പ്രമേയപരമായും ആഖ്യാനപരമായും അടുത്തകാലത്ത് മലയാളത്തില്‍ ഇറങ്ങിയ മികച്ച സിനിമയാണ് നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തിയ ‘മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്’. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് അഭിനവിന്റെ രണ്ടാമത്തെ ചിത്രം പുറത്തിറങ്ങുന്നതെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍. ‘മോളിവുഡ് ടൈംസ്’ എന്നാണ് ചിത്രത്തിന്റെ പേര്. നസ്ലെന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ‘എ ഹേറ്റ് ലെറ്റര്‍ ടു സിനിമ’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. 2025-ലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ആനന്ദം. ഗോദ, കുരങ്ങു ബൊമൈ, ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഖാലിദ് റഹ്മാന്‍ ചിത്രം തുടങ്ങീ സിനിമകളുടെ എഡിറ്റര്‍ കൂടിയാണ് അഭിനവ് സുന്ദര്‍ നായക്. പ്രേമലു വമ്പന്‍ ഹിറ്റായിരിക്കുന്നത് കൊണ്ട് തന്നെ നസ്ലെന്‍ വീണ്ടും മികച്ച വേഷങ്ങള്‍ ചെയ്യുന്നത് കാണാന്‍ കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ്- കോമഡി ചിത്രത്തിലാണ് ഇപ്പോള്‍ നസ്ലെന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലുക്മാന്‍ അവറാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.