ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രാലയം. വലിയ ആൾക്കൂട്ടങ്ങളൊഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി കത്തയച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. കൊവിഡ് തരംഗം രാജ്യത്ത് എത്താതിരിക്കാൻ മുൻകരുതലുകൾ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ.
സംസ്ഥാനങ്ങളിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കാൻ ഇന്ന് നടന്ന ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കും. ജാഗ്രത കൂട്ടണമെന്നാവർത്തിക്കുമ്പോഴും കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് തത്ക്കാലം കടക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിൻറെ വിലയിരുത്തൽ.