് ചൈനയിലെ സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ ലേഖനം വന്നിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജന്‍ കൂടിയായ റിഷി സുനക് വിജയ പ്രതീക്ഷയിലായിരിക്കേ ചൈനീസ് ലേഖനം പ്രതിച്ഛായ മോശമാക്കിയതിനാലാണ് ചൈനക്കെതിരേ പ്രതികരിച്ചത്.

വീണ്ടും ചൈനയോട് സഹായം തേടി ശ്രീലങ്ക. വ്യാപാരം, നിക്ഷേപം, ടൂറിസം രംഗങ്ങളിലേക്ക് 400 കോടി ഡോളറിന്റെ വായ്പ വേണമെന്നാണ് കൊളംബോയില്‍നിന്നുള്ള പ്രതിനിധി സംഘത്തിന്റെ ആവശ്യം. ചൈനയുടെ കടക്കെണിയില്‍ കുടുങ്ങി മുങ്ങിത്താഴുന്നതിനിടയിലാണ് പുതിയ സര്‍ക്കാര്‍ വീണ്ടും കോടികള്‍ വായ്പയെടുക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി വനിതാടീമും. ‘ഒരു പുതിയ തുടക്കം’ എന്ന ക്യാപ്ഷനോടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് വനിതാ ടീം രൂപവത്ക്കരിച്ചതായി ക്ലബ്ബ് അറിയിച്ചത്. കേരളത്തിലെ മറ്റൊരു പ്രമുഖ ക്ലബ്ബായ ഗോകുലം കേരള എഫ്‌സിക്ക് നിലവില്‍ വനിതാടീമുണ്ട്.

ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ബോക്സിംഗ് ഫെഡറേഷനെതിരെ. ബോക്സിംഗ് ഫെഡറേഷന്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ബോര്‍ഗോഹെയ്ന്‍ പറഞ്ഞു. ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ നേടാന്‍ തന്നെ സഹായിച്ച പരിശീലകരെ അടിക്കടി മാറ്റി ഫെഡറേഷന്‍ അധിക്ഷേപിക്കുകയാണെന്നും ഇതുവഴി തന്റെ പരിശീലനം തടസപ്പെടുത്താനാണ് നോക്കുന്നതെന്നും ബോര്‍ഗോഹെയ്ന്‍ കുറ്റപ്പെടുത്തി.

ചുരുങ്ങിയ കാലത്തിനകം വന്‍ സ്വീകാര്യത നേടിയ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കൂടുതല്‍ കരുത്തേകാന്‍ ക്രെഡിറ്റ് കാര്‍ഡുകളെയും യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസില്‍ (യു.പി.ഐ) ഉള്‍പ്പെടുത്തുന്നത് വൈകില്ലെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ. ആദ്യഘട്ടത്തില്‍ റൂപ്പേ ക്രെഡിറ്റ് കാര്‍ഡുകളാണ് യു.പി.ഐയുമായി ബന്ധിപ്പിക്കുക. ഇത് രണ്ട് മാസത്തിനകം പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ ബാങ്ക് ഒഫ് ബറോഡ, എസ്.ബി.ഐ കാര്‍ഡ്സ്, ആക്‌സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ റൂപ്പേ ക്രെഡിറ്റ് കാര്‍ഡാണ് യു.പി.ഐയില്‍ ഇടംപിടിക്കുക. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ഇന്ത്യയിലുള്ളത്. മേയില്‍ 10.41 ലക്ഷം കോടി രൂപ മതിക്കുന്ന 596 കോടി ഇടപാടുകള്‍ നടന്നുവെന്നാണ് എന്‍.പി.സി.ഐയുടെ കണക്ക്. ജൂണില്‍ നടന്നത് 10.14 ലക്ഷം കോടി രൂപയുടെ 586 കോടി ഇടപാടുകള്‍.

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഓണര്‍ ഇന്ത്യയിലെ പ്രവര്‍ത്തനം വെട്ടിച്ചുരുക്കി. ബിസിനസ് വളര്‍ച്ച ലക്ഷ്യമിട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്ത് രൂപം നല്‍കിയ ഇന്ത്യന്‍ ടീമിനെ ഓണര്‍ പിന്‍വലിച്ചു. അതേസമയം ഇന്ത്യയിലെ ബിസിനസ് തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അടുത്തിടെ, ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ, ഒപ്പോ, ഷവോമി എന്നിവ കേന്ദ്രീകരിച്ച് ഇഡിയും റവന്യൂ ഇന്റലിജന്‍സും റെയ്ഡുകള്‍ നടത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്‍പ് ഹുവാവേയുടെ കീഴിലായിരുന്ന ഓണര്‍ ഇന്ത്യന്‍ ടീമിനെ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പത്താന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍ ചിത്രം എത്തുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദീപിക പദുകോണാണ്. ദീപിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. തോക്ക് ചൂണ്ടി, മാസ് ലുക്കില്‍ നില്‍ക്കുന്ന ദീപികയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. അടുത്ത വര്‍ഷം ജനുവരി 25നാണ് പത്താന്‍ തിയേറ്ററുകളില്‍ എത്തുക. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ സല്‍മാന്‍ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നു.

