ഗുജറാത്തിൽ ഭൂപത് ഭയാനിക്ക് പുറമെ കൂടുതൽ എഎപി എംഎൽഎമാർ ബിജെപിയിലേക്കെന്ന് റിപ്പോർട്ട്. ബോത്തഡ് എംഎൽഎ ഉമേഷ് മക്വാനയും ഗരിയാധർ എംഎൽഎ സുധീർ വഘാനിയും ബിജെപിയിലേക്ക് പോകുമെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഎപി എംഎൽഎമാർ റിപ്പോർട്ടുകളെ തള്ളി രംഗത്തെത്തി. ബിജെപിയിലേക്ക് ചേക്കേറുമെന്ന പ്രചാരണം വാസ്തവമല്ലെന്നും എഎപിയിൽ തുടരുമെന്നും എംഎൽഎമാർ വ്യക്തമാക്കി. ഇതേ വാർത്തയെ ആപ് നേതൃത്വവും തള്ളിയിരുന്നു.
അഞ്ച് എംഎൽഎമാരാണ് ഗുജറാത്തിൽ ആംആദ്മി പാർട്ടിക്കുള്ളത്. ഇവരിൽ ഭൂരിപക്ഷം പേരും പാർട്ടി വിടുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കും. സീറ്റ് ലഭിക്കാത്തതിനാൽ ബിജെപി വിട്ട് മത്സരിച്ച് ജയിച്ചവരാണ് തിരികെ വീണ്ടും പാർട്ടിയിലേക്ക് തിരിച്ചെത്തുന്നത്. ധർമ്മേന്ദ്രസിങ് വഗേല, ധവൽസിൻഹ് സാല, മാവ്ജിഭായ് ദേശായി എന്നിവരാണ് ബിജെപിയിലേക്ക് തിരിച്ചെത്തുന്ന റിബൽ അംഗങ്ങൾ. .
എന്നാൽ നേരത്തെ ബി ജെ പി യിൽ ചേരുമെന്ന് പറഞ്ഞിരുന്ന ഭൂപത് ഭയാനി ബിജെപിയിൽ ചേരില്ലെന്ന് പറഞ്ഞു.പൊതുജനങ്ങളോട് ചോദിച്ചതിന് ശേഷമായിരിക്കും തീരുമാനിക്കുക എന്നാണ് അദ്ദേഹം പറഞ്ഞത്.