മിതമായ അളവില്‍ മദ്യം കഴിച്ചാല്‍ പോലും തിമിരം, കുടല്‍വ്രണം ഉള്‍പ്പെടെ അറുപതില്പരം രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് ഒരു പഠനം മുന്നറിയിപ്പ് നല്കുന്നു. ലോകത്ത് ഓരോ വര്‍ഷവും മുപ്പതു ലക്ഷം പേരാണ് മദ്യപാനം മൂലം മരിക്കുന്നത്. യുകെയിലെ ഓക്സ്ഫഡ് സര്‍വകലാശാലയിലെയും ചൈനയിലെ പെക്കിങ്ങ് സര്‍വകലാശാലയിലെയും ഗവേഷകര്‍ 12 വര്‍ഷക്കാലം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. നഗര ഗ്രാമപ്രദേശങ്ങളിലെ 5,12,000 പേരിലാണ് മദ്യത്തിന്റെ ഉപയോഗം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നു പഠനം നടത്തിയത്. 200 ല്‍ അധികം രോഗങ്ങള്‍ക്ക് മദ്യപാനവുമായുള്ള ബന്ധം പഠനം പരിശോധിച്ചു. 207 രോഗങ്ങള്‍ പഠിച്ചതില്‍ മദ്യപാനം പുരുഷന്മാരില് 61 രോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്നതായി കണ്ടു. പഠനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും പുരുഷന്മാരായിരുന്നു. 2 ശതമാനം സ്ത്രീകള്‍ മാത്രമാണ് പതിവായി മദ്യപിക്കുന്നത്. മദ്യപാനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന മുന്‍പ് പറഞ്ഞിട്ടുള്ള ലിവര്‍ സിറോസിസ്, പക്ഷാഘാതം, ഉദരത്തിലെയും കുടലിലെയും ചില കാന്‍സറുകള്‍ തുടങ്ങിയ 28 രോഗങ്ങളും തിമിരം, സന്ധിവാതം, ചില ഒടിവുകള്‍, ഗ്യാസ്ട്രിക് അള്‍സര്‍ തുടങ്ങിയ മദ്യപാനവുമായി ബന്ധമുണ്ടെന്ന് മുന്‍പ് സ്ഥാപിക്കപ്പെടാത്ത 33 രോഗങ്ങളും വരാന്‍ ഉള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞു. ദിവസവും കുടിക്കുക, അല്പാല്പമായി കൂടുതല്‍ തവണ കുടിക്കുക, ഭക്ഷണസമയങ്ങളില്‍ മദ്യപിക്കുക തുടങ്ങിയ മദ്യപാന ശീലങ്ങള്‍ ചില രോഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ലിവര്‍സിറോസിസ് വരാനുള്ള സാധ്യത കൂട്ടും. അമിതമദ്യപാനം പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കും. എന്നാല്‍ ഇസ്കെമിക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുന്നില്ല. പക്ഷേ മിതമായി മദ്യപിക്കുന്നതുകൊണ്ട് (ദിവസം ഒന്നോ രണ്ടോ ഡ്രിങ്ക്സ്) ഇസ്കെമിക് ഹൃദ്രോഗത്തില്‍ നിന്ന് ഒരു സംരക്ഷണവും ലഭിക്കുന്നില്ല എന്നും പഠനം പറയുന്നു. മദ്യപാനം മിതമാണെങ്കില്‍ പോലും ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നേച്ചര്‍ മെഡിസിന് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം തെളിയിക്കുന്നു.
മിതമായ മദ്യപാനം, കാത്തിരിക്കുന്നത് 60ലധികം രോഗങ്ങള്‍!