ആലിയ ഭട്ട് നായികയാകുന്ന സിനിമയാണ് ‘ഡാര്‍ലിംഗ്സ്’. മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളായ റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ജസ്മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അമ്മ- മകള്‍ ബന്ധത്തിലൂന്നിയ കഥ പറയുന്ന ചിത്രമാണ് ‘ഡാര്‍ലിംഗ്സ്’. ഷെഫാലി ഷായും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് റിലീസ് ആയിട്ടാണ് ചിത്രം എത്തുക. ഓഗസ്റ്റ് അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. റോഷന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ‘ഡാര്‍ലിംഗ്സ്’.

ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജുമായി മാരുതി സുസുക്കിയുടെ ഗ്രാന്‍ഡ് വിറ്റാര വിപണിയിലെത്തി. ബേസ് മോഡലിന് 9.5 ലക്ഷം രൂപയും ടോപ് മോഡലിന് 19.5 ലക്ഷം രൂപയുമാണ് പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില. മാരുതിയുടെ പ്രീമിയം നെക്‌സ ഷോറൂമുകള്‍ വഴിയാണ് വില്പന. 11,000 രൂപ നല്‍കി ഇപ്പോള്‍ ഗ്രാന്‍ഡ് വിറ്റാര ബുക്ക് ചെയ്യാം. സെലസ്റ്റിയല്‍ ബ്ളൂ, ആര്‍ക്ടിക് വൈറ്റ്, ചെസ്റ്റ്നട്ട് ബ്രൗണ്‍, ഗ്രാന്‍ഡ്യൂര്‍ ഗ്രേ, ഒപുലെന്റ് റെഡ്, സ്പ്ളെന്‍ഡിഡ് സില്‍വര്‍ എന്നീ മോണോടോണ്‍ നിറഭേദങ്ങളിലും ആര്‍ക്ടിക് വൈറ്റ് മിഡ്നൈറ്റ് ബ്ളാക്ക്, ഒപുലെന്റ് റെഡ് മിഡ്നൈറ്റ് ബ്ളാക്ക്, സ്പ്ളെന്‍ഡിഡ് സില്‍വര്‍ മിഡ്‌നൈറ്റ് ബ്ളാക്ക് ഡ്യുവല്‍ടോണ്‍ നിറങ്ങളിലും ഗ്രാന്‍ഡ് വിറ്റാര ലഭിക്കും.

1969-ല്‍ പതിനെട്ടാം വയസ്സില്‍ ജോലി തേടി പത്തേമാരിയില്‍ പേര്‍ഷ്യയിലേക്കു പോയ ഒരു പ്രവാസി തന്റെ ജീവിതം പറയുന്നു. ഇത് ആത്മചരിതം മാത്രമല്ല. ‘പത്തേമാരി’ – ഒരു ആദ്യകാല പ്രവാസി പിന്നിട്ട വഴികള്‍. ഷെരീഫ് ഇബ്രാഹിം. മനോരമ ബുക്സ്. വില 233 രൂപ.

കൊവിഡ് വ്യാപനത്തിന് ശേഷം നിരവധിയാളുകള്‍ ശ്വസനസംബന്ധമായി സങ്കീര്‍ണമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ശ്വാസകോശ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയാണ് പരിഹാരം. ശ്വസനവ്യായാമങ്ങള്‍ പരിശീലിക്കുന്നത് ശ്വാസകോശത്തെ ശക്തിപ്പെടുത്തും. ഇങ്ങനെ മതിയായ അളവില്‍ ഓക്സിജന്‍ ലഭിക്കുന്നതിലൂടെ ആന്തരിക അവയവങ്ങളുടെ ആരോഗ്യവും ഉറപ്പാക്കാം. ആന്റിഓക്സിഡന്റുകള്‍, പ്രോട്ടീന്‍, ഫോളേറ്റ്, എന്നിവയടങ്ങിയ ആഹാരം കഴിക്കുന്നത് ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാം. ഒപ്പം ദോഷകരമായ വിഷവസ്തുക്കളെ നീക്കി ശ്വാസകോശം ശുദ്ധീകരിക്കാനും കഴിയും. പതിവായി വ്യായാമം ചെയ്യുന്നത് ശ്വാസകോശശേഷി വര്‍ദ്ധിപ്പിക്കും. ശ്വാസതടസ്സം, ശ്വസിക്കുമ്പോള്‍ ഉണ്ടാകുന്ന വേദന, തലകറക്കം, സ്ഥിരമായ ചുമ എന്നിവ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങളാവാം. ഈ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ നിര്‍ബന്ധമായും ഡോക്ടറെ കാണണം.

