തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്ന് ഭവന ആനുകൂല്യം ലഭിച്ച് നിർമിച്ച വീട് ഏഴ് വർഷം കഴിഞ്ഞ് വിൽക്കാൻ അനുവാദം നൽകുമെന്ന് എറണാകുളം ജില്ലാ അദാലത്തിൽ പങ്കെടുക്കുന്നതിനിടെ മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി. 2024 ജൂലൈ ഒന്നാം തീയ്യതിക്ക് ശേഷം ഭവന ആനുകൂല്യം ലഭിക്കുന്നവർക്ക് ആ വീടുകൾ കൈമാറുന്നതിന് മുമ്പുള്ള സമയ പരിധി ഏഴ് വർഷമാക്കി ചുരുക്കിക്കൊണ്ട് ഈ വർഷം ജൂലൈ ഒന്നിനു ഉത്തരവ് പുറത്തിറങ്ങിയിരുന്നു. എന്നാൽ 2024 ജൂലൈ ഒന്നാം തീയ്യതിക്ക് മുമ്പ് അനുകൂല്യം ലഭിച്ചവർക്കുള്ള സമയപരിധി 10 വർഷമായി തുടരുകയായിരുന്നു. എന്നാൽ ഏഴ് വർഷം എന്ന ഇളവ് ഭവന നിർമ്മാണ ആനുകൂല്യം ലഭിച്ച എല്ലാവർക്കും ബാധമാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്.