വില്‍പനയില്‍ പത്തു ലക്ഷമെന്ന മാജിക് നമ്പര്‍ കടന്ന് മിനി 3 ഡോര്‍. ദശലക്ഷം കാറുകള്‍ പുറത്തിറക്കിയതിനൊപ്പം കമ്പനിയുടെ 110-ാം വാര്‍ഷികവും ആഘോഷിക്കുകയാണ് ഓക്സ്ഫഡിലെ മിനി നിര്‍മാണ പ്ലാന്റ്. അന്നുവരെയുണ്ടായിരുന്ന കാര്‍ സങ്കല്‍പങ്ങളെ മാറ്റിമറിച്ചാണ് മിനി 1969ല്‍ ബ്രിട്ടനില്‍ പിറവിയെടുത്തത്. ആധുനിക ലോകത്തിലും ഏറ്റവും പ്രചാരമുള്ള ചെറുകാറാണ് മിനി 3 ഡോര്‍. ഡീസലിലും ഗ്യാസിലും പ്രവര്‍ത്തിക്കുന്ന എന്‍ജിനുകള്‍ മിനിക്കുണ്ട്. മിനി കൂപ്പര്‍ എസ്.ഇ എന്ന വൈദ്യുത മോഡല്‍ 2020ലാണ് പുറത്തിറങ്ങുന്നത്. ഒറ്റ ചാര്‍ജില്‍ 270 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ മിനി കൂപ്പര്‍ എസ്.ഇക്ക് സാധിക്കും. കഴിഞ്ഞ വര്‍ഷം വിറ്റ അഞ്ചിലൊന്ന് മിനി മോഡലുകളും വൈദ്യുതി ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നവയായിരുന്നു. വൈദ്യുത കാര്‍ നിര്‍മിച്ചു തന്നെയാണ് മിനി കാറുകളില്‍ പത്തു ലക്ഷം എണ്ണം പൂര്‍ത്തിയാക്കുന്നതും. റേസ് കാര്‍ ഡിസൈനര്‍ ജോണ്‍ കൂപ്പര്‍ ക്ലാസിക് മിനിയെ അടിസ്ഥാനമാക്കിക്കൊണ്ട് ജി.ടി മോഡല്‍ 1960ല്‍ നിര്‍മിച്ചിരുന്നു. ഇതോടെയാണ് ചെറു ഫാമിലി കാറില്‍ നിന്നും സൂപ്പര്‍ കാറായി മിനി കൂപ്പര്‍ മാറുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് വെറും 5.2 സെക്കന്റില്‍ കുതിച്ചെത്തി മിനി കൂപ്പര്‍ ഏവരേയും ഞെട്ടിച്ചു.