ശുഭദിനം
കവിത കണ്ണന്‍
ആ രാജ്യത്തെ രാജാവിന് അയല്‍ രാജാക്കന്മാരുമായി വളരെ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ രാജാവിനെ കാണാന്‍ അയല്‍ രാജ്യത്തെ രാജാക്കന്മാര്‍ വരുമ്പോഴെല്ലാം ധാരാളം സമ്മാനങ്ങള്‍ നല്‍കുമായിരുന്നു. ഒരിക്കല്‍ വിദേശത്തുനിന്നും ഒരു പ്രഭു രാജാവിനെ സന്ദര്‍ശിക്കാനെത്തി. രാജാവ് വളരെ ശ്രദ്ധയോടെ തന്നെ ആതിഥ്യമരുളി. പ്രഭുവിന് രാജാവിനെ വളരെ ഇഷ്ടമായി. തിരിച്ചുപോകുന്നതിന് മുമ്പ് വളരെ അമൂല്യമായ ഒരു കല്ല് പ്രഭു രാജാവിനെ ഏല്‍പ്പിച്ചു. രാജാവ് ഈ കല്ല്‌കൊണ്ട് ഒരു ശില്പമുണ്ടാക്കണമെന്ന ആവശ്യം മന്ത്രിയെ അറിയിച്ചു. ആ ശില്പിക്ക് നൂറ് സ്വര്‍ണ്ണനാണയങ്ങളും രാജാവ് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. വിഖ്യാതനായ ഒരു ശില്പിയെതന്നെ മന്ത്രി കല്ല് ഏല്‍പ്പിച്ചു. പത്ത് ദിവസത്തിനുളളില്‍ ശില്പം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. 5 ദിവസം തുടര്‍ച്ചയായി കൊത്തിയിട്ടും കല്ല് ഒന്ന് പൊട്ടുകപോലും ചെയ്തില്ല. അവസാനം ശില്പി ആ കല്ല് മന്ത്രിക്ക് തിരികെ കൊടുത്തു. മന്ത്രി ആ കല്ല് വീണ്ടും ഒരു സാധാരണ ശില്പിയെ ഏല്‍പ്പിച്ചു. ആദ്യത്തെ അടിയില്‍ തന്നെ കല്ല് പൊട്ടുകയും അതില്‍ നിന്ന് ശില്പം ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ രണ്ടാമത്തെ ശില്പിക്ക് ആ നൂറ് സ്വര്‍ണ്ണനാണയങ്ങള്‍ ലഭിക്കുകയും ചെയ്തു. സത്യത്തില്‍ ആദ്യത്തെ ശില്പിയുടെ 5 ദിവസത്തെ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു 6-ാം ദിവസം കല്ല് പൊട്ടിയത്. നമ്മുടെ ജീവിത്തിലും ഇങ്ങനെ സംഭവിക്കാറുണ്ട്. ഒരു കാര്യത്തിനായി നമ്മള്‍ ദിവസങ്ങളോളം കഷ്ടപ്പെടുകയും അത് ലക്ഷ്യപ്രാപ്തിയിലെത്തിയില്ല എന്ന കാരണത്തില്‍ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ടാകും. ചിലപ്പോള്‍ ഒരു തവണ കൂടിയ ശ്രമിച്ചിരുന്നെങ്കില്‍ നമുക്ക് ആ ലക്ഷ്യം കൈവരിക്കാനായേനെ. ഓരോ തോല്‍വിയില്‍ നിന്നും നാം പുതിയത് പലതും പഠിക്കുന്നുണ്ട്. എന്തുകൊണ്ട് തോറ്റുപോയെന്ന പാഠം തോല്‍വിയില്‍ നിന്നുമാത്രമേ നമുക്ക് ലഭിക്കൂ.. ഇങ്ങനെ പാതിവഴിയില്‍ നാം ഉപേക്ഷിച്ച സ്വപ്നങ്ങളും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഇല്ലേ, അവയെ ഒന്നുകൂടി പൊടിതട്ടിയെടുക്കുക, നമ്മള്‍ പഠിച്ച തോല്‍വികളില്‍ നിന്നുള്ള പാഠത്തെ അടിത്തറയാക്കുക.. വീണ്ടും ശ്രമിക്കുക.. മുന്നേറുക.. – ശുഭദിനം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *