20251128 141206 0000

കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും സമവായത്തിൽ എത്തിയ സാഹചര്യം സത്യവാങ്മൂലത്തിലൂടെ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥനെയും നിയമിക്കാൻ തീരുമാനിച്ച കാര്യം കോടതിയെ ധരിപ്പിക്കും. വ്യാഴാഴ്ചയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്.

 

കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു. ചുമതലയേറ്റതില്‍ വലിയ സന്തോഷം തോന്നുന്നുവെന്നും പാഴായതിനെ കുറിച്ച് ഓർക്കേണ്ടതില്ല എന്ന ചിന്താഗതിയാണ് ഉള്ളതെന്നും അവർ പറഞ്ഞു. ഇപ്പോൾ കിട്ടിയ സ്വീകരണത്തിൽ സന്തോഷം, സർക്കാരുമായി സഹകരിച്ച് പോകുമെന്നും തനിക്ക് എതിരായ ആരോപണങ്ങളിൽ വിഷമം തോന്നുന്നുവെന്നും സിസ തോമസ് പറഞ്ഞു. അപാകതകൾ എല്ലാം പരിഹരിച്ച് പോവും സിസ തോമസ് എന്ന വ്യക്തിയല്ല വലുത്. കെടിയു എന്ന സ്ഥാപനമാണ് വലുതെന്നും അവർ കൂട്ടിച്ചേർത്തു.

 

ജോസ് കെ മാണിയുടെ പരാമർശങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്ന് പി ജെ ജോസഫ്. മുന്നണി വികസനം അജണ്ടയിൽ ഇല്ല, അടിത്തറ നഷ്ടപ്പെട്ടവരെ മുന്നണിയിലേക്ക് എടുക്കേണ്ട ആവശ്യമില്ലെന്നും ജനകീയ അടിത്തറ ശക്തിപ്പെടുത്തുക മാത്രമാണ് യുഡിഎഫിന്‍റെ ലക്ഷ്യം മുന്നണി വികസനം ആദ്യം ചർച്ച ചെയ്യേണ്ടത് യുഡിഎഫിലാണ് ഇതുവരെ അത്തരമൊരു ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിക്കുമ്പോഴും എതിർക്കുന്നത് പി ജെ ജോസഫാണ്.

 

കനത്ത തിരിച്ചടിയുണ്ടായ കേരള കോൺഗ്രസ് എമ്മിന് വേണ്ടി ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണ് യുഡിഎഫ്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എപ്പോൾ വന്നാലും ഇരുകൈനീട്ടി സ്വീകരിക്കാമെന്ന് നേതാക്കൾ ജോസ് കെ.മാണിയേ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാടാണ് ജോസ് കെ.മാണിക്ക്. തെരഞ്ഞെടുപ്പ് തോൽവി കനത്ത തിരിച്ചടി അല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

 

കേരള കോണ്‍ഗ്രസുകാർ തമ്മിലുള്ള വാക്പോര് തുടരുന്നു. ‘പരുന്തിൻ്റെ പുറത്തിരിക്കുന്ന കുരുവി’യെന്ന ജോസഫ് വിഭാഗത്തിനെതിരായ ജോസ് കെ മാണിയുടെ പ്രസ്താവനയിൽ തിരിച്ചടിച്ച് മോൻസ് ജോസഫ്. പരുന്തിന്‍റെ മുകളിലെ കുരുവി ജോസ് കെ മാണിയും കൂട്ടരുമാണെന്ന് മോൻസ് ജോസഫ് മറുപടി നൽകി. പരുന്തിന്റെ മുകളിൽ നിന്ന് താഴെ വീണു ചതഞ്ഞരഞ്ഞ് പോയവരാണ് ജോസ് കെ മാണിയും കൂട്ടരും. ജോസ് കെ മാണി ഇല്ലാതെയാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടിയത്. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത് യുഡിഎഫ് നേതാക്കൾ അവസാനിപ്പിക്കണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.

 

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാവിലെ നടത്തുന്നത് ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന നടപടിയെന്ന് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്. തീരുമാനം സർക്കാർ പുനഃപരിശോധിക്കമെന്ന് എൻസിഎംജെ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

 

മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുക.

 

കണ്ണൂർ പിണറായിയിൽ ഇന്നലെയുണ്ടായ അപകടം ബോംബ് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു. ബോംബ് കൈകാര്യം ചെയ്യുന്നതിനിടയാണ് സിപിഎം പ്രവർത്തകന് പരിക്കേറ്റത്. ബോംബ് കയ്യില്‍നിന്ന് പൊട്ടി സിപിഎം പ്രവര്‍ത്തകനായ വിപിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വലുത് കൈപ്പത്തി ചിതറിയ വിപിന്‍ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓലപ്പടക്കം പൊട്ടിയെന്നാണ് സിപിഎം വിശദീകരണം.

 

ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. ശബരിമല സ്വർണക്കൊള്ള വിവാദം ഉയർന്നതിന് പിന്നാലെയാണ് മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ വിഡി സതീശൻ ആരോപണങ്ങൾ ഉയർത്തിയത്. സ്വർണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്ന് സഭയ്ക്ക് അകത്തും പുറത്തും വിഡി സതീശൻ പറഞ്ഞിരുന്നു.

 

ശബരിമല സ്വർണ കൊള്ള കേസില്‍ ഒരു മുൻ ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. 2019 ല്‍ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശബരിമല എ ഒ ആയിരുന്നു ശ്രീകുമാര്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നടപടി.

 

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർ അപകടത്തിൽപെടുന്നത് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി സുരക്ഷാ നിർദേശങ്ങളുമായി പൊലീസ്. മലയിറങ്ങിയ ശേഷം ദീർഘദൂര യാത്രയും, വിശ്രമമില്ലാതെ വാഹനം ഓടിക്കുന്നതും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്നതിനാലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പ്രത്യേകം ഡ്രൈവറെ ഒപ്പം കൂട്ടുക, അല്ലെങ്കിൽ ആവശ്യമായ ഉറക്കവും വിശ്രമവും എടുത്ത് യാത്ര തുടരുക, മടക്കയാത്ര ഇടവേളകയായി വിഭജിക്കുകയും ചെയ്യണമെന്നാണ് നിർദേശം.

 

കൊച്ചി മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ പിടിവലി. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മേയറാകുന്നത് തടയാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം തുടങ്ങി. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലെ ഭൂരിപക്ഷം നോക്കി മേയറെ തീരുമാനിക്കണമെന്ന ആവശ്യം കെപിസിസിക്ക് മുന്നില്‍ ഉന്നയിക്കാനാണ് ഇവരുടെ ശ്രമം. ദീപ്തി മേരി വര്‍ഗീസ്, ഷൈനി മാത്യു, വി കെ മിനിമോള്‍ എന്നീ മൂന്നു പേരിലൊരാളാവും കൊച്ചിയുടെ പുതിയ മേയർ.

 

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുപിന്നാലെ മുന്നണി മാറ്റ ചർച്ചകൾ സജീവമാക്കി ബിഡിജെഎസ്. ബിജെപി യുടെ നിസ്സഹകരണമാണ് ദയനീയ പരാജയത്തിന് കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 23 നടക്കുന്ന ബിഡിജെഎസ് നേതൃയോഗത്തിൽ മുന്നണിമാറ്റമടക്കം ചർച്ചയാകും. മുന്നൂറോളം സീറ്റുകളിൽ മത്സരിച്ചെങ്കിലും അഞ്ചു സീറ്റിൽ മാത്രമാണ് ബിഡിജെഎസ് വിജയിച്ചത്.

 

ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക തീവ്രവാദ സംഘടനയെന്ന് സിപിഎം നേതാവ് എളമരം കരീം. പൊളിറ്റിക്കൽ ഇസ്ലാം എന്നുള്ളതാണ് അവരുടെ രാഷ്ട്രീയം. അത് മറ്റു സമുദായിക സംഘടനകൾക്കുള്ളതല്ല. ആർഎസ്എസ് ഹിന്ദുത്വ വർഗീയത ഉയർത്തുന്നത് പോലെ തന്നെ മുസ്ലീങ്ങൾക്ക് ഇടയിൽ ഇസ്ലാമിക രാഷ്ട്രം എന്ന് തത്വത്തെ അടിസ്ഥാനപ്പെടുത്തി അവർ ഉയർത്തുന്ന ആശയങ്ങൾ അങ്ങേയറ്റം അപൽകരമാണെന്നും എളമരം കരീം പറഞ്ഞു.

 

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ലെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കുറ്റകൃത്യത്തേയും കുറ്റവാളികളെയും ഏതെങ്കിലും ഗാനത്തിൻ്റെ രാഗത്തിലോ സ്വരത്തിലോ താളത്തിലോ അപലപിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ല.’ പോറ്റിയേ,കേറ്റിയേ’ എന്ന ഗാനത്തിൻ്റെ പേരിൽ കേസെടുക്കുന്നത് രാഷ്ട്രീയ ദുരുദ്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ പ്രതിയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ പോലീസ് ഇന്ന് കേസ് എടുത്തേക്കും.കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിൻ ആണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചത്.വീഡിയോ പ്രചരിപ്പിക്കുന്നതിൽ നടപടി വേണം എന്ന് അതിജീവിത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

 

കണ്ണൂർ പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ്, അതുൽ എന്നിവരാണ് പിടിയിലായത്. മൈസൂരിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് വാഹനം തകർത്തത് ‌അടക്കം കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ കറൻസികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കണ്ടെത്തൽ.

 

കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ ചാണകവെള്ളം തളിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ ശുദ്ധികലശം നടത്തിയ സംഭവത്തിൽ പൊലീസിൽ പരാതി നൽകി പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി. ലീഗ് പ്രവർത്തകർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. എസ് സി വിഭാഗത്തിൽപ്പെട്ട തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നാണ് ഉണ്ണി വേങ്ങേരി പരാതിയിൽ ആരോപിക്കുന്നത്.

 

കൊല്ലത്ത് പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പൊലീസുകാരന് സസ്പെൻഷൻ. സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തുവരവെ ആയിരുന്നു സംഭവം. നവംബർ ആറാം തീയതിയാണ് പുലർച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിയാണ് അതിക്രമത്തിന് ഇരയായത്.

 

കഴിഞ്ഞ 30 വർഷത്തോളമായി തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് തീയതിയും സമയവും കുറിച്ചിരുന്ന വിജയൻ നമ്പൂതിരി (60) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

 

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ നേരിയ ഭൂചലനം. ബുധനാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‍വർക്കിന്‍റെ സ്റ്റേഷനുകളില്‍ സൗദി സമയം പുല‍ർച്ചെ 1.11നാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.

 

പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ടെന്ന് കർണാടക. നവവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കർണാടക പൊലീസ് ഉത്തരവിറക്കി. ഗോവയിലെ നിശാ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ. ഇതുൾപ്പെടെ പത്തൊമ്പത് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *